സംരക്ഷക-അന്നദാതാ ഭരണകൂടവും ദണ്ഡനീതി ഫെമിനിസവും
കേരളത്തിലിന്ന് രാഷ്ട്രീയരംഗത്തും ഭരണരംഗത്തും (ഉദ്യോഗസ്ഥകളല്ലാത്ത) സ്ത്രീകളുടെ പ്രാതിനിധ്യവും അധികാരവും ഇടതുഭരണത്തിനു കീഴിൽപോലും കുറവാണ്. ഇടതുരാഷ്ട്രീയക്കാരികൾക്കു പോലും സ്വന്തമായ രാഷ്ട്രീയസ്വാധീനവലയം ഉണ്ടാക്കാൻ അനുവാദം ഇല്ലെന്നതിന് തെളിവ് ഇപ്പോഴത്തെ സർക്കാർ തന്നെ തന്നിട്ടുമുണ്ട് — ശൈലജ ടീച്ചറെ മാറ്റി സർക്കാരിലെ ആൺ അധികാരികളെ തികച്ചും ആശ്രയിച്ചു മാത്രം നിലനില്പുള്ള മറ്റൊരു സ്ത്രീയെ അവരുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ. പാർട്ടി അധികാരശ്രേണികളിൽ സ്ത്രീകൾ കുറയുകയും കീഴ്ത്തല-കാലാളുകളുടെ കൂട്ടത്തിൽ അവരുടെ സാന്നിദ്ധ്യം ഉയരുകയും ചെയ്യുന്നുണ്ട്. പൊതുവെ ഭരണനയതലത്തിൽ ഫെമിനിസ്റ്റ് സ്വാധീനം കുറഞ്ഞിട്ടുമുണ്ട് (മഹിളാ സമഖ്യയിലും കുടുംബശ്രീയിലും ഇതു പ്രകടമാണ്). എങ്കിലും സ്ത്രീശാക്തീകരണ സർക്കാരെന്ന പ്രതിച്ഛായ നിലനിർത്താൻ ഇപ്പോഴത്തെ സോഷ്യലിസ്റ്റ്- അനന്തര ദുഷ്പ്രഭുത്വത്തിൻറെ വാഹനമായ സിപിഎമ്മിനും അവർ നയിക്കുന്ന സർക്കാരിനും കഴിഞ്ഞിട്ടുണ്ട്.
ഇതേപ്പറ്റി സൂക്ഷ്മമായി ആലോചിക്കേണ്ടതുണ്ട്. സർക്കാരിൻറെ ദണ്ഡനീതി ഫെമിനിസപ്രയോഗം ഒരുവശത്ത് എല്ലാ ലൈംഗികകുറ്റവാളികൾക്കും കഠിനശിക്ഷ നിയമ ഉപകരണങ്ങളുപയോഗിച്ച് നൽകുമെന്ന വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നു. മറുവശത്ത് അങ്ങേയറ്റം പരിമിതമായി മാത്രം അത് പ്രയോഗിക്കപ്പെടുന്നു. സർക്കാർ പ്രതിയോഗികളെ അത് ഉന്നമിടുമ്പോൾ സർക്കാരിലും പാർട്ടിയിലും സ്വാധീനമുള്ളവരെ അത് ഒഴിവാക്കുന്നു, അല്ലെങ്കിൽ താരതമ്യേന മൃദുവായി കൈകാര്യം ചെയ്യുന്നു.
