പൊതുചർച്ചായിടം അങ്കത്തട്ടല്ല : കേരളത്തിലെ മുസ്ലിംജനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നവരോട്

കേരളത്തിലെ മുസ്ലിംജനങ്ങളെക്കുറിച്ച് പൊതുമണ്ഡലത്തിൽ വ്യാപകമായിത്തീർന്നിരുക്കുന്ന തെറ്റിദ്ധാരണകളെ തിരുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ ലേഖനം.

വിമർശനാത്മകമായി ചിന്തിക്കുന്നവരും പരന്ന വായനയുള്ളവരും  പൊതുമണ്ഡലചർച്ചായിടങ്ങളിൽ ധാർമ്മികമായ മേൽനില സദാ അവകാശപ്പെടുന്നവരുമായ ബുദ്ധിജീവികളുടെ എഴുത്തുകളിൽപ്പോലും ഈ വാദങ്ങൾ പ്രത്യക്ഷപ്പെടുന്നത് അപകടകരമായിത്തോന്നുന്നതുകൊണ്ടാണ് ഇതെഴുതുന്നത്. കേരളത്തിലെ ജനജീവിതത്തെ സസൂക്ഷ്മം വീക്ഷിക്കാൻ നമ്മെ സഹായിക്കുന്ന വസ്തുതാശേഖരങ്ങളും ചരിത്രപഠന-സാംസ്ക്കാരികപഠനസംപത്തും കൈയിലുള്ളപ്പോൾ ആത്മനിഷ്ഠനിരീക്ഷണങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് ബുദ്ധിജീവികൾ നടത്തുന്ന ഇടപെടലുകൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് സംശയം വേണ്ട.

പ്രത്യേകിച്ചും, ഹിന്ദുത്വവാദഭീകരത സർവ്വത്തേയും വിഴുങ്ങാൻ ഒരുങ്ങിനിൽക്കുന്ന നമ്മുടെ കാലങ്ങളിൽ മുസ്ലിംസമുദായത്തെക്കുറിച്ച് പറയുംപോൾ, വിശേഷിച്ചും ഭൂരിപക്ഷസമുദായത്തിലെ മേൽത്തട്ടുകാർ പറയുംപോൾ, ശ്രദ്ധ ആവശ്യമാണ്. ഭൂരിപക്ഷതാതാത്പര്യങ്ങളാൽ രൂപപ്പെട്ടുവരുന്ന സാമാന്യബോധത്തെ കണ്ണുമടച്ച് ആശ്രയിക്കുന്ന രീതിയെ പ്രതിരോധിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. (മേലാളാവബോധത്തിൻറെ വാഹനമായാണ് സാമാന്യബോധത്തെ Marx മുതൽ Bourdieu വരെയുള്ള സമൂഹശാസ്ത്രജ്ഞന്മാർ കണ്ടത്. അതിനെ വിമർശിക്കലാണ് സമൂഹശാസ്ത്രത്തിൻറെ മുഖ്യധർമ്മമെന്ന് അവർ അവകാശപ്പെട്ടതും അതുകൊണ്ടു തന്നെ).

അതുകൊണ്ട് ഈ ലേഖനത്തിൽ പറയുന്ന പല കാര്യങ്ങളും പുതിയ അറിവല്ല. കേരളീയപൊതുബോധത്തിൽ നിന്ന് ഭൂരിപക്ഷമേധാവിത്വം അവയെ മായ്ച്ചുകളഞ്ഞുവെന്ന് തോന്നുന്നതുകൊണ്ടാണ് അവ ഇവിടെ ആവർത്തിക്കുന്നത്.

ഈ ലേഖനമെഴുതാൻ എന്നെ പ്രേരിപ്പിച്ചത് മാതൃഭൂമി ദിനപത്രത്തിൽ കുറച്ചുനാൾ മുൻപ് കേരളീയമുസ്ലിം സമുദായത്തെ  പരാമർശിച്ചുണ്ടായ ഒരു ചർച്ചയാണ്. അതിനോടുള്ള പ്രതികരണമാണ് ഈ കുറിപ്പ്. പക്ഷേ ആ ചർച്ചയിൽ പങ്കെടുത്തവർക്കുള്ള ‘മറുപടി’യല്ല ഇത്.  സമീപകാല പൊതുമണ്ഡലചർച്ചകൾ വ്യക്തികളുടെ ഈഗോപ്രകടനമത്സരങ്ങളായി താണുപോയത് ഇതാദ്യമായല്ല.  ഭിന്നാഭിപ്രായങ്ങളെ യുക്തിയുടെയും വസ്തുതകളുടെയും വെളിച്ചത്തിൽ പരിശോധിക്കാനും, കൂട്ടായി ചിന്തിച്ചുകൊണ്ട് ജനാധിപത്യത്തെ വളർത്താനുമല്ല അവ പലപ്പോഴും സഹായിക്കുന്നത്.

പൊതുചർച്ചകൾക്ക് ആ ഒരു ലക്ഷ്യമേ പാടുള്ളൂ എന്ന പക്ഷക്കാരിയാണ് ഞാൻ. ജനാധിപത്യത്തെയും പരസ്പരബഹുമാനത്തെയും അവഗണിക്കുന്ന ചർച്ചകൾ നടക്കുന്നിടത്ത് കാഴ്ചക്കാരിയാകാൻ പോലുമുള്ള സമയമോ ക്ഷമയോ എനിക്കില്ല. പോർവിദഗ്ദ്ധന്മാരായ ചേകവന്മാർ അങ്കംവെട്ടി മരിക്കുന്നതു കണ്ടുരസിക്കാനുള്ള മാനസികാവസ്ഥയും എനിക്കില്ല. രാഷ്ട്രീയസ്വഭാവമുള്ള, അതിപ്രധാനങ്ങളായ, വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ബൌദ്ധിക അങ്കങ്ങളായി ചുരുങ്ങുന്നതിനെയാണ് അരാഷ്ട്രീയവത്ക്കരണമെന്നു പറയുന്നത്.

വലതുപക്ഷങ്ങൾക്കും പത്രമുതലാളിക്കും പിന്നെ ബുദ്ധിജീവികളുടെ ചില്ലറ ഈഗോയ്ക്കും മാത്രം ഗുണംചെയ്യുന്ന ഇത്തരം ചർച്ചകൾക്കായി ഊർജ്ജം കളയാതെ, വലതുപക്ഷങ്ങൾക്കെതിരെ ഇപ്പോഴും പ്രതിരോധമുയർത്തുന്ന, കേരളത്തിലെ ചെറുപ്പാക്കാരായ സ്ത്രീകൾക്ക് ഭൂരിപക്ഷമുള്ള, നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയിൽ ഇടപെടാനാണ് ഞാനിപ്പോൾ ശ്രമിച്ചുന്നത്. പക്ഷേ ഇന്ന് അള മുട്ടിയിരിക്കുന്നു.

മുസ്ലിം ബുദ്ധിജീവികൾ ഇവിടെ ധാരാളമുണ്ടല്ലോ, അവർ തെറ്റിദ്ധാരണയൊക്കെ തിരുത്തിക്കൊള്ളും, നിങ്ങൾക്കെന്തു കാര്യം — ചിലർ ചോദിച്ചേക്കാം. ഈ വിഷയങ്ങളിൽ ഇടപെടാൻ എന്നെക്കാളേറെ അറിവും അനുഭവവുമുള്ള, ഉന്നതവിദ്യാഭ്യാസമേഖലയിൽ പൊതുവെയും, സാമൂഹ്യശാസ്ത്രഗവേഷണത്തിൽ പ്രത്യേകിച്ചും, പ്രവർത്തിക്കുന്ന മുസ്ലിംസുഹൃത്തുക്കൾ ഇന്ന് ധാരാളമുണ്ടെന്നും അറിയാം. പക്ഷേ സമുദായസൌഹൃദം മുസ്ലിങ്ങളുടെ മാത്രം താത്പര്യമോ ഭാരമോ അല്ല. അതുകൊണ്ടു മാത്രമാണ് ഇത്തരമൊരിടപെടലിന് ഞാൻ തയ്യാറാകുന്നത്. തന്നെയുമല്ല, ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിൻറെ ചരിത്രത്തെക്കുറിച്ച് ഞാൻ നടത്തിയ അന്വേഷണത്തിലൂടെ എനിക്ക് ബോദ്ധ്യമായ മറ്റൊരു കാര്യമുണ്ട് — പലപ്പോഴും ന്യൂനപക്ഷങ്ങൾ കൈക്കൊണ്ട നിലപാടുകളാണ് നമ്മുടെ ജനാധിപത്യത്തെ പരിരക്ഷിച്ചതും പരിപോഷിപ്പിച്ചതും. 1960കളിൽ ഇവിടെ ജനങ്ങളെക്കൊണ്ട് കുടുംബാസുത്രണമാർഗ്ഗങ്ങൾ അംഗീകരിപ്പിക്കാൻ സമ്മർദ്ദങ്ങൾ ചെലുത്തണമെന്നും അതു നിർബന്ധിതമാക്കണമെന്നും മറ്റും സാമൂഹ്യരംഗത്ത് പുരോഗമനവാദികളായി അറിയപ്പെട്ടിരുന്ന പലരും സാങ്കേതികവിദഗ്ദ്ധരും ശക്തമായി വാദിച്ചപ്പോൾ ആ അപകടം മാറിപ്പോയത് ഇവിടുത്തെ മതന്യൂനപക്ഷങ്ങളുടെ ഉറച്ച നിനപാടുകൾ കൊണ്ടാണ്. നിർബന്ധിത കുടുംബാസൂത്രണം ജനാധിപത്യത്തെ തകർത്ത അനുഭവം മാത്രമേ ചരിത്രത്തിലുള്ളൂ..

അപ്പോൾ, മാതൃഭൂമി ദിനപ്പത്രത്തിൻറെ താളുകളിൽ അരങ്ങേറിയ അങ്കത്തിൽ നിന്നുയർന്ന തീയും പുകയും കെടുത്താനും, അതു പടർത്തിയ കരിയും ചാരവും വാരിക്കളയാനും ശ്രമിക്കുന്ന ബൌദ്ധികശുചീകരണത്തൊഴിലാളി മാത്രമാണ് ഞാനിവിടെ. ചേകവനാകുന്നത് (ചേകവന് സ്ത്രീലിംഗമുണ്ടോ എന്നെനിക്കറിയില്ല) കേമമായിരിക്കാം. പക്ഷേ ചേകവനെക്കാൾ ലോകത്തിന് ഗുണം തൂപ്പുകാരിയെക്കൊണ്ടാണെന്ന തോന്നൽ എന്നിൽ അടിയുറച്ചുപോയിരിക്കുന്നു.

