ചുംബനസമരവിരോധികളുടെ സംശയങ്ങളും അവയ്ക്കുള്ള സമാധാനങ്ങളും: ആലപ്പുഴയിലെ ചുംബനസമരത്തിന് അഭിവാദ്യങ്ങൾ

[പല വേദികളിൽ പല തവണ ഉത്തരം പറഞ്ഞുവെങ്കിലും ചുംബനസമരക്കാർ നിരന്തരം നേരിടുന്ന ചോദ്യങ്ങളാണിവ.  ഈ ചോദ്യങ്ങളും മറുപടികളും പല സുഹൃത്തുക്കളോടും സഹപോരാളികളോടുമുള്ള സംഭാഷണങ്ങളിൽ നിന്നുണ്ടായവയാണെങ്കിലും അവയുടെ പൂർണ്ണ ഉത്തരവാദിത്വം എനിക്കു തന്നെ.]

ചുംബനസമരങ്ങളിൽ പങ്കെടുക്കുന്നവർ കേവലം പബ്ളിസിറ്റിക്കു പിന്നാലെ നടക്കുന്നവരല്ലേ?

പങ്കെടുത്ത എല്ലാവരേയും നേരിട്ടുപരിചയമില്ലെങ്കിലും അവരിൽ പലരും കേരളത്തിൽ സാമാന്യത്തിലധികം പ്രസിദ്ധരാണ്. ഈ സമരങ്ങളെ പരസ്യമായി അനുകൂലിച്ചവരെക്കൂടിക്കൂട്ടിയാൽ കേരളത്തിലെ ഏറ്റവും പ്രശസ്തരും ലോകപ്രസിദ്ധരും അതിലുൾപ്പെടും. സാറാ ജോസഫ്, സച്ചിദാനന്ദൻ, എൻ എസ് മാധവൻ, കെ ആർ മീര തുടങ്ങിയവർ ചുംബനസമരത്തെ അനുകൂലിച്ച് പ്രശസ്തരാവാൻ ശ്രമിക്കുന്നുവെന്ന് കരുതുന്നവരുണ്ടെങ്കിൽ അഭ്യുദയകാക്ഷികൾ ഉടൻ ഇടപെട്ട് അവരുടെ വിവരദാരിദ്ര്യം പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു. ഐ എഫ് എഫ് കെ യിൽ ചുംബനസമരത്തിൽ പങ്കെടുത്തവരിൽ നല്ലൊരു വിഭാഗം അവരവരുടെ പ്രവർത്തനമേഖലകളിൽ നല്ല പേരെടുത്തു കഴിഞ്ഞവരാണ്. പിന്നെ ഏതൊരു സമരത്തിലും ദൃശ്യത ആഗ്രഹിക്കുന്നവരുണ്ടാകും. എന്നാൽ അക്കൂട്ടർ ഈ സമരത്തിൽ ചേരാൻ മടിക്കും. കാരണം നിങ്ങളെപ്പോലുള്ളവരുടെ നെറ്റിചുളിക്കലും മാർക്കിടലും മുതൽ പോലീസിൻറെ തല്ല്/പിറുപിറുപ്പ്, ഹിന്ദു ഫാസിസ്റ്റുകളുടെ ഹിംസ, മുസ്ളിം മതസമുദായനേതൃത്വത്തിൻറെ നിശബ്ദമെങ്കിലും സുവ്യക്തമായ അതൃപ്തി, അവരിൽ തന്നെ അസഹിഷ്ണുതയെ അലങ്കാരമാക്കിക്കൊണ്ടു നടക്കുന്നവരുടെ തെറി, ഇതെല്ലാം സഹിക്കേണ്ടിവരും. സഹതാപം പ്രകടിപ്പിച്ചാൽ നമ്മുടെ യശസ്സ് കൂട്ടുന്ന സമരമല്ല ഇത്, മാത്രമല്ല നല്ലപിള്ളത്തരം വല്ലതുമുണ്ടെങ്കിൽ അത് പോയിക്കിട്ടുകയും ചെയ്യും. ചുംബനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്താൽ അടി/തെറി/സ്വഭാവഹത്യ പ്രതീക്ഷിക്കേണ്ട സ്ഥിതിയാണെന്നിരിക്കേ അതൊക്കെ ഏറ്റുവാങ്ങാൻ കുറേപ്പേർ തയ്യാറാവുന്നതെന്തെന്ന് അലോചിക്കുക!

വിവരമില്ലായ്മ മറ്റൊരു കാര്യത്തെക്കുറിച്ചും അകറ്റേണ്ടതുണ്ട്. സദാചാരപോലീസിങ്ങിനെക്കുറിച്ച് ഇതാദ്യമല്ല ഞങ്ങളിലധികംപേരും സംസാരിക്കുന്നത്. എൻറെ കാര്യം മാത്രം പറഞ്ഞാൽ വർഷങ്ങളായി അതിനെപ്പറ്റി എഴുതുന്നു. അപ്പോൾ പ്രശസ്തി തേടി ഇന്നലെ തുടങ്ങിയ ഏർപ്പാടല്ലെന്ന് ചുരുക്കം.

നിങ്ങൾക്കൊന്നും വേറെ പണിയില്ലേ?

ഈ ചോദിക്കുന്നവരെക്കാളുമോ കുറഞ്ഞപക്ഷം അവർക്കൊപ്പമോ പണിയെടുക്കുന്നവർ തന്നെയാണ് ചുംബനസമരക്കാർ. ഒരുപക്ഷേ നിങ്ങളെക്കാൾ നന്നായി അതിന് മൂർത്തമായ തെളിവ് ഹാജരാക്കാനും ഞങ്ങൾക്കു കഴിയും. പിന്നൊരു വ്യത്യാസം, പണിയെ നമ്മൾ മനസ്സിലാക്കുന്ന രീതിയിലാണ്. ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യസ്ഥാപനയന്ത്രത്തിൽ കിടന്ന് നട്ടം തിരിയൽ മാത്രമാണ് പണി എന്ന് ഞങ്ങൾ കരുതുന്നില്ല. സമൂഹത്തെ കൂടുതൽ ജനാധിപത്യപരമാക്കാൻ നടത്തുന്ന പ്രവർത്തനം, ഹൈന്ദവഫാസിസത്തെ ചെറുക്കുന്ന പ്രവർത്തനങ്ങൾ ഇവ വെറും പണിയല്ല, പൌരജനങ്ങളുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം കടുത്ത എതിർപ്പിനെ നേരിട്ടുകൊണ്ട് ഞങ്ങൾ ഏറ്റെടുക്കുന്നു, ഞങ്ങളുടേതായ രീതിയിൽ. വാസ്തവത്തിൽ നിങ്ങളുടെ ഈ പുച്ഛത്തിൽ നിഴലിക്കുന്നത് ജനാധിപത്യപൌരത്വത്തോടുള്ള ഫാസിസ്റ്റ് വെറുപ്പാണ്. നാവടക്കൂ പണിയെടുക്കൂ എന്ന മുദ്രാവാക്യം എങ്ങും മുഴങ്ങിയിരുന്ന (അടിയന്തരാവസ്ഥ)കാലത്തെ അറിഞ്ഞോ അറിയാതെയോ വാഴ്ത്തുന്നവർ ഫാസിസ്റ്റുചിന്താരീതിയിൽ പങ്കുചേരുന്നവരാണ്. ഹൈന്ദവഫാസിസത്തിൻറെ പുറകെ പരസ്യമായി പോകാത്തവരും ഈ മുദ്രാവാക്യത്തിലൂടെ അതിൽ പരോക്ഷപങ്കാളികളാകുന്നു.

ആദ്യമൊക്കെ ഇത് ഫ്രഷായിരുന്നു. ഇപ്പോൾ സംഭവം ചളമായി.

ഈ സമരരൂപം കേരളചരിത്രത്തിലാദ്യമാണ്. അതാരംഭിച്ചിട്ട് വളരെക്കാലം കഴിഞ്ഞിട്ടില്ല, അതുണ്ടാക്കുന്ന പ്രകംബനങ്ങൾ അടങ്ങിയിട്ടുമില്ലെന്ന് ഈ നാട്ടിൽ കഴിയുന്നവർക്കറിയാം. പിന്നെ ചിലപ്പോൾ ഈ സംഭവവികാസങ്ങളെ സാംസ്കാരിക ഉപഭോഗവാസനയോടെയാണ് സമീപിക്കുന്നതെങ്കിൽ ഹോ ഇതു മടുത്തു പുതിയതെപ്പം വരും എന്നൊക്കെ പരാതിപറയാൻ കഴിയും. അല്ല, എല്ലാ സമരമാർഗ്ഗങ്ങളെയും പോലെ ഇതിൻറേയും പ്രസക്തി ഒരുസമയത്ത് ഇല്ലാതാകും. അത് ഞങ്ങൾ നോക്കിക്കൊള്ളാം. അതനുസരിച്ച് വേറെ വഴി കണ്ടെത്തിക്കൊള്ളാം.

അമ്മപെങ്ങന്മാരില്ലേ നിങ്ങൾക്ക്?

