Save Yo Drama for Yo Mama :യഥാർത്ഥരക്ഷകർത്താക്കളോട് കലിപ്പ് തീർത്തുകൊള്ളുക

എസ് ഐ ഒ നേതാവിനോട് ഒരു ചോദ്യം ചോദിച്ചതും, അതാ ‘നിങ്ങളുടെ രക്ഷാകർതൃത്വം ഞങ്ങൾക്കാവശ്യമില്ല‘ എന്ന ആക്രോശം മുസ്ലിം റാഡിക്കൽ സ്ത്രീപുരുഷ ആക്ടിവിസ്റ്റുകളിൽ നിന്നുമുണ്ടായിരുക്കുന്നു. അവരുടെ കൂക്കിവിളിക്ക് ആക്കം കൂട്ടാൻ ചില ദലിത് സിംഹങ്ങളും സട കുടഞ്ഞെഴുന്നേറ്റിരിക്കുന്നു. അവരുടെ തന്ത്രങ്ങൾ പരിചിതങ്ങളാണ് – മുൻപ് ചുംബനസമരം നടന്ന സമയത്ത് പയറ്റിയ ചില അടവുകളാണ് അവ. എന്നെ ‘അധികാരത്തെ മോശമായി പ്രയോഗിക്കുന്ന പവർഫുൾ സ്ത്രീ’ എന്നും, ഷാഹിനയെ ‘ചീത്ത മുസ്ലിം’ എന്നും, അരുന്ധതിയെ ‘സവർണ്ണസ്ത്രീശരീര’മെന്നുമൊക്കെ ആദ്യമായല്ല മുദ്രകുത്തുന്നത്. അങ്ങനെ ചെയ്താൽ ഞങ്ങൾ പറയുന്നതു മുഴുവൻ തെറ്റാണെന്ന് മറ്റുള്ളവർ ധരിച്ചുകൊള്ളുമെന്ന ശുദ്ധഗതി കലർന്ന പ്രത്യാശയിലാണ് ഇതു ചെയ്തു കൂട്ടുന്നത്. മുസ്ലിം സമുദായത്തെ ചില വാർപ്പു മാതൃകകളിലേക്കു ചുരുക്കുന്ന രീതി സ്വീകാര്യമല്ലെന്ന് വാതോരാതെ കരയുന്നവർ തന്നെയാണ് ഈ പണി ചെയ്യുന്നതെന്നത് തീർച്ചയായും കൌതുകകരം തന്നെ.

ഞാൻ ഇത്തരം നിലവിളി അവസാനം നേരിട്ടത് ചുംബനസമരക്കാലത്താണ്. മുസ്ലിം സമുദായത്തിനൊപ്പം പല രാഷ്ട്രീയപ്രശ്നങ്ങളിൽ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളെ സംബന്ധിക്കുന്ന പ്രശ്നങ്ങളിൽ, പങ്കാളിയായിരുന്നിട്ടുണ്ടെന്ന് പറഞ്ഞതും, തുടങ്ങി, നിങ്ങൾ ഞങ്ങളുടെ രക്ഷിതാവാകണ്ട എന്ന ആക്രോശം. ഇതൊരു സ്ഥിരം കോറസ്സാണ് – മുസ്ലിം-ദലിത് വൃത്തങ്ങളിൽ പ്രവർത്തിക്കുന്നവർ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒന്ന്. പൊതുവെ പറഞ്ഞാൽ, എപ്പോഴൊക്കെയാണോ ഇവരുടെ രാഷ്ട്രീയത്തിലെ പൊരുത്തക്കേടുകളെ പുറത്തുകൊണ്ടുവരുന്ന ചില ചോദ്യങ്ങൾ  ചോദിക്കേണ്ടി വരുന്നത്, അപ്പോഴൊക്കെ ഉത്തരം പറയുന്നതിനു പകരം ഈ കൂട്ടനിലവിളി നടത്തി ചോദ്യം ചോദിച്ചവരെ നിശ്ശബ്ദയാക്കാറുണ്ട്. എന്നാൽ ഇതേ സമുദായപ്രവർത്തകരിൽ മറ്റു പലരും കുറേക്കൂടി തുറന്ന സമീപനം പുലർത്തിയിരുന്നതു കൊണ്ട് ന്യൂനപക്ഷവിരുദ്ധരാഷ്ട്രീയത്തെ എതിർക്കുന്ന പ്രവർത്തനങ്ങളിൽ തുടർന്നും ഒന്നിച്ചുകൊണ്ടിരുന്നു.