ഈ ചർച്ചയെക്കുറിച്ച് എനിക്ക് ചോദ്യങ്ങൾ ഇല്ലെന്നല്ല ഇതിൻറെയർത്ഥം. ഉണ്ടെന്നതാണ് സത്യം. ഉദാഹരണത്തിന്, സി ആർ പരമേശ്വരൻ ടി ടി ശ്രീകുമാറിനെതിരെ നടത്തിയ അതിതീവ്രമായ ആക്രമണത്തെക്കുറിച്ച് പല ചോദ്യങ്ങളുണ്ടെനിക്ക് – ‘ഉത്തരാധുനികൻ’ എന്നത് ഒരു ചീത്തവാക്കാണോ? ഉത്തരാധുനികചിന്തയിൽ പലപ്പോഴും പരസ്പരം എതിരിടുന്ന അനവധി ധാരകളുള്ള സ്ഥിതിക്ക് ഏത് ഉത്തരാധുനിക ചിന്തയാണ് ചീത്ത? ഇസ്ലാമിസിസത്തെ അടച്ചാക്ഷേപിക്കാത്ത അമുസ്ലീങ്ങൾ (ശ്രീകുമാർ മാത്രമല്ല ആ കൂട്ടത്തിൽ) ഭൌതികവും അല്ലാത്തതുമായ നേട്ടങ്ങളുണ്ടാക്കുന്നുവെന്ന ആരോപണത്തിന് തെളിവുണ്ടോ? ഹിന്ദുതീവ്രവാദികൾ മുസ്ലീങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്നവർക്ക് സമ്മാനിക്കാറുള്ള പാക്കിസ്ഥാൻചാര-ബിരുദത്തിൽ നിന്ന് ഈ ആരോപണത്തിന് എത്ര ദൂരമാണുള്ളത്? ബുദ്ധിജീവികളുടെ അഴിമതിയിൽ ഇതോണോ ഇന്ന് പ്രധാന ഇനം? ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചുകൊണ്ടോ രാഷ്ട്രീയക്കാർക്ക് വാലാട്ടിക്കൊടുത്തുകൊണ്ടോ ബൌദ്ധികരംഗത്തെ പ്രമുഖ സ്ഥാപനങ്ങളെയും ശക്തികളെയും സുഖിപ്പിച്ചുകൊണ്ടോ നിലനിൽക്കുന്നതിലുള്ള അഴിമതി  ഇന്ന് മാനവും മര്യാദയുമായിക്കഴിഞ്ഞോ? ടി ടി ശ്രീകുമാർ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ മതേതരത്വത്തെക്കുറിച്ച് ഇന്ത്യയിലും പുറത്തും നടന്നുവരുന്ന ചർച്ചകളിൽ കേട്ടുവരുന്നവയാണ്. അവ പെട്ടെന്ന് ഇത്ര പ്രകോപനപരമായിത്തീർന്നത് എന്തുകൊണ്ട്?

തത്ക്കാലം അവയൊന്നും ഞാൻ ചർച്ചചെയ്യുന്നില്ല. കാരണം, ഇന്നത്തെയവസ്ഥയിൽ ഈ ചോദ്യങ്ങൾ താരതമ്യേന അപ്രധാനങ്ങളാണ്. പകരം, മുസ്ലിംജനങ്ങളെക്കുറിച്ച് പല പുരോഗമനചിന്താഗതിക്കാരായ ബുദ്ധിജീവികളടക്കം വച്ചു പുലർത്തുന്ന ധാരണകളെ വിമർശിക്കാനാണ് ശ്രമിക്കുന്നത്. മേൽസൂചിപ്പിച്ച ചർച്ചയിൽ ഉയർന്നു വന്ന പരാമർശങ്ങളിൽ ചിലത് വളരെ അപകടകരങ്ങളാണ്. ഉദാഹരണത്തിന്, കേരളത്തിലെ മുസ്ലീങ്ങൾക്ക് യാതൊരു പ്രത്യേകപ്രശ്നവുമില്ലെന്നും, അവതരെ മറ്റുള്ളവർ തെറ്റിദ്ധരിപ്പിക്കാതിരുന്നാൽ മതി എന്നും മറ്റുമുള്ള ആക്രോശങ്ങൾ. എന്നാൽ ഈ ലേഖനത്തിൽ അവ കൂടാതെ ഇന്നു പ്രചാരമേറുന്ന മറ്റു പല മുസ്ലിം വിരുദ്ധ ആശയങ്ങളെയും ചർച്ചാവിധേയമാക്കുന്നു. അവയെല്ലാം മേൽപ്പറഞ്ഞ ചർച്ചയിൽ പ്രത്യക്ഷപ്പെട്ടവയല്ല.

മുസ്ലിംജനസംഖ്യ …?

കേരളത്തിലെ മുസ്ലീങ്ങളുടെ ഭൌതികാവസ്ഥയെക്കുറിച്ചു പറഞ്ഞാൽ, പലരുടെയും ഉടനുള്ള പ്രതികരണം മുസ്ലിം ജനസംഖ്യാവർദ്ധനയുടെ നിരക്കിലുള്ള കയറ്റത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. എന്നാൽ  സമുദായങ്ങൾ തമ്മിലുള്ള ഈ താരതമ്യം തെറ്റാണെന്ന് ജനസംഖ്യാശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നു. സമാനസാഹചര്യങ്ങളോ സ്വഭാവങ്ങളോ പങ്കുവയ്ക്കുവന്ന വിഭാഗങ്ങളെ മാത്രമേ താരതമ്യം ചെയ്യാവൂ. ഹിന്ദുവെന്നും ക്രിസ്ത്യൻ എന്നും മുസ്ലിം എന്നും കോളോണിയൽ അധികാരികൾ അവരുടെ സൌകര്യത്തിനായി തട്ടിക്കൂട്ടിയെടുത്ത, പിൽക്കാലത്ത് സ്വതന്ത്രയിന്ത്യയിലെ മേലാളവർഗ്ഗം സ്വന്തം താത്പര്യസംരക്ഷണത്തിനുതകുംവിധം സ്വീകരിച്ച ഈ സംവർഗ്ഗങ്ങൾ വെളിപ്പെടുത്തുന്നതിലേറെ മറയ്ക്കുന്നവയാണ്. അവ തുല്യനിലയിലുള്ള മൂന്നു സമുദായങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന തോന്നൽ ഉളവാക്കിയേക്കാം, എന്നാൽ ഇവ യഥാർത്ഥത്തിൽ തുല്യരല്ല. ഈ സമുദായങ്ങൾ ഏകശിലാസ്വഭാവമുള്ളവയല്ല. ഹിന്ദുക്കൾക്കുള്ളിസാമൂഹ്യവിവസനം ഇന്നും ദയനീയനിലയിൽ തുടരുന്ന പല വടക്കൻസംസ്ഥാനങ്ങളിലെയും ഹിന്ദുജവസംഖ്യാവർദ്ധനനിരക്ക് ആ വിഷയത്തിൽ മുന്നിൽ നിൽക്കുന്ന തെക്കൻ സംസ്ഥാനങ്ങളിലെ ഹിന്ദുസമുദായജനസംഖ്യാനിരക്കിനെക്കാൾ കൂടുതലാണ്. സാമൂഹ്യവികസനപക്ഷത്തു നിന്നു നോക്കിക്കൊണ്ട്  കേരളത്തിലെ ഹിന്ദുക്കൾ ആശങ്കപ്പെടണോ? വടക്കേയിന്ത്യൻ ഹിന്ദുക്കൾ പെറ്റുപെരുകി സർവ്വതും അടിച്ചെടുക്കാൻ പദ്ധതിയിടുന്നുവെന്ന് മുറിവിളി കൂട്ടണോ? അതോ ഈ വ്യത്യാസം ആശാസ്യമല്ലെന്നും, വടക്കേയിന്ത്യൻ സംസ്ഥാനങ്ങളുംസാമൂഹ്യവികസനമുന്നേറ്റം കൈവരിക്കണമെന്ന് ആവശ്യപ്പെടണോ?

ജനസംഖ്യാവർദ്ധനയുടെ നിരക്ക് ആദ്യം ഉയർന്നിട്ടാണ് താഴുന്നതെന്ന് ലോകമെംപാടും നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും, കേരളത്തിതെ ഒരു സമുദായത്തിൻറെയും ചരിത്രാനുഭവം ഇതിൽ നിന്ന് ഭിന്നമല്ലെന്നും പ്രശസ്ത ജനസംഖ്യാശാസ്ത്രജ്ഞനായ എസ് ഇരുദയരാജൻ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ മുസ്ലിംജനസംഖ്യാവളർച്ചയുടെ നിരക്ക് മറ്റു സമുദായങ്ങളെപ്പോലെ താഴേയ്ക്കു തന്നെയാണ്, അതു കുറഞ്ഞു തുടങ്ങാൻ താരതമ്യേന കാലം കൂടുതലെടുത്തെങ്കിലും.

മേൽപ്പറഞ്ഞ ഭീതികൾ നിലനിൽക്കുന്നത് ഓരോ സമുദായത്തിനു പിന്നിലും ഏകീകൃതമായ, എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്ന, ഒരു സമുദായമനസ്സുണ്ടെന്ന സങ്കല്പത്തിന്മേലാണ്. ഇത് വെറും ഭാവന മാത്രമാണ്. ഓരോ സമുദായവും കടന്നു വന്ന ചരിത്രസാഹചര്യങ്ങളാണ് അവയുടെ ജനസംഖ്യാപരമായസ്വഭാവങ്ങളെ നിർണ്ണയിക്കുന്നത്.

ഈഴവരുടെ കാര്യം തന്നെ എടുക്കുക. പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനകാലത്ത് അവർക്കു ലഭിച്ച വാണിജ്യപരമായ ചില അവസരങ്ങളാണ് പിൽക്കാലത്ത് സാമുദായിക ഉണർവ്വിന് വഴിയൊരുക്കിയത്. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയോടെ സമുദായത്തിനുള്ളിൽ സാമുദായികപ്രസ്ഥാനം വഴിയും അല്ലാതെയും ആധുനികവിദ്യാഭ്യാസവും ജീവിതശൈലികളും ലിംഗനിയമങ്ങളും മറ്റും മറ്റും വ്യാപകമായി. അക്കാലത്തെ അവർക്കു ലഭ്യമായിരുന്ന വിശാലരാഷ്ട്രീയ-സാംസ്കാരികചക്രവാളങ്ങൾ ഇന്ത്യൻ സാമൂഹ്യപരിഷ്ക്കരണശ്രമങ്ങൾ വിഭാവനം ചെയ്ത ഹിന്ദുസമുദായത്തിൻറെയും ഇന്ത്യൻ ദേശീയതയുടേതായിരുന്നു. അവയിൽ ഉൾച്ചേർന്ന് ജാതിക്കപ്പുറമുള്ള ഇടം കണ്ടെത്താനാണ് സമുദായത്തിൻറെ മുഖ്യധാരാനേതാക്കൾ ശ്രമിച്ചത്. ഈ സമുദായക്കാർക്കിടയിൽ അണുകുടുംബത്തെക്കുറിച്ചുള്ള ആധുനികധാരണകളുടെ പ്രചാരം, വിവാഹപ്രായത്തിലുണ്ടാകുന്ന മാറ്റം (കേവലം സാംസ്ക്കാരികവിശ്വാസങ്ങൾ മാത്രമല്ല, തൊഴിൽസാദ്ധ്യതകളും വിദ്യാഭ്യാസവും ഇതിനെ നിർണ്ണയിച്ചു), കുട്ടികളെ ആധുനികവിദ്യാഭ്യാസം ചെയ്യിക്കാനുള്ള താത്പര്യം, ആരോഗ്യപരമായ നേട്ടങ്ങൾ, ബാലമരണങ്ങളിലുണ്ടായ കുറവ് മുതലായ ഘടകങ്ങൾ പ്രവർത്തിച്ചു തുടങ്ങിക്കഴിഞ്ഞാണ് ജനസംഖ്യാപരമായ മാറ്റങ്ങളും ചെറിയകുടുംബത്തെ തെരെഞ്ഞെടുക്കാനുള്ള പ്രവണതയും അവർക്കിടയിൽ ദർശിച്ചു തുടങ്ങിയത്.