തന്നെയുമല്ല, തങ്ങൾ നടത്തുന്ന ലിബറൽ പ്രഖ്യാപനങ്ങളെ പാർട്ടിയുടെ സംഘടിതരാഷ്ട്രീയസമരങ്ങളിലൂടെ നടപ്പിലാക്കാൻ ശ്രമം നന്നേ കുറവാണ് — ശബരിമല നായർലഹളക്കാലത്ത് മിന്നിമറഞ്ഞ ഭരണഘടനാ കാമ്പേയ്ൻ ഒഴിച്ച്. ഇത്തരം സമരങ്ങളുടെ സാമൂഹ്യപരിവർത്തന ശക്തിയുടെ മേൽ ഉയർന്നുവന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് ജീവനോടെയില്ല എന്നതിനു മറ്റൊരു തെളിവാണിത്. എടുക്കുന്ന പല ലിബറൽ തീരുമാനങ്ങളും യാഥാസ്ഥിതികരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ തെറുത്തുചുരുട്ടി മാറ്റിവയ്ക്കാൻ ഈ സർക്കാർ പല തവണ തയ്യാറായിട്ടുമുണ്ട് — ശബരിമല സ്ത്രീപ്രവേശം മുതൽ സമീപകാല ജൻറർ ന്യൂട്രൽ യൂനിഫോം വരെയുള്ള വിഷയങ്ങൾ ഉദാഹരണമാണ്. ശബരിമല സമരത്തിൽ സ്ത്രീകളുടെ ഇടപെടലിനോട് സർക്കാർ സ്വീകരിച്ച സമീപനം വലതുപക്ഷത്തെ വെല്ലുംവിധമായിരുന്നു. അന്ന് ഹിന്ദുത്വശക്തികളെ മനഃശാസ്ത്രപരമായും പ്രതീകാത്മകമായും തോൽപ്പിക്കാൻ സിപിഎമ്മിനെ സഹായിച്ച ഫെമിനിസ്റ്റുകളെ ഫാസിസ്റ്റ് ആക്രമണത്തിൽ നിന്നു വേണ്ടത്ര സംരക്ഷിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ഇതിൽ ഓരോ വിഷയത്തിലും സിപിഎം എന്ന മഹാരാഷ്ട്രീയശക്തിക്ക് സമരങ്ങളിലൂടെ അഭിപ്രായരൂപീകരണം നടത്താനുള്ള സാധ്യതയുണ്ടായിരുന്നു, തീർച്ചയായും. അതു തീരെ ഉരയോഗിക്കപ്പെട്ടിട്ടില്ല.
ഇതുകൂടാതെ കേരളത്തിലെ ലിബറൽ സംഘങ്ങൾ സംഘടിപ്പിച്ച പൊതുപ്രതിഷേധങ്ങളിൽ, ഇടതുവിഭാഗങ്ങൾ പലതും അവയെ പിൻതുണച്ചിട്ടു പോലും, സിപിഎം നേതൃത്വപരമായ നില കൈക്കൊള്ളാൻ തയ്യാറായില്ല — 2015ലെ കിസ് ഒഫ് ലൌ സമരങ്ങൾ, ഉദാഹരണത്തിന്. രഹനാ ഫാത്തിമ എന്ന ബോഡി ആർട്ടിസ്റ്റ് ലിബറൽ മൂല്യങ്ങളെ ശരിക്കും വിധ്വംസകമായി പ്രയോഗിച്ചപ്പോഴാകട്ടെ, അവർ ഭരണകൂടം, സാമൂഹ്യയാഥാസ്ഥിതികത്വം, ഹിന്ദുത്വ ഫാസിസം എന്നീ ശക്തികളുടെ വേട്ടമൃഗമായി .
മുകളിൽ വിവരിച്ച പശ്ചാത്തലം ഇങ്ങനെയായിരിക്കെ ഇപ്പോഴും സ്ത്രീശാക്തികരണ പ്രതിച്ഛായ തുടർന്നും നിലനിർത്താൻ പാർട്ടിക്കും ഭരണകൂടത്തിനും എങ്ങനെ കഴിയുന്നു എന്ന ചോദ്യം ബാക്കിയുണ്ട്. സ്വന്തം ശക്തി വർദ്ധിപ്പിക്കാനായി ഭരണകൂടം ദണ്ഡനീതി ഫെമിനിസത്തെ പ്രയോജനപ്പെടുത്തുന്ന രീതികളിലും, അതു നൽകുന്ന വാഗ്ദാനങ്ങളിലുമാണ് ഉത്തരം തേടേണ്ടതെന്ന് ഞാൻ കരുതുന്നു.
