ചീത്തകളെ തള്ളിക്കള: നഹാസ് മാളയ്ക്ക് തുറന്ന കത്ത്

പ്രിയ നഹാസ് മാള

‘ഓൺലൈൻ പെൺവാണിഭം:  വിശദമായ അന്വേഷണം വേണം – എസ് ഐ ഒ’ എന്ന തലക്കെട്ടോടു കൂടി താങ്കളുടെ സംഘടന പുറത്തിറക്കിയ പ്രസ്താവന ഇന്നത്തെ മാദ്ധ്യമം പത്രത്തിൽ കണ്ടു.  അതിൽ പറയുന്നു:

“കേരളത്തിലെ ചുംബനസമരം അടക്കമുള്ള സമരങ്ങളിൽ മുഖ്യപങ്ക് വഹിച്ചിരുന്ന രാഹുൽ പശുപാലനും രശ്മി നായരുമാണ് റാക്കറ്റിൻെറ പിന്നിലെന്ന പോലീസ് ആരോപണം ഗൌരവമുള്ളതാണ്. കേരളത്തിലെ രാഷ്ട്രീയ മാധ്യമമേഖലയിലെ പ്രമുഖരുമായുള്ള ബന്ധങ്ങൾ ഇത്തരം റാക്കറ്റുകൾ മറയായി ഉപയോഗപ്പെടുത്തുന്നുണ്ട് … വിദ്യാർത്ഥികളെ അടക്കം സ്നേഹം നടിച്ചും പ്രലോഭിപ്പിച്ചും തങ്ങളുടെ വലയിൽ കുരുക്കി ഉഭയസമ്മതപ്രകാരമെന്ന് പറഞ്ഞ് ചൂഷണം ചെയ്യുന്ന ഇത്തരം റാക്കറ്റുകൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണം.”

കഴിഞ്ഞ ദിവസം മനോരമ ചാനലിൽ യുവ മോർച്ചാ നേതാവ് രാജേഷ് ചുംബനസമരത്തിനെതിരെ തൊടുത്തുവിട്ട പൊട്ടശ്ശരങ്ങളോട് നിങ്ങളുടെ പ്രസ്താവന അടുത്തസാമ്യം പുലർത്തുന്നു എന്നു കണ്ടതുകൊണ്ടാണ് നിങ്ങൾക്ക് കത്തെഴുതാൻ തീരുമാനിച്ചത്.

രാഹുൽ പശുപാലനിലേക്ക് ചുംബനസമരത്തെ ചുരുക്കരുതെന്ന് ഞങ്ങളിൽ പലരും ആവർത്തിച്ചു പറഞ്ഞതൊന്നും നിങ്ങൾ വകവച്ചില്ലെന്നു തോന്നുന്നു. കേരളത്തിലെ രാഷ്ട്രീയ-മാദ്ധ്യമമേഖലകളുമായി കുറ്റാരോപിതരക്കുണ്ടായിരുന്നയായി പറയപ്പെടുന്ന ബന്ധങ്ങളെക്കുറിച്ചുള്ള അവ്യക്തസൂചനകൾ ചുംബനസമരത്തിൽ പങ്കെടുക്കുകയും അതിനെ പിൻതുണയ്ക്കുകയും ചെയ്ത എല്ലാ പ്രമുഖരുടെയും മേൽ നിഴൽ വീഴ്ത്തുന്നുണ്ട്.

കേരളാപോലീസിൽ നിങ്ങൾക്കുള്ള വിശ്വാസവും അത്യതിശയകരം തന്നെ. കഴിഞ്ഞ ദിവസമാണ്, നിങ്ങളുടെ സഹപ്രവർത്തകൻ എന്നെ ഒരു ഒപ്പിനായി വിളിച്ചത് — മദനി കേസിൽ പോലീസ് ഇറക്കുന്ന പുത്തൻ കുതന്ത്രങ്ങളെ സംഘടിതമായി നേരിടേണ്ടതിനെക്കുറിച്ചു പറഞ്ഞുകൊണ്ട്. അദ്ദേഹത്തോട് പൂർണ്ണയോജിപ്പായതുകൊണ്ട് ഞാൻ സന്തോഷത്തോടെ ഒപ്പിടുകയും ചെയ്തു. അങ്ങനെയിരിക്കെ, ഈ കേസായപ്പോൾ കേരളാ പോലീസ്, അതും, കുപ്രസിദ്ധനായ ഈ പോലീസുദ്യോഗസ്ഥൻ, നൽകുന്ന വിവരങ്ങളിലും വ്യാഖ്യാനങ്ങളിലും അടിയുറച്ച വിശ്വാസം നിങ്ങളുടെ പ്രസ്താവനയിൽ കണ്ടത് വളരെ കൌതുകകരമായിരിക്കുന്നു.

