മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 2

മലയാളി ഫെമിനിസത്തിലെ ‘ദണ്ഡനീതിനിമിഷം’?

ദണ്ഡനീതി ഫെമിനിസം (Carceral feminism) എന്ന സങ്കല്പനം ഇന്ന് ലോകഫെമിനിസ്റ്റ് ചർച്ചകളിൽ സുപരിചിതമാണ്. പോലീസ്, കോടതി, ശിക്ഷ, തടവ് മുതലാവയുൾപ്പെടുന്ന ഭരണകൂടശാഖയെ മുഖ്യമായും ആശ്രയിച്ചുകൊണ്ട് സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരം ഹിംസയും പരിഹരിക്കാമെന്ന വിശ്വാസത്തിൽ ഊന്നിനിൽക്കുന്ന ഫെമിനിസ്റ്റ് പ്രയോഗങ്ങളെയും ചിന്തയെയുമാണ് അത് സൂചിപ്പിക്കുന്നത്. പാശ്ചാത്യ ഫെമിനിസത്തിൽ ഏറെ പഴക്കമുണ്ടെങ്കിലും അത് 1980-90 ദശകങ്ങളിൽ അമേരിക്കൻ ഫെമിനിസത്തിലെ പ്രമുഖ ധാരയായി ഉയർന്നുവന്നു. ലൈംഗികത്തൊഴിലിനെപ്പറ്റിയുള്ള ചർച്ചകളിലാണ് സമീപകാലത്ത് അതിൻറെ പുനരുജ്ജീവിതരൂപം പ്രത്യക്ഷമായത്.

ലൈംഗികത്തൊഴിൽ സ്ത്രീകളുടെ മേൽ നടക്കുന്ന പിതൃമേധാവിത്വചൂഷണത്തിൻറെയും ഹിംസയുടെയും മൂർത്തീകരണമാണെന്ന് വിശ്വസിച്ച റാഡിക്കൽ ഫെമിനിസ്റ്റ് നിയമചിന്തകർ, ലൈംഗികത്തൊഴിൽ മുതലാളിത്തചൂഷണവ്യവസ്ഥയ്ക്കു കീഴ്പ്പെട്ടു നടക്കുന്ന അനേകം തൊഴിലുകളിൽ ഒന്നുമാത്രമാണെന്നു വാദിച്ച സോഷ്യലിസ്റ്റ് ഫെമിനിസ്റ്റ് വ്യവഹാരങ്ങളെ എതിർത്തിരുന്നു. വിരോധാഭാസമെന്നു തോന്നാം, പക്ഷേ റാഡിക്കൽ ഫെമിനിസ്റ്റുകൾ ഒടുവിൽ കൂട്ടുചേർന്നത് അമേരിക്കൻ ക്രൈസ്തവ ഇവാഞ്ചെലിക്കൽ യാഥാസ്ഥിതികരുമായാണ് — ക്രൈസ്തവ യാഥാസ്ഥിതികനിലയിൽ നിന്ന് ലൈംഗികത്തൊഴിൽ നിരോധിക്കാൻ ആഗ്രഹിച്ചവരുമായി. സോഷ്യലിസ്റ്റ് പൊതുനയ യുക്തിയാണ് പിൻതുടർന്നിരുന്നെങ്കിൽ ലൈംഗികത്തൊഴിലിനെ സദാചാരവിലയിരുത്തലിനു വിധേയമാക്കുന്നത് അസാധുവായേനെ. ആൺ-പെൺ ലൈംഗികബന്ധത്തെ എല്ലാ അധികാരരൂപങ്ങളുടെയും ആദിമ ഉറവിടമായി കണക്കാക്കുന്ന റാഡിക്കൽ ഫെമിനിസ്റ്റ് പതിവ് അവഗണിക്കപ്പെട്ടേനെ. പകരം ലൈംഗികത്തൊഴിലിനെ മുതലാളിത്തത്തിനു കീഴിലുള്ള മറ്റേതു തൊഴിൽരൂപത്തെയും പോലെ — മുതലാളിത്ത ചൂഷണവേലയായി മാത്രം — എണ്ണിയേനെ. സർക്കാരിൻറെ ഉത്തരവാദിത്വം ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ തൊഴിലവകാശസംരക്ഷണം ആയേനെ (അവർ കഠിനമായ ചൂഷണത്തിനു വിധേയരായ അസംഘടിത, അനൌപചാരികമേഖലാത്തൊഴിലാളികൾ ആയതുകൊണ്ടുതന്നെ).

എന്നാൽ റാഡിക്കൽ ഫെമിനിസവും അമേരിക്കയിലെ നിർണായകസാമൂഹ്യശക്തിയായ ക്രൈസ്തവ ഇവാഞ്ചലിക്കൽ യാഥാസ്ഥിതികത്വവും കൂട്ടുചേർന്നപ്പോൾ ഇത് തള്ളിക്കളയപ്പെട്ടു. അങ്ങനെയാണ് ആഗോളതലത്തിൽ തന്നെ എല്ലാത്തരം ലൈംഗികത്തൊഴിലും ലൈംഗികകടത്തായി എണ്ണപ്പെടണമെന്നും, അത് ഊതിവാർപ്പിക്കപ്പെട്ട പ്രസംഗഭാഷയിൽ ‘ആധുനിക അടിമത്ത’മായി (modern slavery) കരുതപ്പെടണമെന്നും റാഡിക്കൽ ഫെമിനിസ്റ്റ്പക്ഷം വാദിച്ചത് — പുതിയ നൂറ്റാണ്ടിൻറെ ആദ്യവർഷങ്ങളോടെ ഈ ധാരണകളെ അന്താരാഷ്ട്ര ഏജൻസികളിലൂടെ ലോകം മുഴുവൻ പ്രചരിപ്പിക്കാൻ അമേരിക്കൻ സാമ്രാജ്യത്വത്തിനു കഴിഞ്ഞതോടെ അത് ഇന്ത്യയിലും എത്തി.