ഈ ചോദ്യത്തിനു ഞങ്ങളുടെ കൂട്ടത്തിലുള്ള ആണുങ്ങൾ മറുപടി പറഞ്ഞുകഴിഞ്ഞു. അമ്മയ്ക്കും പെങ്ങൾക്കും സ്വയംതീരുമാനിക്കാനുള്ള ശേഷിയുണ്ടെന്നും അവർ വേണ്ടതുചെയ്തുകൊള്ളുമെന്നും അവർ പലതവണ പറഞ്ഞുകഴിഞ്ഞു. പിന്നെ പെൺമക്കളെ പരസ്യമായി ചുംബിക്കാനൊന്നും തുനിയാതെ രഹസ്യമായി ദ്രോഹിക്കുന്ന കാമുകന്മാരെയാണ് എനിക്ക് വിരോധം. ഭാര്യയെ പരസ്യമായി തൊടാൻ മടിച്ച് രാത്രിയായാൽ രഹസ്യമായി അവളുടെ മേൽ കുതിരകേറുന്നവനാണ് മഹാൻ എന്നെനിക്ക് കരുതാനാവുന്നില്ല. അമ്മ, പെങ്ങൾ, മകൾ തുടങ്ങിയവരെക്കുറിച്ച് ആത്മാർത്ഥമായ വിചാരം നിങ്ങൾക്കുണ്ടെങ്കിൽ അവരുടെ പ്രണയങ്ങളെ പരസ്യമായിരിക്കുന്നതിൽ അസ്വസ്ഥരാകാതിരിക്കുക. അങ്ങനെയെങ്കിൽ രഹസ്യമായി ഒളിച്ചും പാത്തും ഹോട്ടൽമുറികളിലും മറ്റും പോകുന്ന രീതി മാറിക്കിട്ടും. കൂട്ടുകാരനെക്കുറിച്ച് തുറന്നു സംസാരിക്കാമെന്നാകുംപോൾ എല്ലാവരുടെയും മന:സമാധാനം കൂടാനാണ്, കുറയാനല്ല, സാദ്ധ്യത.

ഈ ഉമ്മ വയ്ക്കാൻ നടക്കുന്നവർക്ക് ഭർത്താവും ഭാര്യയും ഒന്നുമില്ലേ?അവർക്ക് ഇതിൽ പ്രശ്നമൊന്നുമില്ലേ?

ചുംബനസമരക്കാരുടെ കൂട്ടത്തിൽ വിവാഹിതരും അല്ലാത്തവരും കാമുകീകാമുകന്മാരും കുട്ടികളുള്ളവരും എല്ലാമുണ്ട്. ഉമ്മ വയ്ക്കുന്നത് എല്ലായ്പ്പോഴും കാമം മൂത്തിട്ടാണെന്നോ പരസ്യമായി ഉമ്മവച്ചോ കെട്ടിപ്പിടിച്ചോ സ്നേഹം പ്രകടിപ്പിച്ചാൽ സദാചാരം ഒഴുകിപ്പോകുമെന്നോ അവരുടെ സഹയാത്രികർ കരുതുന്നില്ല. അങ്ങനെ എല്ലാ ഭർത്താക്കന്മാരും ഭാര്യമാരും കരുതിക്കൊള്ളുമെന്ന മിഥ്യാധാരണയാണ് ആദ്യം കളയേണ്ടത്.  മറ്റൊരു മനുഷ്യജീവിയോട് അടുത്തിടപഴകിയാൽ ഒലിച്ചുപോകുന്ന ചാരിത്ര്യവും വിശ്വസ്ഥതയും പൊയ്ക്കോട്ടെ എന്നങ്ങു സമാധാനിക്കാനുള്ള വൈകാരികപക്വത പഴയതലമുറക്കാരെക്കാളധികം ഇന്നുള്ളവർക്കുണ്ടെന്ന് അംഗീകരിക്കുക.

ഓഹോ ഇപ്പളല്ലേ പിടികിട്ടിയത്! ഇതു ഗേ ലേസ്ബിയൻ വർഗ്ഗത്തിനു കേറിവരാനുള്ള എക്സ്ക്യൂസാണ്. പ്രകൃതിവിരോധം!

പ്രകൃതിവിരോധമെന്ന വാക്ക് നിങ്ങളുടേതാണ്, അതിനെ നിങ്ങൾ തന്നെ താലോലിച്ചോളൂ. മറ്റുള്ളവരുടെ തലയിൽ സനാതനസത്യമായി എഴുന്നള്ളിക്കണ്ട. ഈ സമരം എല്ലാത്തരം മനുഷ്യർക്കും ആരുടേയും ആട്ടും തുപ്പുമേൽക്കാതെ അന്തസ്സായി ജീവിക്കാനുള്ള സമരമാണ്. എൻറെ ലൈംഗികത എന്തെന്ന് നിങ്ങളെ പറഞ്ഞുബോദ്ധ്യപ്പെടുത്തേണ്ടതില്ല. വഴിയേപോകുംപോൾ രണ്ടുപേർ ചുംബിച്ചുനിൽക്കുന്നതു കണ്ടാൽ അവരുടെ ലൈംഗികത എന്തായിരിക്കുമെന്ന് ചിന്തിച്ചു മനസ്സുപുണ്ണാക്കുന്ന ഈ സ്വഭാവമുണ്ടല്ലോ, അതിനാണ് ചികിത്സ അത്യാവശ്യം.അത്തരമൊരു കാഴ്ച കണ്ടാലും മനസ്സവിടെ ഉടക്കാതെ ജീവിതത്തിൽ ചിന്തയ്ക്കു പാറിനടക്കാൻ നൂറുനൂറുകാര്യങ്ങളുണ്ടാകുന്നതാണ് മാനസികാരോഗ്യത്തിൻറെ ലക്ഷണം. പക്ഷേ ഇതിലുപരിയായ ഒരു വിഡ്ഢിത്തം ഈ ചോദ്യത്തിലുണ്ട്. ഒരേ ലിംഗത്തിൽപ്പെട്ടവരെന്ന് കാഴ്ചകാരന്/കാരിക്ക് തോന്നുന്ന രണ്ടുകൂട്ടർ ചുംബിക്കുന്നതു കണ്ടാലുടൻ അയ്യോ ഗേ, അയ്യോ ലെസ്ബിയൻ എന്നൊക്കെ നിലവിളിക്കുന്നവരുടെ ബുദ്ധിശക്തി കാള പെറ്റു എന്നു കേട്ടയുടൻ കയറെടുത്തവരെക്കാൾ സ്വല്പം മാത്രമുയരത്തിലാകാനാണിട. ചിലപ്പോൾ അങ്ങനെയാകാം, ചിലപ്പോൾ അങ്ങനെയല്ലാതിരിക്കാം. അതിനെ മണത്തു പിന്നാലെ കൂടുന്ന സമയത്ത് മണൽ മാഫിയ, മരംവെട്ടിവികസനം, മാദ്ധ്യമകുത്തകകൾ തുടങ്ങിയ ദുഷ്ടശക്തികളെ ചെറുത്തുകൂടെ? നിങ്ങൾക്ക് എന്തുകൊണ്ടതിനു കഴിയുന്നില്ലെന്ന് ഇപ്പോഴേ പറയാം- അവിടെച്ചെന്ന് മണം പിടിച്ചാൽ ശരീരത്തിലെ എല്ലു മിക്കതും ബാക്കിയുണ്ടാവില്ല. പിന്നെ, തിരിച്ച് ഹിംസിക്കാൻ സാദ്ധ്യതയില്ലെന്ന് തോന്നുന്നവരുടെ ലൈംഗികതയും മറ്റും മണത്തു പുറകേ കൂടുന്ന വർഗ്ഗത്തെയാണ് സദാചാരപോലീസ് എന്നു വിളിക്കുന്നത്!

നിങ്ങൾ സ്വവർഗ്ഗാനുരാഗിയല്ലല്ലോ, പിന്നെന്തിന് …?                                                  

