നഹാസ് മാളയ്ക്കു മറുപടി

ആദരണീയ നഹാസ് മാള

താങ്കളുടെ മറുപടി വായിച്ചു, സന്തോഷമുണ്ട്. അത് കാഫിലയിൽ പോസ്റ്റ് ചെയ്യുന്നില്ല. മറിച്ച്, ആ കത്ത് ഉണർത്തിവിടുന്ന ചില ചിന്തകൾ പങ്കുവയ്ക്കാൻ ഈ ഇടം പ്രയോജനപ്പെടുത്തുന്നു.

എസ് ഐ ഒയ്ക്ക് സ്വന്തമായി ശക്തവും വിശാലവുമായ ഒന്നിലധികം വേദികളും പ്രസിദ്ധീകരണങ്ങളും ഉണ്ടെന്നറിയാം. പോരാതെ ഫേസ് ബുക്കിൽ എസ് ഐ ഒ വിദ്യാർത്ഥീവിദ്യാർത്ഥിനികളുടെയും അനുകൂലികളുടെയും സാന്നിദ്ധ്യം ചില്ലറയല്ലെന്ന് കഴിഞ്ഞ ഒന്നുരണ്ടു ദിവസത്തിനിടയിൽ ഒന്നുകൂടി ബോദ്ധ്യപ്പെട്ടിരിക്കുന്നു. അവരിലൂടെ ‘ചീത്ത മുസ്ലിമായി തുടരാൻ ഭയമില്ല’ എന്ന തലക്കെട്ടോടുകൂടിയ കത്തിന് ധാരാളം പ്രചരണം നൽകാമല്ലോ. എന്നെപ്പോലെ പലപ്പോളും അതിന്യൂനപക്ഷങ്ങളോടു ചേരുന്നവർക്ക് കാഫില പോലുള്ള ഇടങ്ങൾ തന്നെയാണ് ആത്യന്തികശരണം – കാരണം  ഇവിടുത്തെ ലിബറൽ മാദ്ധ്യമങ്ങളും, അതുപോലെ തന്നെ ഇവിടുത്തെ മാസ്റ്റർ-ന്യൂനപക്ഷങ്ങളും എന്നെപ്പോലുള്ളവരെ ഏതു നിമിഷത്തിലാണ് കുടിയിറക്കുക എന്ന ആർക്കും പറയാനാവില്ലല്ലോ. 

താങ്കളുടെ മറുപടി എന്നിലുയർത്തിയ ചിന്തകൾ താഴെ കുറിക്കട്ടെ.

തലക്കെട്ടിൽ സൂചിക്കപ്പെടുന്ന കാര്യത്തിൽ നിന്ന് തുടങ്ങാം. ചീത്ത മുസ്ലിം ആകാൻ മടിയില്ലെന്ന് താങ്കൾ പറയുന്നു. അതെനിക്ക് ഒരു വിഷയമേ അല്ലെന്ന് പറഞ്ഞുകൊള്ളട്ടെ. മുസ്ലിമിലെ ചീത്തയും നല്ലതും സമുദായത്തിനുള്ളിൽ ഇന്നു നടക്കുന്ന സജീവമായ സംവാദങ്ങളും സാമൂഹ്യ-രാഷ്ട്രീയ പ്രക്രിയകളും നിർണയിച്ചുകൊള്ളുമെന്നും, അതിൽ പുറമേ നിന്നുള്ളവർ വളരെ സൂക്ഷിച്ചും ബഹുമാനത്തോടെയും വ്യക്തമായ അകലം പാലിച്ചും മാത്രമേ പങ്കെടുക്കാവൂ എന്നുമാണ് എൻെറ പണ്ടും ഇന്നുമുള്ള അഭിപ്രായം. അതിന്യൂനപക്ഷത്തിൽ പലപ്പോഴും ഉൾപ്പെടുന്ന ഞാൻ മൊത്തത്തിലുള്ള മുസ്ലിം സമുദായത്തിനൊപ്പമാണ്നല്ലതെന്നോ ചീത്തയെന്നോ വിശ്വാസിയെന്നോ വിശ്വാസം കുറഞ്ഞവരെന്നോ പല മാനദണ്ഡങ്ങളാൽ അളക്കപ്പെടുന്ന എല്ലാ മുസ്ലിം സഹോദരങ്ങളും അതിൽ ഉൾപ്പെടും. മറ്റൊരുവിധത്തിൽ, പറഞ്ഞാൽ നിരുപാധികമായ പക്ഷംചേരലാണ് ഇത്. ഞാൻ മുസ്ലിം സമുദായത്തിൻെറ രക്ഷകർത്താവു കളിക്കാൻ നോക്കുന്നു എന്ന് താങ്കളുടെ അണികൾ പലരും ഇന്ന് പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നു. അവരോടിതൊന്നു പറഞ്ഞിട്ടു കാര്യമില്ലായിരിക്കാം, എങ്കിലും പറയുന്നു.