നേരെ മറിച്ച്, കേരളത്തിലെ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ബ്രിട്ടിഷ് ഭരണകാലം വൻനഷ്ടങ്ങളുടെ കാലമായിരുന്നു. കച്ചവടത്തിലേർപ്പെട്ടിരുന്ന ഈ സമുദായത്തിൻറെ സംപദ്ശക്തി ഇക്കാലത്ത് പലവിധത്തിൽ ക്ഷയിച്ചു (ചില അപവാദങ്ങൾ ഒഴിച്ചാൽ). മലബാറിലെ കർഷകരായ മാപ്പിളമാർ നേരിട്ട പാർശ്വവത്ക്കരണത്തെ എം ഗംഗാധരൻ, കെ എൻ പണിക്കർ തുടങ്ങിയ ചരിത്രപണ്ഡിതർ വിശദമായി പഠിച്ചിട്ടുമുണ്ട്. കൊച്ചിയിലും തിരുവിതാകൂറിലും കച്ചവടത്തിലൂടെ അഭിവൃദ്ധി പ്രാപിച്ചിരുന്ന ഈ സമുദായക്കാർക്ക് തീരെ അനുകൂലമല്ലായിരുന്നു ബ്രിട്ടിഷ് ഭരണത്തിൻരെ നയങ്ങൾ. മാത്രമല്ല, 1929ലെ മഹാമാന്ദ്യകാലത്ത് വീണ്ടും ഈ സമുദായക്കാർ വൻനഷ്ടമനുഭവിച്ചു. 1857നു ശേഷം എല്ലാ അധികാരസ്ഥാനങ്ങളിൽ നിന്നും ബ്രിട്ടിഷ് സർക്കാർ അവരെ ഒഴിച്ചു നിർത്തിയതിൻറെ അലയൊലി ഇവിടെയും എത്തി. ആധുനികവിദ്യാഭ്യാസത്തിനായി മുന്നോട്ടു വന്ന മുന്നോക്ക സമുദായക്കാർ പ്രധാനമായും സർക്കാർജോലികളെയാണ് കണ്ണുവച്ചതെന്ന് എത്ര വേണമെങ്കിലും തെളിവുമുണ്ട്. തിരുവികാംകൂറിൽ 1918ൽ സിവിൽ അവകാശ ലീഗ് സ്ഥാപിക്കപ്പെട്ടതിനു ശേഷമാണ് മുസ്ലിംസമുദായക്കാർക്ക് സർക്കാരുദ്യോഗം കിട്ടിയത്. അതിനുശേഷമാണ് സാമുദായികപ്രസ്ഥാനങ്ങൾ തിരുവിതാംകൂറിലും സജീവമായത്.

1970കൾ വരെ ഒരു സാമൂഹ്യവിഭാഗമെന്ന നിലയ്ക്ക് ദരിദ്രരായിരുന്നു കേരളത്തിലെ മുസ്ലീങ്ങൾ. 1970നു ശേഷമുണ്ടായ മാറ്റങ്ങൾ സമുദായത്തിനുള്ളിൽ സമത്വമൊന്നും സൃഷ്ടിച്ചില്ലെങ്കിലും ആധുനികസ്വഭാവമുള്ള തെരെഞ്ഞെടുക്കലുകൾക്ക് വഴിയൊരുക്കിയെന്നതിനു തെളിവാണ് അവരുടെ താണുവരുന്ന ജനസംഖ്യാവളർച്ചനിരക്ക്. ഈഴവർക്കിടയിൽ ഈ മാറ്റമുണ്ടായത് ഞൊടിയിട കൊണ്ടല്ല. അവർക്കനുവദിച്ച സമയമെങ്കിലും മുസ്ലീം സമുദായത്തിന് അനുവദിക്കുന്നതല്ലേ ന്യായം, പ്രത്യേകിച്ച്, നാമെല്ലാം സമുദായവാദങ്ങൾക്കതീതരാണെന്ന് അവകാശപ്പെടുംപോൾ?

മുസ്ലിംസമുദായത്തിൻറെ സമകാലികാവസ്ഥ

ഇവിടെയാണ് മുസ്ലിംസമുദായത്തിൽ അധികവുമുള്ളത് ദരിദ്രരരായ മനുഷ്യരാണെന്ന നഗ്നസത്യം നമ്മെ തുറിച്ചുനോക്കുന്നത്. ഗൾഫ് പണത്തിൻറെ പളപളപ്പു കണ്ട് ബുദ്ധിജീവികളടക്കം പലരും മറന്നുപോകുന്ന കാര്യമാണിത്. കേരളത്തിലെ മുസ്ലിംസമുദായത്തിന് ‘പ്രത്യേകിച്ചൊരു പ്രശ്നവുമില്ലെ’ന്നു പറയുന്നവർ കാണാൻ വിസമ്മതിക്കുന്ന കാര്യവുമാണിത്. എന്നാൽ ഡോ എം കബീറിനെപ്പോലെ മുഖ്യധാരയുമായി സദാ സംവദിക്കുന്ന സാംപത്തികശാസ്ത്രജ്ഞർ ഇത്തരം ധാരണകളുടെ ഉപരിപ്ളവതയെ വെളിപ്പെടുത്തുന്ന പഠനങ്ങൾ മുൻപു തന്നെ നടത്തിയിട്ടുണ്ട്.

മതേതരബുദ്ധിജീവികൾക്ക് വിശ്വാസമുണ്ടാകാനിടയുള്ള ഒരു സർവ്വേയിൽ നിന്ന് ചില വിവരങ്ങൾ ഇതാ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2006ൽ പ്രസിദ്ധീകരിച്ച കേരളപഠനം നൽകുന്ന വിവരങ്ങളനുസരിച്ച് (2004ൽ 6000 വീടുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ) ഹിന്ദു ഉന്നതജാതിക്കാരും ക്രിസ്ത്യൻസമുദായവും മാത്രമാണ് പ്രതിശീർഷവരുമാനത്തിൻറെ സംസ്ഥാനശരാശരിയ്ക്കു (11,250 രൂപ) മുകളിൽ വരുമാനം നേടുന്നത്. മുസ്ലിംസമുദായക്കാരുടെ പ്രതിശീർഷവരുമാനം മുന്നോക്കക്കാരുടെ വരുമാനത്തിൻറെ മൂന്നിൽ രണ്ടു മാത്രമാണ് – 9600 രൂപ — പട്ടികജാതിക്കാരുടേതിൽ (9000 രൂപ) നിന്ന് അല്പം മാത്രം അകലത്തിൽ. ഗൾഫ് കുടിയേറ്റക്കാരിൽ നല്ലൊരു പങ്ക് മുസ്ലീങ്ങളായിട്ടും ഇതാണു സ്ഥിതി – സെൻറർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസിൻറെ പ്രവാസ സർവ്വേ (2011) പ്രകാരം 36.8 ശതമാനം മുസ്ലിം വീടുകളിലും ഒന്നോ അതിലധികമോ പ്രവാസികളുണ്ട്. ഹിന്ദുക്കളിൽ ആ സംഖ്യ 12.4 ആണ്. ( K C Zachariah, S Irudaya Rajan, Kerala’s Gulf Connection 1998-2011, 2012, പുറം 48). മുസ്ലിംപ്രവാസികൾക്ക് ഉയർന്ന പ്രതിശീർഷവരുമാനമാണുള്ളതെന്നും അവരുടെ ജീവിതനിലവാരം വളരെ ഉയർന്നതാണെന്നും ഈ പഠനം പറയുന്നു എന്നാൽ ഇതുകൊണ്ട് സമുദായത്തിലെ ദരിദ്രരുടെ എണ്ണം ചെറുതാണെന്നു പറയാനാവില്ല. പരിഷത്തിൻറെ കണക്കു പ്രകാരം കേരളത്തിലെ പാവപ്പെട്ടവരിൽ ഏകദേശം മൂന്നിലൊന്ന് മുസ്ലീങ്ങളാണ്. ഹിന്ദു-ക്രിസ്ത്യൻസമുദായക്കാർക്കിടയിലെ ദരിദ്രരുടെ ശതമാനത്തിൻറെ രണ്ടിരട്ടിയോളം വരും മുസ്ലിംസമുദായത്തിനുള്ളിലെ ദരിദ്രരുടെ ശതമാനക്കണക്ക്.

അതേസമയം, ഗൾഫ്പ്രവാസത്തിൻറെ ഗുണമത്രയും മുസ്ലീങ്ങൾക്കാണെന്ന ധാരണ സമീപകാലത്തെങ്കിലും തെറ്റാണെന്നും ഈ പഠനം പറയുന്നു. 2003-08 കാലത്തെ കണക്കു പ്രകാരം ഹിന്ദുക്കൾക്കാണ് ഏറ്റവും വലിയ നേട്ടം – കേരളത്തിലേക്ക് ഹിന്ദുപ്രവാസികൾ ഒഴുക്കിയ പണം 201 ശതമാനം വർദ്ധിച്ചുവെന്നും മുസ്ലീങ്ങളുടെ കാര്യത്തിൽ ഈ സംഖ്യ 129 ശതമാനവും ക്രിസ്ത്യാനികൾക്ക് 67 ശതമാനവുമാണെന്നും പറയുന്നു. (പുറം 79-80).

ഉന്നതവിദ്യാഭ്യാസത്തിലേക്കു കടക്കുന്നവരിലും മുസ്ലീംസമുദായം പിന്നിലാണ്. ഗൾഫ്കുടിയേറ്റസാദ്ധ്യതയാണിതിനു കാരണമെന്ന് സാധാരണ പറയാറുണ്ടെങ്കിലും ഇന്നത്തെയവസ്ഥയിൽ ഭൂസ്വത്തുക്കൾ കുറവായ ഒരു കുടുംബത്തിന് തൊഴിലിലേയ്ക്ക് നേരിട്ടു നയിക്കുന്ന ഉന്നതവിദ്യാഭ്യാസം കൂടുതൽക്കൂടുതൽ അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണല്ലോ. ഡോ കബീറിൻറെ പഠനപ്രകാരം, 2004ൽ കേരളത്തിൽ പട്ടികജാതിക്കാർ കഴിഞ്ഞാൽ ഭൂരഹിതർ ഏറ്റവുമധികമുള്ള വിഭാഗം മുസ്ലീങ്ങളാണ്. നാഷണൽ സാംപിൾ സർവ്വേ കണക്കുകളെയാണ് അദ്ദേഹം അപഗ്രഥിച്ചിട്ടുള്ളത്. ഭൂസ്വത്തെന്നു വിശേഷിപ്പിക്കാവുന്നത് (കേരളത്തിൽ തീരദേശത്തോ ഇടനാട്ടിലോ മലനാട്ടിൽ പോലുമോ ഒരേക്കറിൽ കൂടുതലുള്ളവർ ഇന്ന് സാംപത്തികശേഷിയുള്ളവരാണ്) കൈവശമുള്ളവരിൽ ക്രിസ്ത്യൻ-ഹിന്ദുവിഭാഗക്കാരാണ് മുന്നിൽ — 23. 24 ശതമാനം ക്രിസ്ത്യാനിവീടുകളും 16 ശതമാനം മുന്നോക്ക ഹിന്ദുവീടുകളും. മുസ്ലീങ്ങളിൽ ഇക്കൂട്ടർ വെറും 9.67 ശതമാനം മാത്രം. ഭൂസ്വത്തു കഴിഞ്ഞാൽ സാമൂഹ്യസ്വാധീനത്തിൻറെ അളവുകോലായി എണ്ണാവുന്നത് സ്ഥിരം ഉദ്യോഗമാണ്. ഇവിടെയും നാഷണൽ സാംപിൾ സർവ്വെ കണക്കുകൾ കാണിച്ചു തരുന്നത് മറ്റൊന്നാണ്. സ്വയംതൊഴിൽ ചെയ്യുന്നവരിൽ ഏറ്റവും വലിയ വിഭാഗം മുസ്ലീങ്ങളാണ്. സ്ഥിരശംബളം കിട്ടുന്ന ജോലികളിൽ അവർ വെറും 16. 72 ശതമാനം മാത്രം. പട്ടികവർഗ്ഗക്കാരുടെ തൊട്ടുമുകളിലാണവർ — ഹിന്ദു മേൽജാതിക്കാരാണ് 34.85 ശതമാനവും. കേന്ദ്ര-കേരളസർക്കാർജോലികളിൽ ബഹുഭൂരിപക്ഷവും നായർ-ഈഴവവിഭാഗക്കാരാണെന്ന് പരിഷത്തിൻറെ പഠനം വെളിപ്പെടുത്തുന്നു – മൊത്തം 43.7 ശതമാനം. മുസ്ലീങ്ങൾ വെറും 11.4 ശതമാനമാണ് (പുറം 71). ജനസംഖ്യയുടെ കാൽഭാഗം വരുന്ന ഈ ജനതയാണവരെന്നോർക്കണം.