കൂടാതെ, ചുംബനസമരത്തെ നേരിട്ടു പരാമർശിക്കുന്നില്ലെങ്കിലും, വിദ്യാർത്ഥികളെ സ്നേഹത്തിൻെറയും സമ്മതത്തിൻെറയും ഭാഷയുപയോഗിച്ച് ഈ സെക്സ് റാക്കറ്റുകൾ വഴിതെറ്റിക്കുന്നുവെന്ന പ്രസ്താവം അങ്ങോട്ടു തന്നെയുള്ള സൂചനയാണെന്ന് സാമാന്യം ബുദ്ധിയുള്ളവർക്ക് പിടികിട്ടും.

ഇതൊക്കെത്തന്നെയാണ് ആ യുവമോർച്ചാ നേതാവും പറഞ്ഞത്.

ലൈംഗികസ്വാതന്ത്ര്യത്തെക്കുറിച്ചു മാത്രമല്ല, സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചു തന്നെ കടുത്ത യാഥാസ്ഥിതികനിലപാടു പുലർത്തുന്നവരാണ് നിങ്ങൾ എന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടല്ല. ഇസ്ലാമിൻെറ മറ്റു വായനകളെ, വിശേഷിച്ചു ഇസ്ലാമിലെ സ്ത്രീകളുടെ പക്ഷത്തു നിന്നുള്ള വായനകളെ, നിങ്ങൾ അംഗീകരിക്കുന്നില്ലെന്നും അറിയാം. ചുംബനസമരത്തോട് നിങ്ങൾ കാട്ടിയ എതിർപ്പും ഓർമ്മയിലുണ്ട്.

അതൊന്നുമല്ല പക്ഷേ എനിക്കിവിടെ പ്രശ്നം. ചുംബനസമരം വിദ്യാർത്ഥികളെ സെക്സ് റാക്കറ്റിലേക്കു നയിച്ചു എന്ന് നിങ്ങളുടെ പ്രസ്താവനയിൽ പരോക്ഷസൂചനയുള്ളതാണ് എന്നെ ചിന്തിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ അതിൻെറ മുൻനിരയിൽ നിന്നവരെല്ലാം, അതിൻെറ ആശയങ്ങളെ തെളിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത എല്ലാവരും, ഭാഗികമായെങ്കിലും കുറ്റമുള്ളവരോ, കുറഞ്ഞപക്ഷം ഉത്തരവാദിത്വമില്ലാതെ പ്രവർത്തിച്ചവരോ ആണെന്നു വരുമല്ലോ. അതിൽ ഞാനും ഉൾപ്പെടും, തീർച്ച. അതാണ് എൻെറ പ്രശ്നം.

ഇങ്ങനെയാണ് നിങ്ങളുടെ വിശ്വാസമെങ്കിൽ എന്നെയും എന്നെപ്പേലുള്ളവരെയും നിങ്ങളുടെ രാഷ്ട്രീയസമരങ്ങളിൽ നിങ്ങൾ ഉൾപ്പെടുത്തിയത് സദാചാരവിരുദ്ധമല്ലേ ? അത് നിങ്ങളുടെ സദാചാരബോധത്തിൻെറ നഗ്നമായ ലംഘനമല്ലേ ?

ഞാൻ നല്ലവളാണെന്ന് ഇന്നു വരെ അവകാശപ്പെട്ടിട്ടില്ല, ഇനി അവകാശപ്പെടുകയുമില്ല. മാത്രമല്ല ഞാൻ ശരിക്കും ഭയങ്കരചീത്തയാണ്. എൻെറ നാക്ക് പ്രത്യേകിച്ചും ചീത്തയാണ്. ഒറ്റയ്ക്കു താമസിക്കുകയും ഒറ്റയ്ക്കു യാത്രചെയ്യുകയും പുരുഷന്മാരോടൊത്ത് മദ്യപിക്കുകയും അനാവശ്യപുസ്തകങ്ങൾ വായിക്കുകയും കൈയ്യില്ലാക്കുപ്പായം ധരിക്കുകയും വീട്ടിൽ അന്യപുരുഷന്മാരെ വരാൻ അനുവദിക്കുകയും ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ പരിഭാഷപ്പെടുത്തുകയും, ഭിന്നലൈംഗികതയ്ക്കു പുറത്തു ജീവിക്കുന്നവരെ സ്നേഹിക്കുകയും,ഏതു ദേവേന്ദ്രൻെറയും മുഖത്തു നോക്കി പറയേണ്ടതു പറയുകയും ചെയ്യുന്നവളാണ്. ഇങ്ങനെയുള്ളവളെയാണ് ജി ഐ ഓ വേദികളിൽ ക്ഷണിച്ചിരുത്തിയത്! അത് വളരെ തെറ്റായിപ്പോയില്ലേ? ഈ ഭീതിയുടെ ചെറിയൊരു സൂചനയെങ്കിലും താങ്കൾ നൽകിയിരുന്നെങ്കിൽ ഞാനവിടെ വരില്ലായിരുന്നു, തീർച്ച!