സംഘപരിവാരഭാഷ ഈ പ്രശ്നത്തിൽ നിങ്ങൾ സ്വീകരിക്കേണ്ടിയിരുന്നോ എന്നതു മാത്രമാണ് പ്രശ്നം. യുവ മോർച്ചാ നേതാവിൻെറ വാചകങ്ങളോട് എസ് ഐ ഒയുടെ പ്രസ്താവന പുലർത്തിയ സാമ്യമാണ് എന്നെ കത്തെഴുതാൻ പ്രേരിപ്പിച്ചത്, അല്ലാതെ നിങ്ങളുടെ നന്മയോ തിന്മയോ അല്ല.  ആ സാമ്യം നിഷേധിക്കാൻ എളുപ്പമല്ല. അത് ഒരു പ്രശ്നമല്ല എന്നാണ് പറയുന്നതെങ്കിൽ പ്രശ്നം ഗുരുതരമാണ്, ക്ഷമിക്കുക.

ധാർമ്മിക-സദാചാര-സമുദായഘടനാസംബന്ധമായ നിലപാടുകളിൽ സംഘപരിവാരയുക്തികളോട് നിങ്ങൾ ഒരിടത്തും ചേരുന്നില്ല എന്ന് പൂർണമായും അവകാശപ്പെടാനാകുമെന്ന് തോന്നുന്നില്ല. പക്ഷേ വീണ്ടും പറയട്ടെ, നിങ്ങളുടെ യാഥാസ്ഥിതികത്വമല്ല ഇവിടെ പ്രശ്നം. ഈ പ്രശ്നത്തെ പ്രസ്താവനയിൽ അഭിസംബോധന ചെയ്ത രീതി സംഘപരിവാരപ്രതിനിധിയുടെ ചിത്രീകരണത്തോട് അടുത്തു നിൽക്കുന്നു എന്നാണ് പറഞ്ഞത്.  ഇതു രണ്ടും രണ്ടാണെന്ന് ദയവായി തിരിച്ചറിയുക.

മുസ്ലിം സമുദായത്തോടും വിശ്വാസത്തോടും ചുംബനസമരരാഷ്ട്രീയത്തിനുണ്ടാകാൻ സാദ്ധ്യതയുള്ള ബന്ധങ്ങളെക്കുറിച്ച് ഈ സമയത്ത് പലരും എഴുതുകയുണ്ടായി. മുസ്ലിം സമുദായത്തെ തമസ്കരിക്കാനും ‘പ്രതിസ്ഥാന’ത്തു നിർത്താനുമാണ് അത് സഹായിച്ചതെന്ന് വാദിച്ചത് കെ കെ ബാബുരാജാണ്. അദ്ദേഹത്തിൻെറ വാദങ്ങളിലെ വിള്ളലുകൾ ചൂണ്ടിക്കാട്ടി മറ്റു പലരും അന്നെഴുതുയുരുന്നു.

അന്ന് മറ്റൊരു സാദ്ധ്യതയെക്കുറിച്ച് ഞാനും എഴുതിയിരുന്നു. മുഹമ്മദ് വേളത്തിന് ഒരു തുറന്ന കത്തിൻെറ രൂപത്തിൽ, കാഫിലയിൽ തന്നെ. ഭരണകൂടസെക്യുലറിസത്തെ രണ്ടുവിധത്തിൽ വിമർശിക്കുന്ന നിലപാടുകളാണ് നിങ്ങളുടെയും ചുംബനസമരത്തിൻെറയും എന്നും, കാർട്ടീഷ്യൻ ശരീരനിരാസത്തെ അവ രണ്ടുവിധത്തിൽ പ്രതിരോധിക്കുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ എല്ലായ്പ്പോഴും അവ പരസ്പരവിരുദ്ധമായിക്കൊള്ളണമെന്നില്ല എന്നയിരുന്നു ആ കത്തിൻെറ രത്നച്ചുരുക്കം.യുക്തിവാദം ചുംബനസമരത്തിൻെറ രാഷ്ട്രീയത്തിലെ കാതൽ ആശയം ആയിരുന്നില്ല. അതു തെളിയിക്കാൻ കഴിയും. യുക്തിവാദികളെ വിമർശിച്ചുകൊണ്ടു തന്നെ ചുംബനസമരമുയർത്തിയ പൊതുവിടപ്രവേശന പ്രശ്നത്തെയും ഭരണകൂട സെക്യുലറിസ വിമർശനത്തെയും ഹിന്ദുത്വവാദഭീകരതാവിരുദ്ധതയെയും മറ്റുവിധങ്ങളിലും വഴികളിലും വികസിപ്പിക്കാൻ സകലലോകസ്നേഹത്തിലൂന്നിയ ഇസ്ലാമിനു കഴിയുമായിരുന്നു. സ്വന്തം നിലപാടുകളിൽ ഊന്നിനിന്നുകൊണ്ട് സമരത്തെ ഭാവനാപൂർണമായി വളർത്താൻ നിങ്ങൾക്കാവുമായിരുന്നു.  ഇതു പറയാനാണ് ആ കത്ത് ശ്രമിച്ചത്.

