അഭിമന്യുവധം ഉയർത്തുന്ന കാതലായ പ്രശ്നം

സത്യം പറഞ്ഞാൽ അഭിമന്യു എന്ന വിദ്യാർത്ഥിയുടെ ഞെട്ടിക്കുന്ന കൊലപാതകത്തിനു ശേഷം ആ ചെറുപ്പക്കാരൻറെ മാതാവിൻറെ വിലാപം മാത്രമാണ് ഇപ്പോഴും മുഴങ്ങിക്കേൾക്കുന്നത്. ആ ശബ്ദം മനസ്സിൽ നിന്ന് മായുന്നതേയില്ല.

അതുകൊണ്ട് ഹാദിയാകേസ് നടന്ന കാലത്ത് സിപിഎമ്മിൻറെ സൈബർ ബുദ്ധിജീവി-ഗുണ്ടകൾ ഉണ്ടാക്കിയെടുത്ത ആയുധങ്ങൾ അവർ ഫേസ്ബുക്കിലും പുറത്തും പ്രയോഗിക്കുന്നതു കണ്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കളിയിൽ തോറ്റ പാണ്ഡവരോട് ദ്രൌപദിയെവിടെ എന്നലറിയ ദുശ്ശാസനൻറെ അട്ടഹാസത്തോട് സാമ്യം തോന്നിയ ഫേസ്ബുക്ക് പോസ്റ്റുകൾ പലതും ഇവരുടേതായിക്കണ്ടു — എവിടെ ഓണററി സുഡാപിനി, എവിടെ അന്താരാഷ്ട്രസുഡാപിനികൾ, എന്നൊക്കെ അലറുന്നവ.

ഒരുവിധത്തിലും ന്യായീകരിക്കാനാവാത്ത ഈ കൊലപാതകം സൃഷ്ടിച്ച വേദന പരസ്യമായി പ്രകടിപ്പിക്കലോ, ഏറ്റവും അനീതിപൂർണമായ ഈ നഷ്ടം സഹിക്കേണ്ടിവന്നവർക്ക് നീതി ആവശ്യപ്പെടുകയോ അല്ല ഇവരുടെ ഉദ്ദേശ്യമെന്നു തോന്നുന്നു. മറിച്ച്, ഈ കൊലപാതകത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് മലയാളികൾക്ക് നിർദ്ദേശവും, ആ വിധത്തിലല്ല പ്രതികരണമെങ്കിൽ സഹിക്കേണ്ടിവരുന്നതെന്തെന്നതിനെപ്പറ്റിയുള്ള  ഭീശണിയോളമെത്തുന്ന മുന്നറിയിപ്പുമാണ് അവയിലാകെ. ആ അമ്മയുടെയും കുടുംബാംഗങ്ങളുടെയും വിലാപമല്ലാതെ, കൂട്ടുകാരുടെ കണ്ണീരല്ലാതെ, ആത്മാർത്ഥമായ ഒരു ശബ്ദം പോലും ആ വിഷയത്തെപ്പറ്റി പൊതുജീവിതത്തിൽ കേൾക്കാനാവുന്നില്ലെന്ന കാര്യമാണ് എന്നെ ആങ്ങേയറ്റം ഭയപ്പെടുത്തുന്നത്.  നഷ്ടങ്ങളിൽ ദുഃഖിക്കാനും ദുഃഖം എന്ന അനുഭവത്തിലൂടെ മാത്രം തെളിയുന്ന ഉൾക്കാഴ്ചകൾ തിരിച്ചറിയാനുമുള്ള ശേഷി ഈ സമൂഹത്തിൽ അന്യംനിന്നിരിക്കുന്നു.

ഒരാളുടെ ജീവൻ – അല്ലെങ്കിൽ ജീവിതസ്വാതന്ത്ര്യം — അക്രമത്തിലൂടെയും ഹിംസയിലൂടെയും തട്ടിയെടുക്കപ്പെടുന്ന അവസരങ്ങളിൽ പൊതുപ്രതികരണങ്ങൾ അതിവൈകാരികത മാത്രമാകുന്നത് ജനാധിപത്യത്തെ വളർത്തുകയല്ല, തളർത്തുകയാണ് പതിവ്.  ഒരളവു വരെ അവ ഒഴിവാക്കാനാവില്ല. ചിലപ്പോഴെങ്കിലും, ഉന്നയിക്കപ്പെടുന്ന പ്രശ്നത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കാൻ   വൈകാരികത സഹായിച്ചേക്കാം. എന്നാൽ പലപ്പോഴും അത് വിഷയത്തെ സ്ഥാപിതതാത്പര്യം ഉറപ്പിക്കാനുള്ള ഉപകരണം മാത്രമാക്കാനുള്ള കുടിലതന്ത്രങ്ങൾക്ക് നല്ല മറയാണ്. വാചകമടിയിൽപ്പോലും സോഷ്യലിസത്തെയും പലപ്പോഴും ജനാധിപത്യത്തെത്തന്നെയും പതുക്കെ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്ന സിപിഎം ഉന്നതനേതൃത്വത്തിന് ഇത് നന്നായി അറിയാം.

