ചിത്രലേഖയുടെ സമരം – ഒരു ഓർമ്മപ്പെടുത്തൽ കൂടി

 

“ആ ചിത്രലേഖയ്ക്ക് ഇനിയും സമരം ചെയ്ത് കൊതി തീർന്നില്ലേ,” കഴിഞ്ഞ ദിവസം ഒരു പരിചയക്കാരൻ എന്നോട് ചോദിച്ചു. “അവർക്ക് പൊതുജനശ്രദ്ധയോട് അഡിക്ഷനാണ്, അയാൾ തുടർന്നു. ആവശ്യം ചില്ലറയല്ല – സ്ഥലവും വീടും. ഇങ്ങനെ നാട്ടിലെല്ലാവരും തുടങ്ങിയാൽ സ്ഥിതി കഷ്ടമാകുമല്ലോ.”

ചിത്രലേഖ എന്ന ദലിത് വനിതാ ഓട്ടോറിക്ഷാതൊഴിലാളി സമരം തുടങ്ങിയത് സമീപകാലത്തല്ല. അവരുടെ ആദ്യകാലസമരങ്ങളെ അകലത്തുനിന്നാണെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ച വ്യക്തിയെന്ന നിലയ്ക്ക് ഈ ചോദ്യത്തിന് മറുപടി എഴുതാതിരിക്കാൻ കഴിയുന്നില്ല. ചിത്രലേഖയ്ക്ക് ഈ ലേഖികയുടെയോ മറ്റാരുടെയെങ്കിലുമോ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അവരുടെ സമരത്തെ പിൻതുണയ്ക്കാൻ കേരളത്തിലിന്നു വളരെ സ്വാധീനമുള്ള രാഷ്ട്രീയവിഭാഗങ്ങളുണ്ടുതാനും. അവരുടെ സമരത്തെക്കുറിച്ച് വേണ്ടത്ര ചർച്ച പൊതുമണ്ഡലത്തിൻറെ പല ഭാഗത്തായി നടക്കുന്നുമുണ്ട്.എങ്കിലുംകേരളീയ സവർണമദ്ധ്യവർഗ പ്രതിനിധികൾക്കിടയിൽ വാർപ്പുമാതൃകകൾക്കും തികഞ്ഞ അജ്ഞതയ്ക്കും തെല്ലും കുറവുണ്ടായിട്ടില്ല. അതുകൊണ്ട് ഈ സമരത്തിന് ഇന്നത്തെ കേരളത്തിൽ എന്തു പ്രസക്തിയാണുള്ളതെന്ന് വീണ്ടും പറഞ്ഞുപോകുന്നു.

ഇന്നത്തെ കേരളത്തിൽ നിലവിലുള്ള മദ്ധ്യവർഗവരേണ്യതയുടെ അഞ്ചുവശങ്ങളെ വെളിവാക്കുന്നതുകൊണ്ടാണ് ആ വർഗക്കാർ ചിത്രലേഖയുടെ സമരത്തെ ഭയക്കുന്നത്. അതു സാരമില്ലാത്ത പ്രതിഷേധമാണ് വരുത്തിത്തീർക്കാൻ അവർ വ്യഗ്രത കാട്ടുന്നത് അതുകൊണ്ടാണ്.