ഞാനെന്താണെന്ന് വെളിപ്പെടുത്താൻ തത്ക്കാലം മനസ്സില്ല. ഞാൻ ഇന്ന് ബൈസെക്ഷുവൽ ആണെങ്കിൽ നാളെ ലെസ്ബിയനായിരിക്കും, അതിനുപിറ്റേന്ന് മറ്റെന്തെങ്കിലുമായിരിക്കും. ആർക്കും ചേതമില്ല അതുകൊ ണ്ട്. പിന്നെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നറിയല്ല, ഞാൻ വിശ്വസിക്കന്നുണ്ട്, നീതി കിട്ടാതെ അലയുന്ന ആത്മാക്കളിൽ. കേരളത്തിൽ സ്വന്തം ലിംഗത്തിലുള്ളവരെ സ്നേഹിച്ച ചെറുപ്പക്കാരികളുണ്ട്, ഇവിടുത്തെ മുഖ്യധാരാസമൂഹത്തിൻറെ ക്രൂരത സഹിക്കാനാവാതെ അതിദാരുണമായി ആത്മഹത്യ ചെയ്തവർ. അവർ ഇന്നും ഇവിടെയുണ്ട്, നീതികിട്ടാതെ പിടയുന്ന ആത്മാക്കളായി. നിങ്ങൾ അറിയുന്നില്ലായിരിക്കാം പക്ഷേ ഞാൻ ഇന്നും, ഓരോ നിമിഷവും അവരുടെ സാന്നിദ്ധ്യം അറിയുന്നു. എൻറെ പെൺമക്കളുടെ മുഖം കാണുംപോൾ അവരെക്കുറിച്ച്, അവർക്കു നഷ്ടമായ ജീവിതത്തെക്കുറിച്ച്, വേദനയോടെ ഓർത്തുപോകുന്നു. മുഖ്യധാരാസമൂഹം അവരോട് ചെയ്ത ഇനി തിരുത്താനാവാത്ത തെറ്റിൻറെ ഒരംശം മുള്ളുപോലെ ഉള്ളിലെവിടെയോ സദാ പഴുത്തു വേദനിക്കുന്നു. ആർക്കറിയാം, ഇപ്പോൾ ആദ്യമായി ഇവിടെ സ്വവർഗ്ഗലൈംഗികഭീതി പ്രകടിപ്പിക്കാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനം രൂപമെടുത്തപ്പോൾ ആ ആത്മാക്കൾ സന്തോഷിച്ചിട്ടുണ്ടാവും. അവർ ഞങ്ങളുടെ ശരീരങ്ങളെ ആവേശിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ സ്വതവേ ലൈംഗികഭീരുവായ എനിക്കു  സമരത്തിനിടയിൽ തൊട്ടടുത്തു നിന്ന പെൺകുട്ടിയെ ചുണ്ടത്തു ചുംബിക്കാനുള്ള ധൈര്യം എവിടുന്നു കിട്ടി? എന്തായാലും പറയാതെ വയ്യ, എത്രയോ ദരിദ്രരും സാമൂഹ്യകീഴാളത്തം അനുഭവിക്കുന്നവരുമായ പെൺകുട്ടികൾ ഭിന്നലൈംഗികതയോടിണങ്ങിയില്ല എന്നതുകൊണ്ടു മാത്രം സ്വന്തം ജീവിതമുപേക്ഷിച്ചപ്പോൾപ്പോലും ഞെട്ടാത്ത ഹൃദയശൂന്യരായ നാട്ടുകാർ നാലഞ്ചു മേലാള സ്ത്രീകൾ ചുണ്ടുകോർത്തതു കണ്ട് മുണ്ട് നനയ്ക്കുന്നു! കഷ്ടം!

 

ചുംബനം പവിത്രമായ ഏർപ്പാടാണ്. അതിനെ സമരത്തിലൊക്കെ വലിച്ചിടുന്നത് വൃത്തികേടാണ്.

ചുംബനസമരക്കാരെ സംബന്ധിച്ചിടത്തോളം പ്രധാനമായത് ജനാധിപത്യവും അതിനു വേണ്ടിയുള്ള സമരങ്ങളുമാണ്. ചുംബനം മനുഷ്യർ തമ്മിലുള്ള അടുപ്പത്തിൻറെയും തുല്യമായ ഇടപെടലിൻറെയും പാരസ്പര്യത്തിൻറെയും ഏറ്റവും മനോഹരമായ പ്രകടനവും ചിഹ്നവുമാണ് എന്നു അവർ കരുതുന്നു. പവിത്രനിലയിലേക്ക് ഏതെങ്കിലും വസ്തുവിനെ ഉയർത്തുന്നത് അധികാരത്തിൻറെ താത്പര്യമാണ്. അവർ അതു ചെയ്യുന്നില്ല. അഹിംസയുടെയും പാരസ്പര്യത്തിൻറെയും ചിഹ്നമായ ഒരു മനുഷ്യപ്രവൃത്തിയെ എല്ലാ മനുഷ്യർക്കും അന്തസ്സോടെ, സമാധാനത്തോടെ, പരസ്പരം സഹായിച്ചുകൊണ്ട് ജീവിക്കാനവസരമൊരുക്കുന്ന ജീവിതാവസ്ഥയ്ക്കു വേണ്ടിയുള്ള സമരത്തോടു ചേർത്തുവയ്ക്കാനാണ് ചുംബനസമരക്കാർ ശ്രമിക്കുന്നത്. അത്തരമൊരു സുപ്രധാന മാനുഷികകർത്തവ്യത്തിൽ ഉപകരിക്കാത്ത പവിത്രവസ്തുകൊണ്ട് എന്തു പ്രയോജനം?

സമരം ചെയ്യാൻ മറ്റുരീതികളൊന്നുമില്ലേ?

ഈ രീതിക്കെന്താ കുഴപ്പം? ഒരു പ്രത്യേക അധികാരരൂപം പ്രകടമായാൽ അതിനെ ചെറുക്കാൻ ശക്തിയുള്ള സമരരൂപത്തെയാണ് നാം തേടേണ്ടത്. മരം വെട്ടാൻ എത്ര മൂർച്ചയേറിയതാണെങ്കിലും കൊച്ചുപിച്ചാത്തി പോര. സദാചാരപോലീസിനെ നേരിടാൻ ഇന്നത്തെ പരിചിതരൂപങ്ങളിൽ സമരം ചെയ്താൽ പോര. ആ സമരം അക്രമവിരുദ്ധമായിരിക്കണം, ജനാധിപത്യപരമായിരിക്കണം, ഹിന്ദുത്വഫാസിസത്തിൻറെ അരുതുകളെ ചോദ്യം ചെയ്യണം. പിന്നെ, കല്ലേറും ആക്രോശവും വഴിതടയലും മാത്രമാണോ സമരം? പോലീസിനെ സമാധാനപരമായി സമരം ചെയ്യുന്നവരുടെ പക്ഷത്തു നിൽക്കാൻ ധാർമ്മികസമ്മർദ്ദം ചെലുത്തി നിർബന്ധിക്കുന്ന സമരരീതി അത്രയ്ക്കു ചീത്തയാണോ? ഭരണകൂടവിരുദ്ധമല്ല ഈ സമരം എന്നു പറയുന്നവരുണ്ട്. പക്ഷേ ഭരണകൂടത്തോട് വിമർശനപരമായി ഇടപെട്ടുകൊണ്ട് അതിനോട് പലവിധ ആവശ്യങ്ങളുന്നയിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇന്നു ഭൂരിപക്ഷം. അവയ്ക്കൊന്നും കല്പിക്കാത്ത അസ്പർശത ചുംബനസമരത്തിനു മാത്രം കല്പിക്കുന്ന മന:സ്ഥിതി അത്ര നിഷ്ക്കളങ്കമല്ല. നിലവിലുള്ള  മുഖ്യധാരാ-ബദൽരാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ആലോചിച്ചു മാത്രമേ സമരരൂപത്തെ തീരുമാനിക്കാവൂ എന്നാണെങ്കിൽ ആ മനോഭാവത്തിൻറെ പേര് patronising എന്നാണ്. ആരെങ്കിലും നമുക്കു കൂടി താത്പര്യമുള്ള ഒരു സമരം ആരംഭിച്ചാൽ അതിൽ കൂട്ടുചേരേണ്ടതെങ്ങനെ എന്ന് കൂട്ടായിച്ചിന്തിക്കുകയാണ് വേണ്ടത്. ഈ സമരത്തിൻറെ പ്രത്യേകത, അത് ആരുടേയും സ്വകാര്യസ്വത്തല്ല  — open source  സ്വഭാവമാണതിനുള്ളത്. സ്വന്തം രീതിയിൽ അതിൻറെ ജനാധിപത്യാഭിമുഖ്യമുള്ള, സാമൂഹ്യഫാസിസവിരുദ്ധമായ, അടിസ്ഥാനമാതൃകയെ വികസിപ്പിക്കാവുന്നതാണ്. അങ്ങനെ മറ്റു രീതികളെക്കുറിച്ചാലോചിക്കുന്നവർക്കും പങ്കുചേരാവുന്നതാണ്.

ഈ സമരം കോളേജുകൾ പലതിലും നടക്കുന്നല്ലോ.  പിള്ളേർ പഠിക്കാൻ പോയാൽ പോരെ? അഥവാ സമരം ചെയ്താൽ പഠനകാര്യങ്ങൾക്കു വേണ്ടി സമരം ചെയ്താൽ പോരെ?

ആദ്യം തന്നെ കോളേജ് വിദ്യാർത്ഥികളെ പിള്ളേർ എന്നു വിളിക്കുന്ന ശീലം അവസാനിപ്പിക്കുക. പൌരത്വത്തിൻറെ പടിവാതിൽക്കലോ പൌരത്വത്തിനകത്തോ എത്തിയവരെ ശിശുവത്ക്കരിക്കുന്ന രീതി ജനാധിപത്യത്തിൻറെ കടയ്ക്കാണ് കത്തിവയ്ക്കുന്നത്. കോളേജ് വിദ്യാർത്ഥികൾ സാമൂഹ്യകാര്യങ്ങളിൽ എല്ലാക്കാലത്തും സജീവമായി ഇടപെട്ടിട്ടുണ്ട്, ആ ചരിത്രം കണ്ടില്ലെന്ന നടിക്കാതിരിക്കുക. പഠിത്തകാര്യങ്ങൾ മാത്രം ശ്രദ്ധിച്ച് കഴിഞ്ഞുകൂടിയ ഒരു വിദ്യാർത്ഥിസമൂഹമായിരുന്നൂ കൊളോണിയൽ കാലത്തെ ഇന്ത്യയിലേതെങ്കിൽ ഇവിടെ സ്വാതന്ത്ര്യസമരത്തിന് ഇത്ര ശക്തി കൈവരില്ലായിരുന്നുവെന്ന് നിസ്സംശയം പറയാം. പിന്നെ പരസ്പരം സ്വതന്ത്രമായി ഇടപെടാനും സഞ്ചരിക്കാനുമൊന്നും സ്വാതന്ത്ര്യമില്ലാത്ത വിദ്യാർത്ഥികൾ എന്തു വിദ്യാഭ്യാസമാണ് നേടുക? ആ അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരമാണിത്. അതായത്, വിദ്യാഭ്യാസത്തിനു വേണ്ടിത്തന്നെയുള്ള സമരമാണിതും. ഈ അടിസ്ഥാനാവകാശങ്ങൾ അനുവദിക്കാൻ തയ്യാറാകാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളാണിന്ന് അധികവും. അത്തരം മനുഷ്യത്വംകൊല്ലിസ്ഥാപനങ്ങളിൽ പഠിച്ചിറങ്ങി വല്ല ബഹുരാഷ്ട്രകുത്തകയുടെ കൂലിപ്പണി ചെയ്ത് തേഞ്ഞുതേഞ്ഞ് അകാലവാർദ്ധക്യവും മാനസികസംഘർഷവും സഹിച്ച് മക്കൾ കെട്ടുപോകുന്നത് ഒരു പ്രശ്നമല്ലാത്ത മാതാപിതാക്കൾ ധാരാളമുണ്ടാവും കേരളത്തിൽ. പക്ഷേ അവരുടെ ഈ വഴി കണ്ട് ആകാംക്ഷ അനുഭവിക്കുന്നവരും അവർ മനുഷ്യരും പൌരജനങ്ങളുമാകണമെന്ന് ആഗ്രഹിക്കുന്നവരുമായ നിരവധി അച്ഛനമ്മമാർ ഈ നാട്ടിൽത്തന്നെയുണ്ട്. അവർക്ക് മക്കളുടെ സമരം പ്രശ്നമായിരിക്കില്ല.

