കേരളത്തിൽ ജനാധിപത്യത്തിൻ്റെ ഭാവിയും അരാഷ്ട്രീയതയുടെ പിണറായിശൈലിയും

കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന സിഏഏ-എൻ ആർ സി വിരുദ്ധസമരങ്ങൾക്കിടയിൽ നമ്മുടെയെല്ലാം   ഉള്ളുപൊള്ളയായ രാഷ്ട്രീയ അവബോധങ്ങളിലും സുഖസ്ഥലങ്ങളിലും നീറുപോലെ കടിച്ചുപറിക്കുന്ന ഒരു യാഥാർത്ഥ്യം — താഹയും അലനും സഹിക്കുന്ന അനീതി. യുഏപിഏ അറസ്റ്റുകൾ മുൻപ് മുസ്ലീംയുവാക്കളെ ഉന്നംവച്ചപ്പോൾ അവർ തീവ്രവാദികളാണെന്ന് – പലപ്പോഴും കാര്യമായ തെളിവൊന്നുമില്ലാതെ — വിശ്വസിച്ചു മനഃസാക്ഷിയെ  നാം പാട്ടുപാടി ഉറക്കിയതാണ്. പക്ഷേ ഇന്നത് പറ്റുന്നില്ല, കാരണം ഈ ചെറുപ്പക്കാരെ നേരിട്ടറിയാവുന്ന പാർട്ടിവിശ്വാസികൾക്കെല്ലാം അറിയാം, അവർ നിരപരാധികളാണെന്ന്.

ഇനി കണ്ണുമടച്ച് പാലുകുടിക്കാൻ സാഹചര്യമില്ലെന്ന് സൂചിപ്പിക്കുന്ന മറ്റു പലതും നടക്കുന്നു. മരട് ഫ്ളാറ്റുപൊളി നടക്കുന്നെങ്കിലും ആസാദ് മൂപ്പനും രവി പിള്ളയും യൂസുഫ് അലിയും കായലുകൾ വിഴുങ്ങിത്തന്നെ വളരുന്നു. ജനകീയാസൂത്രണം വെറും സർവീസ് ഡലിവറി ആയി വ്യാഖ്യാനിക്കപ്പെടുന്നു. 

അപ്പോൾ ഇനി എന്താണു വേണ്ടത്?  പ്രാർത്ഥനകൾപ്പുറം പോകേണ്ട സമയമായി. പിണറായി അരാഷ്ട്രീയത എന്ന പ്രതിഭാസത്തെ സൂക്ഷിച്ചുനോക്കേണ്ട സമയമായി. മോഡിയുടെ ശൈലിയോടുള്ള സാമ്യം പലരും എടുത്തുപറയുന്നു. എന്നാൽ അതൊരുപക്ഷേ ഈ പ്രതിഭാസത്തെപ്പറ്റിയുള്ള സൂക്ഷ്മമാന്വേഷണത്തെ സഹായിക്കുന്നില്ല. ലോകം മുഴുവനുള്ള വലതുപക്ഷമാദ്ധ്യമങ്ങൾ സൃഷ്ടിച്ചിരിക്കുന്ന ശക്തനായ ഭരണാധികാരി എന്ന അമിത-ആണത്ത-ആഭാസത്തെ ഇവിടുത്തെ മാദ്ധ്യമങ്ങളും ഈ കാലം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകളിൽ നിന്ന് അഭയം തേടുന്നവരും (പ്രത്യേകിച്ച് ചെറുപ്പക്കാർ) ഹാർദ്ദവമായി സ്വീകരിച്ചതിൻറെ ഫലമാകാം. മോഡിയും ഇദ്ദേഹവും തമ്മിലുള്ള വ്യത്യാസത്തിലാണ് നാം ശ്രദ്ധപതിപ്പിക്കേണ്ടത്. ഒരുപടി കൂടി കടന്നുതന്നെ പറയാം, ശ്രദ്ധാകേന്ദ്രമാക്കേണ്ടത് ആ മനുഷ്യനേയല്ല, ആ രൂപത്തിനു ചുറ്റും ഉണ്ടായിവന്നിരിക്കുന്ന അരാഷ്ട്രീയതയുടെ ദൂഷിതവലയങ്ങളെയാണ്.