ഒന്നാമതായി, കേരളത്തിൽ നവവരേണ്യർ സൃഷ്ടിച്ച പാർപ്പിടപ്രശ്നത്തെക്കുറിച്ച് ചിന്തിക്കാൻ ചിത്രലേഖയുടെ സമരം നമ്മെ പ്രേരിപ്പിക്കുന്നു. അവർ തനിക്കു സുരക്ഷിതമായി താമസിക്കാൻ ഒരിടമാണ് ചോദിക്കുന്നത്. നാട്ടിൽ പാർപ്പിടപ്രശ്നം എന്നൊന്നുണ്ടെന്ന് മദ്ധ്യവർഗമലയാളിയെ അവർ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഈ പ്രശ്നം ഉണ്ടായതെങ്ങനെ എന്നു ചോദിക്കാൻ അവർ നമ്മെ നിർബന്ധിതരാക്കുന്നു. കേരളത്തിലെ പാർപ്പിടപ്രശ്നം സൃഷ്ടിച്ചത് ദരിദ്രരല്ല, ധനികരാണ്. സാധാരണക്കാർക്ക് വാങ്ങാൻ കഴിയാത്തത്ര വില ഭൂമിക്കുണ്ടാക്കിയത് ഇവിടുത്തെ പാവപ്പെട്ടവരല്ല. താങ്ങാൻ പറ്റാത്ത ചെലവുവരുന്ന ഗൃഹനിർമ്മാണരീതികൾ പതിവാക്കിയത് അവരല്ല. കഴിഞ്ഞ സെൻസസ് പ്രകാരം കേരളത്തിലേ പത്തുശതമാനത്തിലധികം വീടുകളും ഉപയോഗിക്കപ്പെടാതെ അടഞ്ഞുകിടക്കുകയാണ്. അമേരിക്കയിൽ നിന്നോ ഗൾഫിൽ നിന്നോ വല്ലപ്പോഴും വരുന്ന സമയത്ത് അൽപകാല താമസത്തിനായി മാത്രം വീടു വാങ്ങുന്നത് ഇവിടുത്തെ പാവപ്പെട്ടവരല്ല. ജനസംഖ്യാവളർച്ചയെക്കാൾ ഉയർന്ന തോതിൽ വീടുനിർമ്മാണം ഇവിടെ പുരോഗമിക്കുന്നുവെങ്കിലും ലക്ഷക്കണക്കിനു ദരിദ്രരായ മലയാളികൾക്ക് സ്വന്തം വീടില്ലാത്ത അവസ്ഥയെ കാണാൻ ചിത്രലേഖ നമ്മെ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ സെൻസസ് പ്രകാരം ഇത് ദേശീയപ്രശ്നമാണ് -കേരളത്തിൻേറതു മാത്രമല്ല.

രണ്ടാമതായി, മലയാളിയെ തിരിച്ചറിയുന്നതിൽ നാം കാട്ടുന്ന വിവേചനത്തെ ചിത്രലേഖ പുറത്തുകൊണ്ടുവരുന്നു. വീടെന്നാൽ സുഖഭോഗവസ്തുവല്ല, ധനികദരിദ്രഭേദമന്യേ വിദ്യാഭ്യാസത്തിനും ജീവിതമാർഗം കണ്ടെത്തുന്നതിനും അവശ്യം വേണ്ട ഉപാധിയാണ്. ഈ നാട്ടിൽ വേലയെടുത്ത്, ഇവിടുത്തെ ഉത്പാദനവ്യവസ്ഥയ്ക്ക് നേരിട്ട് സംഭവാന നൽകുന്ന തൊഴിലാളിയാണ് ചിത്രലേഖ – വെറും ഉപഭോഗത്തിലൂടെ മാത്രം മലയാളികളാകുന്നവരിൽ നിന്ന് വ്യത്യസ്തമായി. ഉപഭോഗത്തിലൂടെ മാത്രം കേരളീയ സാംപത്തികജീവിതത്തിൽ പങ്കാളികളാകുന്നവരെക്കാൾ ഈ നാട്ടിൽ പാർപ്പിടം ലഭിക്കേണ്ടത് ഇവിടെ പണിയെടുത്ത് ഇവിടുത്തെ ഉത്പാദനവ്യവസ്ഥയെ പോഷിപ്പിക്കുന്നവർക്കാണ്. ഇവിടെ പണിയെടുക്കുന്നതുകൊണ്ടു തന്നെ കൂടിയ വരുമാനം നേടാൻ കഴിയാതെ വരുന്നവർക്ക് പാർപ്പിടം എന്ന അടിസ്ഥാനജനക്ഷേമവിഭവം ലഭ്യമാക്കേണ്ടത് ഇവിടുത്തെ സർക്കാരിൻെറ ബാദ്ധ്യത തന്നെയാണ്. ഇക്കാര്യം അംഗീകരിക്കാനും ചിത്രലേഖയുടെ സമരം നമ്മെ പ്രേരിപ്പിക്കുന്നു.