സ്ത്രീപുരുഷബന്ധത്തിലെ അധികാരവ്യത്യാസങ്ങളെ ആൺഅധികാരം vs. പെൺഅധികാരം എന്ന ഒറ്റ, കേന്ദ്രസ്വഭാവം കല്പിക്കപ്പെടുന്ന, വടംവലിസമാനമായ, പ്രക്രിയയുടെ ഫലമായി കാണുന്ന രീതിയായിരുന്നു ഇതിനറെ അടിസ്ഥാനം. അതായത്, ലിംഗ അസമത്വങ്ങളെ വ്യത്യസ്ത – വിശാല സാഹചര്യങ്ങളിലും സമയങ്ങളിലും അനവധി സവിശേഷ അധികാര- അച്ചുതണ്ടുകളിലൂടെ രൂപീകരിക്കപ്പെടുന്നവയായി കാണുന്നതിനു പകരം.

കൂടാതെ, ലിംഗനീതിനേടൽ പ്രധാനമായും നിയമപരിപാലനപ്രശ്നമാണെന്നും ഇത് ധരിക്കുന്നു. അങ്ങനെയാകുമ്പോൾ പിതൃമേധാവിത്വത്തിൽ നിന്നുള്ള മോചനം സിവിൽസമൂഹത്തിലെ പ്രതിഷേധ- ഉത്ബോധന പ്രവർത്തനങ്ങളിലൂടെ, പുതിയ ലോകബോധനിർമ്മാണത്തിലൂടെ, സാദ്ധ്യമാകേണ്ട ലക്ഷ്യമല്ല, മറിച്ച് പോലീസിനെ കൊണ്ട് നടത്തിയെടുക്കേണ്ട എന്തോ ഒന്ന് ആണെന്നു വരും. ശിക്ഷാലോലുപഭരണകൂടം അപ്പോൾ ഇത്തരം ഫെമിനിസ്റ്റുകളുടെ മിത്രവും സഹചാരിയും ആകും.

അമേരിക്കൻ സാഹചര്യങ്ങളിൽ ഈ ഫെമിനിസത്തെ ഏറ്റവും ഊക്കോടെ എതിർത്തത് അവിടുത്തെ ആഫ്രോ-അമേരിക്കൻ ഫെമിനിസ്റ്റുകളാണ്. കാരണം ദണ്ഡനീതിഭരണകൂടം വളരെ ദശകങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ആഫ്രോ-അമേരിക്കൻ വംശജരെയാണ് — അവരിലെ പുരുഷന്മാരെ ആണ് അമേരിക്കൻ ദണ്ഡനീതി ഫെമിനിസം ഏറ്റവും തീവ്രമായി ശിക്ഷിക്കുന്നത്. അമേരിക്കൻ വംശീയതയ്ക്കു സമാനമായ സാഹചര്യം നിലനിൽക്കുന്ന ഏതു സമൂഹത്തിലും സമാനഫലങ്ങൾ ക്രമേണ ഉളവാകുമെന്നത് സംശയാതീതമാണെന്ന് അമിയാ ശ്രീനിവാസനെപ്പോലുള്ള ഫെമിനിസ്റ്റ് ചിന്തകർ മുന്നറിയിപ്പു നൽകുന്നു — ജാതിവെറി അനുദിനം രൂക്ഷമാകുന്ന ഇന്ത്യയെപ്പറ്റിയാണ് അവർ പറയുന്നത്.

അതേസമയം ദണ്ഡനീതി ഫെമിനിസത്തെക്കുറിച്ചുള്ള ചർച്ച ദ്വന്ദ്വസ്വഭാവം കൈക്കൊള്ളുന്നത് പ്രയോജനകരമല്ലെന്ന മുന്നറിയിപ്പ് പല ഫെമിനിസ്റ്റ് ചിന്തകരും നൽകുന്നുമുണ്ട്. എല്ലാത്തരം ക്രിമിനൽനീതിനയങ്ങളെയും വിമർശനപരമായ വിലയിരുത്തലിനു വിധേയമാക്കുമ്പോൾ അവയെ നിർണയിക്കുന്ന വിവിധ അധികാരവ്യവസ്ഥകളെ കണ്ടെത്താനും പോലീസിനെയും നിയമത്തെയും അവസരമനുസരിച്ച് മാത്രം സ്വീകരിക്കാനും വിമർശിക്കാനും കഴിയണമെന്നും അവർ പറയുന്നു. ദണ്ഡനീതിഫെമിനിസത്തിൻറെ വക്താക്കളെയും അതിനെ വിമർശിക്കുന്നവരെയും ഒരിക്കലും കൂടാൻ പറ്റാത്ത എതിർപക്ഷങ്ങളായി കാണാനുള്ള പ്രവണതയെ അവർ തിരസ്കരിക്കുന്നു.

—-

ഇന്ത്യൻ സാഹചര്യത്തിൽ ‘ദണ്ഡനീതി ഫെമിനിസ്റ്റ് ‘ എന്ന വിശേഷണം 2013ലെ ക്രിമിനൽ നിയമ ഭേദഗതിക്കു ശേഷം പൂർവാധികം ശക്തമാക്കപ്പെട്ട ക്രിമിനൽ നിയമ ഉപകരണങ്ങളെ ലൈംഗിക അതിക്രമത്തിനെതിരെ പ്രയോഗിക്കണമെന്ന് വാദിച്ച (ഞാനടക്കമുള്ള) ഫെമിനിസ്റ്റുകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഭരണകൂടത്തോട് കൃത്യവും വ്യക്തവുമായ അകലം പാലിക്കുക, ഭരണകൂടം നടത്തുന്ന ലൈംഗിക ഹിംസയെ പ്രശ്നവത്ക്കരിക്കുക എന്നിവ ഇന്ത്യൻ ഫെമിനിസത്തിൻറെ ദീർഘകാല സ്വഭാവങ്ങളായിരുന്നെങ്കിലും സമീപകാലത്ത് അവ ചുരുങ്ങിപ്പോയിരിക്കുന്നുവെന്നും, ഇന്ത്യൻ ഫെമിനിസം ഇന്ന് ദണ്ഡനീതി ഫെമിനിസത്തിലേക്കു പൂർണമായും കൂപ്പുകുത്തിയിരിക്കുന്നുവെന്നു പ്രഭാ കോടീശ്വരനെപ്പോലുള്ള ഫെമിനിസ്റ്റ് നിയമഗവേഷകരുടെ വിമർശനവും ഉണ്ട്.