മോഡിയുടെ ലക്ഷ്യം പരിപൂർണ ഹിന്ദുരാഷ്ട്രമാണ്.  ശിങ്കിടിമുതലാളിത്തത്തോട് യാതൊരു പ്രത്യയശാസ്ത്രപരമായ എതിർപ്പും അദ്ദേഹത്തിനുണ്ടാകേണ്ട കാര്യമില്ല. മാത്രമല്ല, നിരപരാധികളെ പീഡിപ്പിക്കുന്ന സർക്കാർ നയങ്ങൾക്കും നടപടികൾക്കും ആൾബലവും ബൌദ്ധിക ആട്ടിൻതോലും നൽകാൻ ആറെസ്സ്എസ്സുമുണ്ട്. തത്ക്കാലം പാർട്ടിയിൽ മോഡിയ്ക്കു മുകളിൽ ആരുമില്ല. ഇവിടെ അതിനു സമാനമായി ഒന്നുമില്ല എന്നതാണ് കൌതുകകരമായ കാര്യം. സിപിഎമ്മിന് ശിങ്കിടിമുതലാളിത്തത്തെ ന്യായീകരിക്കുന്ന വികസനവ്യവഹാരം തത്ക്കാലം ഇല്ല. സോഷ്യലിസത്തോട് കടകവിരുദ്ധമായ നയങ്ങളെ കേരളദേശീയതയുടെ ഇലപ്പൊതിയിലാക്കി വിതരണം ചെയ്യുന്ന പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്. നാടിൻ്റെ ശരീരത്തെത്തന്നെ കൊന്നുതിന്നുന്നവരുടെ സദ്യ. ആറെസ്സ്എസ്സിനെപ്പോലുള്ള ഹിംസാവാദിക്കൂട്ടമൊന്നും ഇദ്ദേഹത്തിനില്ല, കേരളത്തിലങ്ങോളമിങ്ങോളം. സിപിഎമ്മിൻ്റെ സംഘടനാസംവിധാനത്തിൽ ഇദ്ദേഹത്തിനു മുകളിൽ അധികാരികളുണ്ട്.  ഇതിനെയെല്ലാം മറികടന്ന് ശിങ്കിടിമുതലാളിത്തത്തിൻ്റെ കാവലാളാകാനും നാട്ടിൽ രൂപമെടുത്തുകൊണ്ടിരിക്കുന്ന ജാതി-മത രാഷ്ട്രീയത്തിൽ തൻ്റെ അധികാരവും സ്വാധീനവും അടിച്ചേൽപ്പിക്കുംവിധമുള്ള തീരുമാനങ്ങളെടുക്കാനും ഈ നേതാവിന് കഴിയുന്നതെങ്ങനെ എന്ന് അതിസൂക്ഷ്മമായി , ഭയമില്ലാതെ, സ്വതന്ത്രമായി, ആലോചിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ശിങ്കിടിമുതലാളിത്തവും ഉദ്യോഗസ്ഥമേധാവികളും ജനാധിപത്യത്തെ അനായാസം അട്ടിമറിക്കുന്ന ഈ കാളരാത്രി അവസാനിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻപോലും കഴിയൂ.