ഞാൻ  പലപ്പോഴും മതന്യൂനപക്ഷവിരുദ്ധതയ്ക്കെതിരെ നിങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. അതിന് വ്യക്തമായ അടിസ്ഥാനവും ഉണ്ട്. ഫാസിസം ചരിത്രത്തിലെന്നും ഭൂരിപക്ഷപ്രതിഭാസമായിരുന്നു, ഇന്നും അങ്ങനെതന്നെ. എല്ലാത്തരം ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടാലേ ഫാസിസത്തെ എതിർക്കാൻ കഴിയൂ . ഭൂരിപക്ഷസാമൂഹ്യതീർപ്പുകൾക്കു പുറത്തു ജീവിക്കുന്നവളായ ഞാൻ മുസ്ലിം ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് ശ്രദ്ധാലുവാകുന്നത് സ്വന്തം ന്യൂനപക്ഷനിലയെപ്പറ്റി ബോധമുള്ളതുകൊണ്ടാണ്. അല്ലാതെ മുസ്ലിംജനങ്ങൾക്കു ചെയ്തുകൊടുക്കുന്ന സഹായമൊന്നുമല്ല അത്. മതന്യൂനപക്ഷങ്ങൾ മാത്രമല്ല, ഈ നാട്ടിൽ വികസന്യൂനപക്ഷങ്ങളും ലൈംഗികന്യൂനപക്ഷങ്ങളും സാംസ്കാരികന്യൂനപക്ഷങ്ങളും രാഷ്ട്രീയന്യൂനപക്ഷങ്ങളും ഉണ്ടെന്നാണ് എൻെറ വിശ്വാസം. ചുരുക്കിപ്പറഞ്ഞാൽ, ഞാൻ എന്തടിസ്ഥാനത്തിലാണ് നിങ്ങളോട് സഹകരിക്കുന്നതെന്നതിനെപ്പറ്റി എനിക്ക് നല്ല ബോദ്ധ്യമുണ്ട്.

പക്ഷേ, എന്തടിസ്ഥാനത്തിലാണ് നിങ്ങളെന്നെ അങ്ങോട്ട് ക്ഷണിക്കുന്നത് ?നേരത്തെ പറഞ്ഞതു പോലെ, രശ്മി നായർ ലൈംഗികത്തൊഴിലാളി മാത്രമാണെങ്കിൽ അവരെ തള്ളിപ്പറയാൻ ഞാൻ ഒരുക്കമല്ല. പോലീസ് ഇപ്പോൾ അവരെക്കുറിച്ചു പറയുന്നത് വിഴുങ്ങാനും ഞാൻ തയ്യാറല്ല. ചുംബനസമരത്തെക്കുറിച്ച് നിങ്ങൾ എന്തു വിചാരിച്ചാലും ശരി, അതിനെ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമല്ല. ലൌ ജിഹാദ് കള്ളപ്രചരണത്തിൽ സ്നേഹത്തിൻെറയും സമ്മതത്തിൻെറയും മറ ഉപയോഗിച്ച് ഹിന്ദുപെൺകുട്ടികളെ വഴിതെറ്റിക്കുന്നു എന്ന കുപ്രചരണം നടന്നപ്പോൾ അതിനെ നിസ്സംശയം എതിർത്തതു പോലെ ഇതിനെയും ഞാൻ എതിർക്കും.