അതിന്  പ്രതികരണം ലഭിച്ചതേയില്ല. നിങ്ങളുടെ നിശ്ശബ്ദത നല്ല രാഷ്ട്രീയമര്യാദ പോലുമായിരുന്നില്ല. കാരണം, ഞാനെഴുതിയത് ചുംബനസമരം പ്രതിനിധീകരിച്ച അതിന്യൂനപക്ഷരാഷ്ട്രീയത്തിൽ (ദൃശ്യതയില്ലാത്തതു കൊണ്ടു മാത്രമാണങ്ങനെ) ഭാഗഭാക്കായ വ്യക്തിയെന്ന നിലയ്ക്കാണ് -ഇതരലൈംഗികതയെ അംഗീകരിക്കുന്നവരും ജാതിമതങ്ങൾക്കു പുറത്തു ജീവിക്കാൻ ആഗ്രഹിക്കുന്നവരും സകലലോകസ്നേഹത്തിൻെറ വക്താക്കളുമായ മനുഷ്യരുടെ പക്ഷത്തു നിന്ന്. സമരത്തെ അകലത്തു നിന്ന് വിലയിരുത്തിയ ദലിത്-പുരുഷ ബുദ്ധിജീവി എന്ന നിലയ്ക്കാണ് ബാബുരാജ് പ്രത്യക്ഷപ്പെട്ടത്.   അദ്ദേഹത്തിൻേറതായിരുന്നു ആധികാരികദലിത്ശബ്ദമെന്നു പോലും പറയാനാവില്ല.  ദലിതരെന്നാൽ ദലിത് പുരുഷ ബുദ്ധിജീവികൾ മാത്രമല്ല. സമരത്തോട് വിമർശനാത്മകമായ അകലം പുലർത്തിക്കൊണ്ടു തന്നെ പല നിലകളിലും അതിനോടു ചേർന്നുനിന്ന നിരവധി   ദലിത് ഫെമിനിസ്റ്റ് ശബ്ദങ്ങളും (രേഖാ രാജ് തുടങ്ങിയവരുടേത്) അന്നു കേൾക്കാനുണ്ടായിരുന്നു. അവയ്ക്കൊന്നും ചെവി കൊടുക്കാതെ ബാബുരാജിൻെറ ആൺയുക്തിയിലും വസ്തുതാപിഴവുകളിലും ചരിത്രനിരാസത്തിലും സൈദ്ധാന്തികദാസ്യത്തിലും ഉറച്ച നിലപാടുകളാണ് നിങ്ങൾക്ക് സ്വീകാര്യങ്ങളായത്.  സമരത്തിലുൾപ്പെട്ടവർ നേരിട്ടെഴുതുംപോൾ  അവരെ അവഗണിക്കുകയും, എന്നാൽ അവരുടെ ശബ്ദങ്ങളെ പ്രതിനിധീകരിക്കാത്തവർ പറയുന്നതിനു വിമർശനാത്മകമല്ലാത്ത വിധത്തിൽ ചെവികൊടുക്കുകയും ചെയ്യുന്ന രീതി വിശാലന്യൂനപക്ഷരാഷ്ട്രീയത്തെയും, നിങ്ങളെയും, ഒരുവിധത്തിലും സഹായിക്കുമെന്ന് തോന്നുന്നില്ല.