ഞാൻ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തെ  എതിർക്കാൻ തുടങ്ങിയത് ജമാഅത്ത് വേദികളിൽ നിന്നല്ല, എൻറെ സ്വന്തം പ്ളാറ്റ്ഫോറത്തിൽ നിന്നു തന്നെയാണ്. ഭരണകൂട സെക്യുലറിസത്തെക്കുറിച്ച് വിമർശനം ഉന്നയിക്കാൻ എന്നെ പഠിപ്പിച്ചതും അവരല്ല. അദർ ബുക്സ് പോലെ ഇസ്ലാമിൻറെ സകലലോകസ്നേഹസാദ്ധ്യതകളെ ജമാഅത്ത് വൃദ്ധദൃഷ്ടിക്കപ്പുറം അന്വേഷിക്കാൻ തുടങ്ങിയവരുമായിയാണ് ഞാൻ സംവദിച്ചത്. തന്നെയുമല്ല, ജമാഅത്ത് സംഘടനകൾ നളിനീ ജമീലയെപ്പോലുള്ളവരോടു കാട്ടിയ പ്രത്യക്ഷഹിംസയ്ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചുകൊണ്ട് മാദ്ധ്യമം അവരോടു മാപ്പു പറയാത്തിടത്തോളം ഞാനതിൽ എഴുതില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതുമാണ്. ഇങ്ങനെയുള്ളവൾ അദർ ബുക്സ് വേദിയിൽ നടത്തിയ പ്രഭാഷണത്തെ അവരോട് ചോദിക്കുക പോലും ചെയ്യാതെ കൈയ്യില്ലാ കുപ്പായം ധരിച്ചുകൊണ്ടുള്ള എൻറെ പടത്തോടു ചേർത്ത് മാദ്ധ്യമം ആഴ്ചപ്പതിപ്പ്  പ്രസിദ്ധീകരിച്ചത് സ്വമേധയാ ആണ് – ഞാൻ ചെന്നു കാലുപിടിച്ചിട്ടല്ല. മുസ്ലിം സ്ത്രീകളും മുഖ്യധാരാഫെമിനിസവുമെന്ന പ്രശ്നത്തെപ്പറ്റിയായിരുന്നു ആ പ്രഭാഷണം. വിഷയം ഇതായിരുന്നെങ്കിലും അന്നൊന്നും അവർക്ക് ഞാൻ രക്ഷകർത്താവാണെന്ന തോന്നൽ ഉണ്ടായില്ല – മുസ്ലിം സ്ത്രീകളെ പറ്റി ഭൂരിപക്ഷസമുദായത്തിൽപ്പെട്ട ഒരു സ്ത്രീയുടെ സംസാരത്തിൽ അത് അനിവാര്യമാണെന്ന മട്ടിലാണ് ഇപ്പോഴത്തെ പ്രസംഗമെങ്കിലും. അന്നവർക്ക് എന്നെ ആവശ്യമാണെന്നു തോന്നി, ഇന്നു തോന്നുന്നില്ലായിരിക്കാം. അതെനിക്കൊരു പ്രശ്നമല്ല. ഞാനവരുടെ പ്രസിദ്ധീകരണങ്ങളിൽ പതിവായി എഴുതി പ്രശസ്തി നേടുന്നില്ല, ഒന്നിനും പോകുന്നില്ല.