ഹാദിയവിഷയത്തിൽ അവർ കളിച്ച കളി മറക്കാറായിട്ടില്ല. പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്ക് മരണത്തിനോടടുത്തു വരുന്ന റദ്ദാക്കൽ കോടതി സമ്മാനിച്ചപ്പോൾ സിപിഎം നേതൃത്വവും അവരുടെ ആൺ-പെൺ സൈബർഗുണ്ടകളും നമ്മോട് പറഞ്ഞത് മറ്റൊന്നും ഓർക്കേണ്ട, ഇത് തീവ്രമുസ്ലീങ്ങളുടെ കളിയാണ്, അവരെ ഇല്ലാതാക്കാനുള്ള അവസരമാണിത്, എന്നാണ്.  പിഎഫ്ഐയുടെ തീവ്രമുസ്ലിംചിന്ത, അവരുടെ യാഥാസ്ഥിതിക സാമൂഹ്യ കടന്നുകയറ്റം മുതലായവയെപ്പറ്റി നിങ്ങളുടെ കൈവശമുള്ള ഉറപ്പുള്ള തെളിവുകൾ ദയവായി പരസ്യമാക്കൂ എന്ന് ഞാനടക്കമുള്ള പലരും അഭ്യർത്ഥിച്ചതാണ്. ആ തെളിവ് ബലമുള്ളതാണെങ്കിൽ ആ സംഘടനയെ തള്ളിപ്പറയാമെന്ന് പലവട്ടം പരസ്യമായി പ്രഖ്യാപിച്ചതാണ്. യാതൊരു പ്രതികരണവും ഇതിനുണ്ടായില്ല. മറിച്ച് കേരളത്തിവെ ഭൂരിപക്ഷം ഇങ്ങനെ ചിന്തിക്കുന്നു. അതിനാൽ അതാണ് സത്യം എന്ന ഭൂരിപക്ഷഹുങ്കു നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമായ നിലപാടാണ് സിപിഎം ആൺ-പെൺഗുണ്ടകൾ സ്വീകരിച്ചത്.  കൈയൂക്കും ഭൂരിപക്ഷവും ഭരണകൂടസ്വാധീനവുമുളള ഞങ്ങൾ പറയുന്നതിനെ സത്യമായി അംഗീകരിക്കാൻ കൂട്ടാക്കാത്തവർ എല്ലാവരും സുഡാപിനികളും മറ്റുമാണെന്ന് അധിക്ഷേപിച്ചാൽ മതി എന്നായിരുന്നു അവരുടെ തീരുമാനം.  അവർ സിപിഎം എന്നാൽ സെക്യുലറിസം എന്ന സമവാക്യം വായ കൊണ്ടു പറയുകയും പ്രവൃത്തി മുഴുവൻ ഹിന്ദുത്വവാദികളിൽ അസൂയ ഉളവാക്കുന്ന ഭൂരിപക്ഷഹുങ്കു കൊണ്ടു നിറയ്ക്കുകയും ചെയ്തു.