ഈ അനീതി നിലനിൽക്കുംപോഴും ഗൾഫ്കുടിയേറ്റത്തിൻറെ ഫലമായി വളരെ ശക്തമായ ബൌദ്ധികമുന്നേറ്റം ചെറുപ്പക്കാരിലൂടെ ഈ സമുദായം നേടിയെടുത്തുവെന്ന വസ്തുതയാണ് പലപ്പോഴും അംഗീകരിക്കപ്പെടാതിരിക്കുന്നത്.

മുസ്ലീങ്ങൾക്ക് സ്വയംസഹായമായാലെന്താ?

സച്ചാർ കമ്മറ്റി എടുത്തു പറഞ്ഞ ഈ കാര്യം വീണ്ടും ഓർമ്മപ്പെടുത്തേണ്ടി വരുന്നത് കഷ്ടമാണ്. ഇനി, ധനികരായ മുസ്ലീങ്ങൾക്ക് ദരിദ്രരായവരെ സഹായിച്ചുകൂടെ എന്നാണ് ചോദ്യമെങ്കിൽ, ഭരണകൂടമേർപ്പെടുത്തുന്ന ശക്തമായ പുനർവിതരണത്തിലൂടെയല്ലാതെ കാര്യമായ മാറ്റം സാമൂഹ്യാസമത്വത്തിൽ ഉണ്ടായതായി തെളിവുകളൊന്നുമില്ല. ഇന്ന് പല സമുദായസംഘടനകൾ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് യാതൊരു വിലയുമില്ലെന്നല്ല. – അവ സമുദായത്തിലെ ആന്തരികസമത്വം ഉറപ്പാക്കുന്നില്ലെന്നു മാത്രം. മാത്രമല്ല, ഇതൊരു പൊതുയുക്തിയാണെങ്കിൽ, അത് എല്ലാ സമുദായക്കാർക്കും ബാധകമായിരിക്കുമല്ലോ. അപ്പോൾ `മുന്നോക്കവികസന കോർപ്പറേഷൻ’ മുതലായ വിചിത്രനാമധാരികളായ സ്ഥാപനങ്ങൾ ആവശ്യമില്ല എന്നും വരുമല്ലോ. (മുന്നോക്കമെന്ന് സ്വയം സമ്മതിക്കുന്നവർക്ക് വീണ്ടും സർക്കാർചെലവിൽ വികസനമോ? ആ സമുദായങ്ങൾക്ക് മുന്നോക്കമെന്ന പദവി നേടാൻ കാരണമായ വരേണ്യർക്ക് മറ്റുള്ളവരെക്കൂടി സഹായിച്ചാലെന്താ? ജനസംഖ്യാകണക്കു പ്രകാരം താരതമ്യേന ചെറുതായ മുന്നോക്ക സമുദായങ്ങളിൽ ചെറുതല്ലാത്ത സാന്നിദ്ധ്യമുണ്ടാകാനിടയുള്ള വരേണ്യർക്ക് കാര്യമായി പലതും ചെയ്യാൻ കഴിയേണ്ടതല്ലേ?)

അതു പോലെ തിരിച്ചറിയേണ്ട ചരിത്രയാഥാർത്ഥ്യം ഇതാണ് – ഉദാരവത്ക്കരണത്തിനു ശേഷം കേരളത്തിലെ സമുദായപരിഷ്ക്കരണത്തിൽ മുഖ്യപങ്കു വഹിക്കുകയും പിൽക്കാലത്ത് സമുദായത്തിലെ മേലാളപുരുഷന്മാരുടെ താത്പര്യങ്ങളെ മുന്നോട്ടു വയ്ക്കുകയും ചെയ്ത നവവരേണ്യസാമൂഹ്യസംഘടനകൾ കോർപ്പറേറ്റുകൾ ആയി മാറാനുള്ള സാഹചര്യമാണ് സംജാതമായത്. ആരോഗ്യ-വിദ്യാഭ്യാസരംഗങ്ങൾക്ക് സാമൂഹ്യമേഖലയിൽ നിന്ന് വിപണിയിലേക്ക് സ്ഥാനമാറ്റമുണ്ടായതോടെ ഇവ മിക്കവാറും ലാഭത്തെ മുൻനിർത്തി പ്രവർത്തിക്കുന്നവയാണ്. സങ്കീർണ്ണതകളും അപവാദങ്ങളും ഇക്കാര്യത്തിൽ തീർച്ചയായും ഉണ്ട് (സൂസാ പാക്കിയം തിരുമേനിയുടെ നേതൃത്വത്തിലുള്ള ലത്തീൻ കത്തോലിക്കാസഭയെപ്പോലെ) ഇതൊരു പൊതുപ്രവണതയാണ്, മുസ്ലിം ലീഗിനു മാത്രമുള്ളതല്ല.

ലീഗിൻറെ ചരിത്രം പരിശോധിച്ചാൽ ആ സംഘടന എക്കാലത്തും അങ്ങനെയായിരുന്നില്ലെന്നു കാണാം. സി എച്ച് മുഹമ്മദ് കോയയുടെ തലമുറ മുസ്ലിംസമുദായത്തിലെ ബഹുഭൂരിപക്ഷം അനുഭവിക്കുന്ന ദാരിദ്ര്യത്തെയും പിൻനിലയെയും പറ്റി സദാ ഓർമ്മപ്പെടുത്തുന്ന രാഷ്ട്രീയ-വ്യവഹാരശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. അത് മുസ്ലിംസമുദായത്തിലെ ദാരിദ്ര്യത്തിൻറെ പ്രശ്നത്തെ പൊതുവെ ദരിദ്രർ അനുഭവിക്കുന്ന പ്രശ്നങ്ങളോട് ചേർത്തു വായിക്കാൻ ശ്രമിച്ചത് ഇടതുപക്ഷ ആശയങ്ങൾക്ക് അധീശത്വമുണ്ടായിരുന്ന കാലത്തായിരുന്നു. ഇന്നാകട്ടെ ദരിദ്രരെ മറക്കുന്ന, അല്ലെങ്കിൽ അദൃശ്യരാക്കുന്ന, രീതി സമുദായത്തിനുള്ളിൽത്തന്നെ, പലപ്പോഴും ഉന്നതവിദ്യാഭ്യാസത്തിലൂടെ സമുദായത്തെക്കുറിച്ചുള്ള പുതിയഭാവനകൾ ചമയ്ക്കാൻ ഉത്സാഹിക്കുന്നവരുമായ ചെറുപ്പക്കാർക്കിടയിൽ പോലും, അധീശത്വം നേടുകയല്ലേ എന്ന് ചിലപ്പോഴെങ്കിലും സംശയം തോന്നിപ്പോകുന്നു. പക്ഷേ, മുൻപു പറഞ്ഞതു പോലെ, ഇത് ലീഗിൻറെയോ മുസ്ലിം ധനികവിഭാഗത്തിൻറെയോ മാത്രം പ്രശ്നമല്ല.

`ധനികമുസ്ലീംഭീതി’?

ഞാനിവിടെപ്പറഞ്ഞ ഒരൊറ്റക്കാര്യം പോലും പുതിയതോ, നമ്മുടെ ആസൂത്രണവിദഗ്ദ്ധർക്ക് മാത്രം അറിവുള്ളവയോ അല്ല. ശാസ്ത്രസാഹിത്യപരിഷത്തിൻറെ പഠനം, സച്ചാർ കമ്മിറ്റിയുടെ നിരീക്ഷണങ്ങൾ, മുതലായവ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതുമാണ്. എങ്കിലും ഇവിടുത്തെ പൊതുമണ്ഡലത്തിൽ ഈ അറിവ് ഈവിധം അപ്രത്യക്ഷമാകുന്നതെന്തുകൊണ്ട്? പൊതുവെ മുസ്ലീങ്ങളെ ഇന്ത്യൻ പൊതുമണ്ഡലത്തിൽ നിശ്ശബ്ദരാക്കാനുള്ള പ്രവണതകൾ സജീവമാണെങ്കിലും, കേരളത്തിലെ ഹിന്ദുത്വവാദ വലതുപക്ഷം അതിനു കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും, ആരുടെയെങ്കിലും മന:പ്പൂർവ്വമുള്ള ഗൂഢാലോചനയാണിതിനു പിന്നിൽ എന്നു പറയാൻ കഴിയില്ല ; വെറും ഇസ്ലാംഭീതിയാണിതെന്നു തോന്നുന്നില്ല. മറിച്ച്, സമീപകാലത്ത് ഗൾഫ് കുടിയേറ്റത്തിലൂടെ മുസ്ലീങ്ങളുണ്ടാക്കിയ നേട്ടങ്ങൾ പലതും മറ്റുള്ളവരുടെയുള്ളിൽ ഒരു തരം ‘ധനികമുസ്ലിംപേടി’ വളരാനിടവരുത്തുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇതിന് സാധാരണ ഇസ്ലാംഭീതിയിൽ നിന്ന് അല്പം വ്യത്യാസമുണ്ട്. യുക്തിക്കു നിരക്കാത്ത ഭയമാണ് ഇസ്ലാംഭീതിയുടെ കാതലെങ്കിൽ, യുക്തിക്കു നിരക്കാത്ത അസൂയയാണ് ധനികഇസ്ലാംഭീതിയുടെ ഹൃദയത്തിൽ.

ലൌ ജിഹാദ് എന്ന പേരിൽ നടന്ന ഹിന്ദു-ക്രിസ്ത്യൻ വർഗ്ഗീയപ്രചരണത്തെ സൃഷ്ടിച്ചത് മേൽപ്പറഞ്ഞ വികാരമാണ് – പണഭീതിയും മതഭീതിയും സംഗമിക്കുന്ന ഇടത്തു നിന്ന് പൊട്ടിപ്പുറപ്പെടുന്ന ആ അധമവികാരം. മുസ്ലിം ചെറുപ്പക്കാർ ധനത്തിൻറെയും സുഖജീവിതത്തിൻറെയും പളപളപ്പു കാട്ടി ഹിന്ദു-ക്രിസ്ത്യൻ യുവതികളെ ആകർഷിച്ച് മതം മാറ്റുന്നുവെന്നുള്ള ആരോപണമായിരുന്നല്ലോ അതിൽ. കേരളത്തിലെ കോടതികൾ തന്നെ ഇതിനു വളംവച്ചു കൊടുക്കുകയും ചെയ്തു. ആ പ്രചരണം തെറ്റാണെന്ന് കേരളാപോലീസ് തന്നെ സമ്മതിച്ചിട്ടും മുസ്ലിം പുരുഷന്മാരെ വിവാഹം ചെയ്യാൻ സ്വയം തീരുമാനിച്ച അഭ്യസ്തവിദ്യരും പ്രായപൂർത്തിയായവരുമായ യുവതികളെപ്പോലും വിവാഹത്തെ എതിർത്ത മാതാപിതാക്കളെ ഏൽപ്പിച്ച ന്യായാധിപരും ഈ കേരളത്തിൽ തന്നെയാണുള്ളത്. എന്നിട്ടും മുസ്ലീങ്ങൾക്ക് ഇവിടെ `എല്ലാവിധത്തിലും തുല്യപരിഗണന’ ലഭിക്കുന്നുവെന്ന് പറയുന്നവരോട് എന്തു പറയാനാണ്. സദാചാരപ്പോലീസുകാർ എല്ലാ സമുദായത്തിലുമുള്ളതുപോലെ മുസ്ലിം സമുദായത്തിലുമുണ്ട്. എന്നാൽ അത് എല്ലാ വ്യവസ്ഥാപിതസമുദായക്കാരുടേയും ആവശ്യമായതുകൊണ്ടായിരിക്കാം, ഇസ്ലാംഭീതിക്കാരുടെ രോഗം വർദ്ധിപ്പിക്കുന്നതായി കാണുന്നില്ല.