ഇത്തരം ചോദ്യങ്ങളുന്നയിച്ചാൽ ഹിന്ദുത്വവിരുദ്ധമുന്നണി തകർന്നു പോകുമെന്ന് പ്രമുഖരായ അമുസ്ലിം ഹിന്ദുത്വവിരുദ്ധ ബുദ്ധിജീവികൾ പോലും വിശ്വസിക്കുന്നു. പക്ഷേ ഇവിടെയുണ്ടായിരുന്നത് ഹിന്ദുത്വവാദവിരുദ്ധ -പുരുഷാധികാര മുന്നണിയാണെന്ന് തിരുത്തുന്നത് തെറ്റല്ലെന്ന് ഫേസ് ബുക്കിൽ ഇവരുടെ തെറി അഭിഷേകം തെളിയിക്കുന്നു. അത് മറ്റു പല നിലയ്ക്കും വ്യക്തമാണ്. മുസ്ലിം-ദലിത് മാസ്റ്റർന്യൂനപക്ഷങ്ങൾ തങ്ങളുടെ സൌകര്യാർത്ഥം മാത്രം ഫെമിനിസ്റ്റുകളെ കൂടെക്കൂട്ടുന്ന ഇടപാടാണ് ഇതുവരെ നടന്നത് എന്ന് ഈ ചീത്തവിളിയിൽ നിന്നു വ്യക്തം.  എന്നാൽ ഞങ്ങളിൽ പലരും ഞങ്ങളുടേതായ ന്യൂനപക്ഷരാഷ്ട്രീയത്തിൻറെ പേരിലാണ് ഒപ്പം നിന്നത്. നിങ്ങളോടുള്ള വിയോജിപ്പുകൾ വ്യക്തമാക്കിക്കൊണ്ടുതന്നെ.   മുസ്ലിം സ്ത്രീകൾ കൂടിയില്ലാത്ത വേദികളിൽ ഞാൻ ചെല്ലില്ല എന്ന് വാശിപിടിച്ചിരുന്നതു കൊണ്ട് എൻറെ സാന്നിദ്ധ്യം പ്രസ്താവനകളിലും ചുരുക്കം ജിഐഒ വേദികളിലും മാത്രമായിരുന്നു.

ഇന്നെന്തങ്കിലും തകർന്നിട്ടുണ്ടെങ്കിൽ അത് മേൽപ്പറഞ്ഞ സ്ത്രീവിരുദ്ധ മുന്നണിയാണ്. അവരുടെ സ്ത്രീവിരുദ്ധതയുടെ ആഴം വെളിപെട്ടതുകൊണ്ടാണ് അതു തകർന്നത്. അതിൽ മുതലക്കണ്ണിരൊഴുക്കുന്നത് കണ്ടാൽ ഞങ്ങൾക്കറിയാം.

രണ്ടാമത്, ഇതു ഇങ്ങനെ തകരേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് എൻറെ പക്ഷം.  മാത്രമല്ല, അത് കൂടുതൽ ജനാധിപത്യപരമായ വിധത്തിൽ തിരുത്തിയെഴുതാൻ ഇത് അവസരവുമായിരുന്നു. ജമാഅത്ത് സംഘടനകൾ അവയുടെ യാഥാസ്ഥിതികത്വം ഉപേക്ഷിക്കണമെന്നോ അവർ ചുംബനസമരത്തെ അനുകൂലിക്കണമെന്നോ ഞാനോ മറ്റുള്ളവരോ ആവശ്യപ്പെട്ടിട്ടില്ല. പൂർണയോജിപ്പോ വിയോജിപ്പോ അല്ലാത്ത നിലപാടുകൾ സാദ്ധ്യമാമെന്നു തന്നെയാണ് വിശ്വാസം – ഇവിടുത്തെ ദലിത്ഫെമിനിസ്റ്റ് ബുദ്ധിജീവികൾ അത്തരത്തിലുള്ള, പക്വമായ, വിമർശനപരമായ, നിലപാട് കൈക്കൊണ്ടിട്ടുമുണ്ട്.കെ കെ ബാബുരാജിന് ബോദ്ധ്യമാവില്ലായിരിക്കാം, വിമർശനപരമായ അകലങ്ങൾ പാലിക്കുന്നവരെ ബഹുമാനിക്കുന്ന രാഷ്ട്രീയമാണ് ചുംബനസമരത്തിൻറേത്. സത്യത്തിൽ പൂർണയോജിപ്പെന്നു പറഞ്ഞ് പെട്ടെന്ന് വാരിപ്പുണരാൻ വരുന്നവരെയാണ്  സംശയിക്കേണ്ടത്. സംഘപരിവാരസംഘടനകളുടെ കൂടെ കൈകൊട്ടിക്കളിക്കാൻ അറിഞ്ഞോ അറിയാതെയോ മേൽപ്പറഞ്ഞ പുരുഷാധികാര മുന്നണി തയ്യാറായതോടെയാണ് പരസ്പരബഹുമാനത്തോടെയും പ്രതിബദ്ധതയോടെയും (പ്രതിബദ്ധത എന്നാൽ സഹതാപമോ അനുതാപമോ രക്ഷാകർതൃത്വമോ അല്ല) പ്രവർത്തിക്കാനുള്ള സാദ്ധ്യതയാണ് ഇല്ലാതായത്. അതില്ലാതാക്കിയത് അരക്ഷിതപുരുഷബുദ്ധി മാത്രമാണ്.