ഇത് വലിയൊരളവു വരെ പുതിയൊരു രാഷ്ട്രീയവ്യവഹാരം സൃഷ്ടിക്കുന്നതിൻ്റെ പ്രശ്നമാണ്. പിണറായി വിജയൻ എന്ന വ്യക്തിയെപ്പറ്റി അദ്ദേഹത്തിൻ്റെ നിലപാടുകളെപ്പറ്റി ആന്തരികപൊരുത്തക്കേടോ ചില്ലറ കാപട്യമെങ്കിലുമോ ഇല്ലാത്ത വ്യവഹാരങ്ങൾ ഇടതുപക്ഷത്തു എത്രയോ വിരളമാണ്. സിഏഏ വിരുദ്ധസമരത്തിലെ വീരനും യുഏപിഏ പ്രയോഗത്തിലെ  ഹൃദയശൂന്യനും ഒരാളിൽ കുടികൊള്ളുന്നതിലെ ചേർച്ചയില്ലായ്മ ആനപോലെ മുഴച്ചുനിൽക്കുന്നു. ഇങ്ങനെയല്ലാത്ത, കൃത്യമായ വാദങ്ങളും നിരീക്ഷണങ്ങളുമുള്ള മറുവ്യവഹാരം സൃഷ്ടിക്കാൻ കഴിയുമോ എന്നതാണ് പ്രശ്നം. ഇത് ഞൊടിയിടെ സാധിക്കുന്ന കാര്യമല്ല. കൂട്ടായതും കൃത്യതയുള്ളതുമായ ജനകീയ അന്വേഷണങ്ങളായിരിക്കണം അതിൻ്റെ നട്ടെല്ല്.

ഉദാഹരണത്തിന്, പിണറായിശൈലി (അ)രാഷ്ട്രീയതയെ പരസ്യമായി തള്ളാതിരിക്കാൻ പലരും പറയാറുള്ള ഒരു വശം, അതായത്, പിണറായിശൈലിയിലെ `മതേതരത്വം’, പരിശോധിച്ചു നോക്കുക. ആ വ്യവഹാരത്തിലെ ഒരു പ്രധാന അവകാശവാദം മുസ്ലീംസ്നേഹത്തെപ്പറ്റിയാണ്. കേരളത്തിലെ  വൻകിട ശിങ്കിടിമുതലാളിമാർക്കിടയിൽ മുസ്ലീങ്ങളും ഹിന്ദുക്കളും ചില ക്രിസ്ത്യാനികളും ഉണ്ടെന്ന കാര്യമാണ് പലരും പറയാറ്. പക്ഷേ അതു മാത്രമല്ല, രാഷ്ട്രീയ-സാമുദായികജീവിതത്തിൽ തീക്ഷ്ണമായ മാറ്റവും പൊട്ടിച്ചിതറൽ തന്നെയും നടക്കുന്ന കാലത്ത് മുസ്ലീം ജനവിഭാഗങ്ങളിൽ പലരും സിപിഎമ്മിനെ തികച്ചും വ്യത്യസ്ഥകാര്യങ്ങൾക്കായി ആശ്രയിച്ചുതുടങ്ങി. കാന്തപുരം മുതൽ സെക്യുലർ മുസ്ലീം സ്വത്വം അവകാശപ്പെടുന്നവർ, വ്യക്തിജീവിതത്തിൽ കടുത്ത യാഥാസ്ഥിതികത്വം പുലർത്തിയാലും ഉപഭോക്തൃശീലങ്ങളിലും മറ്റു പല തെരെഞ്ഞെടുപ്പുകളിലും മോഡേൺ ആയവരുമായ മുസ്ലീങ്ങൾ,  സമുദായത്തിൻ്റെ ഇടുക്കങ്ങളെപ്പറ്റി അങ്കലാപ്പനുഭവിക്കുന്ന സ്വതന്ത്ര്യവാദികൾ,  പുതിയ പണം നിക്ഷേപിക്കാൻ പുതിയതോ എളുപ്പമോ ആയ വഴികൾ ആരായുന്ന , രാഷ്ട്രീയപിടിപാട് ആവശ്യമുള്ള മുസ്ലീങ്ങൾ  — ഇക്കൂട്ടരെല്ലാം ഈ  സിപിഎം  നേതൃത്വത്തിൻ്റെ  കുടക്കീഴിൽ എത്രതന്നെ അലോസരത്തോടുകൂടിയാണെങ്കിലും പലപ്പോഴായി കയറിയിറങ്ങിക്കൊണ്ടേയിരിക്കുന്നു.