പക്ഷേ, ഇതിലുപരിയായി, ഹാദിയാവിഷയത്തെ മുഖ്യമായും സിപിഎം-പിഎഫ്ഐ സംഘർഷമായി വേണം കാണാനെന്നുള്ള അവരുടെ പ്രചരണത്തെ ചോദ്യംചെയ്യാനും മറികടക്കാനുമാണ് ഞാനുൾപ്പെടെയുള്ള പലരും ശ്രമിച്ചത്. പ്രായപൂർത്തിയായ സ്ത്രീയുടെ മൌലികാവകാശങ്ങളുടെ നിഷേധമെന്ന കൂടുതൽ കാതലായ പ്രശ്നത്തെ താരതമ്യേന നിസ്സാരമാക്കിക്കാട്ടാനുള്ള തന്ത്രമായിരുന്നു അതെന്നാണ് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നത്.  എന്തായാലും ഹാദിയാവിഷയത്തിൽ സിപിഎം സൈബർ ബുദ്ധിജീവി ഗുണ്ടകൾ ലക്ഷ്യം കണ്ടില്ല  — അവർ ആഗ്രഹിച്ചതു പോലെ ആ വിഷയത്തെ ചുരുക്കാൻ അവർക്കു കഴിഞ്ഞില്ല.  ഇന്ന് ഹാദിയാകേസ് ഇന്ത്യൻ സാമൂഹ്യജനാധിപത്യത്തിന് കരുത്തേകിയ സംഭവമായി മാറിയെങ്കിൽ — അക്കാര്യം സംശയാതീതം തന്നെ — കഴിഞ്ഞ മാസങ്ങളിൽ ചെറുപ്പക്കാരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെ ഉയർത്തിപ്പിടിച്ച  കോടതി തീരുമാനങ്ങളിലും ഇപ്പോൾ 377-ാം വകുപ്പിനെപ്പറ്റി നടക്കുന്ന ചർച്ചയിലും ഹാദിയാകേസ് പരാമർശിക്കപ്പെടുന്നത് ആകസ്മികമായല്ല — അതിൻറെ ക്രെഡിറ്റ്  തീർച്ചയായും സിപിഎമ്മിനോ അവരുടെ സൈബർ പടയ്കോ ആസ്ഥാനഫെമിനിസ്റ്റുകൾക്കോ അല്ല. മറിച്ച് ഈ വിഷയത്തെ സിപിഎം-പിഎഫ്ഐ സംഘർഷമായി ചുരുക്കാനുള്ള ഇവരുടെ ശ്രമത്തെ ചെറുക്കാൻ ശ്രമിച്ചവരാണ് അതു സാദ്ധ്യമാക്കിയത്.

ഹാദിയാവിഷയത്തിലെന്ന പോലെ അഭിമന്യുവിൻറെ കൊലപാതകത്തിലും കാതലായ വിഷയം നാം ചർച്ച ചെയ്യരുതെന്ന വാശിയാണ് പ്രതികരണങ്ങളിൽ അധികവും. കേരളത്തിലെ ചെറുപ്പക്കാരെ, പ്രത്യേകിച്ച് സമൂഹത്തിൽ പലതരം സാംപത്തിക ഇല്ലായ്മകളും സാമൂഹ്യ  ഒഴിവാക്കലുകളും സഹിക്കേണ്ടി വരുന്നവരായ യുവാക്കളെ, ഇവിടുത്തെ സാമൂഹ്യ-രാഷ്ച്രീയപ്രസ്ഥാനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെപ്പറ്റി തുറന്നതും സത്യസന്ധവുമായ ഒരു സ്വയംതെരെച്ചിൽ നാം നടത്തേണ്ടതാണ് അഭിമന്യുവധം ഉയർത്തുന്ന കാതലായ പ്രശ്നം. കേരളത്തിലെ ഇടതുവിജയഗാഥയിൽ ഉൾപ്പെടാത്ത സമുദായാംഗമായിരുന്നു കൊല്ലപ്പെട്ട യുവാവ്. ആ പിന്നോക്കാവസ്ഥയെ ഓർത്ത് നെടുവീർപ്പിടുകയും വികാരം കൊള്ളുകയും ചെയ്യുന്ന സിപിഎം അനുകൂലികൾ ആ അവസ്ഥയുടെ തുടർച്ചയിൽ തങ്ങൾക്കുള്ള ഉത്തരവാദിത്വം സമ്മതിക്കുക തന്നെ വേണം, ആദ്യം.  അഭിമന്യുവിനെപ്പോലെ പരിസ്ഥിതി അവബോധവും ട്രാൻസ് അവബോധവും ഉള്ള പലപ്പോഴും സാമൂഹ്യപുറന്തള്ളലിൽ നിന്ന് കരകയറാൻ നോക്കുന്ന, ചെറുപ്പക്കാരെ ക്യാംപസുകളിൽ നിർത്തി കയ്യടി നേടുകയും, പരിസ്ഥിതിയെ പാടെ തകർക്കുന്ന, മൂലധനത്തിന് വഴിയൊരുക്കുന്ന, ലിംഗ-ലൈംഗിക യാഥാസ്ഥിതികത്വത്തെ പ്രായോഗികതലത്തിൽ ഇപ്പോഴും ഊട്ടിവളർത്തുന്ന സിപിഎം വൃദ്ധനേതൃത്വം (അവരുടെ ചെറുപ്പക്കാരടക്കം ഹാദിയയുടെ പിതാവിൻറെ അവകാശങ്ങൾക്കായി വിലപിച്ചത് മറക്കാനും കഴിയുന്നില്ല) സ്വയംവിമർശനത്തിനു തയ്യാറാകണം.  കാരണം, ക്യാംപസുകളിൽ ജനകീയവും മൂലധനവിരുദ്ധവും സാമൂഹ്യജനാധിപത്യത്തോടു പ്രതിബന്ധവുമായ ഒരു മുഖം നിലനിർത്താൻ വേണ്ടിത്തന്നെയാണ് അഭിമന്യുവിനെപ്പോലുള്ളവർ ഉപയോഗിക്കപ്പെടുന്നത്. ഇന്നാകട്ടെ സമൂഹത്തിൽ വിഭവദാരിദ്ര്യം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ചെറുപ്പക്കാരാണ് ആർട്ട്സ്-സയൻസ് കോളേജുകളിലെത്തുന്നത്.  മുൻപു പറഞ്ഞ മനുഷ്യത്വമുഖമുള്ള ചിലരെ നിലനിർത്തിക്കൊണ്ടുതന്നെ പിടിച്ചെടുക്കലിൻറെയും അടിപ്പെടുത്തലിൻറെയും നിലയ്ക്കുനിർത്തലിൻറെയും സംസ്കാരം തന്നെയാണ് മിക്ക കോളേജുകളിലും. രണ്ടും കൊണ്ടുള്ള നഷ്ടം ഒടുവിൽ ദരിദ്രരും സാമൂഹ്യപുറന്തള്ളൽ അനുഭവിക്കുന്നവരുമായ ചെറുപ്പക്കാരാണ്.