ഇനി, രക്ഷാകർതൃത്വത്തെപ്പറ്റി ചിലത്. ഒന്നാമതായി, ഈ പദത്തെ മനസ്സിലാക്കേണ്ടതെങ്ങനെ എന്ന് എനിക്കു വ്യക്തമല്ല. ക്ഷണിച്ചാനായിച്ചിരുത്തിയ വേദികളിൽ ഇരുന്നാൽ ക്ഷണിതാക്കളുടെ രക്ഷകർത്താവാകുമോ ? പോലീസ് അന്യായമായി ഒരു കൂട്ടരെ പീഡിപ്പിക്കുന്ന അവസരത്തിൽ അവരുടെ പക്ഷം ചേർന്നാൽ അത് രക്ഷാകർതൃത്വമാകുമോ? അതല്ല, കൃത്യമായ അകലം പാലിച്ചുകൊണ്ട് സമുദായത്തെ ബാധിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചാൽ അതും രക്ഷാകർതൃത്വം തന്നെയോ? എൻറെ അഭിപ്രായത്തിൽ ഇതൊന്നുമല്ല രക്ഷാകർതൃത്വം – മേൽനിലയിൽ നിന്നുകൊണ്ട് കീഴ്നിലയിലുള്ളവരെ ഉദ്ധരിക്കാനുള്ള കുറുപ്പടികൾ തയ്യാറാക്കി അവ അടിച്ചേൽപ്പിക്കാൻ നടക്കുന്നതാണ് രക്ഷാകർതൃത്വം. അത്തരത്തിൽ പരിപാടിയിടാൻ സമയമോ ഊർജ്ജമോ മനസ്സോ ചുംബനസമരക്കാർക്കും എനിക്കും പണ്ടുമില്ല, ഇന്നുമില്ല. ഈ സമുദായത്തെപ്പറ്റി എന്തെഴുതിയാലും ഈ പ്രശ്നത്തെ വ്യക്തമായി അഭിസംബോധന ചെയ്യാൻ ഞാൻ തയ്യാറായിട്ടുമുണ്ട്. അതൊക്കെ ഈ ആക്രോശപ്രവാഹം കൊണ്ട് മറയ്ക്കാമെന്ന് കരുതണ്ട.

