സ്‌ത്രീകൾ അഗസ്ത്യാർകൂടം ട്രക്കിംഗിന് അപേക്ഷിക്കേണ്ടതില്ല — വനിത സംഘടന നേതാക്കൾക്ക് ഒരു തുറന്ന കത്ത് : എം സുൽഫത്ത്.

ജൈവ വൈവിധ്യ സംരക്ഷണത്തിന്റെയും വനസംരക്ഷണത്തിന്റെയും ഭാഗമായി വനം വകുപ്പ് ട്രക്കിംഗുകളും പരിസ്ഥിതി ക്യാമ്പുകളും ലോകത്താകമാനം സംഘടിപ്പിക്കാറുണ്ട്. എന്നാൽ അവിടെയൊന്നുമില്ലാത്ത വിലക്കാണ് കേരള സർക്കാരും വനം വകുപ്പും അഗസ്ത്യാർ കൂടം ട്രക്കിംഗിൽ സ്‌ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഭരണഘടന ഉറപ്പു നൽകുന്ന സ്‌ത്രീ പുരുഷ സമത്വം ഒരു സർക്കാർ സംവിധാനം തന്നെ ലംഘിച്ചുകൊണ്ടിരിക്കുമ്പോൾ ഭരണത്തിൽ പങ്കാളികളാവുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ സ്‌ത്രീനേതൃത്വങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ മലയാണ് അഗസ്ത്യാർ കൂടം. നെയ്യാർ വന്യ ജീവി സങ്കേതത്തിൽപ്പെട്ട ഈ മലകൾക്ക് പഞ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ജൈവ വൈവിധ്യ മേഖലയാണ് രണ്ടായിരത്തിലധികം അപൂർവ്വ ഔഷധ സസ്യങ്ങളെയാണ് പ്രകൃതി ഇവിടെ വളർത്തി പരിപ്പാലിക്കുന്നത്. ലോക പൈതൃകപ്പട്ടികയിൽ ഇടം പിടിച്ച അഗസ്ത്യാർ കൂടത്തിലേക്കുള്ള ട്രക്കിംഗ് അതിൽ പങ്കെടുക്കുന്നവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവവും പ്രചോദനവുമാണ്. സ്‌ത്രീകളെ ട്രക്കിംഗിൽ നിന്ന് മാറ്റിനിർത്തുന്നതിലൂടെ ഭരണഘടന ഉറപ്പു നൽകുന്ന സ്‌ത്രീ പുരുഷ സമത്വം എന്ന അവകാശത്തിന്റെ നഗ്‌നമായ ലംഘനം മാത്രമല്ല സ്‌ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യവും അറിയാനും പഠിക്കാനും ആസ്വദിക്കാനുമുള്ള പൗരവകാശങ്ങളുടെയും ലംഘനമാണ് ഭരണഘടനയ്‌ക്കു കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സംവിധാനമായ വനം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
ട്രക്കിംഗിൽ നിന്ന് സ്‌ത്രീകളെ വിലക്കുന്നതിന് കാരണമായി വനം വകുപ്പ് മന്ത്രിയും പറയുന്നത് സ്‌ത്രീകൾക്ക് മതിയായ സുരക്ഷ ഒരുക്കാൻ കഴിയാത്തതു കൊണ്ടാണെന്നാണ്. സർക്കാർ സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടും ഉപയോഗിച്ച് കൊണ്ട് സർക്കാരിന്റെ അധീനതയിലുള്ള ഒരു പ്രദേശത്തേക്ക് നടത്തുന്ന ട്രക്കിംഗിൽ നിന്ന് സുരക്ഷാകാരണങ്ങൾ പറഞ്ഞ് സ്‌ത്രീകളെ ഒഴിവാക്കുന്നത് ന്യായീകരിക്കത്തക്കതാണോ. വന്യ മൃഗങ്ങൾ സ്‌ത്രീകളെ മാത്രം തിരഞ്ഞ് പിടിച്ച് ഉപദ്രവിക്കില്ലെന്നിരിക്കെ ഒരു റിസേർവ് ഫോറസ്റ്റിൽ വളരെ നിയന്ത്രിതമായി പൊതുജനങ്ങളെ പ്രവേശിപ്പിക്കുമ്പോൾ (10 പേരടങ്ങുന്ന 10 ഗ്രൂപ്പുകളെയാണ് വനം വകുപ്പ് ഏർപ്പെടുത്തുന്ന ഗൈഡുകളുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും ഒരു ദിവസം പ്രവേശിപ്പിക്കുക). മറ്റെന്ത് സുരക്ഷക്കുറവാണ് സർക്കാരിനെ ഭയപ്പെടുത്തുന്നത്.

ഭയത്തിനടിസ്ഥാനമുണ്ടെങ്കിൽ സുരക്ഷ ഒരുക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ആ ബാധ്യതയിൽ നിന്ന് ഒഴിഞ്ഞ് മാറി സ്‌ത്രീകളുടെ മൗലികാവകാശങ്ങളെ വിലക്കുകയാണ് കേരള വനം വകുപ്പ് ചെയ്യുന്നത്.