ഇതെല്ലാം മദ്ധ്യ/ഉപരിവർഗ്ഗത്തിൻറെ കളിയല്ലേ?

ആണോ? എന്തായാലും ഒരു കാര്യം വ്യക്തമാണ്: ചുംബനസമരങ്ങൾക്കു പുറത്ത് ഉയർന്നുവന്ന സദാചാരപോലീസ് വിരുദ്ധ സമരമാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റിക്കോളേജിലേത്. അവിടെ മദ്ധ്യവർഗ്ഗമേലാള വിദ്യാർത്ഥികൾ മാത്രമല്ല പ്രതിഷേധിച്ചത്. കേരളത്തിൽ സദാചാരപോലീസ് ശല്യം ഉപരിവർഗ്ഗക്കാർ മാത്രമല്ല സഹിക്കുന്നത്. അതിന് എത്രവേണമെങ്കിലും തെളിവുണ്ട്. രണ്ടാമതായി, കേരളത്തിൽ മദ്ധ്യവർഗ്ഗം വളരെ വലിയൊരു ജനവിഭാഗമാണ്. അവർക്കിടയിൽ സമൂലമായ മാറ്റമുണ്ടാകാതെ സാമൂഹ്യമാറ്റം ഉണ്ടാകാനിടയില്ല. ഈ സമരങ്ങൾ കേരളീയ സമുദായമദ്ധ്യവർഗ്ഗാധികാരത്തിൻറെ ആണിക്കല്ലുകളിലൊന്നിനെയാണ് ഉന്നംവയ്ക്കുന്നത്. ഈ സമരങ്ങൾ പറയുന്നത് ലൈംഗികത ലൈംഗികന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്നമല്ല, അത് മദ്ധ്യവർഗ്ഗ ഭൂരിപക്ഷത്തിൻറേതും കൂടിയാണ് എന്നാണ്. അതുപോലെ, അവ ജാതീയത ദലിതരുടെ മാത്രം പ്രശ്നമല്ലെന്നും ഭരണകൂടസെക്യുലറിസം മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും പറയുന്നു. ഇതിൻറെയർത്ഥം ഈ പക്ഷങ്ങളുടെ ലൈംഗികതാ—ജാതീയതാ—ഭരണകൂടസെക്യുലറിസ—വിമർശനം വിലകെട്ടുവെന്നല്ല. അവയ്ക്ക് സ്വതന്ത്രനിലയും സ്വന്തമായ പ്രസക്തിയും ഈ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിൽ കൂടുതൽ പ്രാധാന്യവുമുണ്ടെന്നതിൽ സംശയമില്ല. പക്ഷേ മദ്ധ്യവർഗ്ഗത്തിൽ നിന്നുയരുന്ന വിമർശനവീക്ഷണങ്ങൾ തീരെ അനാവശ്യമാണെന്നും വരുന്നില്ല.

ഇതു മുഴുവൻ പാശ്ചാത്യസംസ്കാരമല്ലേ? ഇതെല്ലാം കച്ചവടസംസ്ക്കാരമല്ലേ?

ചുംബനം പാശ്ചാത്യമാണെന്ന് കരുതുന്നവർ ആ സമൂഹങ്ങൾക്കു പുറത്തുള്ളവർ മുഴുവൻ ശരീരം കൂടാതെ ഇണ ചേരാൻ കഴിവുള്ളവരാണെന്ന് വിചാരിക്കന്നുണ്ടോ? അങ്ങനെയെങ്കിൽ വസ്തുതാപരമായി പോലും അത് ശരിയല്ല. പക്ഷേ പരസ്യസ്നേഹപ്രകടനത്തിന് നമ്മുടെ നാടിനെക്കാൾ അധികം സ്വാതന്ത്ര്യം അവിടുള്ളവർക്കുണ്ട്, ശരി തന്നെ. അതുണ്ടായത് അവിടുത്തെ ജനാധിപത്യസംസ്കാരവികസനത്തിൻറെ ചരിത്രവുമായി ബന്ധപ്പെട്ടാണ്. പാശ്ചാത്യലോകത്ത് വേരുകളുള്ള ജനാധിപത്യത്തെ അന്ധമായി അനുകരിച്ചതാണ് ഇന്ത്യൻ ജനാധിപത്യമെന്ന് കടുത്ത ഹൈന്ദവമേലാളതീവ്രവാദികളൊഴിച്ച് മറ്റാരും പറയുമെന്ന് തോന്നുന്നില്ല. ഇനി ആ മാതൃകയെ വിശാലാർത്ഥത്തിൽ പിൻതുടരൽ തെറ്റാണെങ്കിൽ നമ്മുടെ സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനങ്ങൾ ഇറക്കുമതി ചെയ്ത വിക്ടോറിയൻ ലിംഗമൂല്യങ്ങളും, ബ്രിട്ടിഷ്ഭരണകൂടം ഹിന്ദു-മുസ്ലിം വ്യക്തിനിയമങ്ങളെ ബ്രിട്ടിഷ് ഉദാരവാദനിയമവ്യവസ്ഥയുടെ വെളിച്ചത്തിൽ പുനർരചിച്ചതും അത്രതന്നെ പാശ്ചാത്യാനുകരണമാണ്! ജാതിക്കെതിരെ ആധുനികവ്യവഹാരങ്ങൾ സൃഷ്ടിക്കപ്പെട്ടതും പാശ്ചാത്യം തന്നെ! പാശ്ചാത്യമായതെല്ലാം തെറ്റാണെന്നു കരുതുന്നത് ഇരിക്കുന്ന കൊംബിനെത്തന്നെ വെട്ടുന്നതിനു സമാനമാണ്. പിന്നെ, ഇന്നത്തെ കാലത്തിൻറെ പ്രത്യേകത എന്തെന്നാൽ, പാശ്ചാത്യലോകത്തു നിന്ന് എന്തെടുക്കണം, എന്തെടുക്കണ്ട, എന്നു തീരുമാനിക്കാനുള്ള സാഹചര്യം നമുക്കുണ്ടെന്നതാണ്. അക്കാര്യത്തിൽ നിങ്ങൾക്കൊപ്പം പക്വത ഞങ്ങൾക്കുണ്ട്, തീർച്ച. നിങ്ങൾ നാം അടിമകളായിരുന്ന കാലത്ത് ബ്രിട്ടിഷ് അധികാരികളും ഇവിടുത്തെ മേലാളരും ചേർന്ന് ഇന്ത്യാക്കാരുടെ തലയിൽ കെട്ടിവച്ച വിക്ടോറിയൻ സദാചാരവിഴുപ്പുഭാണ്ഡവും അതേപടി ഭേസി നടക്കാൻ ആഗ്രഹിക്കുന്നു. ചുംബനസമരക്കാരാകട്ടെ അധിനിവേശസംസ്കാരത്തെ നേരിട്ടെതിർത്ത പാശ്ചാത്യ രാഷ്ട്രീയ-ചിന്താധാരകളെ വിമർശനപരമായി മാത്രം സമീപിക്കാനും, അവയിൽ നിന്ന് നമുക്കു പ്രസക്തമായവ സ്വീകരിക്കാനും ശ്രമിക്കുന്നു. പഴയകാല അധിനിവേശ-സാമൂഹ്യപരിഷ്ക്കരണ സദാചാരമാതൃകകൾ മതിയെന്നും സമൂഹത്തെ ഇന്നത്തെപ്പോലെ നിലനിർത്തിയാൽ മതിയെന്നും നിങ്ങൾ വിചാരിക്കുന്നു. എന്നാൽ സമൂഹം നിരന്തരം നവീകരിക്കപ്പെടുകയും ജനാധിപത്യവത്ക്കരിക്കപ്പെടുകയും വേണമെന്ന് ഞങ്ങൾ കരുതുന്നു. നിങ്ങളുടെ പാശ്ചാത്യാഭിമുഖ്യം ഞങ്ങളുടേതിൽ നിന്ന് അല്പംപോലും കുറവല്ല. അതുകൊണ്ട് നിങ്ങളുടെ ചോദ്യത്തെ നിങ്ങൾക്കെതിരെ തന്നെ തിരിച്ചുപിടിച്ചു നോക്കുന്നത് നന്നായിരിക്കും.