—–
സ്ത്രീകളുടെ ലിബറൽ സിവിൽ സ്വാതന്ത്ര്യങ്ങൾ കേന്ദ്രസ്ഥാനത്തു വരുന്ന സമരങ്ങളിൽ ഭരണകൂടവും സിപിഎമ്മും കൃത്യമായ അനുകൂലനില പലപ്പോഴും കൈക്കൊള്ളാതിരിക്കുന്നതിന് ഒരു പ്രധാനപ്പെട്ട കാരണം, ഭരണകൂടത്തിൻറെ സംരക്ഷക-അന്നദാതാ-ഛായയിൽ അവ കാര്യമായിത്തന്നെ മുതൽമുടക്കിയിട്ടുണ്ടെന്നതാണ്. കുടുംബശ്രീ എന്ന സ്വയം സഹായ ശൃംഖല സ്ത്രീകളുടെ കൂട്ടായ രാഷ്ട്രീയ ആവശ്യങ്ങൾക്കല്ല ഉതകിയിട്ടുള്ളത്. മറിച്ച്, അങ്ങേയറ്റം വ്യക്തിവൽകൃതമായ കയറ്റസാദ്ധ്യതകളാണ് അത് കേരളത്തിലെ താണ-ഇടത്തരക്കാരികളായ സ്ത്രീകൾക്ക് വച്ചുനീട്ടുന്നത്. അവ അധികവും താഴേത്തട്ടിൽ മാത്രം നിലനിൽക്കുന്നവയാണ് — തദ്ദേശതലരാഷ്ട്രീയത്തിലും. അതുപോലെ, ഭരണകൂട കേന്ദ്രിതമായ ദണ്ഡനീതി ഫെമിനിസ്റ്റ് ആശയങ്ങൾക്ക് ചോദ്യമില്ലാതെ പ്രസരിക്കാനുള്ള ഇടവുമാണ് അത്.
കുടുംബശ്രീ പലപ്പോഴും തികച്ചും അപ്രതീക്ഷിതവും പിതൃമേധാവിത്വത്തിനു കാര്യമായ അയവുണ്ടാക്കുന്നതുമായ ഫലങ്ങൾക്ക് ഇടയുണ്ടാക്കിയിട്ടുണ്ട് — തർക്കമില്ല. എന്നാൽ ഈ നേട്ടങ്ങൾ സവിശേഷസാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നും, പലപ്പോഴും സങ്കടകരമാംവിധം അസ്ഥിരവുമാണെന്നുമാണ് ഫീൽഡ്വർക്ക് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കുടുംബശ്രീ വനിതകൾ യാഥാസ്ഥിതിക സാമൂഹ്യചുറ്റുപാടുകളിൽ അധികവും കഴിയുന്നവരാണ്. ദണ്ഡനീതി ഫെമിനിസ്റ്റ് വ്യവഹാരത്തിൻറെ യാഥാസ്ഥിതിക വ്യാഖ്യാനങ്ങൾക്ക് പറ്റിയ വിളനിലം തന്നെയാകാം പലപ്പോഴും ഇവർ.