ഇത് മുസ്ലിം സ്നേഹമോ മതേതരത്വമോ എന്തിന്,  സാമൂഹ്യപരിവർത്തനത്തിനുതകുന്ന രാഷ്ട്രീയം പോലുമോ അല്ല. ഈ കുടയിൽ കയറാത്തവരെ മുഴുവൻ ചീത്തമുസ്ലീങ്ങളാക്കിയിരുന്ന പരിപാടി വളരെ എളുപ്പമായിരുന്നു — ഹാദിയയുടെ സ്വാതന്ത്ര്യസമരത്തിൻ്റെ ഓർമ്മകൾ അതു വിളിച്ചുപറയുന്നു. ശരിക്കും ഏതൊക്കെ വിഭാഗങ്ങളാണ് ഇത്തരത്തിൽ ദയാദാക്ഷിണ്യം അനുഭവിക്കുന്നതെന്നും ആ സഹായത്തിൻ്റെ സൂക്ഷ്മസ്വഭാവം എന്താണെന്നും കൃത്യമായി പ്രതിപാദിക്കുന്ന പഠനങ്ങൾ — ആത്മപ്രതിഫലനത്തിൻ്റെ പൂർണമായ സ്പിരിറ്റ് ഉൾക്കൊണ്ടുകൊണ്ട്  —  ഇടതുപക്ഷത്തുനിന്നും ഉണ്ടാകേണ്ടതാണ്.

ഈ നേതൃത്വം തീവ്രവാദികളായി തള്ളിക്കളയുന്ന വിഭാഗങ്ങളുടെ ദീർഘകാലനിലപാടുകൾ, അവ രൂപമെടുത്ത സാഹചര്യങ്ങൾ മുതലായവയെ പറ്റി ഇടതുപക്ഷക്കാർ ഇനിയെങ്കിലും സ്വതന്ത്രമായി അന്വേഷിക്കണം. നിങ്ങളുടെ നിരീക്ഷണങ്ങളെല്ലാം തെറ്റാണെന്നല്ല, പക്ഷേ അവയിൽ പലതും അർദ്ധസത്യങ്ങളും മുൻവിധികളും പൂർണമായ തെറ്റിദ്ധാരണകളും അറിവില്ലായ്മയും ആകാം എന്ന സാദ്ധ്യത അംഗീകരിക്കണം നിങ്ങൾ. എത്ര തേച്ചാലും കുളിച്ചാലും പോകാത്ത നാറ്റം പോലെ മലയാളി ഇടതുപക്ഷത്തിലാകെ വ്യാപിച്ചു കിടക്കുന്ന ഇസ്ലാമോഫോബിയയ്ക്കു ശരിക്കുള്ള മരുന്ന് ഇതുതന്നെ, സംശയമില്ല.

ഇതുപോലൊരു  അന്വേഷണം ഈ നേതൃത്വം അനുഗ്രഹിച്ചുവരുന്ന ഹിന്ദുവിഭാഗങ്ങളേയും അവരെ വിശ്വസ്തതയോടെ സേവിച്ചു വരുന്ന പോലീസ് മുതൽ വില്ലേജ് ഓഫീസർ വരെയുള്ള അധികാരികളെയും  പറ്റിയുണ്ടാകേണ്ടതാണ്. പോലീസ് സ്റ്റേഷനുകളിൽ മാത്രമല്ല സവർണഭക്തി പ്രസരിക്കുന്നത്. പലപ്പോഴും രജിസ്റ്റർ വിവാഹം ചെയ്യാൻ ചെല്ലുന്നവരെ പരമാവധി ശല്യം ചെയ്യുക, രണ്ടു മതത്തിൽ പെട്ടവർ തമ്മിൽ നടന്ന കല്ല്യാണങ്ങളുടെ വിവരങ്ങൾ ശാഖയിൽ എത്തിച്ചുകൊടുക്കുക തുടങ്ങിയ സേവനങ്ങളിൽ ഏർപ്പെടുന്ന ഇടതുപക്ഷയൂണിയൻ അംഗങ്ങൾ പോലുമുണ്ട്.