പിന്നെ കച്ചവടസംസ്കാരത്തിൻറെ കാര്യം. ഒന്നാമതായി, കച്ചവടസംസ്ക്കാരത്തിൻറെ മൊത്തക്കച്ചവടം ഹിന്ദുത്വവാദികളുടെ കൺകണ്ട ദൈവം ഏറ്റെടുത്ത സാഹചര്യത്തിൽ ഞങ്ങളെ വെറുതേ വിടുന്നതല്ലേ ശരി? രണ്ടാമതായി കച്ചവടസംസ്കാരത്തെ എതിർക്കേണ്ടവർ നേരെ പോയി നമ്മുടെ സമുദായ-കുടുംബ അധികാരികൾ നടത്തിവരുന്ന വിവാഹങ്ങളെ എതിർക്കുക. അവിടെയാണ് നാണംകെട്ട വിലപേശൽ ഏറ്റവുമധികം നടക്കുന്നത്, സ്ത്രീധനമെന്ന ഓമനപ്പേരിൽ, വൈവാഹികമാന്യത വിലയ്ക്കു വാങ്ങുന്നതിനിടയിൽ. ചുംബനസമരത്തിൽ കച്ചവടസംസ്കാരം കാണുന്നവർ സാംബ്രദായികവിവാഹത്തിൻറെയും കുടുംബത്തിൻറെയും വിപണിദാസ്യത്തെ കാണുന്നില്ല. മാത്രമല്ല, ഈ സമരം പിതൃമേധാവിത്വ സമുദായ-കുടുംബ- വിപണിതാത്പര്യത്തെ പിൻതാങ്ങുന്ന വിവാഹബന്ധങ്ങളെ സാദ്ധ്യമാക്കുന്ന സാഹചര്യങ്ങളെത്തന്നെ ചോദ്യംചെയ്യുന്നുവെന്നും കാണുന്നില്ല. മനുഷ്യർക്ക് പൊതുസ്ഥലത്ത് പരസ്യമായി, സ്വതന്ത്രമായി, ഇടപെടാനുള്ള അവകാശത്തിനുവേണ്ടിയാണ് ഈ സമരം. ആ ഇടപെടലുകളെ തടഞ്ഞുകൊണ്ടാണ് ജാതി-മതവിവാഹങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.

ഈ സമരം കൊണ്ടുനടക്കുന്നവർക്ക് സംസ്കാരമില്ല. അവർ സംസ്കാരമുള്ള വീട്ടിൽ പിറന്നവരല്ല.

മനുഷ്യചരിത്രത്തിലൊരിക്കലും ജനങ്ങൾ സംസ്ക്കാരം മുഴുവൻ ഉപേക്ഷിച്ച് മൃഗാവസ്ഥയിലേക്കു  കടന്നതായിക്കാണുന്നതില്ല (വാനരസേനക്കാർ അതിനപവാദമാണെന്നു ഞാൻ പറയില്ല — വാനരന്മാരെ അപമാനിക്കലാവില്ലേ അത്). മനുഷ്യർ പഴയമൂല്യങ്ങളെ ഉപേക്ഷിച്ച് പുതിയമൂല്യങ്ങളെ സ്വീകരിക്കുന്ന പതിവാണുള്ളത്. അതുകൊണ്ട് സ്വന്തം മൂല്യങ്ങൾ മാത്രമേ മൂല്യങ്ങളായി ലോകത്തുള്ളൂ എന്നു ധരിച്ച കിണറ്റിനുള്ളിലെ തവളയുടെ ചോദ്യമാണിത്. ഞങ്ങളാരും വീടെന്ന കിണറ്റിൽ കിടന്ന് അവിടെ നിന്നു കാണുന്ന ഇത്തിരവട്ടസാംസ്കാരികാകാശത്തെ മറ്റെല്ലാവരേയും അളക്കാനുള്ള അളവുകോലാക്കി സംഘികളുടെ കൊട്ടുവടി പോലെ ഉയർത്തിപ്പിടിക്കുന്നവരല്ല. എന്തായാലും ഹിംസയ്ക്കെതിരെ നടക്കുന്ന സമരത്തിനെ അടിച്ചൊതുക്കുന്ന സംസ്കാരമാണ് സംസ്കാരമെങ്കിൽ അതു ഞങ്ങൾക്കില്ല.

നില്പുസമരവും മറ്റുമാണ് യഥാർത്ഥസമരം. അതിലാണ് ചേരേണ്ടത്.

നില്പുസമരം ചുംബനസമരങ്ങളെക്കാൾ എത്രയോ മുൻപ് തുടങ്ങിയത്. അതിൽ കണ്ണിചേർന്നവരിൽ നല്ലൊരു പങ്കു പേർ തന്നെയാണ് ചുംബനസമരത്തിൽ പങ്കെടുത്തതും. ചുംബനസമരമുണ്ടായതു കൊണ്ടാണെങ്കിലും നിങ്ങളുടെ ശ്രദ്ധ ഈ വിഷയത്തിൽ പതിഞ്ഞതെങ്കിൽ ഞങ്ങൾക്കതിൽ സന്തോഷമുണ്ട്. പക്ഷേ യഥാർത്ഥസമരം ഏതെന്ന് തീരുമാനിക്കാൻ നിങ്ങളോളം അവകാശം ഞങ്ങൾക്കുമുണ്ട്. ആദിവാസികളുടെ സമരത്തിൻറെ കൂടെ നിന്നാൽ നാം ചുംബനസമരങ്ങളെ അനുകൂലിച്ചു കൂടാ എന്നാണ് പറയുന്നതെങ്കിൽ വിഭവശൂന്യർക്ക് വിഭവങ്ങൾ (അവരെ ദാരിദ്ര്യത്തിൽ നിന്നു കരകയറ്റാൻ ആവശ്യമായ ജനക്ഷേമ വിഭവങ്ങൾ) എത്തിച്ചാൽ മതി, മദ്ധ്യവർഗ്ഗത്തിൻറെ ധാർമ്മിക—സാമൂഹികഅധികാരത്തെ ചോദ്യംചെയ്യേണ്ടതില്ല എന്നു പറയുന്നതിന് സമമാണ്! കാരണം ചുംബനസമരങ്ങൾ ഉന്നംവയ്ക്കുന്നത് കേരളത്തിലെ സവിശേഷ മേലാളസമുദായ-മദ്ധ്യവർഗ്ഗാധികാരത്തിൻറെ ആണിക്കല്ലുകളിൽ ഒന്നിനെയാണ്.

നില്പുസമരം വിജയത്തിലെത്തിയതും ചുംബനസമരത്തെ സാമൂഹ്യഅധികാരികൾക്ക് അടിച്ചമർത്താർത്താനാവാത്തതും രണ്ടും കേരളത്തിൻറെ രാഷ്ട്രീയഭാവിയെക്കുറിച്ച് ശുഭകരമായ സൂചനയാണ് നൽകുന്നത്. കേരളമാതൃകാരാഷ്ട്രീയത്തിൻറെ –അതായത്, ബഹിഷ്കൃകജനവിഭാഗങ്ങൾ സംഘടിതമായി സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തി ജനക്ഷേമവിഭവങ്ങളും ഉത്പാദനപരങ്ങളായ സ്വത്തും നേടുന്ന രാഷ്ട്രീയം – ഇനിയും മരിച്ചിട്ടില്ലെന്നതിനു തെളിവാണ് നില്പുസമരത്തിൻറെ വിജയം. കേരളം ഒരു ഭാഷാസംസ്ഥാനമായി രൂപമെടുത്തപ്പോൾ പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളാണ് ആദിവാസികൾ, അവർക്കാണ് നില്പുസമരത്തിലൂടെ നീതി ലഭിച്ചിരിക്കുന്നത്. കേരളം ഉപദേശീയതയായി രൂപമെടുത്തപ്പോൾ (ഭാഷാസംസ്ഥാനമായി അതു മാറിയത് കൂടുതൽ വിശാലമായ ഈ പ്രക്രിയയുടെ ഭാഗമായാണ്) ഉത്തമമലയാളിയായി അവരോധിക്കപ്പെട്ട സവർണ്ണഹൈന്ദവമാതൃകയെയും അതിൻറെ പെരുമാറ്റമര്യാദകളെയുമാണ് ചുംബനസമരം ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് ഈ സമരങ്ങളെ പരസ്പരവിരുദ്ധങ്ങളായി കരുതുന്നത് തെറ്റാണ്

ചുണ്ടിൽ ചുംബിക്കുന്നത് ലൈംഗികമാണ്, അതുവേണ്ട, അതൊഴിച്ചുള്ള സ്പർശം കുഴപ്പമില്ല, ആയിക്കോ.