ഇനി, ഭരണകൂട സെക്യുലറിസമല്ല, എല്ലാ സെക്യുലറിസവും – സ്വതന്ത്രവിശ്വാസ-ആത്മീയതകളിൽ ഊന്നിയവയായൽപ്പോലും (അതേപ്പറ്റി ഞാൻ വേളത്തിന് എഴുതിയ കത്തിൽ വിശദമായി പറഞ്ഞതാണ്) – ചീത്തവിശ്വാസവും  ഇസ്ലാമിനു ഭീഷണിയും എതിർക്കപ്പെടേണ്ടതുമാണെന്നാണ് നിങ്ങളുടെ പക്ഷമെങ്കിൽ, അത് പറയുക. എങ്കിൽ പിന്നെ എന്തടിസ്ഥാനത്തിൽ ഞങ്ങളിൽ പലരേയും കൂടെക്കൂട്ടുന്നുവെന്ന് വിശദമാക്കുക.  അങ്ങനെയെങ്കിൽ മതസമുദായകെട്ടുപാടുകൾക്കു പുറത്തു ജീവിക്കാനാഗ്രഹിക്കുന്ന ഒരു സ്ത്രീയ്ക്കും തത്വത്തിൽ നിങ്ങളോടൊപ്പം നിൽക്കാനാവില്ല. 

ആ ചർച്ച പിന്നീടു പിൻതുടരാം.

കിസ് ഒഫ് ലൌ സമരക്കാരെല്ലാം കുറ്റവാളികളല്ലെന്ന് നിങ്ങളുടെ പ്രസ്ഥാനം വിചാരിക്കുന്നില്ലെന്ന് അറിഞ്ഞതിൽ സന്തോഷം. എന്നാൽ നിങ്ങൾ അങ്ങനെ വിചാരിക്കുന്നുവെന്നല്ല ഞാൻ പറഞ്ഞത്. കിസ് ഒഫ് ലൌ ഉയർത്തിയ മൂല്യങ്ങൾ – സമ്മതത്തിൻെറയും സ്നേഹത്തിൻെറയും മൂല്യങ്ങൾ – ദുരുപയോഗം ചെയ്ത് ചെറുപ്പക്കാരെ വഴി തെറ്റിച്ചുവെന്നു പ്രസ്താവനയിൽ പറഞ്ഞപ്പോൾ ആ മൂല്യങ്ങളിൽ പങ്കാളികളായ എല്ലാവർക്കും, അതു തടയാൻ കഴിയാതിരുന്ന എല്ലാവർക്കും, കുറച്ചെങ്കിലും ധാർമ്മികമായ ഉത്തരവാദിത്വം അതിലുണ്ടാകുമെന്ന സൂചന അനിഷേധ്യമാണ്. ഇതിനോട് അടുത്ത കാര്യമാണ് യുവ മോർച്ചാ നേതാവും പറഞ്ഞത്.

മാദ്ധ്യമങ്ങൾക്ക് രാഹുൽ പശുപാലനെ നേതാവാക്കി ചിത്രീകരിച്ചതിലുള്ള പങ്ക് അംഗീകരിച്ചു കണ്ടതിലും സന്തോഷം. ആ അംഗീകാരം പ്രസ്താവനയിൽ ഉണ്ടായിരുന്നില്ലെന്നു കാണുംപോൾ, വിശേഷിച്ചും. എന്നാൽ കേരളത്തിലെ രാഷ്ട്രീയ മാധ്യമമേഖലയിലെ പ്രമുഖരുമായുള്ള ബന്ധങ്ങൾ ഇത്തരം റാക്കറ്റുകൾ മറയായി ഉപയോഗപ്പെടുത്തുന്നുണ്ട് … എന്ന വാചകം അവ്യക്തം തന്നെയാണ് – കാരണം രാഷ്ട്രീയമെന്നാൽ കക്ഷിരാഷ്ട്രീയം മാത്രമോ മാദ്ധ്യമങ്ങളെന്നാൽ മുഖ്യധാരാ മാദ്ധ്യമങ്ങളോ മാത്രമല്ലല്ലോ. രാഷ്ട്രീയത്തിൻെയും മാദ്ധ്യമങ്ങളുടെയും അർത്ഥം ഇത്ര വിശാലമായിരിക്കേ, പശുപാലനെ ചുംബനസമര നേതാവെന്നു തന്നെ പ്രസ്താവന വിശേഷിപ്പിച്ചിരിക്കേ, ആരെങ്കിലും എന്നെയും സെക്സ് റാക്കറ്റുകാരുടെ പരോക്ഷ ഏജൻറായി ചിത്രീകരിച്ചാൽ അത് അവ്യക്ത പ്രസ്താവങ്ങളുടെ ഫലം തന്നെ.യുവ മോർച്ചാ നേതാവിൻെറ അഭിപ്രായവും മറിച്ചായിരുന്നില്ല.