മൂന്നാമതായി, രൂപം കുറേ മാറിയെങ്കിലും കേരളീയജനജീവിതത്തിൻെറ ഉള്ളിൻെറയുള്ളിൽ ഭദ്രമായി തുടരുന്ന ജാതീയതയെ ചിത്രലേഖയുടെ സമരം പച്ചയായി തുറന്നു കാട്ടുന്നു. ധനിക-ദരിദ്രഭേദം അതിവേഗം വളർന്നു കഴിഞ്ഞ കേരളത്തിൽ ഇന്ന് എല്ലാത്തരം വിഭവങ്ങളുടെയും മേൽ സവർണർക്കും സാംപത്തികസംവരണത്തെ പുണരുന്ന വെള്ളാപ്പള്ളിഭക്തന്മാർക്കുമാണെന്ന വസ്തുക പ്രത്യക്ഷമാണെങ്കിലും അത് എത്ര ഓർമ്മിപ്പിച്ചാലും പോരെന്നു വ്യക്തം. എന്നാൽ ചിത്രലേഖയുടെ മുൻകാലസമരം വിഭവമില്ലായ്മയെ കുറിച്ചു മാത്രമല്ല പറഞ്ഞതെന്ന് ഓർമ്മിക്കേണ്ടതാണ്. തൊഴിൽചെയ്ത് അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിനായാണ് അവർ സമരം ആരംഭിച്ചത്. വിഭവങ്ങൾ മാത്രമല്ല, അന്തസ്സോടുകൂടി സാമൂഹ്യജീവിതം നയിക്കാനുള്ള അവകാശം തന്നെ ഇന്നാട്ടിലെ ദലിതർക്ക് നിഷേധിക്കപ്പെടാറുണ്ടെന്ന വസ്തുതയെ വീണ്ടുമോർക്കാൻ ചിത്രലേഖയുടെ സമരം നമ്മെ നിർബന്ധിതരാക്കുന്നു.

നാലാമത്, ഇന്ന് കേരളത്തിലെ ദരിദ്രരിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണെന്ന കാര്യം പകൽ പോലെ വ്യക്തമാണെങ്കിലും മറവിരോഗം കലശലായ മലയാളിമദ്ധ്യവർഗത്തെ വീണ്ടുംവീണ്ടും ഓർമ്മിപ്പിക്കാതെ വയ്യ. ചിത്രലേഖയുടെ സമരം അതാണുചെയ്യുന്നത്. ചിത്രലേഖ എന്ന വ്യക്തിക്ക് പൊതുജനശ്രദ്ധ മയക്കുമരുന്നുപോലെയാണോ എന്നെനിക്കറിയില്ല. മയക്കുമരുന്നല്ല, അതവരെ പോലുള്ളവർക്ക് ജീവൌഷധമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കാരണം, ഇന്നത്തെ സാഹചര്യങ്ങളിൽ തൊഴിലെടുത്തു കുടുംബം പോറ്റാനുള്ള മുഖ്യചുമതല വഹിക്കേണ്ടി വരുന്നവരായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വീടുപോലുള്ള അവശ്യജനക്ഷേമവിഭവങ്ങൾ വഴി ഒന്നേയുള്ളൂ – സമരത്തിൻെറ മാർഗം.  വീട്, വിദ്യാഭ്യാസം, ആരോഗ്യം മുതയാവയടക്കമുള്ളവയ്ക്ക് സാധാരണക്കാർ കൊടുക്കേണ്ടിവരുന്ന പണം തികച്ചും ആഭാസകരമാംവിധം, പല മടങ്ങു വർദ്ധിച്ചെന്ന് എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നു – അപ്പോൾ അവർക്ക് മറ്റെന്താണ് മാർഗം? കുടുംബശ്രീ  പോലുള്ള വഴികൾ കുറേപ്പേർക്കു പ്രയോജനം ചെയ്തിരിക്കാം. പക്ഷേ ആ മാർഗങ്ങളെല്ലാം ചുരുങ്ങിത്തന്നെയാണ് വരുന്നത് – അന്തസ്സിൻെറയും തുല്യതയുടെയും മാനദണ്ഡങ്ങളാണ് പ്രസക്തമെങ്കിൽ. വിഭവങ്ങൾക്കായി മാത്രമല്ല, തൊഴിലിടത്തിൽ ജനാധിപത്യമര്യാദകളിൽ വേരൂന്നിയ അന്തസ്സിനു വേണ്ടിയും കേരളത്തിലെ ദരിദ്രരായ സ്ത്രീകൾ സമരം ചെയ്യുന്ന കാലമാണ് നമ്മുടെ മുന്നിൽ. ഇടതുപക്ഷമെന്ന പേര് കുത്തകയാക്കിക്കൊണ്ടു നടക്കുന്ന കൂട്ടർ കണ്ടാലും കണ്ടില്ലെങ്കിലും