അതത്ര നിശ്ചയമായതെങ്ങനെ? ചുംബിക്കുന്ന സ്ഥലമനുസരിച്ച് ലൈംഗികവികാരത്തിൻറെ തോത് അളക്കാനുള്ള യന്ത്രമുണ്ടോ നിങ്ങളുടെ കൈയിൽ? കവിളിൽ ചുംബിക്കുന്നത് പൂർണ്ണമായും ലൈംഗികമല്ലെന്ന് എന്താണ് തെളിവ്? മാത്രമല്ല , ചുംബനസമരം പ്രതീകാത്മകമാണെന്ന് പറഞ്ഞുപറഞ്ഞു നാവു കുഴഞ്ഞു കഴിഞ്ഞു! പൊതുവിടത്തിൽ സ്വതന്ത്രമായി, സുരക്ഷിതമായി, ആർക്കും, ഏതുനേരത്തും, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കാത്ത വിധത്തിൽ ഇടപെടാനും സ്നേഹം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിനു വേണ്ടിയാണ് ഈ സമരം. സ്നേഹപ്രകടനം എല്ലായ്പ്പോഴും ചുംബിക്കലാണെന്ന ഭീതിയിൽ നിന്നാണ് ഈ പ്രസ്താവം ഉയരുന്നത്!

ചുംബിച്ചാൽ രോഗങ്ങൾ പടർന്നുപിടിക്കില്ലേ?

അയ്യോ കഷ്ടം. ഈ കുഞ്ഞ് ഇതുവരെ ഭൂമിയിലെത്തിയിട്ടില്ലെന്ന് തോന്നുന്നു. ഗർഭപാത്രത്തിൽ കിടന്നുകൊണ്ട് ഫേസ്ബുക്കിലെഴുതാൻ കഴിയുമായിരിക്കും, ആർക്കറിയാം! എന്തായാലും ചുംബനത്തിൽ മാത്രമല്ല ഭൂമിയിലപ്പടി ജേംസാണെന്നേ – ടി വി പരസ്യത്തില് പറഞ്ഞതുപോലെ, കീടാണു, സർവ്വത്ര കീടാണു! രഹസ്യത്തിലും പരസ്യത്തിലും എല്ലായിടത്തും. എന്തായാലും മോനിങ്ങ് പോരെ, കീടാണൂനെ വരുന്നിടത്തുവച്ചു കാണാം.

ഇന്ന് ചുംബനസമരം, നാളെ തുണിയഴിച്ച് സമരം ഇങ്ങനെ പോയാൽ നാടുനശിക്കും.

നാളത്തെ സമരം എങ്ങനെയിരിക്കും, അത് തുണിയുടുത്തു വേണോ ഉടുക്കാതെ വേണോ എന്നൊക്കെ നമ്മുടെ ഈ തലമുറയല്ല തീരുമാനിക്കേണ്ടത്. അത് നമ്മുടെ മക്കളും അടുത്ത തലമുറയിൽപ്പെട്ടവരും തീരുമാനിക്കും. ഇപ്പോഴേ അതിൻറെ പേരിൽ വേവലാതിപ്പെടുന്നത് യുക്തിസഹമല്ല. നിങ്ങൾ ഇന്നിൻറെ ഇടുക്കങ്ങളിൽ നിന്ന് നോക്കുംപോൾ അരോചകമായിത്തോന്നുന്ന സമരരൂപങ്ങൾ നാടുനശിപ്പിക്കുമെന്ന് യാതൊരു തെളിവുമില്ല. അടക്കിവച്ചിരുന്ന എന്തിനേയോ കെട്ടഴിച്ചുവിടുകയാണ് ചുംബനസമരങ്ങൾ എന്ന നിരീക്ഷണം ശരിതന്നെ. പക്ഷ ആ അഴിച്ചുവിടലിനെക്കുറിച്ച് അതിൽ നിഴലിക്കുന്ന ഭീതി വ്യവസ്ഥാപിക അധികാരവർഗ്ഗഭീതി തന്നെയാണ്. ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ ജനാധിപത്യകരണനീക്കങ്ങളെയും എതിരേറ്റിട്ടുള്ള മേലാള ഭീതിയുടെ പൊതുരൂപമാണിത്:ഒരിഞ്ചുപോലും വിട്ടുകൊടുക്കരുത്, അങ്ങനെ ചെയ്താൽ അവർ ഒരു മൈൽ ഉള്ളിലേക്കു കയറുമെന്ന മുന്നറിയിപ്പ്.

പരസ്യമായി ചുംബിക്കാമെങ്കിൽ പരസ്യമായി തൂറിക്കൂടെ?

പരസ്യമായ തൂറലിന് സദാചാരപരമായ തടസ്സം, പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ അതൊരു പുരുഷകലയായിരിക്കേ,(കോഴിക്കോടു മിഠായിത്തെരുവിൽ മൂത്രപ്പുരകൾക്കായി സ്ത്രീതൊഴിലാളികൾ സമരം ചെയ്തപ്പോൾ വ്യക്തമായത്) തീരെ ഇല്ലാതെയാണല്ലോ ഇരിക്കുന്നത്. പരസ്യമായി സ്ത്രീകളെ കമൻറടിക്കാം, അവരുടെ പുറകേ നടന്നു ശല്യപ്പെടുത്താം. അതെല്ലാം ബാലലീലയായി കരുതുന്ന എത്രയോ പേരുണ്ട്!പരസ്യമായി നിന്ന് പെടുക്കുന്നത് ആണുങ്ങളാവുംപോൾ സർവ്വസാധാരണമല്ലേ? പിന്നെ ചുംബനവും തൂറലും ഒരുപോലെയാണെന്നു വിചാരിക്കുന്ന നിങ്ങളുടെയൊക്കെ കൂടെക്കഴിയുന്ന ഭാര്യമാരെക്കുറിച്ചോർക്കുംപോൾ …വാക്കുകൾ പോരാതെയാകുന്നു … ഹോ! ഹാവൂ!

സമരത്തിനു വന്നാൽ ഉമ്മ ഫ്രീയായി കിട്ടുമോ?

ഉമ്മയ്ക്കു പതിവായി വിലകൊടുക്കുന്ന, അതൊരു ശീലമായിപ്പോയ, അല്ലെങ്കിൽ വിലകൊടുക്കാമെന്നു പറഞ്ഞിട്ടും കിട്ടാത്ത ഏതോ പാവത്താനാണ് ഈ ചോദ്യകർത്താവെന്നു നിശ്ചയം തന്നെ. ആ പ്രശ്നമെന്തായാലും ഞങ്ങളെക്കൊണ്ട് പരിഹരിക്കാനാകുമെന്ന് തോന്നുന്നില്ല (വായ്നാറ്റമാണ് പ്രശ്നമെങ്കിൽ ദന്തഡോക്ടറെ സമീപിച്ചുനോക്കൂ. മനസ്സിൻറെ ഉള്ളിൽ നിന്നാണ് ചീഞ്ഞ വാടയെങ്കിൽ സംഗതി കൂടുതൽ സീരിയസ്സാണ്. ഭാര്യയോട് കാര്യങ്ങൾ തുറന്നു പറഞ്ഞുനോക്കൂ). എന്തായാലും ഇക്കാര്യവുമുന്നയിച്ചുകൊണ്ട് സമരസ്ഥലങ്ങളിലോ സ്വന്തം ജോലിസ്ഥലത്തോ എഴുന്നള്ളിയേക്കരുത്. സെക്ഷുവൽ ഹാറസ്മെൻറ് എന്നു കേട്ടില്ലെങ്കിൽ അതൊന്നുനോക്കിപ്പഠിച്ചോളൂ. ഇല്ലെങ്കിൽ ജീവിതം തന്നെ തലകുത്തിമറിയാനാണിട.

തിയററ്റിക്കൽ വ്യക്തതയില്ലാത്തതുകൊണ്ട് ഈ സമരം എപ്പോൾ വേണമെങ്കിലും പ്രതിലോമപരമായേക്കാം.

സിദ്ധാന്തവും പ്രയോഗവും തമ്മിൽ വൈരുദ്ധ്യാത്മകബന്ധമുണ്ടാവണമെന്ന വാദം സിദ്ധാന്തത്തിന് പ്രയോഗത്തെക്കാളധികം പ്രാധാന്യമുണ്ടെന്നല്ല പറയുന്നത്. ആദ്യം സൈദ്ധാന്തികവ്യക്തത, പിന്നീട് പ്രവർത്തനമെന്ന ശാഠ്യം രാഷ്ട്രീയപ്രവർത്തനങ്ങളെ തുലയ്ക്കുന്നത് പലപ്പോഴും നാം കണ്ടുകഴിഞ്ഞ കാര്യമാണ്. അധികാരം നമ്മെ എവിടെയൊക്കെ സ്പർശിക്കുന്നുവോ, അവിടെ തിരിച്ചടിക്കുക എന്ന സമരതന്ത്രമാണ് ചുംബനസമരക്കാരുടേത്. ആദ്യം അധികാരത്തെ മുഖത്തോടു മുഖം നേരിടാനുള്ള ഉറച്ചതീരുമാനമാണവരുടേത്. പിന്നെ ജനാധിപത്യസമരങ്ങളിൽ സൈദ്ധാന്തികവ്യക്തതയെക്കുറിച്ചുള്ള അമിതമായ ആകാംക്ഷ പലപ്പോഴും സ്തംഭനമാണുണ്ടാക്കുന്നത്. മാത്രമല്ല, സൈദ്ധാന്തികവ്യക്തതയുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന ചിലർക്ക് മറ്റുള്ളവരെക്കാൾ മുകളിൽ വലിഞ്ഞുകയറാനും സർവ്വജ്ഞനില കൈക്കൊണ്ട് ഞെളിയാനുമിടവരുത്താറുണ്ട് അത്. സൈദ്ധാന്തികവ്യക്തത വേണ്ടതുതന്നെ. പക്ഷേ അതിപ്പോൾ തീരെയില്ലെന്നു പറയാനുമാവില്ല. സൈദ്ധാന്തികവ്യക്തതയില്ലാത്തതുകൊണ്ടു മാത്രം പ്രതിലോമപരമായിപ്പോയ ഒരു സമരവും ലോകത്തുണ്ടെന്നു തോന്നുന്നില്ല എന്നത് മറ്റൊരു കാര്യം.