എന്നാൽ 2013നു മുൻപുതന്നെ ഇന്ത്യയിൽ ദണ്ഡനീതിഫെമിനിസത്തിൻറെ സാന്നിദ്ധ്യമുണ്ടായിരുന്നു — ലൈംഗികത്തൊഴിലിനെപ്പറ്റിയുള്ള ചർച്ചകളിൽ . ഇന്ത്യൻ സ്ത്രീപ്രസ്ഥാനത്തിൻറെ പ്രമുഖ ഘടകങ്ങൾ — അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അടക്കമുള്ളവ — ലൈംഗികത്തൊഴിലിനെ തൊഴിലായി എണ്ണണമെന്ന നിലപാടിനെ എതിർത്തുവെന്ന് പ്രഭാ കോടീശ്വരൻ വാദിക്കുന്നു.

എന്നാൽ കുറേക്കൂടെ വിശാലമായ അർത്ഥത്തിൽ ദണ്ഡനീതി ഫെമിനിസം (ഈ ഖണ്ഡത്തിൻറെ ആരംഭഭാഗത്ത് വിശേഷിപ്പിച്ച അർത്ഥത്തിൽ) പൂർണമായും പ്രകടമായത് 2012ൽ ഡൽഹിയിൽ നടന്ന ഭയങ്കരമായ ബലാത്സംഗക്കൊലയോ ടെയാണ് — നിർഭയാ സംഭവം എന്നു വിളിക്കപ്പെട്ട ആ പാതകത്തിനു ശേഷം. ഫെമിനിസ്റ്റ് ശബ്ദങ്ങൾ തികച്ചും സദാചാര-യാഥാസ്ഥിതിക ശബ്ദങ്ങളോട് സംഗമിച്ച അവസരമായിരുന്നു ഇത്. സ്ത്രീകളടെ സുരക്ഷയെ സംബന്ധിച്ചുള്ള വേവലാതികൾ സ്ത്രീയുടെ പരിശുദ്ധിയെക്കുറിച്ചുള്ള വേവലാതികളോട് വരമ്പുകാണാത്ത വിധത്തിൽ സംഗമിക്കാനുള്ള ശക്തമായ സാഹചര്യമാണ് അന്നുണ്ടായത്. ഇതും, ഭരണകൂടവും ജാതിസമുദായ പിതൃമേധാവിത്വവും പണ്ടുമുതൽക്കേ പാർശ്വവൽക്കരിച്ച ജനങ്ങളായ ലൈംഗികത്തൊഴിലാളികളുടെ കാര്യത്തിലും ഫെമിനിസ്റ്റു മുഖ്യധാരയിലെ പ്രധാനകക്ഷികളിൽ പലരും ഭരണകൂടപക്ഷത്തു തന്നെയാണ് തുടർന്നു നിലകൊണ്ടതെന്നും പ്രഭാ കോടീശ്വരൻ പറയുന്നു.

എന്നാൽ ഇന്ത്യൻ നാഗരിക-മെട്രോപോളിറ്റൻ ഫെമിനിസ്റ്റുകൾ അവർക്കെതിരെ ഉയർന്നുവന്നിട്ടുള്ള ഈ വിമർശനത്തെ എതിർത്തിട്ടുണ്ട്. ഇന്ത്യൻ പോലീസ്-നിയമവ്യവസ്ഥയ്ക്കെതിരെയുള്ള ഫെമിനിസ്റ്റ് വിമർശനം 1970കളിൽ ഇന്ത്യൻ ഫെമിനിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച കാലം മുതൽ സജീവമായിരുന്ന ധാരയാണെന്ന് അവർ ഓർമ്മിപ്പിക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങളിൽ കുടുംബ-ജാതി-സമുദായദണ്ഡനീതി സ്ത്രീകളോടു കാട്ടുന്ന ഹിംസയെ വെളിച്ചത്തുകൊണ്ടുവരാൻ തങ്ങൾ നടത്തുന്ന അധ്വാനത്തെ അവർ ചൂണ്ടിക്കാട്ടുന്നു. ജാതി-സമുദായശക്തികളുടെ ഹിംസ അതിശക്തമായി തുടരുന്ന ഇന്ത്യയിൽ ഭരണകൂടത്തെ നീതിനിർവ്വഹണ ഉത്തരവാദിത്വത്തിനു നിർബന്ധിക്കാതെവയ്യെന്ന സുപ്രധാനമായ സത്യത്തെ അവർ അടിവരയിട്ടുപറയുന്നു. അതുകൊണ്ടുതന്നെ സർക്കാരുകളുമായുള്ള പേശലുകൾ തുടർന്നേതീരൂ എന്നും, ഒപ്പം നിയമ-നീതിധാരണകളുടെ അടിസ്ഥാനങ്ങളായി കിടക്കുന്ന ലിംഗവ്യത്യസ്തതാസൂചകങ്ങളെ ചോദ്യംചെയ്യുകയും വേണമെന്നും പറയുന്നു.