ക്യാംപസ് ഫ്രണ്ടിലും പോപ്പുലർ ഫ്രണ്ടിലും കേരളത്തിൽ മുസ്ലീങ്ങൾക്ക് സമീപകാലത്തുണ്ടായ സാംപത്തിക ഉന്നതിയുടെ ഗുണം ലഭിക്കാതെ പോയ വിഭാഗങ്ങളാണ് അണികളായി കാണപ്പെടുന്നത്.  അഭിമന്യുവധത്തിൽ അവർ യഥാർത്ഥത്തിൽ ഉൾപ്പെട്ടോ എന്നത് ഇനിയും തെളിയേണ്ട കാര്യമാണ്. എന്നാൽ കോളേജുകളിൽ എസ് എഫ് ഐ – ക്യാംപസ് ഫ്രണ്ട് സംഘർഷം കൂറേക്കാലമായി, വളരെ ഹിംസാത്മകമായി, നിലനിൽക്കുന്നുണ്ടെന്ന വസ്തുത നിലനിൽക്കുന്നു. ആ സ്ഥിതിക്ക് സ്വയംവിമർശനത്തിനു തയ്യാറാകാൻ ക്യാംപസ് ഫ്രണ്ടും പോപ്പുലർ ഫ്രണ്ടും ബാദ്ധ്യസ്ഥരാണ്.  ഭൂരിപക്ഷവാദം  ന്യൂനപക്ഷങ്ങളെ ശക്തിഹീനരാക്കുമെന്നതിൽ തർക്കമില്ല.  എന്നാൽ അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയോടുള്ള പ്രതികരണം തിരിച്ചുള്ള ഹിംസയാകുന്നത് തീർച്ചയായും ശാക്തീകരണമൊന്നുമല്ല — കാരണം ശാക്തീകരണമെന്ന സങ്കല്പം ആന്തരികമായ അവസ്ഥയെയാണ്, അല്ലാതെ കൈയൂക്കിനെയല്ല, കുറിക്കുന്നത്.  കാഡറും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസത്തെ ഊന്നിപ്പറയുന്നതു ഞാനുന്നയിക്കുന്ന ചോദ്യത്തിന് ഉത്തരമാകുന്നില്ല. കൈവെട്ടു കേസു പോലുള്ള അപൂർവസംഭവങ്ങളെപ്പറ്റിയല്ലല്ലോ പറയുന്നത് — അത്തരം സംഭവങ്ങളിൽ നേതൃത്വത്തിൻറെ നിയന്ത്രണത്തിന് എതിരായി ചിലർ പ്രവർത്തിച്ചുവെന്ന് വാദിക്കാം. ഞാൻ ചോദിക്കുന്നത്,  കോളേജുകളിലെ ദൈനംദിന രാഷ്ട്രീയപ്രവർത്തനങ്ങളിൽ പാലിക്കേണ്ട മൂല്യങ്ങളെപ്പറ്റിയാണ്. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികൾ സൃഷ്ടിച്ച ഹിംസാത്മകസംസ്കാരത്തെ അതേ മുള്ളുകൊണ്ട് എടുക്കാൻ ശ്രമിച്ചാൽ,അത് തിരിച്ചടിക്കാനാണിട, വിശേഷിച്ചും ഭൂരിപക്ഷവാദം ഹിന്ദുത്വവാദികളിൽ നിന്നും പ്രച്ഛന്നഹിന്ദുത്വവാദികളിൽ നിന്നും  ഒരേ ശക്തിയോടെ  പ്രവഹിക്കുന്ന സാഹചര്യത്തിൽ. ക്യാംപസ് ഫ്രണ്ട് സ്വതന്ത്രസംഘടനയാണ്, ചെയ്തത് കാഡർ അല്ല മുതലായ ന്യായങ്ങളെ തീരെ ഫലപ്രദമല്ലെന്നു മാത്രമല്ല, അവ ഉന്നയിക്കുന്നത് അധാർമ്മികവുമാണ്.