ചുംബനസമരം praxis അല്ലെന്ന് പറയുന്നതെങ്ങനെ? പൌലോ ഫ്രയറിപ്പോലുള്ളവർ വിഭാവനം ചെയ്ത praxis-നോട് അടുത്തുവരുന്നുണ്ടത് തീർച്ചയായും. ഭൌതികവിഭവങ്ങൾക്കു വേണ്ടി മാത്രമല്ല സർഗ്ഗാത്മകജീവിതത്തിനും പുതിയകാഴ്ചകൾക്കും സംശയങ്ങൾക്കും ഉരുംപെടലുകൾക്കുമിടയാക്കുന്ന തിരിച്ചറിവാണത്. ഈ അംശം ചുംബനസമരങ്ങളിൽ തീരെയില്ലെന്ന് പറയാൻ സാദ്ധ്യമല്ല. ഈ സമരങ്ങളിലെ പ്രയോഗങ്ങളെക്കുറിച്ച് യാതൊരു ആത്മപ്രതിഫലപരിശോധനയും കൂടാതെയാണ് സമരക്കാർ മുന്നേറുന്നതെന്ന് പറയുന്നത് സമരത്തിലേർപ്പെട്ടവരെ അപമാനിക്കുന്നതിനു സമമാണ്. കാരണം അവർ വിമർശനത്തെ വലിയൊരളവുവരെ സ്വാംശീകരിച്ചിട്ടുണ്ട്. തീരെയും Praxis അല്ലായിരുന്നെങ്കിൽ ഇങ്ങനെയാവില്ലായിരുന്നു കാര്യങ്ങൾ.

പിന്നെ സമരങ്ങൾ പ്രതിലോമകരമോ വിപ്ളവകരമോ ആകുന്ന പ്രക്രിയകൾ അത്യന്തം സങ്കീർണ്ണങ്ങളാണ്. സമൂഹം ഒരു തുറന്ന വ്യവസ്ഥയായതുകൊണ്ട് സാമൂഹ്യമാറ്റത്തിനിടയാക്കുന്ന ഘടകങ്ങളേതൊക്കെ അവയുടെ താരതമ്യസ്വാധീനമെത്ര എന്നൊന്നും കൃത്യമായി പ്രവചിക്കാനാവില്ല. ഏതൊക്കെ ശക്തികൾ എപ്പോൾ രംഗപ്രവേശം ചെയ്യുമെന്ന് മുൻകൂട്ടിപ്പറയുന്നത് ശരിയായിക്കൊള്ളണമെന്നില്ല. അക്കാരണത്താൽ മാത്രം അധികാരരൂപങ്ങൾ നമ്മെ നേരിട്ടു സ്പർശിക്കുന്ന അവസരങ്ങളും ഇടങ്ങളും (അത്രയൊന്നും സൈദ്ധാന്തികവ്യക്തതയില്ലാതെ) തിരിച്ചറിയാനും എതിർപ്രയോഗങ്ങൾ നിർമ്മിക്കാനും പാടില്ലെന്നു പറയുകയും എന്നാൽ praxis  ആണു വേണ്ടതെന്ന് സമ്മതിക്കുകയും ചെയ്യുന്നത് പരസ്പരവിരുദ്ധമാണ്. എന്നാൽ എത്ര തന്നെ പുരോഗമനപരമാണെങ്കിലും എല്ലാ സമരങ്ങൾക്കും നിരന്തരജാഗ്രതയും ആത്മപ്രതിഫലനവും ഒഴിച്ചുകൂടാനാവില്ല എന്ന് സമ്മതിക്കുന്നു.

ഫേസ്ബുക്കിലാണല്ലോ ഇതിനെപ്പറ്റിയുള്ള പ്രചരണം മുഴുവൻ. അപ്പോൾ അതിനുപുറത്തുള്ളവരെങ്ങനെ അതിനെക്കുറിച്ചറിയും?

ഇന്ന് കേരളത്തിൽ മനുഷ്യർക്ക് ജാതിമതലിംഗഭേദങ്ങൾക്കതീതമായി ഇടപെടാൻ നിരവധി ഇടങ്ങളുണ്ട്. അതിലൊന്നാണ് ഫേസ്ബുക്ക്. കുടുംബശ്രീ പോലുള്ള മറ്റു ശൃംഖലകളുണ്ടെങ്കിലും അവ പലപ്പോഴും സർക്കാരിൻറേയോ മറ്റു അധികാരികളുടെയോ കീഴിലാണ്. ജാതിമതകുട്ടായ്മകൾക്കും വ്യവസ്ഥാപിതരാഷ്ട്രീയകക്ഷികൾക്കും പുറത്തു നിന്നുകൊണ്ട്, വ്യവസ്ഥാപിതമാദ്ധ്യമങ്ങളെ കണക്കിലധികം ആശ്രയിക്കാതെ സംഘാടനം നടത്തുവാനും ആശയങ്ങളും വിവരങ്ങളും പങ്കുവയ്ക്കാനും ഫേസ്ബുക്കു വഴി സാധിക്കും. കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികളുമായി സജീവബന്ധം പുലർത്താനും അതിലൂടെ കഴിയും. പക്ഷേ ഇൻറർനെറ്റിൽ കടക്കാൻ പ്രാപ്തിയില്ലാത്തവർക്കിതിൽ പങ്കാളികളാകാൻ പ്രയാസമുണ്ടാകുമെന്നും ഇത് മുഖ്യമായ പോരായ്മയാണെന്നും സമ്മതിക്കുന്നു. കേരളത്തിൽ ഇൻറർനെറ്റിൻറെ വ്യാപനം തീരെ കുറവൊന്നമല്ലെങ്കിലും എല്ലാവർക്കും അതിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ സമരങ്ങൾ തുടങ്ങിയതിനു ശേഷം ചർച്ച ഓൺലൈൻ മാത്രമല്ല നടക്കുന്നത്, തീർച്ചയായും. സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പറഞ്ഞവർ മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാദ്ധ്യമം ആഴ്ചപ്പതിപ്പ്, പ്രമുഖ മലയാളം –ഇംഗ്ളിഷ് പത്രങ്ങൾ തുടങ്ങിയവയിൽ ധാരാളം എഴുതുന്നുണ്ട്. എങ്കിലും കുറേക്കൂടി പരിചിതമായ പഴയസമരരീതികളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ലഘുലേഖ എഴുത്തും വിതരണവും വഴിവക്കുകളിലെ പൊതുപ്രസംഗവും പാർക്കുകളിലും ബീച്ചുകളിലും തുറന്ന സംവാദഅരങ്ങുകളും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. 1990നു ശേഷം ജനിച്ച തലമുറയ്ക്ക് അവ പരിചിതമാകാനിടയില്ല. അതിനു മുൻപ് രാഷ്ട്രീയപ്രവർത്തനത്തിലേർപ്പെട്ടവരുടെ ഇടപെടലും സഹായവും ഗുണപ്രദമാകുമെന്ന് തോന്നുന്നു.

ഈ സമരം വ്യക്തികളിൽ കേന്ദ്രീകരിക്കുന്നു, സമുദായങ്ങളുടെ താത്പര്യങ്ങളെ അതു മോശമായി ബാധിക്കുന്നു.