ഈ ചർച്ചയുടെ ഇരുവശത്തും സാധുവായ നിരീക്ഷണങ്ങളും സത്യവും ഉണ്ട്. ഇന്ത്യൻ നാഗരിക-മെട്രോപോളിറ്റൻ ഫെമിനിസം അതിൻറെ ചരിത്രത്തിലുടനീളം ഭരണകൂടത്തോട് പാലിച്ചിട്ടുള്ള വിമർശക-അകലവും, സമുദായ-ജാതി-കുടുംബ ദണ്ഡനീതിയ്ക്കെതിരെ നടത്തിയ പോരാട്ടങ്ങളും അനിഷേധ്യമാണ്. പക്ഷേ പ്രഭാ കോടീശ്വരൻ, രത്നാ കപൂർ, ഫ്ളേവിയാ ആഗ്നെസ് മുതലായവർ ഇന്ത്യൻ ഫെമിനിസ്റ്റ് ധാരകളിൽ കാണുന്ന ലൈംഗികത്തൊഴിലാളിവിരുദ്ധത, വരേണ്യലൈംഗികസംരക്ഷണത്വര, മുസ്ലിംഭീതി മുതലായവയെ — അതായത്, ഇന്ത്യൻ ഫെമിനിസ്റ്റ് ധാരകളിൽ പലതും ഇന്ന് കാണപ്പെടുന്ന ആഗോള അമേരിക്കൻ സാമ്രാജ്യത്വ ഫെമിനിസത്തിൻറെ സവിശേഷ ദണ്ഡനീതി സംസ്ക്കാരത്തെ — ചൂണ്ടിക്കാണുക്കുന്നതും ശരിതന്നെ.

ഭരണകൂട ബലാത്സംഗത്തെ നിരന്തരം എതിർക്കുകയും നിയമപരമായി ചെറുക്കുകയും ചെയ്ത പാരമ്പര്യമുണ്ടെങ്കിലും 1950കളിൽ ഇന്ത്യൻ ദേശീയവാദിഫെമിനിസ്റ്റുകൾ ലൈംഗികത്തൊഴിലാളികളോട് കാട്ടിയ അകലവും ശിക്ഷണമനോഭാവവും കാര്യമായ മാറ്റങ്ങളില്ലാതെ 1970കൾക്കു ശേഷവും തുടർന്നത് ഇന്ത്യൻ ഫെമിനിസത്തെ അമേരിക്കൻ സാമ്രാജ്യത്വ ഫെമിനിസത്തിന് അഭിമുഖമാക്കിയെന്ന വാദത്തെ തള്ളിക്കളയാനാവില്ല. ഇന്ത്യൻ ഫെമിനിസത്തിൻറെ ദണ്ഡനീതിനിമിഷത്തെ വിമർശിക്കുന്നവർ, പക്ഷേ ദലിത് വിഭാഗങ്ങളെ സംരക്ഷിക്കുന്ന പ്രത്യേകനിയമങ്ങളെ ദണ്ഡനീതിയുടെ ഭാഗമായിക്കാണുന്നില്ലെന്നും എടുത്തുപറയേണ്ടതുണ്ട് — പ്രത്യേകിച്ച് ദണ്ഡനീതി ഫെമിനിസ്റ്റ് സംസ്കാരത്തെപ്പറ്റിയുള്ള ചർച്ച ബൈനറിസ്വഭാവം കൈവിടണമെന്ന പൊതുസമ്മതം ഫെമിനിസ്റ്റ് ചിന്തകർക്കിടയിലുള്ള സാഹചര്യത്തിൽ.

പക്ഷേ 2013നു ശേഷമുള്ള ഇന്ത്യൻ നാഗരിക-മെട്രോപോലിറ്റൻ ഫെമിനിസ്റ്റുകളുടെ പ്രയോഗങ്ങളെയും സമരങ്ങളെയും പരിശോധിച്ചാൽ അവരെ ദണ്ഡനീതി ഫെമിനിസ്റ്റുകളെന്നോ അവരുടെ എതിരാളികളെന്നോ കൃത്യമായി വേർതിരിക്കാനാവില്ലെന്ന് സുവ്യക്തമാണ്. 2013ൽ നിർഭയസംഭവത്തിനു ശേഷം ക്രിമിനൽ നിയമ ഭേദഗതി നടത്താൻ സംഘടിപ്പിക്കപ്പെട്ട പ്രക്രിയയിൽ പങ്കാളികളായിരുന്ന ഫെമിനിസ്റ്റ് നിയമവിദഗ്ദ്ധർ ഫെമിനിസ്റ്റ് ദണ്ഡനീതിയെ യാന്ത്രികമായി പുണരുകയായിരുന്നില്ല. ഭരണകൂടത്തിൻറെ മർദ്ദകശക്തിയെ വളർത്താതെ നിമയവ്യവസ്ഥയെ സ്ത്രീകൾക്ക് കൂടുതൽ അനുകൂലമാക്കാനുള്ള സാധ്യതകളാണ് അവർ ആരാഞ്ഞത്. ബലാത്സംഗത്തിന് മരണശിക്ഷയെ അവർ എതിർത്തു എന്നു മാത്രമല്ല, ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഗ്രേഡഡ് (graded) ആയ ശിക്ഷകൾ തീരുമാനിക്കണമെന്നും ഇന്നത്തെ ജഡ്ജി-കേന്ദ്രത വിധികൾക്കു പകരം വിധിപറച്ചിലിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കണമെന്നും (sentencing standards) അവർ ആവശ്യപ്പെട്ടു. അവസാനത്തെ രണ്ടു നിർദ്ദേശങ്ങളും അധികാരികൾക്ക് സ്വീകാര്യമായില്ല — അവ ഒരുപക്ഷേ കുറ്റാരോപിതകർക്കും അതിജീവിതകൾക്കും ഒരുപോലെ ഉതകിയേനേ. ഗ്രേഡഡ് ശിക്ഷയായിരുന്നെങ്കിൽ ചെയ്ത കുറ്റം ഏറ്റുപറയാൻ യഥാർത്ഥ കുറ്റവാളികൾ കുറേക്കൂടി തയ്യാറായേനേ. ശിക്ഷ കുറേക്കൂടി ഉറപ്പായേനെ. വിധിപറച്ചിൽ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നെങ്കിൽ വിധിപറച്ചിലിൽ ജഡ്ജിമാരുടെ വ്യക്തിപരമായ പോരായ്മകൾ പ്രതിഫലിക്കുന്നത് കുറഞ്ഞേനെ.