പ്രസ്താവനകൾ ഉത്പാദിപ്പിക്കാനിടയുള്ള അർത്ഥങ്ങളെക്കുറിച്ചുള്ള സൂക്ഷ്മാവബോധം എല്ലാവർക്കും എന്തുകൊണ്ടും നല്ലതു തന്നെ.

രാഹുൽ പശുപാലനെയും അന്യായ തടവിലായ മുസ്ലിം ചെറുപ്പക്കാരെയും ഒന്നു പോലെ കരുതരുതെന്ന് താങ്ങൾ പറയുന്നു. ശരിയാണ്, വ്യത്യസ്ത സാഹചര്യങ്ങളാണ് ഈ രണ്ടിടത്തു പ്രവർത്തിക്കുന്നത്. പക്ഷേ ഇവിടെയും താങ്കളോടു വിയോജിക്കേണ്ടി വരുന്നു. എൻറെ ചോദ്യം പോലീസ്ഭാഷ്യത്തിൻെറ വിശ്വാസ്യതയെപ്പറ്റി മാത്രമായിരുന്നു. രാഹുൽ പശുപാലനെക്കുറിച്ച് പോലീസ് നടത്തിയ വെളിപെടുത്തലുകൾ കൂടുതൽ വിശ്വാസ്യമാണെന്ന സൂചനയാണ് താങ്കൾ തരുന്നത്. ഏതൊരു തടവുകാരനും അവകാശങ്ങളുണ്ട്. വിധി വരുന്നതു വരെ പൊതു ചർച്ചയിൽ അവരോടു പുലർത്തേണ്ടുന്ന ചില നീതികളുണ്ട്. അതു പാലിക്കാത്ത മുഖ്യധാരയുടെ ഭാഷ ഈ പ്രസ്താവനയിൽ കണ്ടു എന്നു തന്നെയാണ് എൻെറ പ്രശ്നം.  മുസ്ലിം ചെറുപ്പക്കാർ കരിനിയമങ്ങൾ പ്രകാരം തടവിലാക്കുന്നതിൽ ചിലപ്പോഴെങ്കിലും കിട്ടിയവനെപ്പിടിക്കുക എന്ന യുക്തിയും,യഥാർത്ഥകുറ്റവാളിയെന്നു പറയപ്പെടുന്നവൻറെ മേൽ സമ്മർദ്ദമുണ്ടാക്കാൻ ബന്ധുക്കളെ  പിടിച്ചുവയ്ക്കുക എന്ന തന്ത്രവും,പകപോക്കലും, മതവുമായി യാതൊരു ബന്ധവുമില്ലാത്ത വൈരാഗ്യങ്ങളും പ്രവർത്തിക്കാറുണ്ടല്ലോ. അങ്ങനെയൊന്നും ഇക്കാര്യത്തിലില്ലെന്ന് ഉറപ്പിച്ചു പറയാൻ ഇന്നത്തെ വിശാലരാഷ്ട്രീയസാഹചര്യത്തിൽ പറ്റുമോ? പറ്റില്ലെന്നാണ് എൻെറ അഭിപ്രായം. രാഹുൽ പശുപാലൻ കുട്ടിക്കടത്തും മറ്റും നടത്തിയെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ? അതില്ലാതെ ഈ താരതമ്യം പാടില്ല.

മാത്രമല്ല, നാട്ടിൽ അധികാരമില്ലാത്തവരുടെ പ്രശ്നത്തെപ്പറ്റി പറയുംപോൾ, സംഘടിതശക്തി താരതമ്യേന കൂടുതലുള്ള മുസ്ലിം സമുദായത്തെ എടുത്തുപറയുകയും,  ഒളി-ഓര ജീവിതങ്ങൾ നയിക്കാൻ നിർബന്ധിതരായ ലൈംഗിക ന്യൂനപക്ഷത്തെ അവഗണിക്കുകയും, സദാചാരഭൂരിപക്ഷത്തിൻെറ പരിഹാസത്തിനും ഒറ്റപ്പെടുത്തലിനും പലപ്പോഴും കായികമായ ആക്രമണത്തിനും വിധേയരായ മതബാഹ്യജീവിതപക്ഷക്കാരെ യുക്തിവാദികൾ എന്നു മുദ്രകുത്തി ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് തമസ്കരണം തന്നെ.