സവർണമുഖ്യധാരയെ പ്രീണിപ്പിക്കുന്ന രീതിയുടെ പരിമിതി ശബരിമലക്കാലത്ത് മുഖ്യമന്ത്രിക്കു തന്നെ നേരിടേണ്ടിവന്ന ജാതീയതെറി വെളിവാക്കിയതാണ്. പക്ഷേ അതൊന്നും സവർണപ്രീണനനയങ്ങളെ ഇളക്കാൻ പോന്നവയല്ലായിരുന്നു.  അന്ന് കീഴ്ജാതിസംഘടനകളെ വിളിച്ചുകൂട്ടിയെങ്കിലും നിലനിൽക്കത്തക്കതായ അടിത്തറ അതിനില്ലാതെ പോയി. സവർണപീഡനത്തിനെതിരെ, അതിൻ്റെ ഇടുക്കങ്ങൾക്കെതിരെ, അഭയം തേടുന്നവർക്ക് ആ കുടക്കീഴിൽ സ്ഥലവും കിട്ടിയില്ല, ഇനി കിട്ടാൻ സാദ്ധ്യതയുമില്ല. ഹിന്ദുമദ്ധ്യവർഗത്തിലെ പുരോഗമന-യാഥാസ്ഥികപക്ഷങ്ങളെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഗുഡ് കോപ്പ് – ബാഡ് കോപ്പ് കളിയാണ് കടകംപള്ളിയും മുഖ്യമന്ത്രിയും ശബരിമലശൂദ്രകലാപകാലത്ത് പ്രദർശിപ്പിച്ചത്. ഹിന്ദുവ്യവഹാരങ്ങളെയും പുരാണങ്ങളെയും കേരളീയ നവോത്ഥാനത്തിൻ്റെ കാതലായി പരോക്ഷായെങ്കിലും സ്ഥാപിച്ചെടുക്കാൻ അദ്ദേഹത്തിനു സഹായികളുമുണ്ടായി.  വിവിധമുസ്ലിം വിഭാഗങ്ങൾ വന്നുചേർന്നതുകൊണ്ടാണ് ഈ നേതൃത്വത്തിന് മുസ്ലിംസ്നേഹമെന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞതെങ്കിൽ, കേരളത്തിലെ സവർണർക്കു പൊതുവെ അനുകൂലമായ ഭരണവും ഹിന്ദുത്വഫാസിസ്റ്റുകളെ മിക്കവാറും വെറുതേ വിടുന്നതുമായ പോലീസ് നയവുമാണ് ഈ ഭരണത്തിന് ഹിന്ദു അനുകൂല ലുക്ക് അവശ്യസാഹചര്യങ്ങളിൽ പ്രദാനം ചെയ്യുന്നത്.