ഈ വൻ ശൃംഖലയുടെ സ്ഥിരമായ പിൻതുണ ഈ സർക്കാരിനും ഭരണകൂടത്തിനും പ്രതീക്ഷിക്കാം എന്നതിന് അനിഷേധ്യമായ തെളിവ് ശബരിമല നായർ സമരക്കാലത്ത് ലഭിക്കുകയും ചെയ്തു. ലിബറൽ എന്നു വിശേഷിപ്പിക്കാവുന്ന നിലപാടുമായാണ് പിണറായി വിജയൻറെ സർക്കാർ അടർക്കളത്തിൽ ഇറങ്ങിയത്. കേരളത്തിലെ ലിബറൽ ശബ്ദങ്ങൾ മുഴുവനും, കൂടാതെ ഹിന്ദുത്വശക്തികളെ എതിർക്കുന്നവരും അദ്ദേഹത്തിൻറെ ആഹ്വാനങ്ങൾക്ക് ചെവികൊടുത്തു. അദ്ദേഹവും നവോത്ഥാനസമിതിയിലെ പുരുഷനേതാക്കളും ചേർന്ന് ആസൂത്രണം ചെയ്ത വനിതാമതിൽ തീരെ ലിബറൽ ആയിയല്ല സംഘടിപ്പിക്കപ്പെട്ടത്. ലിബറൽ ജനാധിപത്യത്തിലെ ഒരു സമരപരിപാടിയെന്നതിലുപരി സർക്കാറനുകൂല പരസ്യപ്രകടനമായിരുന്നു — അതായത്, സമരസംഘാടനത്തിൽ പാലിക്കേണ്ട രാഷ്ട്രീയമര്യാദകൾ പാലിക്കാതെ സംഘടിപ്പിക്കപ്പെട്ട സംഭവം. മതിലായി നിൽക്കേണ്ട സ്ത്രീകളുടെ പ്രതിനിധികളോട്, സ്വന്തം വനിതാസംഘടനയോടുപോലും, കാര്യമായ ചർച കൂടാതെ, സാമൂഹ്യമാദ്ധ്യമ സാന്നിദ്ധ്യമുള്ള ചില വരേണ്യഫെമിനിസ്റ്റുകളും മുഖ്യമന്ത്രിയും തമ്മിലുള്ള ചായസത്ക്കാരത്തിൽ അതിനെ ഒതുക്കിത്തീർത്തുകൊണ്ടാണ് വനിതാ മതിൽ തീരുമാനിക്കപ്പെട്ടത്. അതിൻറെ സംഘാടനം മുഴുവൻ താഴെത്തട്ടിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരാണ് നിർവ്വഹിച്ചതെങ്കിലും.
കുടുംബശ്രീ വനിതകളുടെ മഹാസംഘം എന്തായാലും പൂർണമായും ലിബറൽ ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൻറെ വക്താക്കളല്ല, അവരിൽ പലരും ലിബറൽ സ്വഭാവമുള്ള സാമൂഹ്യ കയറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും. കേരളത്തിൽ യാഥാസ്ഥിതിക ലിംഗമൂല്യങ്ങളോടുള്ള കൂറു പ്രദർശിപ്പിക്കുന്നത് മിക്കപ്പോഴും പല സാമൂഹ്യനേട്ടങ്ങളും മെച്ചങ്ങളും, അതിലുപരി സാമൂഹ്യ സ്വീകാര്യതയും നേടിത്തരുമെന്ന സത്യം കണക്കിലെടുക്കുമ്പോൾ ഇത് പ്രതീക്ഷിതവുമാണ്. ശബരിമല വിഷയത്തിൽ അവരിൽ ചിലരെല്ലാം മാദ്ധ്യമങ്ങളോട് സർക്കാർനയത്തോടുള്ള പരസ്യവിയോജിപ്പ് പ്രകടമാക്കുകയും ചെയ്തിരുന്നു.
എങ്കിലും പ്രതിസന്ധി വഴിത്തിരിവിലെത്തിയപ്പോൾ ഇവരിൽ ബഹുഭൂരിപക്ഷവും സർക്കാരിൻറെ ആഹ്വാനം കേട്ട് വനിതാ മതിൽ പരിപാടിയിൽ പങ്കെടുത്ത് അതിനെ വൻ വിജയമാക്കി . ആ പരിപാടി സംഘടിപ്പിക്കപ്പെട്ട ലിബറൽ വിരുദ്ധരീതി അവർക്കു പ്രശ്നമായിരുന്നില്ല. പിന്നീട് സർക്കാർ തങ്ങളുടെ സ്ത്രീപ്രവേശന ലിബറലിസത്തിൽ വെള്ളംചേർത്തപ്പോൾ അവരിൽ നിന്ന് പ്രതിഷേധം ഉയർന്നുകേട്ടതുമില്ല.