ഈ വികാരം കേരളത്തിൽ സാർവ്വത്രികമായത്തീർന്നുകൊണ്ടിരിക്കുന്നു. പരിസ്ഥിതിനാശം മുതൽ അമിതമായ കോഴിതീറ്റി വരെയുള്ള ഇവിടുത്തെ പൊതുപ്രശ്നങ്ങൾ അവരുടെ (മാത്രം) തലയിൽ കെട്ടിവയ്ക്കുന്ന രീതി സ്വകാര്യസംഭാഷണങ്ങളിലെങ്കിലും വളർന്നു വരുന്നതായിക്കാണുന്നു. ചില സ്ഥലങ്ങളിൽ മുസ്ലീങ്ങൾ കടുത്ത ദാരിദ്ര്യത്തിൽ നിന്നും ഇല്ലായ്മകളിലും നിന്നു കരകയറിയാൽ അവിടുത്തെ മതസൌഹാർദ്ദം തകർന്നു എന്ന മുറവിളി ഭൂരിപക്ഷക്കാരിൽ നിന്നു കേൾക്കുന്നു. മലയാളസിനിമാക്കാർ പഴയകാലജന്മിയെയും പുതിയകാല തെമ്മാടി/അധികാരിയെയും സകലകാലപിതൃമേധാവിയേയും കൂട്ടിയിണക്കി 1990കളിലും ശേഷവും സൃഷ്ടിച്ച നായകകഥാപാത്രങ്ങൾ തകർത്താടിയ സിനിമകളിൽ ആ അസൂയ ചീഞ്ഞുനാറുണ്ടായിരിന്നു.

അതിന്ന് സാമാന്യജനജീവിതത്തിലേയ്ക്കും പകരുകയല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിൻറെ വ്യാപ്തിയെപ്പറ്റിയോ രൂക്ഷതയെപ്പറ്റിയോ ഒന്നും പറയുന്നില്ല. എന്തായാലും അതിനെ വളർത്താൻ സമാധാനപൂർണ്ണമായ ജനജീവിതത്തിലും ജനാധിപത്യത്തിലും വിശ്വാസമുള്ളവർ തുനിയരുത്. കാരണം,  നമ്മുടെ പ്രത്യേക ഇസ്ലാംഭീതിയുമായി മേൽവിവരിച്ച അസൂയാകലുഷിതമായ ധനികമുസ്ലിംപേടി കലരുംപോൾ കേരളത്തിൽ പ്രത്യേകമായി ഉണ്ടാകാനിടയുള്ള സാമൂഹ്യഫാസിസം പൂർണ്ണമാകും.

കേരളത്തിൻറെ സവിശേഷ ഇസ്ലാംഭീതി

മുകളിൽ പറഞ്ഞതെല്ലാം അംഗീകരിച്ചാലും മുസ്ലീങ്ങൾക്ക് ഇവിടെ യാതൊരു രാഷ്ട്രീയപ്രശ്നവുമില്ലെന്നും, നിയമസമാധാനസംവിധാനങ്ങൾ അവർക്ക് തുല്യപരിരക്ഷ നൽകുന്നുവെന്നും വാദിക്കുന്നവരുണ്ട്. ഇതിനെ സഹായിക്കുന്ന തെളിവുകളും അവർ നിരത്തിയേക്കാം. ഉദാഹരണത്തിന്, കേരളത്തിൽ പോലീസ് സേനയിൽ ജനസംഖ്യാനുപാതികമായ സംഖ്യയിലല്ലെങ്കിലും, മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് കൂടുതൽ മുസ്ലീം പോലീസുകാരുണ്ട് – പതിമൂന്ന് ശതമാനത്തോളം.

ഗുജറാത്തിലും അങ്ങനെതന്നെ എന്നതാണിതിനു മറുപടി. അധികാരകേന്ദ്രത്തിൽ സ്വാധീനം കുറവായ സമുദായക്കാരെ നിയമപാലകരാക്കുന്നത് പലപ്പോഴും അപ്രതീക്ഷിതഫലങ്ങളാണുളവാക്കുന്നത്. ഗുജറാത്തിലെ മുസ്ലീങ്ങൾക്ക് മുസ്ലിം പോലീസുകാരുടെ സാന്നിദ്ധ്യം പ്രത്യേകിച്ച് ഗുണം ചെയ്യുന്നതായി കാണുന്നില്ല. കേരളത്തിൽ മുസ്ലീങ്ങൾ ധനികസമുദായമല്ലാത്ത സ്ഥിതിക്ക്, സർക്കാർ-സ്ഥിരജോലികളിലേക്ക് അവരുടെ പ്രവേശം കുറവായ സ്ഥിതിക്ക്, ഇത് ദരിദ്രരായ മുസ്ലിം പൌരജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ ഉതകണമെന്നില്ല. കാരണം, മുസ്ലീമായ പോലീസുകാരൻ/ പോലീസുകാരി സ്വസമുദായക്കാർക്കു നീതി നേടിക്കൊടുക്കാൻ ശ്രമിച്ചാൽ അത് സ്വസമുദായപ്രീണനമായി എളുപ്പം എണ്ണപ്പെടുമെന്നതു തന്നെ. പഞ്ചായത്ത് ഭരണാധികാരികളെക്കുറിച്ചു ഞാൻ നടത്തിയ പഠനത്തിൽ ഇതേക്കുറിച്ചുള്ള ഭയം ദലിത് വനിതകളും മുസ്ലിം സ്ത്രീകളും പലപ്പോഴും പ്രകടിപ്പിച്ചു കണ്ടു.  ഉന്നതവിദ്യാഭ്യാസം നേടിയവരായ, അധികവും മദ്ധ്യവർഗ്ഗാംഗങ്ങളായ, പഞ്ചായത്ത് അദ്ധ്യക്ഷപദവി പോലുള്ള ഉന്നതനിലയിലെത്തിയവർക്കു പോലും ഈ ഭീതിയിൽ നിന്ന് ഒഴിവാകാൻ കഴിയുന്നില്ല.

അത് എന്തായാലും ശരി, മുസ്ലീംസമുദായതാത്പര്യങ്ങളുയർത്തുന്ന മുസ്ലീങ്ങളെ – അവർ എത്ര തന്നെ മതേതരജീവിതം നയിക്കുന്നവരാണെങ്കിലും – സംശയത്തോടെ നോക്കുന്ന പ്രവണത കേരളത്തിലിന്ന് വ്യാപകമാണ്. കെ കെ ഷാഹിനയെപ്പോലെ മതേതര ജീവിതം നയിക്കുന്ന ഒരു വ്യക്തി പോലീസ് വേട്ടയ്ക്കിരയായപ്പോൾ അവർക്കൊപ്പം പരസ്യമായി നിൽക്കാൻ തുടക്കത്തിലെങ്കിലും പലരും മടിച്ചു. ഇസ്ലാമിനെക്കുറിച്ചു നടക്കുന്ന ചർച്ചകളിൽ വിമർശനാത്മകവും മതാതീത നൈതികതയ്ക്കനുസൃതവുമായ നിലപാടുകൾ സ്വീകരിക്കുന്ന അവർ പോലും ന്യൂനപക്ഷങ്ങൾക്കെതിരെ മനുഷ്യാവകാശലംഘനത്തിൻറെ പ്രശ്നം ഉയർത്തിയാൽ അത് ന്യൂനപക്ഷപ്രീണനം തന്നെയായി കണക്കാക്കപ്പെടുന്നു. തീവ്ര ഇസ്ലാമിൻറെ വക്താക്കളെന്നു മുദ്രകുത്തിക്കഴിഞ്ഞാൽ പാവപ്പെട്ടവർക്കു നീതി നിഷേധിക്കാമെന്നും പോലീസതിക്രമത്തിനു നേരെ കണ്ണടയ്ക്കാമെന്നുമുള്ള മേലാളസമ്മതം രൂപപ്പെടുന്ന കാഴ്ചയാണ് ബീമാപ്പള്ളി വെടിവയ്പിനെത്തുടർന്ന് നാം കണ്ടത്. കൈവെട്ടുകേസിൽ ഇസ്ലാമിൻറെ പേരിൽ നടന്ന ആ അതിക്രമത്തെക്കുറിച്ചന്വേഷിക്കുന്നു എന്ന പേരിൽ തികച്ചും അഹിംസാപരമായി പ്രവർത്തിച്ചുവരുന്ന മുസ്ലിംസംഘടനകളെ അടച്ചപമാനിക്കാനും അവരെ പോലീസ്നടപടികൾക്ക് വിധേയമാക്കാനും ഇവിടുത്തെ പൊതുമണ്ഡലവും ഭരണകൂടവും ഒരുപോലെ കൂട്ടുനിൽക്കുകയും ചെയ്തു. അതിൻറെ മൂർദ്ധന്യമെത്തിയത് ടി പി ചന്ദ്രശേഖരൻവധക്കേസിലായിരുന്നു – അദ്ദേഹത്തിനെ കൊന്നത് മുസ്ലിം തീവ്രവാദികളോ മുസ്ലിം സദാചാരപ്പോലീസോ അകാമെന്ന കിംവദന്തിയിൽ. മറുവശത്ത്, മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അത്ര പ്രാധാന്യത്തോടെ ഉയർത്തിക്കാണിക്കപ്പെടുന്നുമില്ല. അങ്ങനെ ഒച്ചപ്പാടധികമുണ്ടാകാതെ പോയ കേസുകളിൽ മതം മാറിയതിൻറെ പേരിൽ ഹിന്ദുതീവ്രവാദികളാൽ പരസ്യമായി കൊലചെയ്യപ്പെട്ട പാവപ്പെട്ടവരുടേതു മുതൽ തൂണേരിയിൽ നടന്ന പരസ്യമായ ആക്രമണത്തിനിരയായ കുടുംബങ്ങളുടേതു വരെയുണ്ട്.