ഈ ബാലൻസുകളി കൂടാതെ ഈ നേതൃത്വത്തിന് നിലനില്പില്ല. കാരണം ജാതിമതചിന്തയെ മറികടക്കുന്ന, എല്ലാവരേയും ഉൾപ്പെടുത്തുന്ന, ജനാധിപത്യപരമായ, ഒരു ഭാവി മലയാളിയുടെ മുന്നിൽ അവതരിപ്പിക്കാൻ അവർക്കു കഴിയില്ല എന്നതുതന്നെ. അത് അവർ ശിങ്കിടിമുതലാളിത്തവുമായി ചേർന്നുനിൽക്കുന്നിടത്തോളം വിഭാവനാതീതമത്രെ. അതുകൊണ്ടാണ് പ്രളയാനന്തരകാലത്ത് ഉയർന്നു വന്ന സിവിൽസമൂഹത്തിൻ്റെ സവിശേഷവും നൂതനവുമായ ഘടകത്തെ — പാരസ്പര്യത്തിൽ ഊന്നിയ  ആ ഘടകത്തെ — പിന്നിട് കാര്യമായി പ്രോത്സാഹിപ്പിക്കാൻ ഈ സർക്കാരോ പാർട്ടിയോ ശ്രമിക്കാതെ പോയത്. ആ കാലത്ത് തെളിഞ്ഞുവന്ന പരിസ്ഥിതി-അബദ്ധങ്ങളെയും അപകടങ്ങളെയും കാര്യമായി അഭിസംബോധന ചെയ്യാൻ ഇവർ കൂട്ടാക്കാത്തത്. പ്രളയാന്തരം കേരളത്തിലെ ഒരൊറ്റ പഞ്ചായത്തും ഗ്രാമസഭ വിളിക്കാൻ പോലും ശ്രമിച്ചില്ലെന്ന കാര്യം ജനകീയാസൂത്രണം ഏതവസ്ഥയിലാണെന്ന സൂചന തരുന്നുണ്ട്.

എന്നാൽ യൂസുഫലി തുടങ്ങിയവരെ പ്രീണിപ്പിക്കുന്നതുകൊണ്ടു മാത്രമല്ല, ഇത്. ഈ നേതൃത്വത്തിന് ബലം പകരുന്ന ഘടകം യഥാർത്ഥത്തിൽ കിടക്കുന്നത് തദ്ദേശതലത്തിലാണ്.  ഇന്ന് കേരളത്തിൽ ശിങ്കിടിമുതലാളിത്തം വേരോടിയിട്ടുള്ളത് ആ ഇടങ്ങളിലാണ്.  വൻകിട ശിങ്കിടിമുതലാളിത്തവുമായി ഇതിനു ബന്ധമില്ല എന്നല്ല. ഉദാഹരണത്തിന് ഇന്ന് കേരളത്തിൽ കുന്നിടിക്കാൻ തക്കം പാർത്തുനടക്കുന്ന ചെറുകിടക്കാർ ചിലപ്പോൾ അഡാനിയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരാകാം. പക്ഷേ പലപ്പോഴും അവർ തദ്ദേശീയ വേരുകൾ ഉള്ളവരോ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ അത്തരം വേരുകൾ ഉണ്ടാക്കിയെടുത്തവരോ ആണ്. ഈ വേരുകൾ എങ്ങനെയക്കെയാണ് ഉണ്ടായതെന്നതിനെപ്പറ്റി കാര്യമായ അന്വേഷണം തന്നെ ഉണ്ടാകേണ്ടതാണ്.

അവരുടെ വിവരങ്ങൾ ശേഖരിക്കുക, തദ്ദേശതലത്തിൽ തന്നെ അവരുടെ പട്ടിക പ്രസിദ്ധീകരിക്കുക, അവരുടെ തദ്ദേശ-തദ്ദേശേതര രാഷ്ട്രീയബന്ധങ്ങൾ പുറത്തുവിടുക, ആ സംരംഭങ്ങളിലെ തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി പഠിക്കുക, അതേപ്പറ്റി പൊതുചർചകളരാംഭിക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ തലത്തിൽ ഒരു ബദൽവ്യവഹാരം ഉണ്ടാകൂ.