ചുരുക്കിപ്പറഞ്ഞാൽ ഭരണകൂടം ലിബറൽ രീതികളെ പിൻതുടരാതിരുന്നാലും, ലിബറൽ വാഗ്ദാനങ്ങളെ തോട്ടിലെറിഞ്ഞാലും, സാമൂഹ്യവിഷയങ്ങളിൽ നാല്പതു ലക്ഷത്തിലധികം സ്ത്രീകളുടെ പിൻതുണ ഈ സർക്കാരിനുറപ്പായും ഉണ്ടെന്നു വ്യക്തമാക്കിയ സംഭവമായിരുന്നു വനിതാ മതിൽ. അതായത്, ഫെമിനിസ്റ്റുകളിലെ ലിബറൽ ശബ്ദങ്ങളെ കണക്കാക്കേണ്ട, ഗൌരവത്തോടെ കേൾക്കേണ്ട കാര്യമേ ഇല്ലെന്ന് സിപിഎം നേതൃത്വത്തിനും ഭരണകൂടത്തിനും ബോദ്ധ്യമായ അവസരം.
2019ലെ മഹാപ്രളയം, തുടർന്നുണ്ടായ മഹാമാരി എന്നീ പ്രതിസന്ധിഘട്ടങ്ങളിലും സംരക്ഷക-അന്നദാതാഭരണകൂടമായി സ്വയം പ്രത്യക്ഷപ്പെടാൻ പോസ്റ്റ് -സോഷ്യലിസ്റ്റ് ദുഷ്പ്രഭുത്വത്തിന് കഴിഞ്ഞിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലും കീഴ്ത്തട്ടിലെ സ്ത്രീകളുടെ പൊതു അദ്ധ്വാനത്തെ നന്നായി ഉപയോഗിച്ചുകൊണ്ടാണ് ഈ ഭരണകൂടസ്വയംശാക്തീകരണം സാധ്യമായത്. ഗാർഹികപീഡകരായ ഭർത്താക്കന്മാർക്ക് മുന്നറിയിപ്പു നൽകിക്കൊണ്ട്, കിറ്റുകൾ നൽകി അന്നദാതാവായിക്കൊണ്ടു രക്ഷകസ്ഥാനമേറാൻ ഭരണകൂടത്തിനു കഴിഞ്ഞു. ഭർത്താവ് അന്നം തേടിക്കൊണ്ടുവരുന്ന കുടുംബരൂപം ദരിദ്രർക്കിടയിൽ ക്ഷയിച്ചതോടെ ജനക്ഷേമ സ്വയംസഹായസംസ്കാരം നിർബന്ധമായും സ്ത്രീകളെ ശീലിപ്പിക്കാൻ, അവരുടെ അദ്ധ്വാനത്തിന്മേൽ എഴുന്നുനിൽക്കാൻ, നോക്കുന്ന അമേരിക്കൻ ഭരണകൂടത്തിൻറെ പല സ്വഭാവങ്ങളും കേരളത്തിലെ ഭരണകൂടവും കാണിച്ചുതുടങ്ങിയിരിക്കുന്നു. Wendy Brown എന്ന ഫെമിനിസ്റ്റ് രാഷ്ട്രീയ സൈദ്ധാന്തിക ആ ഭരണകൂടത്തെപ്പറ്റി പറയുന്നതു പോലെ, ഭർതൃസ്ഥാനമേറിയ ഭരണകൂടമാണിത്.
—-
എങ്കിലും പാർട്ടിയെ നേരിട്ട് അഭിസംബോധന ചെയ്യാൻ ഒരു വേദി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ സിപിഎമ്മിൻറെ അനുഭാവികളായ ലിബറൽ ഫെമിനിസ്റ്റുകൾക്ക് കിട്ടിയതോടെ ഏതെങ്കിലുമളവിലുള്ള പ്രതികരണം അവർക്ക് നൽകേണ്ട ബാദ്ധ്യത പാർട്ടി നേതൃത്വത്തിനുണ്ടായി.