ഈ സമരങ്ങൾ ഏതെങ്കിലും സമുദായത്തിൽ വേരൂന്നി നിൽക്കുന്നവയല്ല എന്ന പ്രസ്താവം പൂർണ്ണമായും ശരിയല്ല. നിലവിലുള്ള മത-സമുദായങ്ങളിലല്ല അവ വേരൂന്നിയിരിക്കുന്നതെന്ന് നിശ്ചയം തന്നെ. പക്ഷേ അവയ്ക്കപ്പുറമോ ഉപരിയായോ സമുദായം എന്ന സംവർഗ്ഗത്തെ വിഭാവനം ചെയ്യാനാവില്ലെന്ന് പറയുന്നത് ശരിയല്ല. സൂപ്പർപുരുഷാധികാത്തിൻറെ മൂർത്തീകരണമായ ഹൈന്ദവഫാസിസത്തിനെതിരെ രൂപമെടുത്ത ഒരു ഋണാത്മകസമുദായമാണ് ചുംബനസമരഫലമായി ഉണ്ടായിരിക്കുന്നത്. അതായത്, ഹൈന്ദവഫാസിസത്തോടും മനുഷ്യജീവിതത്തിലും സാമൂഹ്യ ഇടപെടലിലും ശരീരത്തെ അപ്രസക്തമാക്കിക്കൊണ്ട് മനസ്സിനെ മാത്രം ഉയർത്തിക്കാണിക്കുന്ന മനോഭാവത്തോടും മനുഷ്യരെ പരസ്പരമകറ്റി  വ്യക്തികളെ അവരുടേതായ ചെറുലോകങ്ങളിൽ തളച്ചിടുന്ന കാഴ്ചപ്രധാനമായ സംസ്കാരത്തോടും എതിർപ്പുള്ള ഏതൊരു വ്യക്തിക്കും സ്വമേധയാ സ്വീകരിക്കാവുന്ന (സാധാരണകണക്കിന് നാം ജനിക്കുന്ന സമുദായമാണ് നമ്മുടെ സമുദായം—അത് തെരെഞ്ഞെടുക്കാൻ നമുക്കാവില്ല) സമുദായമാണത്. എന്നുവെച്ച് നിലവിലുള്ള നവ സമുദായപ്രസ്ഥാനങ്ങളോട് ചുംബനസമരക്കാർക്ക് എതിർപ്പാണെന്നല്ല, ജാതിയോ സെക്യുലറിസമോ ദലിത്- മുസ്ലിംസമുദായങ്ങളുടെ മാത്രം തലവേദനയാണെന്ന ഭാവം ഇല്ലാതാവണമെങ്കിൽ ഇത്തരമൊരു ഋണാത്മക ഭൂരിപക്ഷം രൂപമെടുത്തേ മതിയാവൂ. അത് മൃഗീയഭൂരിപക്ഷത്തെ വളർത്തുകയല്ല, തളർത്തുകയാണ്. മുസ്ലിം ദലിത് രാഷ്ട്രീയങ്ങളെ അത് നിരാകരിക്കുന്നില്ല പക്ഷേ അവയിൽ നിന്ന് മാറി വ്യത്യസ്ഥമായ ജനാധിപത്യസമരരീതി അതു കണ്ടെത്തി. ഈ സമരത്തിൻറെ സംഘടനാരൂപത്തിൻറെ പ്രത്യേകത, അതിൽ ഹൈന്ദവ-കാർട്ടീസിയൻ മേൽക്കോയ്മയെ എതിർക്കുന്ന ആർക്കും ഇടപെടാമെന്നതാണ്. ദലിത്-മുസ്ലിംരാഷ്ട്രീയം സവർണ്ണസംസ്കൃതിയേയും ഭരണകൂട-ഹൈന്ദവഫാസിസങ്ങളെയും സ്വന്തം നിലയിൽ നിന്ന് എതിർക്കുന്നതുപോലെ ചുംബനസമരക്കാർ അറിഞ്ഞോ അറിയാതെയോ ഇവയെ നിലവിലുള്ള മേലാള-കീഴാള തന്മകൾക്കു പുറത്തു നിന്നെതിർക്കുന്നു. ആ രീതിയോട് മറ്റുള്ളവർക്ക് യോജിക്കാം,വിയോജിക്കാം. പക്ഷേ അതു പിൻതുടരാൻ അവകാശമില്ലെന്നു പറയുന്നത് ശരിയല്ല.

ഫാസിസത്തെ ഏകോപിപ്പിക്കാനേ ഈ സമരം ഉപകരിക്കൂ. അത്ര പ്രകോപനകരമാണത്.

ഈ ചിന്ത ഏതോ വിരണ്ട സിപിഎം ബുദ്ധിയിലുദിച്ചതാവാനാണിട. കാരണം ഒരു വശത്ത് ഇത് ചുംബനസമരത്തോട് മതന്യൂനപക്ഷങ്ങൾ കാട്ടുന്ന സ്നേഹക്കുറവും സംശയവും മൃഗീയമതഭൂരിപക്ഷ ഫാസിസത്തിൻറെ ഹിംസാത്മകമായ വെറുപ്പും ഒന്നാണെന്ന് സൂചിപ്പിക്കുന്നു. രണ്ട്, മതന്യൂനപക്ഷങ്ങൾ പലപ്പോഴും തുറന്നഹിംസയിൽ നിന്നു പിൻമാറുകയാണുണ്ടായതെന്ന വസ്തുതയെ അത് കണ്ടില്ലെന്നു നടിക്കുന്നു. ദലിത് വിഭാഗങ്ങൾക്കും നവമുസ്ലിം രാഷ്ട്രീയത്തിനും വിയോജിപ്പുകളുണ്ട് , അതു പ്രകടിപ്പിക്കാൻ അവർക്കവകാശവുമുണ്ട്. അതിൽ നിന്നു പഠിക്കാൻ ചുംബനസമരക്കാർ തയ്യാറുമാണ്. പിന്നെ അധികാരത്തെ എതിർക്കാൻ വരട്ടെ, അതിൻറെ പല്ലും നഖവും ഒന്ന് കൊഴിഞ്ഞുകിട്ടിക്കോട്ടെ എന്നു പറയുന്നത് ദയനീയമായ കഴിവുകേടു മാത്രമാണ്. സത്യത്തിൽ സിപിഎം നേതാക്കളുടെ ചാഞ്ചാട്ടമാണ് പലരും ഫലത്തിൽ ഹിന്ദുത്വപക്ഷത്തു നിൽക്കാൻ കാരണം. നമ്മുടെ പൊതുവിടത്തെ നിർണ്ണയിക്കുന്ന ഹിന്ദുകേന്ദ്രിതസക്യുലറിസവും സെക്യുലർ ജാതീയതയും തിരിച്ചറിയാനുള്ള അവസരത്തെയാണ് പാർട്ടീനേതൃത്വത്തിൻറെ നിലപാടു മൂലം സെക്യുലറായി സ്വയം തിരിച്ചറിയുന്ന അണികൾക്ക് നഷ്ടമായത്.

ഗൌരിയമ്മ പറഞ്ഞല്ലോ, ചുംബനസമരക്കാരെ അടിച്ചോടിക്കണമെന്ന്?

അവർ ഇതേ വാക്കുകളാണുപയോഗിച്ചതെങ്കിൽ ഹാ കഷ്ടം എന്നേ പറയാനുള്ളൂ. ഏതുതരം മാടംപിത്തരത്തെയാണോ അവരുടെ തലമുറയിലുള്ളവർ എതിർത്ത്, അതേ മാടംപിത്തരത്തിൽ തന്നെയാണല്ലോ അവർ എത്തിച്ചേർന്നിരിക്കുന്നത്!

ശോഭന തുടങ്ങിയ സിനിമാനടികളും ഇതിനെതിരാണല്ലോ?

സിനിമനടികൾ ഇത്തരമൊരു നിലപാടെടുക്കുന്നത് ഖേദകരമാണെങ്കിലും അതിൽ അതിശയിക്കത്തക്കതായി ഒന്നുമില്ല. ഏറ്റവുമധികം സദാചാരപോലീസിങ്ങിനു വിധേയരാകുന്നവരാണ് നമ്മുടെ നടികൾ. സിനിമാരംഗത്തെ അതിബീഭത്സമായ ആൺകോയ്മയെക്കുറിച്ച് പ്രത്യേകിച്ച് പറയാനുമില്ല. ആ നിലയ്ക്ക് അവർ ചുംബനസമരത്തെ അനുകൂലിച്ചാൽ സ്വന്തം തട്ടകത്തിൽ അധികമധികം വെല്ലുവിളികളെ നേരിടേണ്ടി വരുമായിരിക്കും. എന്തായാലും സിനിമക്കാർ അനുകൂലിക്കുന്നതോ പ്രതികൂലിക്കുന്നതോ അല്ല ഒരു സമരത്തേയും അളക്കാനുള്ള മാനദണ്ഡം.

2 thoughts on “ചുംബനസമരവിരോധികളുടെ സംശയങ്ങളും അവയ്ക്കുള്ള സമാധാനങ്ങളും: ആലപ്പുഴയിലെ ചുംബനസമരത്തിന് അഭിവാദ്യങ്ങൾ”

  1. ചുംബനസമരങ്ങളിൽ പങ്കെടുക്കുന്നവർ കേവലം പബ്ളിസിറ്റിക്കു പിന്നാലെ നടക്കുന്നവരല്ലേ?
    ഈ ചോദ്യത്തിനു എഴുതുയ മറുപടിയില്‍ എനിക്കു തോന്നിയത് , എറണാകുളത്തും കോഴിക്കോടും നടന്നു സമരത്തില്‍ ഞാന്‍ പോയിരുന്നില്ലാ എന്നാല്‍ തിരുവനന്തപുരത്ത് നടന്ന സമരത്തില്‍ പങ്കെടുത്ത പലരും കേവലം പബ്ളിസിറ്റിക്കു പിന്നാലെ നടക്കുന്നവര്‍ ആണു എന്ന അഭിപ്രായം ആണു എനിക്ക്, ഞാന്‍ കുറച്ചു കൊല്ലങ്ങള്‍ ആയി ഫിലിം ഫെസ്റിവല്‍ വരാറുണ്ട്, അന്നു അവിടത്തെ സമരത്തില്‍ പങ്കെടുത്ത പലരെയും ഞാന്‍ മുന്‍പത്തെ ഫിലിം ഫെസ്റിവലില്‍ കണ്ടു പരിചയം ഉണ്ട്, മുന്‍പത്തെ ഫിലിം ഫെസ്ടിവലിലും ഓരോരോ വിഷയങ്ങള്‍ ഉയര്‍ത്തി ഒരു തരം ചീപ്പ്‌ പബ്ലിസിറ്റിക്ക്( അങ്ങന്നെ പറയുന്നത് ശരി ആണോ എന്നറിയില്ലല, എന്നാലും അങ്ങന്നെ ആണു) വേണ്ടി ശ്രമ്മിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഉദാഹരണ സഹിതം വേണേല്‍ വിവരിക്കാം.

    Like

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s