രണ്ടാമത്, ആര് ആരുടെ രക്ഷാകർതൃത്വം വഹിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവിടെ ചുംബനസമരക്കാരോട് മേൽപ്പറഞ്ഞ പുരുഷാധികാര കൂട്ടുകെട്ടാണ് രക്ഷാകർതൃമനോഭാവം കാട്ടുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. ചെറുപ്പക്കാരെ രക്ഷാകർത്താക്കളുടെ അമിതനിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രസ്ഥാനത്തിന് രക്ഷാകർതൃത്വത്തിനോട് ആർത്തിയുണ്ടെന്നു പറഞ്ഞാൽ പോര, അത് തെളിയിക്കണം. ജമാഅത്ത് സംഘടനകളിൽ ഇത്തരം രക്ഷാകർതൃമനോഭാവം ഘടനാപരമായിത്തന്നെ ഉൾച്ചേർന്നിട്ടുമുണ്ട്. ഇതു കേൾക്കുംപോൾ അമേരിക്കൻ സർവ്വകലാശാലകളുടെ തണലിലിരുന്ന് , അവിടുത്തെ അവസ്ഥകളോടു പ്രതികരിക്കാൻ ദരിദ്രസമൂഹങ്ങളിലെ മുസ്ലിം സ്ത്രീകളുടെ സത്യം പ്രഖ്യാപിക്കുന്ന സബ മെഹ് മൂദിനെപ്പോലുള്ള പോസ്റ്റ്കൊളോണിയിൽ ബുദ്ധിജീവികളുടെ രക്ഷാകർതൃത്വത്തിൻറെ പിൻബലത്തിൽ വർഷാ ബഷീറിനെപ്പോലുള്ള സിംഹികൾ സട കുടഞ്ഞുണരുമെന്നറിയാം. സമുദായത്തിൻറെ രക്ഷാകർതൃത്വമാണ് സ്വന്തം കർതൃത്വത്തെക്കാൾ നല്ലതെന്ന് പറഞ്ഞേക്കാം.   നിങ്ങളുടെ രക്ഷാകർതൃപ്രണയം എനിക്കു വിഷയമേയല്ല. നിങ്ങളുടെയും നിങ്ങളുടെ രക്ഷകർത്താക്കളുടെയും രക്ഷാകർതൃപ്രണയം എൻറെ മേൽ ആരോപിക്കാതിരുന്നാൽ മാത്രം മതി. എൻറെ നോട്ടത്തിൽ എസ് ഐ ഒ അടക്കമുള്ളവർ കേരളത്തിലെ യാഥാസ്ഥിതികർ കൊണ്ടുനടക്കുന്ന പന്നക്കെഴവരക്ഷാകർതൃത്വമാണ് ചുംബനസമരക്കാരുടെ മേൽ നടപ്പാക്കാൻ ശ്രമിക്കുന്നത്.

മൂന്നാമതായി, രക്ഷാകർതൃത്വമേൽക്കാനുള്ള മേൽനില എനിക്കോ ചുംബനസമരക്കാർക്കോ ഉണ്ടോ എന്ന പ്രശ്നമാണ്. ഇന്നാട്ടിൽ ജാതിമതപ്രയോഗങ്ങൾക്കും വിവാഹ-കുടുംബരീതികൾക്കും പുറത്ത്, സ്വതന്ത്രമായ മത-മതേതരധാർമ്മികതകളെ സ്വയം പരിശോധിച്ചുകൊണ്ട്, സദാചാരത്തെ ലൈംഗികസദാചാരത്തിലേക്കു ചുരുക്കാതെ അതിനെ പൊതുജീവിതധാർമ്മികതയായിത്തന്നെ കാണുന്നവർ ചെറുതിൽ ചെറുതായ ന്യൂനപക്ഷമാണ്. അവർക്ക് രക്ഷാകർതൃത്വം സാദ്ധ്യമല്ല, അതവരുടെ രാഷ്ട്രീയത്തിനെതിരാണ്, ചെറുത്തുനിൽപ്പും പ്രതിഷേധവും, നിരന്തരമായ ആശയപ്രചരണവും പോരാട്ടവുമല്ലാതെ മറ്റൊരു മാർഗവും അവർക്കില്ല. സംഘികളോടു കൂട്ടുചേർന്നു നിൽക്കുന്ന സദാചാരഭൂരിപക്ഷത്തോടിണങ്ങാൻ മടിയില്ലാത്ത നിങ്ങൾക്കാണ് രക്ഷാകർതൃത്വം സാദ്ധ്യമാകുന്നത്, ഓർക്കുക.