കേരളത്തിൽ ഡിജിറ്റൽ ചർച്ചായിടങ്ങളുടെ വളർച്ച ഒരർത്ഥത്തിൽ രാഷ്ട്രീയത്തിൻറെ ക്ളോക്കിനെ പിന്നിലേക്കു തിരിച്ചുവച്ചുവെന്നു വേണമെങ്കിൽ പറയാം. 1980കൾക്കു മുൻപ്, അതായത്, വർഗസ്വത്വമല്ലാത്ത അനവധി സ്വത്വങ്ങൾക്കു ചുറ്റും വളർന്ന എതിർ-സിവിൽ സമൂഹ രാഷ്ട്രീയങ്ങൾ ശബ്ദം കണ്ടെത്താൻ തുടങ്ങും മുൻപ്, രാഷ്ട്രീയസമൂഹവും (അതിൽ നിന്ന് കൃത്യമായി അടർത്തിമാറ്റാൻ കഴിയാത്ത) യാഥാസ്ഥിതിക സാമൂഹ്യശക്തികളുമാണ് പൊതുമണ്ഡലചർചകളെ രൂപീകരിച്ചിരുന്നത്. അക്കാലത്ത് പൊതുമണ്ഡലചർച്ചകളിൽ ലിബറൽ നിലപാടുകളെ തുറന്നു സ്വീകരിക്കുന്ന സ്ത്രീകൾ നന്നേ കുറവായിരുന്നു (കെ സരസ്വതി അമ്മ പോലും മറ്റു പേരുകളിലാണ് ലേഖനങ്ങൾ പലപ്പോഴും എഴുതിയിരുന്നത്).
1980കളിൽ എതിർ സിവിൽ സാമൂഹ്യ പ്രസ്ഥാനങ്ങൾ പൊതു ചർച്ചകളിലേക്കു കടന്നതോടെയാണ് കാര്യങ്ങൾ വ്യത്യാസപ്പെട്ടത്. എന്നാൽ ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലെ ട്രോൾ സാന്നിദ്ധ്യത്തിലൂടെ രാഷ്ട്രീയകക്ഷികൾ വീണ്ടും പഴയ സാന്നിദ്ധ്യം തിരിച്ചെടുത്തിരിക്കുന്നു. ലിബറൽ ഫെമിനിസ്റ്റുകളുടെ അവസ്ഥ പഴയ വരേണ്യ എഴുത്തുകാരികളുടേതു പോലെയായി — പാർട്ടിയുടെ താത്പര്യങ്ങൾക്കു വിധേയരായി, അതിനെ സഹായിക്കുംവിധം നിലകൊള്ളുന്നിടത്തോളം സ്വീകാര്യത, അല്ലാത്തപക്ഷം പഴയ ‘സൊസൈറ്റീ ലേഡിമാർ’ സഹിച്ചിരുന്ന അധിക്ഷേപം. ഫെമിനിസ്റ്റ് പ്രസ്ഥാനമല്ല, ഇന്നത്തെ സാങ്കേതികവിദ്യാ-മുതലാളിത്തം സൃഷ്ടിച്ച സാമൂഹ്യമാദ്ധ്യമമാണ് ഈ വേദി ഉണ്ടാക്കിയിരിക്കുന്നതെന്ന കാര്യവും മറന്നുകൂട.