രണ്ടാമതായി, 2013നു ശേഷം വിവാദമായ ഖുർഷീദ് അൻവർ കേസ്. മുഹമ്മദ് ഫാറൂഖി കേസ് എന്നിവയിൽ ദണ്ഡനീതി ഫെമിനിസ്റ്റുകൾ പുതിയ ദണ്ഡനീതി ഉപകരണങ്ങൾ ഭരണകൂടമർദ്ദനോപകരണങ്ങൾ ആകാത്തവിധം പ്രയോഗിക്കാൻ ഏറെ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് — ആ പ്രയോഗങ്ങളിൽ നിന്ന് കയ്പേറിയ ഒന്നിലധികം പാഠങ്ങൾ പഠിക്കാൻ അവർ തയ്യാറായിട്ടുമുണ്ട്. ദണ്ഡനീതിപ്രയോഗത്തെ പാടെ തള്ളിക്കളയുന്നതിനു പകരം അവയെ ഉത്തരവാദിത്വത്തോടു കൂടി പ്രയോഗിക്കുന്ന ഫെമിനിസ്റ്റ് ഗവേഷകർ തന്നെയാണ് അക്കാദമിക തലത്തിൽഅമേരിക്കൻ സാമ്രാജ്യത്വ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെ — അവ ലൈംഗികത്തൊഴിലാളികളെപ്പറ്റിയായാലും ശരി, മുസ്ലിം സ്ത്രീകളെ പറ്റിയായാലും ശരി — ഏറ്റവും വ്യക്തതയോടെ വിമർശിച്ചിട്ടുള്ളതും.

ചുരുക്കിപ്പറഞ്ഞാൽ, അമേരിക്കൻ സാമ്രാജ്യത്വ ദണ്ഡനീതി ഉപകരണങ്ങളെ ഒരുപരിധിവരെ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ നാഗരിക-മെട്രോപോലിറ്റൻ ഫെമിനിസ്റ്റുകൾ ദണ്ഡനീതി ഫെമിനിസത്തെയും അതിൻറെ എതിരാളികളെയും വിഭജിച്ചു വേർപെടുത്തുന്ന ബൈനറിചിന്തയെ പിൻപറ്റിയിട്ടില്ല. ഭരണകൂട മർദ്ദകത്വത്തെ വളർത്താതെ ദണ്ഡനീതി ഉപകരണങ്ങളെ പ്രയോഗിക്കാൻ തന്നെയാണ് അവർ ശ്രമിച്ചിച്ചുള്ളത്. 2017 മുതൽ (അതിനു മുൻപും –ചിത്രലേഖയുടെ സമരം ഉദാഹരണം) കേരളത്തിൽ നടന്ന ലിംഗനീതിസമരങ്ങളിൽ അവർ നടത്തിയ ഇടപെടലുകളെക്കൂടി കണക്കിലെടുത്താൽ ഈ വാദം കൂടുതൽ ശക്തമാവും.

—–

ഈ ലേഖനത്തിൻറെ ആദ്യഖണ്ഡത്തിൽ പറഞ്ഞതു പോലെ മലയാളി ഫെമിനിസവും ആരംഭവർഷങ്ങളിൽ ഭരണകൂടത്തിൻറെ ലൈംഗികഹിംസയ്ക്കു ചുറ്റും ശക്തമായ സമരങ്ങൾ നടത്തിയിട്ടുണ്ട്. 1990കളുടെ ഒടുക്കത്തോടെ കേരളത്തിൽ വലിയ മാദ്ധ്യമശ്രദ്ധ പിടിച്ചെടുത്ത ലൈംഗികകടത്തു കേസുകളിലും ലൈംഗികശല്യക്കേസുകളിലും അവർ വളരെ കാര്യമായി ഇടപെടുകയുമുണ്ടായി.

അതുവരെ ഫെമിനിസ്റ്റ് വിരോധികളായിരുന്ന ഇടതുപക്ഷകക്ഷികളുടെ വനിതാവിഭാഗക്കാരുൾപ്പെടെയുള്ള യാഥാസ്ഥിതികരുമായ നിലപാടുകളിൽ കൂടുതൽ അടുപ്പമുണ്ടാകാൻ ഇതു സഹായിച്ചു. ദലിത് മദ്ധ്യവർഗ ഫെമിനിസ്റ്റുകളുമായി അടുക്കാനൊരു പാലമായി ഇതു മാറുകയും ചെയ്തു — ഇതേകാലത്ത് ദലിത് ഫെമിനിസ്റ്റ് വ്യവഹാരങ്ങൾ (പ്രത്യേകിച്ചും അക്കാദമിക ഇടങ്ങളിൽ നിന്നുയർന്ന) മലയാളി ഫെമിനിസത്തെപ്പറ്റി ചൂണ്ടിക്കാണിച്ച പല പോരായ്മകളെയും ഒഴിവാക്കലുകളെയും ചർച്ച ചെയ്യാനുള്ള അമാന്തം താത്കാലികമായിയെങ്കിലും മറയ്ക്കപ്പെട്ടു.