കാടും മലയും പുഴയുമൊക്കെ പൊതുസ്വത്തായിരിക്കെ അവിടേക്കുള്ള പ്രവേശനം പുരുഷനുമാത്രം അനുവദിച്ച് കൊടുക്കുന്നത് സ്‌ത്രീകളോടുള്ള വിവേചനമാണ്. ഉയരങ്ങൾ കീഴടക്കാനും പ്രകൃതി പഠനം നടത്താനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമൊക്കെയുള്ള തൃഷ്‌ണയും സന്നദ്ധതയും ആഗ്രഹളുമൊക്കെ ഒരു വിഭാഗത്തിനു മാത്രം അനുവദിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്.

ബഹിരാകാശ യാത്രയും പാർവ്വതാരോഹണവുമടക്കം സാഹസികത നിറഞ്ഞതും അപകടകരവുമായ എല്ലാ മേഖലകളിലും പുരുഷനോടൊപ്പം സ്‌ത്രീകളും സാനിധ്യം ഉറപ്പിച്ച ആംധുനികകാലത്ത് 14 വയസ്സിൽ താഴെയുള്ള കുട്ടികളും സ്‌ത്രീകളും ് ട്രക്കിംഗിന് അപേക്ഷിക്കേണ്ടതില്ല എന്ന നിബന്ധനവെച്ച് കൊണ്ട് വനം വകുപ്പ് പുറത്തിറക്കുന്ന പരസ്യം സ്‌ത്രീ പദവിയെ അവഹേളിക്കുന്നതാണ്. പക്വതയും വിവേചനബുദ്ധിയും പൂർണമായും നേടിയിട്ടില്ലാത്ത കുട്ടികൾക്ക് തുല്യരായല്ല സ്‌ത്രീകളെ പരിഗണിക്കേണ്ടത്.
വനം വകുപ്പിന്റെ സ്‌ത്രീ വിവേചനത്തിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ 2017 ജനുവരി 24 ന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടന്നിരുന്നു. അഗസ്ത്യാർ കൂടം ട്രക്കിംഗിൽ സ്‌ത്രീകളെ പങ്കെടുപ്പിക്കാമെന്ന് സമ്മതിച്ചതുമായിരുന്നു. അതിനായി ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം 2017 മെയ് മാസത്തിൽ മാർഗ രേഖയും സർക്കാർ പുറത്തിറക്കി എന്നാൽ അതിനു വിരുദ്ധമായി ഈ വർഷത്തെ ഓൺലൈൻ ബുക്കിംഗ് ജനുവരി 5 ന് ആരംഭിക്കുമ്പോഴും സ്‌ത്രീ വിവേചനം തുടരുകയാണുണ്ടായത്.
ട്രക്കിംഗിൽ നിന്ന് സ്‌ത്രീകളെ വിലക്കുന്നതിന് കാരണം വനം വകുപ്പ് പറയുന്ന
സുരക്ഷ കാരണങ്ങളോ സൗകര്യ കുറവോ അല്ലെന്നും സുരക്ഷയുടെ മറവിൽ സർക്കാർ സ്‌ത്രീ വിരുദ്ധമായ അനാചാരങ്ങളെ സംരക്ഷിക്കുകയാണെന്നുമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ട്രക്കിംഗ് കാലം മകരജ്യോതി മുതൽ ശിവ രാത്രി വരെ എന്ന് തീരുമാനിച്ചിരിക്കുന്നത് ഇതിന് തെളിവാണ്. റിസർവ് ഫോറസ്റ്റിലേക്കുള്ള ട്രക്കിംഗ് കാലം തീരുമാനിക്കുമ്പോൾ വനത്തിന്റെ ആവാസവ്യവസ്ഥ, വന്യ ജീവികളുടെ പ്രജനനം തുടങ്ങി വനത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഘടകങ്ങളാണ് പരിഗണിക്കേണ്ടത്. എന്നാൽ ട്രക്കിംഗ് ആരംഭിച്ച 1990 മുതൽ ട്രക്കിംഗ് കാലം മകരജ്യോതി മുതൽ ശിവ രാത്രി വരെയാണ്. ഒരു റിസർവ് ഫോറസ്റ്റിലേക്കുള്ള ട്രക്കിംഗ് തീർത്ഥാടനമാക്കാൻ വനം വകുപ്പിന് അധികാരമുണ്ടോ ? സ്‌ത്രീ വിരുദ്ധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരല്ല ഭരണകൂടങ്ങളും സർക്കാർ ഉദ്ദ്യോഗസ്ഥരും. അതുകൊണ്ട് തെൽ് തിരുത്താൻ സർക്കാരും വനം വകുപ്പും തയ്യാറാകേണ്ടതുണ്ട്. ഭരണഘടന ലംഘനവും സ്‌ത്രീ വിവേചനവും തുടർന്ന് കൊണ്ടിരിക്കുന്ന വനം വകുപ്പിനെ തിരുത്താൻ കേരളത്തിലേ സ്‌ത്രീ സംഘടനകൾ രംഗത്ത് വരേണ്ടതുണ്ട്.

(Wings Kerala, അന്വേഷി, പെണ്ണൊരുമ എന്നീ ഫെമിനിസ്റ്റ് സംഘടനകളുടെ ആഹ്വാനം)

One thought on “സ്‌ത്രീകൾ അഗസ്ത്യാർകൂടം ട്രക്കിംഗിന് അപേക്ഷിക്കേണ്ടതില്ല — വനിത സംഘടന നേതാക്കൾക്ക് ഒരു തുറന്ന കത്ത് : എം സുൽഫത്ത്.”

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s