സാമൂഹ്യമാദ്ധ്യമ ലിബറൽ ഫെമിനിസ്റ്റുകളോടുള്ള സിപിഎം പ്രതികരണം ചൈനയിലെ populist authoritarianism ത്തെ ഓർമ്മിപ്പിക്കുന്നു. തെരെഞ്ഞെടുക്കപ്പെടാത്ത ഭരണകൂടമായതുകൊണ്ടുതന്നെ ചൈനീസ് ഭരണകൂടം സ്വന്തം സാധുതയെ പുനർനിർമ്മിക്കാൻ പ്രതികരിക്കുകയോ പ്രതികരണപ്രതീതി ഉണ്ടാക്കുകയോ വേണം — തെരെഞ്ഞെടുപ്പുകൾ രാഷ്ട്രീയസാധുത പുനഃസൃഷ്ടിക്കാനുള്ള അവസരങ്ങൾ കൂടിയാണ്, അവ ഇല്ലാത്ത സാഹചര്യത്തിൽ. അതുപോലെ, ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രത്യയശാസ്ത്രവിശ്വാസമോ പൊതു ലക്ഷ്യമോ ഇല്ലാതെ വരുമ്പോൾ ഭരണകൂടസാധുത പുതുക്കാൻ ഇടയ്ക്കിടെയുള്ള പ്രതികരണം ആവശ്യമാകുന്നു. എന്നാൽ അവയ്ക്ക് കാര്യമായ വിശ്വാസ്യതയോ സ്ഥിരസ്വഭാവമോ ഉണ്ടായിക്കൊള്ളണമെന്നില്ല. കമ്മ്യൂണിസ്റ്റുപാർട്ടികളുടെ അംഗങ്ങളല്ലാത്ത ലിബറലുകളെ കൂടെ നിർത്താൻ ഈ കക്ഷികൾ പലവിധ പ്രതികരണങ്ങളിലൂടെ ശ്രമിക്കുമ്പോഴും അവ ഭാഗികമോ, അവ്യക്തമോ ഇരട്ടമുഖമുള്ളതോ , തെരെഞ്ഞെടുപ്പ് കണക്കുകൂട്ടൽ, യാഥാസ്ഥിതിക എതിർപ്പുകൾ എന്നിവ കണക്കാക്കി പിൻവലിക്കപ്പെടുന്നതോ ഒക്കെ ആയേക്കാം.
സ്ത്രീകളുടെ ലിബറൽ സ്വാതന്ത്ര്യങ്ങളെ കെടുത്തിക്കളയുന്ന ശക്തികൾക്കെതിരെ കടുത്ത ശിക്ഷകൾ കൈക്കൊള്ളുമെന്ന പ്രഖ്യാപനത്തിലൂടെ ദണ്ഡനീതി ഫെമിനിസ്റ്റ് അവതാരരൂപമെടുക്കുന്നത് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം സൌകര്യപ്രദമാണ്. കാരണം, അതോടെ മുകളിൽ നിന്നു താഴേക്ക് ഒഴുകുന്നതും ഭരണകൂടത്തെ ശാക്തീകരിക്കുന്നതുമായ നടപടികളെ നീതി വളർത്തുന്നവയായി ചിത്രീകരിക്കാൻ എളുപ്പമാകുന്നു. (കുടുംബശ്രീ വഴി അവ പ്രചരിപ്പിക്കുന്നത് അവയ്ക്ക് ജനകീയച്ഛായ നൽകുന്നതുപോലെ).
അങ്ങനെ നോക്കുമ്പോൾ ഇവിടുത്തെ ദണ്ഡനീതി ഫെമിനിസ്റ്റ് വ്യവഹാരത്തിൽ നമ്മുടെ ഫെമിനിസ്റ്റുകൾക്ക് കാര്യമായ കർതൃത്വം കല്പിക്കപ്പെടാത്തതിൽ അത്ഭുതപ്പെടാനില്ല. മുൻപു പറഞ്ഞ ഹാദിയാ കേസിലും അനുപമാ കേസിലും സൃഷ്ടിക്കപ്പെട്ട ശിക്ഷക പൊതുസമൂഹങ്ങളിൽ (punitive publics ) നിന്നു വ്യത്യസ്തമായി മലയാള സാമൂഹ്യമാദ്ധ്യമ ലോകത്തെ ഫെമിനിസ്റ്റ് നീതിയ്ക്കായുള്ള പൊതു ഇടങ്ങളും ഉണ്ടായിട്ടുണ്ട് — അതിശക്തരും സ്വാധീനശാലികളുമായ ലൈംഗികകുറ്റാരോപിതർക്കെതിരെ ദണ്ഡനീതി ഫെമിനിസ്റ്റ് നീതി ഉപകരണങ്ങളുടെ മുഴുവൻ ശക്തിയും ഭരണകൂടം ഉപയോഗിക്കണം എന്ന് ആവശ്യപ്പെട്ട ഇടങ്ങൾ. വിമൻ ഇൻ സിനിമാ കലക്ടിവ്, സേവ് അവർ സിസ്റ്റേസ് മുതലായവരുടെ ക്യാംപെയ്നുകൾ ഉദാഹരണങ്ങളാണ്.