ഇങ്ങനെ രൂപപ്പെട്ടുവന്ന നിശബ്ദ മുന്നണി , പക്ഷേ, ഏതാണ്ടിതേ വർഷങ്ങളിൽ ഉയർന്നുതുടങ്ങിയ ലൈംഗികത്തൊഴിലാളി വ്യവഹാരങ്ങളെയും ലെസ്ബിയൻ ശബ്ദങ്ങളെയും സംശയത്തോടെ മാത്രമല്ല, പലപ്പോഴും ശത്രുതയോടെ തന്നെ വീക്ഷിച്ചു. എല്ലാത്തരം ലൈംഗികത്തൊഴിലും അവസാനവിശകലനത്തിൽ ലൈംഗികക്കടത്താണെന്ന അവകാശവാദത്തിലും അതിശക്തമായ ഭരണകൂട ഇടപെടലിലൂടെ അത് അടിച്ചമർത്തപ്പെടണമെന്ന ആവശ്യത്തിലും ഊന്നിയ ആഗോള ദണ്ഡനീതി ഫെമിനിസം (ആഗോള ലൈംഗികത്തൊഴിൽ ആക്ടിവിസത്തോടൊപ്പം) കേരളത്തിൽ പ്രത്യക്ഷമായി. ഇവിടെ ലൈംഗികത്തൊഴിലാളികൾ സ്വയം പൊതുരംഗത്ത് സ്വന്തം പൌരശബ്ദമാകാൻ ശ്രമിച്ച സമയത്തായിരുന്നു ഇത്. ലൈംഗികത്തൊഴിലാളികളുടെ വക്താവായി ഉയർന്നുവന്ന നളിനി ജമീല മുഖ്യധാരാ ഫെമിനിസ്റ്റുകളിൽ നിന്ന് അതിതീവ്രമായ അധിക്ഷേപത്തെ നേരിട്ടു. മുൻപ് (1990കളുടെ തുടക്കത്തിൽ) ഫെമിനിസത്തെ പരസ്യമായ അപലപിച്ച പല യാഥാസ്ഥിതിക ശബ്ദങ്ങളുമായി ഫെമിനിസ്റ്റുകൾ അറിഞ്ഞോ അറിയാതെയോ ഇതിലൂടെ സംഗമിച്ചു. കുഞ്ഞിബീ കേസിൽ വേശ്യകളുടെ രക്ഷകസ്ഥാനത്തു നിന്നു പൊരുതിയ ഇക്കൂട്ടർ ലൈംഗികത്തൊഴിലാളികളായി സ്വയം ശബ്ദം കണ്ടെത്തിയവർക്ക് ഇടം നൽകാൻ വിഷമിച്ചുവെന്ന് രേഷ്മാ രാധാകൃഷ്ണൻ നിരീക്ഷിക്കുന്നു.

കേരളത്തിൽ ലൈംഗികത്തൊഴിലാളികളുടേതായ ദണ്ഡനീതിവിരുദ്ധ വ്യവഹാരത്തിന് ദീർഘായുസ്സുണ്ടായില്ല. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ അതല്ല സ്ഥിതി — കേരളത്തിൽ അത് മിക്കവാറും നിശബ്ദമായത് എന്തുകൊണ്ടെന്ന് കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്.

മുഖ്യധാരാ ഫെമിനിസ്റ്റുകളുടെ മേൽക്കൈയിൽ അല്ലെങ്കിലും അവരുടെ നിശബ്ദ – ഭാഗിക സഹകരണത്തിലൂടെ 2013നു ശേഷം, ഈ ലേഖനത്തിൻറെ ഒന്നാം ഭാഗത്തിൽ വിവരിച്ചതുപോലെ, കുടുംബശ്രീസംഘങ്ങളിലൂടെയും മറ്റും സ്ത്രീസുരക്ഷാവ്യവഹാരം വ്യാപകമായി. സ്ത്രീസുരക്ഷ എന്നാൽ ലൈംഗിക സുരക്ഷ, അത് നേടിയെടുക്കേണ്ടത് പോലീസ് ഇടപെടലിലൂടെ, മുതലായ ദണ്ഡനീതി ഫെമിനിസ ധാരണകൾക്ക് സ്ത്രീസമൂഹത്തിൽ പൊതുവെ പ്രചാരം ലഭിച്ചു. ഇതുകൂടാതെ മലയാളി ഫെമിനിസ്റ്റ് സംഘങ്ങൾക്കു പുറത്തുള്ളവരോ അന്യനാടുകളിൽ കഴിയുന്നവരോ ആയ വരേണ്യസ്ത്രീകൾക്ക് ഫെമിനിസ്റ്റോ അല്ലാത്തതോ ആയ ആശയങ്ങൾ വ്യാപകമായി പങ്കുവയ്ക്കാനും ഉൾക്കൊള്ളാനും പറ്റിയ വേദികളായി മാറിയ സാമൂഹ്യമാദ്ധ്യമങ്ങളും പൊതുമണ്ഡലത്തിൻെറ ഭാഗമാകാൻ തുടങ്ങിയത് ഈ വർഷങ്ങളിലാണ്. മാത്രമല്ല, രാഷ്ട്രീയ പ്രശ്നങ്ങളെ നിയമപരിപാലന പ്രശ്നങ്ങളായിക്കണ്ടുകൊണ്ട് അവയെ പോലീസ് അടക്കമുള്ള മർദ്ദക ഉപകരണങ്ങളാൽ നേരിടുന്ന സുരക്ഷാ ഭരണകൂടം കേരളത്തിൽ കൂടുതൽക്കൂടുതൽ സുപരിചിതമാകാനും തുടങ്ങി.

ഈ രണ്ടാമതു പറഞ്ഞ പ്രക്രിയ കേരളത്തിലെ ദണ്ഡനീതി ഫെമിനിസത്തെ കാര്യമായി രൂപീകരിച്ചിട്ടുമുണ്ട്. ഇതു പ്രകടമായ സംഭവമായിരുന്നു 2017ലെ ഹാദിയാ കേസ്. ഹാദിയ എന്ന യുവതി സ്വന്തം മതവിശ്വാസത്തെയും ആ മതവിശ്വാസിയായ ജീവിതപങ്കാളിയെയും തെരെഞ്ഞെടുത്തതായിരുന്നു പ്രശ്നകരമായിത്തീർന്നത്. മുൻപൊരിക്കലും നടന്നിട്ടില്ലാത്ത ഒരു നീക്കത്തിൽ കേരള ഹൈക്കോടതി ഹാദിയയുടെ വിവാഹത്തെ റദ്ദുചെയ്തു. അവരെ മാതാപിതാക്കളുടെ കസ്റ്റിഡിയിലാക്കി. ഇന്ത്യൻ ഫാസിസ്റ്റ് വലതുപക്ഷ ലൌ ജിഹാദ് ഭീതികൾ ആഗോള അമേരിക്കൻ സാമ്രാജ്യത്വ ഫെമിനിസത്തിൻറെ മുസ്ലിംഭീതിയോട് ഇണചേർന്നുണ്ടായ വിവാദമായിരുന്നു അത്. ചില ശ്രദ്ധേയ അപവാദങ്ങളൊഴിച്ചാൽ കേരളത്തിലെ മുഖ്യധാരാഫെമിനിസ്റ്റുകളും അവരോടു നിശബ്ദസഖ്യത്തിലായ കേരളത്തിലെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ; ഫേസ് ബുക്കിൽ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ വരേണ്യ ലിബറൽ ഫെമിനിസ്റ്റുകൾ, തുടങ്ങിയവരും, മുസ്ലിംഭീതി നിർലോഭമുപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിഷ്ക്രിയതയെ ന്യായീകരിച്ച സൈബർ പാർട്ടി അനുഭവികളും ഒരേ പക്ഷമായി മാറി.