നിങ്ങളുടെ വേദികളിൽ വരാൻ എനിക്കു തത്ക്കാലം കഴിയില്ല, ക്ഷമിക്കുമല്ലോ. ഹിന്ദുത്വവാദ ഫാസിസത്തിനെതിരെയുള്ള സമരത്തിൽ നാം ഒന്നിച്ചു നിൽക്കേണ്ടതാണ്, തീർച്ച. പക്ഷേ ചീത്ത എന്നു നിങ്ങൾ കരുതുന്ന ഒരു സ്ത്രീയെ അതിനായി കൂടെ നിർത്തുന്നത് വല്ലാത്ത സദാചാരലംഘനമാവില്ലേ? അതുകൊണ്ട് എന്തടിസ്ഥാനത്തിലാണ് വെറും ചീത്തയായ എന്നെ നിങ്ങൾ കൂടെക്കൂട്ടുന്നതെന്ന് വ്യക്തമാക്കാതെ ഇനി ഞാൻ അവിടേയ്ക്കില്ല.

ആശംസകളോടെ

ജെ ദേവിക.

 

 

13 thoughts on “ചീത്തകളെ തള്ളിക്കള: നഹാസ് മാളയ്ക്ക് തുറന്ന കത്ത്”

 1. നഹാസ് മാള? ആദ്യായാണ് ആ പേര് കേള്‍ക്കുന്നത്. അവനു വല്യ വെബരം കാണുമെന്നു തോന്നുന്നില്ല. ഒരു പെണ്ണിനെ പോലും കണ്ണ് തുറന്നു നോക്കീട്ടുണ്ടാവില്ല. എസ് ഐ ഓ എന്നാല്‍ വിശുദ്ധ പയ്യിന്‍റെ നെയ്യാണ്. അവനെ വിട്ടുകള, ശ്രിമതി ദേവിക.

  1. മാന്യമായി സംവദിക്കൂ… സമയവും സ്ഥലവും ഉണ്ടല്ലോ… ഓരോ വ്യക്തിക്കും എതിരാവുമ്പോൾ അപരന് വിവരമില്ല എന്ന് പ്രസ്താവന ഇറക്കുന്നത് ഉചിതമല്ല.

   1. അതിന് ഈ ലേഖനത്തിൽ എവിടെയാണ് അമാന്യപരാമർശം? പിതൃസ്ഥാനത്തു നിന്ന് ഉപദേശിക്കരുതെന്ന് നിങ്ങളുടെ കൂട്ടാളികൾ ഫേസ്ബുക്കിലും മറ്റും ആക്രോശിച്ചു കണ്ടല്ലോ. അമാന്യസംവാദങ്ങളുടെ കുത്തക നിങ്ങൾക്കാണെന്ന് കണ്ണുതുറന്നു കാണുക. മറ്റുള്ളവരുടെ കണ്ണിലെ കരട് ചൂണ്ടിക്കാണിക്കുന്നവർ സ്വന്തം കണ്ണിലെ കോല് ആദ്യം കാണുക.

    1. മുജീബ് കെ. പട്ടേൽ എന്ന വ്യക്തി കമെന്റ് ചെയ്തത് താങ്കളുടെ ലേഖനത്തെക്കുറിച്ചല്ല , മറിച്ച് Prathiba Sundaram എന്ന വ്യക്തി നടത്തിയ കമെന്റിനെപ്പറ്റിയാണെന്നാണു എനിക്ക് വായിച്ചപ്പോൾ മനസ്സിലാവുന്നത്. താങ്കളുടെ ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുടെ തുടക്കവും (നഹാസ് മാളക്ക് നൽകിയ ആദ്യ മറുപടി) ഇത് പോലെ തന്നെയാണു നടത്തിയതു എന്ന് തോന്നുന്നു. കാരണം ആ ലേഖനത്തിൽ നഹാസ് മാള താങ്കളെ പരാമർശിച്ചതായി കണ്ടിട്ടില്ല . പക്ഷെ ഇത് എന്നെക്കുറിച്ചാണ്.. എന്നെക്കുറിച്ച് തന്നെയാണ്.. എന്നെക്കുറിച്ച് മാത്രമാണ് എന്ന രീതിയിലാണ് താങ്കൾആ ലേഖനത്തെ സമീപിച്ചത്

     1. മറ്റാരെയെങ്കിലും പറ്റിയാണെന്ന് പറയാൻ നിവൃത്തിയില്ലല്ലോ, ഇഹ്സാൻ.

 2. It is a visual delight to see a script other than Roman… Hindi too is rather infrequent. Please give the title of the piece in English too so that those who can’t read the script, know what the piece is about.