താങ്കളുടെ മറുപടിയിൽ പലപ്പോഴും കെ കെ ബാബുരാജിൻെറ നിറഞ്ഞ ബൌദ്ധിക സാന്നിദ്ധ്യം കാണുന്നു. അദ്ദേഹത്തിൻെറ മൊത്തം ചിന്തയെ കാര്യമായി പഠിക്കണമെന്നുറച്ചിട്ടുള്ളതുകൊണ്ട് അതേപ്പറ്റി ഇപ്പോഴധികം പറയുന്നില്ല, വിശദമായിത്തന്നെ എഴുതണമെന്നു വിചാരിക്കുന്നതുകൊണ്ട്.അദ്ദേഹത്തൻെറ വാദങ്ങൾക്ക് പാശ്ചാത്യ റാഡിക്കൽ ചിന്തയെ ഉദ്ധരിച്ചുകൊണ്ടുള്ള  വാചകമടിയുടെ ഊക്ക് തീർച്ചയായും ഉണ്ട്. പക്ഷേ ‘മുസ്ലിം സമുദായഭൂരുപക്ഷത്തെ ചുംബനസമരം പ്രതിക്കൂട്ടിലാക്കി’ തുടങ്ങിയ പ്രസ്താവങ്ങൾക്ക് വേണ്ടത്ര വസ്തുതാപരമായ അടിത്തറയോ താത്വികബലമോ ഇല്ല – മുസ്ലിം സമുദായ ഭൂരിപക്ഷമെന്താണെന്ന് വിശദമാക്കാൻ പോലും എളുപ്പമല്ലല്ലോ. കീഴാളപക്ഷമെന്നാൽ കീഴാള ആൺപക്ഷമല്ലെന്നും അദ്ദേഹം മിക്കപ്പോഴും മറന്നുപോകുന്നു.

ഇതിൻറെയൊക്കെ പൊള്ളത്തരം അദ്ദേഹം അവലംബിക്കാറുള്ള ഘടനാവാദാനന്തര- അധിനിവേശാനന്തര-ദലിത്പക്ഷ ചിന്തയുടെയും, അദ്ദേഹം അധികവും അവഗണിക്കുന്ന ആഫ്രോ-അമേരിക്കൻ ഫെമിനിസ്റ്റ് ചിന്തയുടെ വെളിച്ചത്തിലും വ്യക്തമായി പുറത്തുകൊണ്ടുവരാനാകുമെന്ന് എനിക്ക് തീർച്ചയുണ്ട്.  ന്യൂനപക്ഷ രാഷ്ട്രീയത്തിൽ കടന്നുകയറി എല്ലാ  ജനാധിപത്യപരമായ കൂട്ടായ്മാസാദ്ധ്യതകളെയും ഇല്ലാതാക്കുന്ന ആൺഹുങ്കിനെ പറിച്ചെറിയുക  എന്നത് അടിയന്തരമായ ഉത്തരവാദിത്വമായതുകൊണ്ട് അത് ചെയ്യേണ്ടതു തന്നെ. ഇതു കാണാൻ താങ്കളുടെ മറുപടി എനിക്കു സഹായകമായി, നന്ദി.

അവസാനമായി, ആദ്യം പറഞ്ഞത് ഒരിക്കൽക്കൂടി. ജമാഅത്ത് വേദികളിൽ വരില്ലെന്നു പറഞ്ഞതുകൊണ്ടു ഞാൻ ന്യൂനപക്ഷവിരുദ്ധയാകുന്നില്ല, ആവുകയും ഇല്ല. . കാരണം, എൻെറ കൂറ് നിരുപാധികമാണ്, മാത്രമല്ല, അത് പ്രത്യേകസംഘടനകളോടല്ല, സമുദായത്തോടു തന്നെയാണ്. നിങ്ങളെ പരിചയപ്പെടും മുൻപേ ഈ രാഷ്ട്രീയം എനിക്കു പരിചിതമായതാണ്. എൻെറ നല്ല മുസ്ലിം സർട്ടിഫിക്കറ്റ് ആർക്കും ആവശ്യമില്ല, അതു എൻെറ നിലപായിനു തന്നെ എതിരുമാണ്.  തിരിച്ചും അതുതന്നെ എന്നു കൂടി പറയട്ടെ.

വിശ്വാസത്തോടെ

ജെ ദേവിക

 

 

 

 

 

 

 

 

 

 

 

 

 

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s