ഇപ്പോൾത്തന്നെ മാനം മുട്ടെ വളർന്ന മുസ്ലിംഭീതിയെ ഇനിയുമധികം പുഷ്ടിപ്പെടുത്താതെ, അതിവൈകാരികതയുടെ അരാഷ്ട്രീയതയുടെ മറയുപയോഗിച്ച് സ്ഥാപിതതാത്പര്യങ്ങളെ വളർത്താതെ, ഈ സംഭവം ഉയർത്തുന്ന പൊതുപ്രശ്നമേതെന്ന് ഇനിയെങ്കിലും നാം ആലോചിക്കണം. കുറഞ്ഞപക്ഷം ഇനിയെങ്കിലും യുവാക്കൾ ഈ മത്സരത്തെ രാഷ്ട്രീയമെന്ന് തെറ്റിദ്ധരിച്ച് സ്വയം ഹോമിക്കുന്ന, അല്ലെങ്കിൽ ബലിയാടുകളാകുന്ന, രീതി മാറണം. അല്ലാത്തപക്ഷം അഭിമന്യുവെന്ന യുവാവിനും  പോലീസ് അന്വേഷണത്തിൽ കുടുങ്ങാനിടയുള്ള എത്രയോ മുസ്ലിം ചെറുപ്പക്കാർക്കും നീതി ഒരുപോലെ നിഷേധിക്കപ്പെടും. നമ്മുടെ ജനാധിപത്യം ഇനിയും ചുരുങ്ങും.

 

3 thoughts on “അഭിമന്യുവധം ഉയർത്തുന്ന കാതലായ പ്രശ്നം”

  1. 2018-07-13 16:08 GMT+05:30 KAFILA – 10 years of a common journey :
    > jdevika posted: “സത്യം പറഞ്ഞാൽ അഭിമന്യൂ എന്ന യുവവിദ്യാർത്ഥിയുടെ
    > ഞെട്ടിക്കുന്ന കൊലപാതകത്തിനു ശേഷം ആ ചെറുപ്പക്കാരൻറെ മാതാവിൻറെ വിലാപം
    > മാത്രമാണ് ഇപ്പോഴും മുഴങ്ങിക്കേൾക്കുന്നത്. ആ ശബ്ദം മനസ്സിൽ നിന്ന്
    > മായുന്നതേയില്ല. അതുകൊണ്ട് ഹാദിയാകേസ് നടന്ന കാലത്ത് സിപിഎമ്മിൻറെ സൈബർ ബുദ്ധ”
    >

    Like

  2. ഒരുവിധത്തിലും ന്യായീകരിക്കാവുന്ന ഈ കൊലപാതകം സൃഷ്ടിച്ച വേദന പരസ്യമായി പ്രകടിപ്പിക്കലോ…………..Freudian slip?

    Like

    1. ചൂണ്ടിക്കാട്ടിയതിനു നന്ദി. തെറ്റുതിരുത്തിയിട്ടുണ്ട്. പക്ഷേ അബോധത്തിലിരിക്കുന്നതിൻ്റെ പേരിൽ ആരുടെയും നേരെ വിരൽചൂണ്ടാൻ കഴിയില്ലല്ലോ.

      Like

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s