  1. This is in Malayalam, and is an open letter to a senior leader of the Students’ Islamic Organization in Kerala. Recently, we have been debating the Kiss of Love protests again, after two prominent figures in the KOL protests were accused of engaging in sex trafficking. The Hindu right wing has of course seen this as a major chance to attack the KOL that had exposed them completely, and so also many Islamicist organizations. I have worked very closely with the latter, but not uncritically, over many issues related to minority rights, and so felt the need to ask a few questions about why the SIO’s statement on the present controversy resembles the Sangh Parivar positions so closely, and why they should indeed have anything to do with an ‘immoral woman’ like me. The title roughly translated would be ‘Dump the Dissolute: An Open Letter to Nahas Mala

 3. എന്തെന്നാൽ , ഒരു പരിപാടിക്ക് ഏതെങ്കിലും പ്രസ്ഥാനങ്ങളോ വ്യക്തികളോ ക്ഷണിക്കുമ്പോൾ പ്രസ്തുത പരിപാടി ലക്‌ഷ്യം വെക്കുന്നത് എന്താണു എന്നുള്ളതിനേക്കാൾ ആ പരിപാടി സങ്കടിപ്പിക്കുന്നവർ ഏത് ആദർശത്തിൽ വിശ്വസിക്കുന്നവർ ആണെന്നും ,അവരെ സംബന്ദിച് ഈ പരിപാടി എന്താണെന്നും മനസിലാക്കുകയും അതിനു ശേഷം മാത്രം ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്‌ , ഇവിടെ madam എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ ആര് ഏത് പരിപാടിക്ക്‌ വിളിച്ചാലും പോകുകയും സപ്പോർട്ട് ചെയ്യുകയും ചെയയുന്ന ഒരു വ്യക്തി ആണെന്നാണ്‌ മനസിലാക്കാൻ സാധിച്ചത് .അതിനു ശേഷം
  നാം പങ്കെടുത്ത പരിപാടി സങ്കടിപ്പിച്ചവർ നാം പങ്കെടുത്ത മറ്റൊരു പരിപാടിയെ എതിർക്കുമ്പോൾ , ആ എതിർത്തവർ ഇനി ഏത് പരിപാടിക്ക് ക്ഷണിച്ചാലും കഷണം സ്വീകരിക്കില്ല എന്ന നിലപാട് സ്വീകരിക്കേണ്ടി വരുന്നതും ഇത്തരം ഒരു വിലയിരുത്തൽ ഇല്ലാത്തതിന്റെ പ്രശ്നം മാത്രമാണു .

 4. ദൈവം, മനുഷ്യന്‍, ധാര്‍മികത, സദാചാരം, ലിംഗ നീതി എന്നിവയില്‍ മതം മാത്രം പ്രതിസ്ഥാനത്താകുന്നത് കേരളത്തിലെ പൊതുമണ്ഡലത്തെ നിര്‍ണയിക്കുന്ന മറ്റ് പല ഘടകങ്ങളെയും അഭിമുഖീകരിക്കാതിരിക്കാനും അത് വഴി ചില കാല്‍പനിക സമവാക്യങ്ങള്‍ സൃഷ്ടിക്കാനും മാത്രം സാഹായകരമാവുകയുള്ളൂ. ധാര്‍മികത, സദാചാരം എന്നിവയെ കുറിച്ച് മുസ്ലീം സമൂദായത്തിന്റെ നിലപാടുകള്‍ സംഘപരിവാര്‍ യുക്തി തന്നെയാണന്ന് ഏതര്‍ഥത്തലാണ് സ്ഥാപിക്കാനാവുക? മനുഷ്യന്‍ , മനുഷ്യന്റെ അസ്ഥിത്വം, ധാര്‍മികത, സാദാചാരം, ലൈംഗികത എന്നിവയെ കുറിച്ച് ഇസ്ലാമിന്റെ വ്യത്യാസത്തെ വായിച്ച് മനസ്സിലാക്കാത്ത ആളല്ല താങ്കളും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ ഈ വ്യത്യാസങ്ങളെ തിരിച്ചറിയാന്‍ സാധ്യമല്ലാത്ത ഒരു പ്‌ളാറ്റ്‌ഫോം മറ്റൊരു ഫാസിസ്റ്റ് സാധ്യതയായി മാത്രമേ എസ് ഐ ഒ മനസ്സിലാക്കുന്നുള്ളൂ.