അഞ്ചാമതായി, ചിത്രലേഖയുടെ സുഹൃത്തുക്കളിൽ പലരും പോലും ഒരുപക്ഷേ അംഗീകരിക്കാൻ മടിക്കുന്ന ചില അധികാരബന്ധങ്ങളെ അവരുടെ സമരം തുറന്നു കാട്ടുന്നു. സമൂഹമുഖ്യധാരയുടെ ശരികളിൽ നിന്ന് വേറിട്ട് ജീവിക്കുന്ന സ്ത്രീകൾക്ക്  സദാചാരവാദികളിൽ നിന്ന് നേരിടേണ്ടി വരുന്ന ദൈനംദിന ആക്രമണങ്ങളുടെ രൂക്ഷതയെന്തെന്ന് ചിത്രലേഖയുടെ സമരം വെളിപെടുത്തുന്നു. ലൈംഗികസ്വയംനിർണ്ണയത്തിനു തയ്യാറായവരാണ് കേരളത്തിലിന്ന് ഏറ്റവും നിശ്ശശബ്ദരാക്കപ്പെട്ടവർ – ലൈംഗികതയിലും ചാർച്ചാബന്ധങ്ങളിലും സ്വന്തം പാതകൾ തെരെഞ്ഞെടുത്തവർ. സദാചാരവാദികളുടെ അടിസ്ഥാനപരമായ ബ്രാഹ്മണസ്വഭാവം – ഹൈന്ദവേതരമതവിശ്വാസികളിൽ പോലും തെളിഞ്ഞു കാണുന്ന ഒന്ന് – ഏതുവിധത്തിലുള്ള പുറന്തള്ളലാണ് സാദ്ധ്യമാക്കുന്നതെന്ന് സ്പഷ്ടമാക്കുന്ന സമരമാണ് ചിത്രലേഖയുടേത്.

എല്ലാത്തിനുമുപരിയായി, കൊതിക്കാനുള്ള അവകാശം മദ്ധ്യവർഗത്തിനു മാത്രമല്ല ഉള്ളതെന്നും കൂടി സർക്കാരുദ്യോഗസ്ഥനും മുഖ്യധാരാ ഇടതനുകൂലിയുമായ പുരുഷനെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു.

 

One thought on “ചിത്രലേഖയുടെ സമരം – ഒരു ഓർമ്മപ്പെടുത്തൽ കൂടി”

  1. ചിത്രലേഖയുടെ സമരത്തിന്റെ വ്യത്യസ്തമാനങ്ങളെക്കുറിച്ച് വളരെ പ്രസക്തമായ നിരീക്ഷണങ്ങള്. പക്ഷേ, ദേവിക പറയുന്നതുപോലെ ചിത്രലേഖയെ ഇവിടത്തെ വരേണ്യ മദ്ധ്യവര്ഗ്ഗം ഭയക്കുന്നുണ്ടെന്നുതോന്നുന്നില്ല., അവര് ഒരു ചീത്ത സ്ത്രീ എന്നലേബലില് ചിത്രലേഖയെ ഒതുക്കിക്കെട്ടിയിരിക്കുകയാണ്. അങ്ങനെ അവരുടെ സമരത്തിന്റെ മുനകളെ ഒടിച്ചുകളയുന്നു. എനിക്കറിയാവുന്നിടത്തോളം ഒരു ചെറുന്യൂനപക്ഷമൊഴിച്ച് മറ്റെല്ലാവരും ഈ കാഴ്ചപ്പാടുതന്നെയാണ് പങ്കുവയ്ക്കുന്നത്. നമ്മള് സാന്പത്തികമായി വ്യത്യസ്തവര്ഗ്ഗങ്ങളാകാം. പക്ഷേ കാഴ്ചപ്പാടില് എല്ലാവരും മധ്യവര്ഗ്ഗം മാത്രമായിരിക്കുന്നു.

    Like

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s