ജനാധിപത്യ മഹിളാ അസോസിയേഷൻ സമുന്നത നേതാവ് ബൃന്ദാ കാരാട്ട് ഹാദിയയ്ക്ക് ഉപാധികളോടെ പിൻതുണ പ്രഖ്യാപിച്ചെങ്കിലും കേരളത്തിൽ ഹാദിയയ്ക്കു തുണയായി നിന്ന മുസ്ലിം സംഘടനാസ്ത്രീകളോടുള്ള അവി ശ്വാസം കേരളത്തിലെ ഫെമിനിസ്റ്റുകളെ തടഞ്ഞുനിർത്തി. ഇസ്ലാം മതവിശ്വാസസ്വീകാരവും ഹിജാബും സ്ത്രീസ്വാതന്ത്ര്യത്തിന് എതിരാണെന്ന ലിബറൽ ഫെമിനിസ്റ്റ് വിശ്വാസം സിവിൽ സമൂഹ ചർച്ചകളിൽ നിന്ന് ഭരണകൂടതലത്തേയ്ക്കു പറിച്ചുനട്ടതോടെ അത് ദണ്ഡനീതി ഉപകരണമായി മാറുന്നത് കാര്യമായി ശ്രദ്ധിക്കപ്പട്ടുമില്ല.

എന്നാൽ ഹാദിയയുടെ മോചനത്തിനും അവകാശങ്ങൾക്കും വേണ്ടി ഏറ്റവും ശക്തമായ പ്രഖ്യാപനങ്ങളും ഇടപെടലുകളും നടത്താൻ ഇന്ത്യൻ നാഗരിക- മെട്രോപോലിറ്റൻ ഫെമിനിസ്റ്റുകൾ തയ്യാറായി — മുഖ്യമന്ത്രിക്ക് നേരിട്ടയച്ച തുറന്ന കത്തുകളിലൂടെയും നിവേദനങ്ങളിലൂടെയും അവർ ശബ്ദമുയർത്തി. ഈ ഇടപെടലുകൾ സർക്കാർ സ്ത്രീസുരക്ഷാ സംവിധാനത്തെ പാടെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നില്ല എന്ന കാര്യം പ്രത്യേകം കാണേണ്ടതുണ്ട്. നേരെ മറിച്ച്, കേരള വനിതാ കമ്മിഷനും സർക്കാരും ഹാദിയയെ മോചിപ്പിക്കുകയും അവരെ സുരക്ഷിതമായി പാർപ്പിക്കുകയും വേണമെന്നാണ് അവരുടെ നിവേദനം കേരളസർക്കാരിനോട് അപേക്ഷിച്ചത്. എങ്കിലും ഭരണകൂടത്തിൻറെ അതീവമർദ്ദക ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്ന ഫെമിനിസം തന്നെയാണ് ഇത്തരമൊരവസ്ഥയിൽ നമ്മെ എത്തിച്ചതെന്ന് ഇക്കണോമിക് ആൻറ് പൊലിറ്റിക്കൽ വീക്ക് ലിയുടെ പ്രസാധകക്കുറിപ്പ് നിരീക്ഷിച്ചു.

അതായത് സ്ത്രീനിതിയ്ക്കായുള്ള സർക്കാർ ഉപകരണങ്ങളെ രാഷ്ട്രീയ ഉത്തരവാദിത്വത്തോടു കൂടി നിർവ്വഹിക്കാനുള്ള ശ്രമം ഇപ്പറഞ്ഞ വൃത്തങ്ങളിൽ നിന്നുണ്ടായി.

ഏതാണ്ടിതിനോടു സമാനമായ ഒരു പ്രതിസന്ധിയാണ് 2021ൽ അനുപമാ ചന്ദ്രൻ എന്ന യുവതിയുടെ കുഞ്ഞിനെ സർക്കാർ ബാലക്ഷേമസ്ഥാപനങ്ങളുടെ ഒത്താശയോടെ കടത്തിക്കൊണ്ടു പോയ സംഭവത്തിനു ശേഷമുണ്ടായത്. മുൻപൊരിക്കൽ വിവാഹിതനായിരുന്ന, വിവാഹമോചനപ്രക്രിയയിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന, അജിത്ത് കുമാർ എന്ന യുവ ദലിത് പാർട്ടിപ്രവർത്തകനുമായി അവർക്കുണ്ടായിരുന്ന ബന്ധമാണ് ഇതിൽ പ്രശ്നകരമായി ഉയർന്നത്. അനുപമയിൽ പ്രായക്കുറവ്, പക്വതയില്ലായ്മ, ലൈംഗികഅരാജകത്വം മുതലായ അസംഖ്യം ദോഷങ്ങൾ ആരോപിച്ചുകൊണ്ട് അവർക്കെതിരെ സിപിഎം സൈബർ ആക്രമണം പൊടിപൊടിച്ചു. അനുപമയുടെ പിതാവും സിപിഎം മദ്ധ്യനിര നേതാവുമായ ജയചന്ദ്രനായിരുന്നു ആ കുട്ടിക്കടത്ത് ആസൂത്രണം ചെയ്തത് — അതിനു സഹായമായി നിന്നത് സിപിഎം പ്രവർത്തകരായ ബാലസംരക്ഷണ സംവിധാന ഉദ്യോഗസ്ഥരും. ഇവരെല്ലാം പരിപൂർണമായും സംരക്ഷിക്കപ്പെട്ടു.