നാലാമതായി, രക്ഷാകർതൃത്വം നന്നല്ലെങ്കിലും എല്ലാ കുഞ്ഞുങ്ങൾക്കും അവരെ സ്നേഹിക്കുന്ന മുതിർന്നവരുടെ കരുതലും പരിഗണനയും പരിചരണവും ആവശ്യമാണ്. അതു ലഭിച്ചാൽ മാത്രമേ അവർ ജനാധിപത്യാവബോധമുള്ളവരാകൂ. അക്രമത്തിൽ നിന്നും അകലൂ. തത്ക്കാലമെച്ചത്തിനു വേണ്ടി ധാർമ്മികതയെ ബലികഴിക്കാൻ തയ്യാറല്ലാത്ത നല്ല മനുഷ്യരായി വളരൂ.സത്യം പറഞ്ഞാൽ, വി പി റെജീനയുടെ പോസ്റ്റിനു താഴെയുള്ള അസഭ്യവർഷം കാണുംപോൾ ചോദിച്ചുപോകുന്നു, ഈ നാണംകെട്ടവന്മാരെ അവർ വളർന്ന കാലത്ത് സംരക്ഷിക്കാനും രൂപപ്പെടുത്താനും ആരും ഇല്ലായിരുന്നോ? മതധാർമ്മികതയെപ്പറ്റി വാതോരാതെ പറയുന്ന നേതാക്കൾ അതവർക്കു നൽകിയിരുന്നെങ്കിൽ മറ്റൊരഭിപ്രായം പറഞ്ഞ ഒരു മുസ്ലിം സഹോദരിയെ തെറികൊണ്ട് മാത്രമേ സമീപിക്കാനാകൂ എന്ന വിചാരം അവർക്കുണ്ടാകുമായിരുന്നില്ല. ഈ തെറിക്കൂട്ടത്തിൽ ജമാഅത്തുകാരും കുറവല്ല.

ആവശ്യമായ കരുതൽ ഇവർക്ക് കിട്ടിയിട്ടില്ല എന്നതിന് വേറൊരു തെളിവ്, എന്നെ ശകാരിക്കാൻ ഇക്കൂട്ടർ പലരും ഉപയോഗിക്കുന്ന വാക്കുകളാണ് – അമ്മ എന്ന പദത്തെ വികൃതമാക്കുന്ന പദങ്ങൾ – കെളവി, തള്ള, വയസ്സി മുതലായവ. അത് ശരിക്കും കൌതുകകരമായിരിക്കുന്നു. എൻറെ രക്ഷാകർതൃത്വം വേണ്ടെന്ന് ഒരു വശത്തുകൂടി ആക്രോശിക്കുകയും മറുവശത്തുകൂടി വികൃതമായ രീതിയിലാണെങ്കിലും മാതൃസ്ഥാനം കല്പിക്കുകയും  ചെയ്യുന്നതിൻറെ ദൈന്യം ! എന്തായാലും ഉത്തരം പറയേണ്ടത് ഇവരെ പടച്ചിറക്കി പുറംലോകത്തേയ്ക്കു വിട്ട വൃദ്ധനേതൃത്വം തന്നെ. അമ്മമാരല്ല, പുരുഷാധികാരനേതൃത്വമാണ് ഇക്കൂട്ടത്തെ വളർത്തിയത്.

മറ്റൊരു സാഹചര്യത്തിൽ രൂപേഷ് കുമാർ അവതരിപ്പിച്ച Don’t be our fathers എന്ന മുദ്രാവാക്യം ഇവിടെ തികച്ചും അസ്ഥാനത്ത് മുഴക്കുന്നവരാണ് അധികവും. അവർക്കൊരു മറുപടിയുണ്ട് – തെക്കേ ആഫ്രിക്കൻ പുതുമൊഴിയാണ് –

Save Yo Drama For Yo Mama!

നമ്മുടെ സവിശേഷസാഹചര്യത്തിൽ   Mama മാമാ (അമ്മ) ആകണമെന്നില്ല, അത് മാമ (അമ്മാമൻ) ആകാനാണ് സാദ്ധ്യത. വി പി റെജീനയുടെ പോസ്റ്റിനു കീഴിൽ അവരെയും സ്വന്തം മതബോധത്തെയും അപമാനിച്ചവന്മാരുടെ കാര്യത്തിൽ അങ്ങനെതന്നെ, ഉത്തരവാദികൾ ഇവരുടെ അപ്പന്മാരും അമ്മാമന്മാരും മറ്റു രക്ഷിതാക്കളും തന്നെ!

 

 

 

 

 

 

 

 

 

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s