ഇവിടെ പ്രധാനമാകുന്ന ഒരു വിഷയം, ഉദ്യോഗസ്ഥ അധികാരത്തിലും അതിൻ്റെ പ്രയോഗത്തിലും സമീപകാലത്തുണ്ടായിരിക്കുന്ന മാറ്റങ്ങളാണ്.  പ്രളയാനന്തരം  ഇറക്കിയ റീബിൽഡ് കേരള എന്ന കുത്തിക്കെട്ട് ശ്രദ്ധിച്ചുവായിക്കാൻ ഇനിയെങ്കിലും ഇടതുപക്ഷത്തിൻ്റെ പോക്കിനെപ്പറ്റി വേവലാതിപ്പെടുന്നവർ നോക്കണം. വേൾഡ് ബാങ്കിനു കൊടുക്കാനിരുന്ന ഏതൊക്കെയോ ചില പദ്ധതികളെ വലിച്ചെടുത്ത് കൂട്ടിക്കെട്ടിയ ഈ കൃതിക്കുള്ള ശരിയായ പേര് റീ സെൽ കേരള എന്നാണ്.  യുഎന്നിൻ്റെ നേതൃത്വത്തിൽ  രചിക്കപ്പെട്ട ഒന്നാന്തരമൊരു റിപ്പോർട്ടുള്ളതിനു മുകളിലൂടെ വന്ന ബ്രഹ്മാസ്ത്രമാണിത്. ഈ ഭരണത്തിനു ചുക്കാൻ പിടിക്കുന്ന ഓരോ ഉന്നത ഉദ്യോഗസ്ഥരെയും കൃത്യമായി പിൻതുടരുന്ന, അവരെ  നിരീക്ഷണത്തിൽ നിർത്തുന്ന — അവരെടുക്കുന്ന തീരുമാനങ്ങളെപ്പറ്റി അവർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളെപ്പറ്റി നിരന്തരം അറിവുണ്ടാക്കേണ്ടതുണ്ട്. ഇന്ന് ബെഹറയെപ്പറ്റി മാത്രമാണ് അങ്ങനെയൊരു ശ്രദ്ധ.

പിണറായി വിജയൻ എന്ന ബിംബത്തിനു ചുറ്റും ഇന്നു കറങ്ങിക്കളിക്കുന്ന സ്തുതിക്കും വിമർശനത്തിനും അപ്പുറം പോകുന്ന ജ്ഞാനനിർമ്മാണത്തിൻ്റെ ആവശ്യകതയെപ്പറ്റിയാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. ജ്ഞാനനിർമ്മാണത്തിനെയും വ്യവഹാരനിർമ്മിതിയെയും ഊന്നിപ്പറയുന്നത്, അവ സ്വയം ശാക്തീകരിക്കാനുള്ള മാർഗമായതുകൊണ്ടാണ്. അധികാരത്തിനെതിരെ പൊരുതുന്നവർക്ക് അംബേദ്ക്കർ നൽകിയ ആ പാഠം ഇവിടെയും പ്രസക്തം തന്നെ. പിണറായിസർക്കാർ നൽകിയ ബഹുമതികൾ, സ്ഥാനങ്ങൾ മുതലായവ അലങ്കരിക്കുന്നവർ, പക്ഷേ, ഇനിയെങ്കിലും തങ്ങളുടെ അധികാരശൂന്യതയെ തുറന്ന് അംഗീകരിക്കണം. നീതിയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടം വലിയൊരു ചോദ്യംചെയ്യലിലേക്കു നയിക്കുമെന്ന വാസ്തവത്തെ കണ്ണിൽ നോക്കാൻ നിങ്ങൾക്കു കഴിയണം.

പിന്നെ, ഇതു ഇപ്പോൾ നടക്കുന്ന സമരത്തെ ബാധിക്കില്ലേ എന്നു ചോദിച്ചാൽ, ഇല്ല എന്നെ പറയാനാകുന്നുള്ളൂ. പിണറായി കൂടിയാലും ഇല്ലെങ്കിലും ഈ സമരങ്ങൾ ഇതുപോലെ നടക്കും, കാരണം അത്രയ്ക്കാണ് നമ്മുടെയൊക്കെ ജീവഭയം. ഈ ബസ് മിസ്സായാൽ നഷ്ടം പിണറായിക്കാണ്. അദ്ദേഹത്തിനത് അറിയാം എന്നുതന്നെ കരുതാം.

 

 

 

 

 

 

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s