ഈ വിവാദത്തിലും അനുപമയെ കർതൃത്വശൂന്യയായും അജിത്തിനെ കുടിലകഥാപാത്രമായും ചിത്രീകരിക്കാനുള്ള ശ്രമങ്ങളിൽ കേരളത്തിലെ പ്രമുഖ മുഖ്യധാരാ ഫെമിനിസ്റ്റുകൾ പങ്കാളികളായപ്പോൾ ഇന്ത്യൻ നാഗരിക-മെട്രോപോലിറ്റൻ ഫെമിനിസ്റ്റുകൾ ഈ പാതകത്തെ ഇടതുപക്ഷം പിൻതാങ്ങരുതെന്ന് വിലക്കിക്കൊണ്ട് കേരളമുഖ്യമന്ത്രിക്ക് പരസ്യമായി കത്തുകളെഴുതി. ഈ കേസിനെ കേന്ദ്രീകരിച്ച് അവർ വസ്തുതാ അന്വേഷണസംഘമുണ്ടാക്കി. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ബൃന്ദാ കാരാട്ട് വീണ്ടും സോപാധിക പിൻതുണ അനുപമയ്ക്കു നൽകി.

പക്ഷേ ഗുരുതരമായ മറ്റൊരു കാര്യം കൂടി മേൽവിവരിച്ച സംഭവങ്ങൾ ചുരുളഴിഞ്ഞ വർഷങ്ങളിൽ നാം കണ്ടു. ഏതാണ്ടിതേ സമയത്താണ് കേരളത്തിൽ പ്രമാദങ്ങളായ ബലാത്സംഗക്കേസുകൾ പലതും ഉണ്ടായത് – ദിലീപ് കേസ് മുതൽ ഈ വർഷത്തെ വിജയബാബു കേസു വരെ. ഇതേ കാലയളവിലും (അതിവു മുൻപും) മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലെ പുരുഷനേതാക്കൾക്കെതിരെ ലൈംഗികപീഡന ആരോപണങ്ങൾ ധാരാളമുണ്ടായി, പലതും മീടൂ വെളിപെടുത്തലുകളുടെ ഭാഗമായി, സാമൂഹ്യമാദ്ധ്യമങ്ങളിൽ വിശേഷിച്ചും. ഇവയിലെല്ലാം പുതു സ്ത്രീ-അനുകൂല നിയമ ദണ്ഡനീതി ഉപകരണങ്ങളുടെ പ്രയോഗം നിരുപാധികമായി ഉണ്ടാകണമെന്ന മുറവിളി വിശാലസ്ത്രീപക്ഷത്തു നിന്നുണ്ടായിട്ടും വളരെ പരിമിതമായ രീതികളിൽ മാത്രമാണ് അവയെ ഭരണകൂടം പുറത്തെടുത്തത്. നിയമത്തെ പരസ്യമായി കളിയാക്കുകയും രാജ്യം വിട്ടുപൊയ്ക്കൊണ്ട് നിയമത്തെ ധിക്കരിക്കുകയും ചെയ്ത വിജയ് ബാബു പോലും അവയിൽ നിന്ന് എളുപ്പം വഴുതിമാറി. ഫെമിനിസ്റ്റ് അഭിപ്രായപ്രകടനവലയങ്ങൾ വിപുലയായി എങ്കിലും അവ ഭരണകൂടത്തെ സ്വാധീനിക്കുംവിധം വലുതായിട്ടില്ലെന്ന സൂചനയാണ് ഈ അനുഭവങ്ങൾ തരുന്നത്.

ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളോട് ഫെമിനിസ്റ്റുകൾ വച്ചു പുലർത്തിയിരുന്ന പുച്ഛം അവർക്ക് ഭരണകൂട അംഗീകാരവും ക്ഷേമവിഭവങ്ങളും ലഭിച്ചുതുടങ്ങിയതിനു ശേഷം ഗണ്യമായി ചുരുങ്ങി. എങ്കിലും ഇവിടെ ലൈംഗിക ഹിംസയെ ഫെമിനിസ്റ്റുകൾ മനസ്സിലാക്കുന്നതും ഇടുങ്ങിയ വ്യവസ്ഥകൾക്കുള്ളിലാണ്. ട്രാൻസ് മനുഷ്യർക്ക് ലൈംഗികത്തൊഴിലിനോടും ശരീരത്തിനോടു തന്നെയും ഉള്ള വ്യത്യസ്തവും സവിശേഷവുമായ ബന്ധത്തെപ്പറ്റി മുഖ്യധാരാ ഫെമിനിസ്റ്റുകൾക്ക് പൂർണബോദ്ധ്യമുണ്ടെന്ന് ഇനിയും വ്യക്തമല്ല. സ്ത്രീകൾക്കു മേൽ നടക്കുന്ന ഹിംസയെ ആൺ-പെൺചട്ടക്കൂടിൽ മാത്രമേ അവർക്ക് കാണാനുമാകുന്നുള്ളൂ. വാളയാർ ബാലഹത്യയ്ക്കെതിരെ നടന്ന ഒരു പ്രതിഷേധപ്രകടനത്തിൽ ശ്രീജാ നെയ്യാറ്റിൻകര എന്ന പൊതുപ്രവർത്തകയ്ക്കെതിരെ നടന്ന പോലീസ് അതിക്രമം ഒരു ഉദാഹരണമാണ്. അവരുടെ മാറിടങ്ങളെ വല്ലാതെ മുറിവേൽപ്പിച്ചുകൊണ്ടാണ് പോലീസ് അവരെ നീക്കം ചെയ്തത്. ഇതിനോട് വളരെ ചുരുങ്ങിയ ഫെമിനിസ്റ്റ് പ്രതികരണങ്ങളേ കണ്ടുള്ളൂ. വനിതാ പോലീസുകാരായിരുന്നു എന്നതുകൊണ്ട് ഇത് ലൈംഗികകുറ്റകൃത്യമായി ആരും തിരിച്ചിഞ്ഞില്ലെന്നു തോന്നുന്നു.

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s