  1. ഇതു പല ചോദ്യങ്ങളും ഉയർത്തിവിടുന്നു (1) താങ്കൾ സൂചിപ്പിക്കുന്ന മറ്റു പല ഘയകങ്ങൾ ഏതൊക്കെയാണ്? (2) ലിംഗനീതി അവകാശപ്പെടുന്നത് കാല്പനികമാകുന്നതെങ്ങനെ? (3) ഹിന്ദുത്വത്തെയല്ലാതെ പൊതുവെ മതത്തെ പ്രതിസ്ഥാനത്ത് ചുംബനസമരം നിർത്തിയെന്നതിനുള്ള തെളിവ്? (4) ഇസ്ലാമിൻെറ വ്യത്യസ്തതകളെപ്പറ്റി അനവധി വ്യാഖ്യാനങ്ങൾ ഉമ്ടായിരിക്കെ താങ്കളുടെ വ്യാഖ്യാനമാണ് ശരി എന്ന് എങ്ങനെ ഉറപ്പാക്കാം? (5) താങ്കളുടെ ഇസ്ലാം വായനയ്ക്കു വിധേയരാകാതേതവർ എല്ലാം ഫാസിസ്റ്റോ?

 5. 1)” കേരളത്തിലെ രാഷ്ട്രീയ മാധ്യമമേഖലയിലെ പ്രമുഖരുമായുള്ള ബന്ധങ്ങൾ ഇത്തരം റാക്കറ്റുകൾ മറയായി ഉപയോഗപ്പെടുത്തുന്നുണ്ട്” ഈ വരികൾ ഒന്ന് കൂടെ മനസിരുത്തി വായിച്ചാൽ മനസിലവുന്നതെ ഉള്ളൂ സംഗതി അതായത് ഇതിനര്ത്ഥം നിങ്ങൾ മോശക്കാർ ആണെന്നല്ല

  2) ഇത് കേരള പോലീസിൻറെ തിരക്കടകൃത്തുകൾ രചിച്ച മനോഹരമായ ഒരു ന്യൂ genaration തിരക്കദ ആയിക്കൂടെ എന്നത് തികച്ചും ചര്ച്ച ചെയ്യപ്പെടെണ്ടാതാണ് ….

  1. ഇതുകൂടി നഹാസിന്റെ കത്തിലുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. പൊതുശത്രുക്കളെ യോജിച്ചു നേരിടാനുപയോഗിക്കേണ്ട വിലപ്പെട്ട ഊര്ജ്ജവും സമയവും പ്രശ്നം അനവധാനതയോടെ കൈകാര്യം ചെയ്തത് കൊണ്ടുണ്ടായ fuss ആണ് ഒരല്പം humanitarian ആയി കാര്യങ്ങൾ കാണണം എന്നാഗ്രഹമുള്ള എന്നെപ്പോലുള്ള ബുജി ലെവലിൽ എത്താത്തവർ ഈ സഹിക്കേണ്ടി വരുന്നത്.
   ശൈലി ഒരൽപം കടുപ്പമാണെങ്കിലും ശ്രീമതി പറയുന്നതിൽ കാര്യമില്ലാതെയല്ല. ആദര്ശവൈരുധ്യം കാരണമായുള്ള പരസ്പര വിശ്വാസക്കുറവ് കാണാനുണ്ട് താനും. ഇസ്ലാമിൻറെ സകലലോക സ്നേഹസാദ്ധ്യതകളെ ജമാഅത്താണ് കേരളത്തിൽ ആദ്യമായി അവതരിപ്പിക്കാൻ ശ്രമിച്ചത്‌; സഹോദര സംഘടനകൾ പാരയായെങ്കിലും! ഒരുഭാഗത്ത് കൂടുതൽ കൂടുതൽ സെക്യുലർ ആകാൻ അവർ മീഡിയ ഉപയോഗിക്കുമ്പോൾ തന്നെ വ്യത്യസ്തമായി കാര്യങ്ങൾ കാണാനുള്ള അവരുടെ ആ രീതി കൈമോശം വരുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
   റെജിന എഴുതിയത് പോലുള്ള സത്യാംശമുള്ള ഒരുപാട് കഥകൾ പഠിക്കുന്ന കാലത്ത് കേട്ടിരുന്നു. അത് തുറന്നെഴുതിയത്തിനു റെജിന നേരിടേണ്ടിവന്ന അപമാനം ഏതായാലും ജമാഅത്തിന്റെ രീതിയിൽ പെട്ടതായിരുന്നില്ല ഇപ്പോഴിപ്പോഴായി എല്ലാം മാറിക്കൊണ്ടിരിക്കുകയാണോ!

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s