എന്തുകൊണ്ടാണ് ഈ അനീതികൾ പൊതുവേ അനീതിയായി തിരിച്ചറിയപ്പെടാത്തത്? ഇവിടെയും ഗൂഢാലോചനാസിദ്ധാന്തങ്ങൾ ആവശ്യമില്ല. കേരളത്തിൽ ധനികമുസ്ലിംപേടിയിൽ നിന്നു വേറിട്ട് തന്നെ ഇസ്ലാംഭീതിയുമുണ്ട് – എന്നാൽ അതിന് അമേരിക്കൻ ഇസ്ലാംഭീതിയെ അപേക്ഷിച്ച് ചില സവിശേഷതകളുമുണ്ട്. ഇവിടുത്തെ ഇസ്ലാംഭീതി ഇന്നത്തെ ഏകധ്രുവ ആഗോളരാഷ്ട്രീയവ്യവസ്ഥയുടെ അലയൊലി മാത്രമല്ല. അത് തീർച്ചായായും ഉണ്ട്, എന്നാൽ അതിൽ ദരിദ്രരെക്കുറിച്ച് ഇന്നത്തെ പുതിയ മദ്ധ്യ-ധനികവർഗ്ഗങ്ങൾ വച്ചുപുലർത്തുന്ന ഭീതി കൂടി കലരുന്നുണ്ട്. ഈ ഭീതിയും ആഗോളപ്രതിഭാസം തന്നെ. ജനക്ഷേമഭരണകൂടമവസാനിച്ച യൂറോപ്യൻരാജ്യങ്ങളിൽ ഉയർന്നു വന്ന പുതുധനികർക്കിടയിൽ ഇത് വളർന്നു വരുന്നതയായി സിഗ്മണ്ട് ബോമാനെപ്പോലുള്ള സമൂഹശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. ദരിദ്രർ തങ്ങളെ ആക്രമിക്കാൻ സദാ തക്കം പാർത്തിരിക്കുന്നുവെന്ന അബോധഭീതി മൂലം സ്വന്തം ദൈനംദിനജീവിതത്തെ കൂടുതൽക്കൂടുതൽ സുരക്ഷാവത്ക്കരിക്കാൻ ധനികർ ശ്രമിക്കുന്ന പ്രക്രിയ ഇസ്ലാംഭീതിയുമായി സംഗമിക്കുന്നുണ്ടിവിടെ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ധനികമുസ്ലിംപേടി പണഭീതിയുടെയും മതഭീതിയുടെയും സംഗമസ്ഥാനത്തു നിന്നാണ് ഉത്ഭവിക്കുന്നതെങ്കിൽ, കേരളീയ ഇസ്ലാംഭീതി ഉണ്ടാകുന്നത് പണമില്ലാത്തവരെക്കുറിച്ചുള്ള ഭീതിയുടെയും മതഭീതിയുടെയും സംഗമത്തിൽ നിന്നാണ്. ദരിദ്രരിൽ സഹജമെന്ന് ഇന്നത്തെ മേലാളവ്യവഹാരങ്ങൾ തിരിച്ചറിയുന്ന ഹിംസാത്മകതയെ ദരിദ്രരരായ മുസ്ലീങ്ങളുടെ പൊതുവിടത്തിൽ പ്രതിഷേധങ്ങളുടെ മേൽ എത്രയെളുപ്പം പ്രക്ഷേപിക്കാൻ കഴിയുമെന്ന് ബീമാപ്പള്ളി വെടിവയ്പ് നമ്മെ ബോദ്ധ്യപ്പെടുത്തിയതാണല്ലോ. ഭൌതികജീവിതപ്രശ്നങ്ങളുടെ പേരിൽ സമരങ്ങളിലും പ്രതിഷേധത്തിലുമേർപ്പെട്ട മാപ്പിളമാരെ കേവലം മതാന്ധരായി ചിത്രീകരിക്കുന്ന രീതി ബ്രിട്ടിഷ്കാലം മുതൽ പരിചതമാണ്. എന്നാൽ ഇവിടെ മതാന്ധതാരോപണത്തെ  ക്രിമിനൽ സ്വഭാവങ്ങൾ ഉൾവഹിക്കുന്ന ദാരിദ്ര്യത്തിനോടു ചേർക്കുകയാണുണ്ടായത്.

കേരളീയ ഇസ്ലാംഭീതിയുടെ മറ്റൊരു സ്വഭാവം വെളിപെടുന്നത് മുസ്ലിംസ്ത്രീകളുടെ വസ്ത്രധാരണത്തോടു പലരും പുലർത്തുന്ന അസഹിഷ്ണുതയിലാണ്. സത്യത്തിൽ ബുർഖാഭീതി മുസ്ലിംസമുദായം മറ്റൊരു പൊതു ദൃശ്യത കൈവരിക്കുന്നക്കുന്നതിനെക്കുറിച്ചുകൂടിയുള്ളതാണ്. ഇവിടെ മുസ്ലീങ്ങളുടെ വർദ്ധിച്ച പൊതുവിട സാന്നിദ്ധ്യത്തെപ്പറ്റിയുള്ള ഭീതിയും, അതിൻറെ മുഖ്യാധാരാവ്യവസ്ഥകൾക്കുള്ളിൽ അവർ അലിഞ്ഞുചേരാത്തതിലുള്ള അസ്വാസ്ഥ്യവുമാണ് മഫ്ത പോലുള്ള സങ്കരവസ്ത്രത്തെപ്പോലും ചിലർ ഭയക്കാൻ ഇടവരുത്തുന്നത്. സാമൂഹ്യശാസ്ത്ര-സാംസ്കാരികപഠനരംഗങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടിയവരായ മുസ്ലിംയുവജനങ്ങളുടെ പഠന-നിരീക്ഷണങ്ങൾ മുഖ്യധാരയിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാത്തതും ഇതിനു സമാനമായ ഭീതി മൂലമാകാം.

ഇപ്പറഞ്ഞ രണ്ടുതരം അരക്ഷിതത്വങ്ങളും ഒരുമിച്ചു സഹിക്കേണ്ടി വരുന്നുവെന്നതാണ് മലയാളിമുസ്ലീങ്ങളുടെ ദുര്യോഗം. ഇവ രണ്ടും ഒരുമിച്ചു വരുന്ന അവസരങ്ങളിൽ മുസ്ലിംവിരുദ്ധവികാരം എല്ലാ അതിരുകളും കടക്കും – മാറാടു കലാപത്തെത്തുടർന്നുണ്ടായ മുസ്ലിംവിരുദ്ധപ്രചരണം ഉദാഹരണമാണ്. മാറാടിൻറെ പ്രാദേശികരാഷ്ട്രീയചരിത്രത്തിൽ തീവ്രഹൈന്ദവസാന്നിദ്ധ്യം അടുത്തകാലത്തുണ്ടായതൊന്നുമല്ല. എന്നിട്ടും മതസമാധാനപ്രിയരായ ഹിന്ദുക്കളും മതത്തിൻറെയും പണത്തിൻറെയും ഹുങ്ക് കയറിയ മുസ്ലീങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി അതിനെ പലരും ചിത്രീകരിച്ചു. അതിദരിദ്രരായ മുസ്ലീങ്ങൾക്കിടയിൽ ഗൾഫ്കുടിയേറ്റനേട്ടങ്ങൾ ഉണ്ടാക്കിയതായി കരുതപ്പെട്ട നേട്ടങ്ങൾ മറ്റുള്ളവരിൽ സൃഷ്ടിച്ച പേടികൾക്ക് സംഘർഷത്തിൽ വലിയ പങ്കുണ്ടായിരുന്നു ; ഈ സംഭവത്തിൻറെ മാദ്ധ്യമചിത്രീകരണങ്ങളിൽ ദരിദ്രമുസ്ലീങ്ങളെക്കുറിച്ചുള്ള ഭീതിക്കും.

ആഗോളപ്രവണതകളെ കാണാതിരിക്കുക?

‘ഇസ്ലാമിസം ആഗോളപ്രതിഭാസമാണ്, അതിനെ കേരളമെന്ന ഇടത്തിൽ സുരക്ഷിതരായി കഴിഞ്ഞുകൂടിയവരായ മലയാളിമുസ്ലീങ്ങൾ അവഗണിക്കുകയാണ് വേണ്ടത്’ എന്ന വാദത്തിൻറെ പൊള്ളത്തരം വെളിവാകുന്നതിവിടെയാണ്.

വസ്തുതാപരമായിത്തന്നെ അതു തെറ്റാണ് – ഉറങ്ങുന്നുവെന്ന് നടിക്കുന്നവരെ നമുക്ക് ഉണർത്താൻ കഴിയില്ലെങ്കിലും. മലയാളിമുസ്ലീങ്ങൾക്ക് മലയാളി ഹിന്ദുസമുദായങ്ങളെക്കാൾ എത്രയോ മടങ്ങ് ശക്തമായ അന്യദേശപരിചയം നൂറ്റാണ്ടുകളായിത്തന്നെയുണ്ടായിരുന്നുവെന്നത് ചരിത്രവസ്തുത മാത്രമാണ്. പോർത്തുഗീസുകാരെ പതിനാറാം നൂറ്റാണ്ടിൻറെ ആദ്യദശകത്തിൽ മലാക്കയിൽ ആദ്യമായി കൊണ്ടുപോയത് കൊച്ചീക്കാരായ മുസ്ലിം കച്ചവടക്കാരായിരുന്നു. ഇന്ത്യൻ മഹാസമുദ്രവാണിജ്യത്തിൽ മുഖ്യപങ്കാളികളായിരുന്നു അവർ, പിന്നീട് പല നൂറ്റാണ്ടുകളോളം, സമീപകാലം വരെയും. അതേക്കുറിച്ച് എങ്സങ് ഹോയെപ്പോലുള്ള (Engseng Ho) പണ്ഡിതരും മലയാളികളായ ഗവേഷണവിദ്യാർത്ഥികളിൽ പലരും പുതിയ അറിവ് സൃഷ്ടിക്കുന്നുണ്ട് (അതേക്കുറിച്ചറിയണമെങ്കിൽ ദാറുൽ ഹുദാ സർവ്വകലാശാലയുടെ പ്രസിദ്ധീകരണമായ തെളിച്ചത്തിൻറെ പതിനഞ്ചാം വാർഷികപ്പതിപ്പ് കാണുക, ജനുവരി 2014). ഇതൊക്കെ പുതിയ അറിവല്ലേ എന്നു പറയുന്നവരോട് ഞാൻ പറയുന്നു — ശരിതന്നെ, പക്ഷേ എസ്.കെ.പൊറ്റക്കാട്ടിൻറെ 1940-50കളിലെ തെക്കുകിഴക്കേഷ്യൻ യാത്രാവിവരണങ്ങൾ വായിച്ചാൽ മതിയായിരുന്നു ഇത്തരം തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ.  ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ഇസ്ലാം സ്വീകരിച്ച് ജാതിമേലാളരിൽ നിന്ന് രക്ഷപ്പെട്ട് സിലോണിലേക്കും മലയായിലേക്കും കുടിയേറി മലബാറികളായ കുടിയേറ്റക്കാരുടെ സംഖ്യ ചെറുതായിരുന്നില്ലെന്ന് ദിലീപ് മേനോൻ വാദിക്കുന്നു (മലബാറി ഗവേഷകരുടെ പുതുയ തലമുറയും ഈ കുടിയേറ്റത്തെക്കുറിച്ച് കൂടുതലായി അന്വേഷിച്ചുവരുന്നു).

ഇന്നത്തെയവസ്ഥയിൽ ആലോചിക്കുംപോൾ, ആഗോള ഇസ്ലാം തരംഗങ്ങൾ, അവയുടെ ആന്തരികവൈജാത്യം എത്രതന്നെ പ്രത്യക്ഷമായാലും, ഇവിടുത്തെ മുസ്ലീങ്ങളെ ബാധിച്ചുകൂടാ എന്ന ശാഠ്യം ന്യായപൂർണ്ണമോ എന്നു ചിന്തിക്കേണ്ടതുണ്ട്. 9/11 നുശേഷമുള്ള ആഗോളസാഹചര്യങ്ങൾ ഇന്ത്യൻ വിദേശനയത്തെത്തന്നെ മാറ്റിത്തീർത്തു കഴിഞ്ഞിരിക്കെ, ഹിന്ദുത്വവാദശക്തികൾ ആഗോളഹിന്ദുസ്വത്വനിർമ്മാണത്തിനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കേ, കേരളീയമുസ്ലീങ്ങളുടെ സാംപത്തികമുന്നേറ്റം ഇടവരുത്തിയ സാമുദായികമാറ്റങ്ങൾ ചുരുളഴിയുന്നത് ആഗോള-ഏകധ്രുവലോകവും അതിനെ പലവിധത്തിലെതിർക്കുന്ന ഇസ്ലാമിക പ്രതിരോധങ്ങളും അടങ്ങിയ വിശാല രാഷ്ട്രീയ സാഹചര്യത്തിലാണെന്നിരിക്കെ, കേരളീയ മുസ്ലീങ്ങൾ കേരളത്തിനപ്പുറത്തെ കാര്യങ്ങൾ അധികമൊന്നും ചിന്തിക്കണ്ട എന്നു പറയുന്നത് എന്തു തരം ന്യായമാണ്?

മാത്രമല്ല, പുതിയ മുസ്ലിംചിന്തയ്ക്കും പ്രവൃത്തിയ്ക്കും അപ്പടി ആഗോളസ്വഭാവമാമണെന്നു പരിതപിക്കുന്നവർ ഓർക്കണം, ‘ശുദ്ധഭാരതീയ’ഹിന്ദുചിന്ത, പ്രവൃത്തി എന്നിവയല്ല എല്ലായ്പ്പോളും പരിഷ്കൃതഹിന്ദുവിശ്വാസവും പ്രവൃത്തിയുമായി സ്വീകരിക്കപ്പെട്ടത്. ഇന്ന് ദേശീയവസ്ത്രമായി നാം അംഗീകരിക്കുന്ന സാരി ഹിന്ദുസ്ത്രീകളുടെ പരംപരാഗത ഒറ്റവസ്ത്രത്തെ (പല പേരുകളിലാണ് ഇന്ത്യയുടെ പലഭാഗങ്ങളിൽ അതറിയപ്പെട്ടിരുന്നത്) പത്തൊൻപതാം നൂറ്റാണ്ടിലെ ബംഗാളിൽ പ്രവർത്തിച്ചിരുന്ന വെള്ളക്കാരിയായ ഒരു മിഷണറിവനിത അന്നത്തെ മദാമ്മമാരുടെ ഗൌണിൻറെ മാതൃകയിൽ പരിഷ്ക്കരിച്ചെടുത്തതാണ്. പാതി നാടനും പാതി വിദേശിയുമായ അതിനെ ഹൈന്ദവ-ദേശീയ വസ്ത്രമായി എണ്ണാമെങ്കിൽ, തനിവിദേശികളായ ജീൻസിനെയും മറ്റും സുരക്ഷാഭീഷണിയായ എണ്ണാതിരിക്കാമെങ്കിൽ, മഫ്തയെയും ബുർഖയെയും എന്തിനു പഴിക്കുന്നു? ഇന്നത്തെ സാരിധാരണരീതി ആധിനിവേശസംസ്ക്കാരത്തിൽ നിന്ന് കടംകൊണ്ടാണ് രൂപപ്പെട്ടതെങ്കിൽ ഇന്നത്തെ മഫ്താധാരണരീതി അമേരിക്കൻ അധിനിവേശത്തിനെതിരെ പൊരുതുന്ന സമൂഹങ്ങളിൽ നിന്നും ഇസ്ലാമിനെ നവീകരിക്കാൻ ശ്രമിക്കുന്ന തെക്കുകിഴക്കേഷ്യൻ സമൂഹങ്ങളിൽ നിന്നും കടംകൊണ്ടതാണ്. മഫ്ത ചുരിദാർ/ പാവാട/ സാരി എന്ന ഇന്ത്യൻ വേഷത്തിനു മേൽ ധരിക്കാനാണ് ഇന്ന് അധികം മുസ്ലിംവനിതകളും ശ്രമിക്കുന്നത്. ഇതൊന്നും കാണാനുള്ള കണ്ണ് നമുക്കില്ലാതെ പോകുന്നതെന്തുകൊണ്ട്?

ആഗോള ഇസ്ലാമിൻറെ സന്നിവേശത്തെക്കുറിച്ചുള്ള പേടിയുടെ മുൻപതിപ്പ് വാസ്തവത്തിൽ 9/11നും മുൻപു തന്നെ പ്രചാരത്തിൽ വന്നതാണ്. കേരളത്തിൽ പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞുകൊണ്ടിരിക്കുന്ന മുസ്ലീങ്ങളെ മദനി ഇന്ത്യൻ മുസ്ലീങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞുകേൾപ്പിച്ച് ബേജാറാക്കുന്നുവെന്ന ആരോപണം അന്നേ പരിചിതമായിരുന്നല്ലോ.

കേരളീയഹിന്ദുമതത്തിലേക്ക് വടക്കേയിന്ത്യൻ ബ്രാഹ്മണമതത്തിൻറെ അംശങ്ങൾ –ഹിന്ദു കോഡ് ബിൽ മുതൽ വരവില സംപ്രദായവും സീമന്തരേഖയിൽ സിന്ദൂരം വരച്ച് legitimately and legally penetrated ആണ് താൻ എന്നു പ്രഖ്യാപിക്കുന്ന രീതിയും വരെ – കടന്നുവരാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. അതിനെ ആരും ഒരു പ്രശ്നമായി കണ്ടിട്ടുമില്ല. മുസ്ലിം എന്ന താരതമ്യേന പാർശ്വവത്ക്കരിക്കപ്പെട്ട സമുദായത്തെ ഹിന്ദു എന്ന പ്രബലസമുദായമായി ഇക്കാര്യത്തിൽ തട്ടിച്ചുനോക്കുന്നതും എത്രത്തോളം ന്യായമാണ്? പ്രബലസമുദായങ്ങൾക്ക് പുറംബന്ധം ആവശ്യമാകണമെന്നില്ല, എന്നാൽ പാർശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങളുടെ സ്ഥിതി അതല്ല — പ്രത്യേകിച്ചും രണ്ടാമത്തെ കൂട്ടരുടെ ചരിത്രപരമായ പിന്നോക്കാവസ്ഥ തുടർന്നും നിലനിൽക്കുന്ന നാട്ടിൽ.

മുസ്ലിംസമുദായത്തെ ശിശുവത്ക്കരിക്കാതിരിക്കുക

ഏറ്റവും അരോചകവും അപകടകരവുമായിത്തോന്നുന്നത്, മുസ്ലീങ്ങളെ ശിശുവത്ക്കരിക്കാനുള്ള ശ്രമമാണ്. അമുസ്ലിം ബുദ്ധിജീവികൾ അവരെ വഴിതെറ്റിച്ചുകളായാൻമാത്രം ലോകമറിയാത്ത പാവങ്ങളായി ആ സമുദായത്തെ ചിത്രീകരിക്കാനുള്ള ശ്രമത്തിൽ നിന്ന് എല്ലാവരും പിന്തിരിയുക തന്നെ വേണം. മുസ്ലീംസമുദായത്തിനുള്ളിൽ ഇന്ന് സാമൂഹ്യ-രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും പോംവഴികളെക്കുറിച്ചും മറ്റും വളരെ സജീവമായ ചർച്ചയാണ് നടക്കുന്നത്. അതിൽ പല വ്യത്യസ്ത നിലപാടുകളും ഉയർന്നുവരുന്നുണ്ട്.

ആ ചർച്ചയിൽ അമുസ്ലീങ്ങളുടെ ഇടപെടൽ വെറും പക്ഷംപിടിക്കലല്ല – അവർ വാദങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഇപ്പറഞ്ഞ വ്യത്യസ്തപക്ഷങ്ങളോട് യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താറാണ് പതിവ്. ബാബ്റിമസ്ജീദ് തകർച്ചയ്ക്കു ശേഷം ശക്തിപ്രാപിച്ച മുസ്ലിംസാംസ്ക്കാരികരൂപീകരണങ്ങളോട് പലപ്പോഴും വിയോജിച്ചും ചിലപ്പോഴെങ്കിലും കലഹിച്ചുമൊക്കെത്തന്നെയാണ് ഞാനുൾപ്പെടെയുള്ളവർ ഇത്രദൂരവും മുസ്ലിംസമുദായത്തോടൊപ്പം നിലകൊണ്ടത്. മുസ്ലിംസ്ത്രീകളുടെ പുതിയവസ്ത്രധാരണത്തെ സുരക്ഷാപ്രശ്നമായി കാണുന്നതിനെ എതിർക്കാനും, എന്നാൽ അതിൻറെ വിമോചകസാദ്ധ്യതകളെ ചോദ്യംചെയ്യാനും, മുസ്ലിം ഫെമിനിസത്തെക്കുറിച്ചുള്ള ആഗോളചർച്ചകളെ പരിചയപ്പെടുത്താനും, മലയാളിമുസ്ലിംബുദ്ധിജീവിവൃത്തങ്ങൾ അധിനിവേശാനന്തരചിന്തയെ തദ്ദേശ ഇടങ്ങളിലേക്ക് പരിഭാഷ കൂടാതെ സ്വീകരിക്കുന്ന ഇന്നത്തെ രീതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കാനും, ലൈംഗികത്തൊഴിലാളികളുടെ പൂർണ്ണപൌരത്വം അംഗീകരിക്കാൻ വിസ്സമതിച്ച ചില നവമുസ്ലിംശക്തികൾക്കെതിരെ പ്രതിഷേധിക്കാനും മറ്റുമാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. സമുദായത്തിനുള്ളിൽ നടക്കുന്ന ചർച്ചയെ കറുപ്പും വെളുപ്പുമായി വേർതിരിച്ച് എല്ലാവരും ഏതെങ്കിലും ഒരു ധ്രുവത്തിനു ചുറ്റും അണിചേർന്നുകൊള്ളണമെന്നുമാണ് ഉത്തരവെങ്കിൽ അത് സ്വീകരിക്കാൻ എനിക്ക് നിവൃത്തിയില്ല. കാരണം, സാമൂഹ്യശാസ്ത്രപഠനം മനസ്സിലാക്കാൻ ശ്രമിക്കുന്നത് കറുപ്പോ വെളുപ്പോ മാത്രമല്ലാത്ത, സങ്കീർണ്ണവും മൂർത്തവുമായ, സാമൂഹ്യപ്രക്രിയകളെയാണ്.

മുസ്ലിംസമുദായത്തിനുള്ളിൽ നിന്ന് ഉയർന്നുവന്ന ചില ശബ്ദങ്ങളെ ഇവിടെ ഇസ്ലാംഭീതി പരസ്യമായിത്തുർങ്ങിയ നാളുകളിൽ തള്ളിക്കളയാൻ വിസമ്മതിച്ചതിൻരെ പേരിൽ അഴിമതിയാരോപണത്തിനറെ പല വകഭേദങ്ങൾ കേട്ട പലരിൽ ഒരാൾ മാത്രമാണ് ഞാനും. സ്ത്രീകൾക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ട അതിൻറെ ഒരു വകഭേദപ്രകാരം എനിക്കു മുസ്ലീംജാരന്മാരുണ്ടെന്നും അവരെ പ്രീതിപ്പെടുത്താനാണ് ഞാനെഴുതുന്നതെന്നും പ്രഖ്യാപിക്കപ്പെട്ടു. അതൊന്നും ഒരിക്കലും എന്നെ ബാധിച്ചിട്ടില്ല, അതൊന്നും മറുപടിയും അർഹിക്കുന്നില്ല.

പക്ഷേ എൻറെ നിലപാട് ദേശസ്നേഹത്തിനെതിരാണെന്ന വാദത്തെ ഞാൻ തള്ളിക്കളയുന്നു. ഇന്നത്തെ സാഹചര്യത്തിൽ വിശേഷിച്ചും ദേശീയവാദത്തെയും ദേശസ്നേഹത്തെയും രണ്ടായിത്തന്നെ കാണണമെന്ന് ഞാൻ കരുതുന്നു. രാജ്യത്ത് മാറിവരുന്ന പ്രബലസാംപത്തിക-സാമൂഹ്യ-സാംസ്കാരികശക്തികളുടെ ഏറ്റക്കുറച്ചിലനുസരിച്ച് ദേശീയവാദത്തിൻറെ കെട്ടും മട്ടും മാറും. പക്ഷേ ദേശസ്നേഹമെന്നാൽ ഈ നാട് എന്ന മൂർത്തമായ ഇടത്തോടും അതിൽ നമ്മോടൊപ്പം ജീവിക്കുന്ന എല്ലാ കൂടെപ്പിറപ്പുകളോടും നാം പുലർത്തുന്ന ഉപാധികളില്ലാത്ത സ്നേഹവും പ്രതിബദ്ധതയുമാണ്. ഈ നാട്ടിൽ നമ്മോടൊപ്പം ജനിച്ചുവളർന്ന, നമ്മോടൊപ്പം ജീവിക്കുന്ന എല്ലാ കൂടെപ്പിറപ്പുകളും തമ്മിൽ സമത്വവും സമാധാനവും തുല്യതയും വേണമെന്ന ആഗ്രഹം എല്ലാ ദേശീയവാദങ്ങളിലും അനുവദിക്കണമെന്നില്ല.

പക്ഷേ അതാണ് ദേശസ്നേഹത്തിൻറെ കാതൽ. അതുകൊണ്ടാണ് പല ദേശീയവാദങ്ങളും ദേശസ്നേഹത്തിനെതിരായിത്തീരുന്നത്. ഇങ്ങനെ നോക്കിയാൽ ഇന്ന് മാളികമുകളിലേറി നിൽക്കുന്ന ഹിന്ദുത്വ-സാംസ്ക്കാരികദേശീയവാദം ദേശസ്നേഹത്തിൻറെ ഏറ്റവും വലിയ ശത്രുവാണെന്നു കാണാം. എങ്ങും പടർന്നുകൊണ്ടിരിക്കുന്ന ആ കാളകൂടത്തെ ശമിപ്പിക്കാനുള്ള ബൌദ്ധികശുചീകരണത്തിൽ ഏർപ്പെടുന്നതിനു പകരം  അങ്കംവെട്ടി ഊർജ്ജം കളയരുതെന്ന് കേരളത്തിലെ (അധികപക്ഷവും പുരുഷന്മാരായ) മതേതരബുദ്ധിജീവികളോട് അഭ്യർത്ഥിച്ചുകൊള്ളട്ടെ.

12 thoughts on “പൊതുചർച്ചായിടം അങ്കത്തട്ടല്ല : കേരളത്തിലെ മുസ്ലിംജനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നവരോട്”

 1. സഹജീവിയായ ഒരു മനുഷ്യനെ അപകടത്തിൽ നിന്ന് രക്ഷിക്കാനുള്ള ഫലവത്തായ പരിശ്രമത്തിനിടെ സ്വന്തം ജീവൻ അപകടപ്പെടുത്തിയ ഒരു വ്യക്തിയുടെ ഉള്ളിലെ നന്മയെ പുരസ്കരിച്ച് നോവലിസ്റ്റ് ആയ കെ പി രാമനുണ്ണി എഴുതിയ ഒരു കുറിപ്പാണ് സമീപകാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും സോഷ്യൽ മീഡിയയിലെ മലയാളി ഇടങ്ങളിലും ഏറെ കുശുമ്പ് നിറഞ്ഞ ‘ബുദ്ധിജീവിക്കലമ്പലുകൾ’ക്ക് വഴിമരുന്നായത്. പ്രസ്തുത കുറിപ്പ് വിവാദം ആക്കിയ ഏതാനും ബുദ്ധിജീവികൾ അതിൽ കണ്ടു പിടിച്ച ‘അപരാധം’, താൻ വിവരിച്ച നന്മയെ ഇസ്ലാം മത വിശ്വാസവുമായി ലേഖകൻ ബന്ധപ്പെടുത്തി എന്നതത്രേ!
  സംഭവത്തിലെ മുഖ്യ കഥാപാത്രത്തിന്റെ ജീവത്യാഗത്തിനു പ്രേരണയായത് അദ്ദേഹാം മുറുകെ പിടിച്ചിരുന്ന ഇസ്ലാമികമൂല്യബോധം ആണെന്ന് അഭിപ്രായപ്പെട്ടത് വലിയ തെറ്റായി ഈ മതേതര ബുദ്ധിജീവികൾ വ്യാഖ്യാനിച്ചു.
  നന്മയെ അല്ലെങ്കിൽ മാനുഷികതയെ മതനിരപേക്ഷമായി കാണുന്നതിനു പകരം, ‘ഇതാണ് ഇസ്ലാം’ എന്ന തലക്കെട്ട്‌ കൊണ്ടും ഉള്ളടക്കം കൊണ്ടും മുസ്ലീം വര്ഗീയവാദത്തെയാണ് രാമനുണ്ണി പ്രോത്സാഹിപ്പിക്കുന്നത് എന്ന് വ്യാഖ്യാനിക്കപ്പെട്ടു
  അതിനെത്തുടർന്നാണ് ഈ ചർച്ചയ്ക്ക് മറ്റൊരു മാനം നല്കുന്ന ടി ടി ശ്രീകുമാറിന്റെ ലേഖനവും സാമാന്യംനീണ്ട ഒരു സംവാദവും കാവ്യകേളി എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പിൽ ഉണ്ടായത്. ‘ആസ്ഥാന സെക്യുലറിസ്റ്റ് ‘ ബുദ്ധിജീവികൾ ഇന്ന് ഇസ്ലാമോഫോബിക് പൊതുബോധത്തിന്റെ വിതരണക്കാരായി മാറിപ്പോയോ എന്ന ആശങ്ക പ്രസ്തുത സംവാദത്തിൽ പങ്കാളികളായിരുന്ന ചുരുക്കം ചിലർ പങ്കു വെച്ചു; അതിനൊന്നും എന്ത് കൊണ്ട് നേർക്കുനേരെ മറുപടിയില്ല എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് മാസങ്ങൾ കഴിഞ്ഞ് സി ആർ പരമേശ്വരന്റെ വക മറ്റൊന്ന് (ഒരു റ്റിപ്പിക്കൽ ‘ഫോർമുലാ ലേഖനം’!? ) അതേ മാതൃഭൂമിയിൽ!

  Like

 2. ൻറെ പടച്ചോനെ ഇങ്ങക്കും കിട്ടിയോ മാപ്ലാരുടെ കാശ്?!!!

  “പൊതുവെ മുസ്ലീങ്ങളെ ഇന്ത്യൻ പൊതുമണ്ഡലത്തിൽ നിശ്ശബ്ദരാക്കാനുള്ള പ്രവണതകൾ സജീവമാണെങ്കിലും, കേരളത്തിലെ ഹിന്ദുത്വവാദ വലതുപക്ഷം അതിനു കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും, ആരുടെയെങ്കിലും മന:പ്പൂർവ്വമുള്ള ഗൂഢാലോചനയാണിതിനു പിന്നിൽ എന്നു പറയാൻ കഴിയില്ല ; വെറും ഇസ്ലാംഭീതിയാണിതെന്നു തോന്നുന്നില്ല. മറിച്ച്, സമീപകാലത്ത് ഗൾഫ് കുടിയേറ്റത്തിലൂടെ മുസ്ലീങ്ങളുണ്ടാക്കിയ നേട്ടങ്ങൾ പലതും മറ്റുള്ളവരുടെയുള്ളിൽ ഒരു തരം ‘ധനികമുസ്ലിംപേടി’ വളരാനിടവരുത്തുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”

  വരാണസിയിലുണ്ടായ ആ പഴയ ഹിന്ദു-മുസ്ലിം ലഹളയെ (കൊല്ലം ഓര്മ്മയില്ല) തുടർന്ന് നെയ്ത്തിൽ നയ്പുണ്യവും സാമ്പത്തികമായി നല്ല നിലയിലുമായിരുന്ന ബനാറസി മുസ്ലിംകൾ അന്നുമുതൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടേണ്ട സ്ഥിതിയിലായതും നെയ്ത്ത് വ്യവസായം സവർണ്ണ മാർവാടികളുടെ കൈകളിലെത്തിയതും പിന്നെ സ്ഫോടനന്തര കോയമ്പത്തൂർ കലാപ ത്തിന്റെ ബാക്കിപത്രവും അവിടെയും ഗണനീയ സാന്നിധ്യമുണ്ടായിരുന്ന മുസ്ലിംകൾ ബിസിനസിൽ പിന്തള്ളപ്പെട്ടതും മൊത്തം കുത്തക മാർവാടികളിൽ ചെന്നെത്തിയതടക്കം പല വര്ഗീയ ലഹളകളും ഒന്ന് പരിശോധിച്ചാൽ എന്താണ് സംഭവിച്ചതെന്നതിനെ പറ്റി അവരുടെ അജെണ്ടയിൽ എന്തൊക്കെ ഉണ്ടായിരുന്നെന്നതിനെപ്പറ്റി കൂടുതൽ അറിയാനാകും.

  സത്യം പറഞ്ഞാൽ സംഗതികളുടെ പോക്ക് കാണുമ്പോൾ പേടി തോന്നുന്നുണ്ട്.

  ബുജികളുടെ കാര്യം : പണ്ടേ കുഞ്ചൻ നമ്പ്യാർ പറഞ്ഞിട്ടുണ്ട്: ദീപസ്തംഭം മഹാശ്ചര്യം! നമുക്കും കിട്ടണം പണം!

  നന്ദി പ്രിയ സഹോദരീ;

  Like

 3. മനുഷ്യന് ഈ ഭൂമിയിൽ ആരെയും പേടിക്കാതെ ജീവിക്കാനവുക !
  വിറച്ചു ജീവിക്കുന്ന ഒരു കുഞ്ഞാടിന്റെ മോഹം.

  ചരിത്രപരമായി പിന്നോക്കമായവനെ കൈപിടിച്ചുയർത്തുക
  മുൻപ്‌ അന്തസ്സായി ജീവിച്ചവൻ പിന്നോക്കമവുമ്പോൾ അവർക്ക് കൈതാങ്ങ് ആവുക.

  താത്പര്യങ്ങൾ നീതിയോടും ധർമത്തോടും മാത്രമാവുക.

  നന്മയുള്ള മനുഷ്യർ ചുറ്റുമുണ്ട് എന്നത് വല്ലാത്ത ഒരാശ്വാസമാണ്

  Like

 4. Looking at the broken translation that Google spits out, it seems like an interesting discussion is going around here. It’d be wonderful to have it translated for those of us feeling left out.

  Like

  1. I am sorry, it is too long an essay to be quickly translated. It is my response to a debate on Muslims in Kerala and Muslim ethics among Kerala’s leading secular intellectuals which was unforgivably uninformed and in some parts, shockingly irresponsible. It even endorsed some of the familiar canards about the Muslim community popular among the Hindu right wing here. In this essay I took up the task of clearing the air, trying to show how the idea that Muslims in Kerala enjoy full equality with other communities and have no problems uniquely related to their religious identities. I drew upon statistical surveys that show that Muslims in Kerala are not as prosperous as they seem to be and actually rank just above the dalits in a number of key development indicators. I also point to their very different historical trajectory which accounts for this. Then I reflect on the specificity of contemporary Islamophobia in Kerala, arguing in essence that it is important to refrain from mechanical projections of theories of Islamophobia and the critique of western secularism (Talal Asad and Saba Mahmood, especially) to Kerala.I am trying instead to think of it from the specific history of Malayalee Muslims in the 20th century, and how multiple historical events and trajectories in the local converge in the post-Babri Masjid and 9/11 contexts to shape the peculiar fear of Islam now evident among mainstream uppee caste dominated Malayalee society. This fear is such that very public information about the disadvantages suffered by the community are masked, the prosperity of the migrant Muslim is exaggerated and demonised, and the community’s history of engagement with the rest of the world in the Indian Ocean trade is erased so that it is infantilised.
   Hope this summary will do!

   Like

  1. I find that last bit a barb. I am sure we need to be literate enough to read technical writing in Malayalam though this piece is not so technical.

   Like

 5. I hppened to read this article reproduced in ”prabodhanam ” weekly. Happy to note that intellectuals like Ms.Devika are with reality.

  Like

 6. Excellent piece calling the bluff of the so called secular intellectuals pampered by the dominant media.Cogent and well argued.Some body should translate that into English.

  Like

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s