ഫെമിനിസ്റ്റ് മുൻകൈയിൽ ഉണ്ടായ ഈ ഇടങ്ങൾ അവയുടെ വ്യവഹാരങ്ങളെയും ആശയവിനിമയ നൈതികതയെയും സ്വയം നിയന്ത്രിക്കാൻ പണിപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഈ പൊതുവിടങ്ങൾ അവയുടെ പ്രത്യേകവിഷയങ്ങൾക്ക് ഊന്നൽനൽകി പരിമിതരീതികളിലാണ് പ്രവർത്തിക്കുന്നത് – സാമൂഹ്യമാദ്ധ്യമ ആശയവിനിമയത്തിൽ ഫെമിനിസ്റ്റ് നൈതികതയെ പൊതുവെ ഉറപ്പിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല . ഇവയുടെ രാഷ്ട്രീയ വിജയങ്ങളും വളരെ പരിമിതങ്ങളാണ്. അതിനു കാരണം, അവ അധികവും ഭരണകൂടത്തെ, ഭരണകൂടനീതിയെ, അഭിസംബോധനചെയ്ത് സ്വയം പരിമിതപ്പെടുത്തി എന്നതുതന്നെ. സേവ് അവർ സിസ്റ്റേസിൻറെ കത്തെഴുത്തു ക്യാംപെയ്ൻ രൂപമെടുത്തതു തന്നെ ഭരണകൂടനീതിശ്രമത്തിൽ ഏറ്റ പരാജയത്തോടുള്ള പ്രതികരണം മാത്രമായാണ്.
പക്ഷേ മേൽപ്പറഞ്ഞ ശിക്ഷക പൊതു ഇടങ്ങളിലാകട്ടെ,സോഷ്യൽമാദ്ധ്യമ ഫെമിനിസ്റ്റുകൾ കാര്യമായിത്തന്നെ അണിനിരന്നിട്ടുണ്ട്. എന്നാൽ ഈ ഇടങ്ങളെ ഫെമിനിസ്റ്റ് നൈതികതയുടെ വ്യവസ്ഥകൾക്കുള്ളിലാക്കാൻ അവർ കാര്യമായി ശ്രമിച്ചിട്ടില്ല – മുൻപു പറഞ്ഞതുപോലെ, അതിനു വേണ്ട സ്വതന്ത്ര രാഷ്ട്രീയ കർതൃത്വം ഉണ്ടാക്കാനോ അതിനാവശ്യമായ രാഷ്ട്രീയ അകലം സൂക്ഷിക്കാനോ അവർക്കു കഴിഞ്ഞിട്ടില്ല.
ഇങ്ങനെ നോക്കുമ്പോൾ ഇടതുപക്ഷത്തു നിന്ന് നീതിക്കു വേണ്ടി എന്ന പേരിൽ നടക്കുന്ന തികച്ചും ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ സാമൂഹ്യമാദ്ധ്യമ ആക്രമണങ്ങളിൽ ധാരാളം ഫെമിനിസ്റ്റുകൾ പങ്കെടുക്കുന്നതിലെ വിരോധാഭാസം വിശദീകരിക്കാനാവും.
ഈ ലേഖനത്തിൻറെ ആദ്യഖണ്ഡത്തിൽ വാദിച്ചതു പോലെ മലയാളി ഫെമിനിസം ലൈംഗികഹിംസയെ അതിൻറെ കേന്ദ്ര വിഷയമായി സ്വീകരിച്ച സാഹചര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്. പക്ഷേ ഭരണകൂടശക്തിയെ വളർത്തുംവിധം ദണ്ഡനീതി ഫെമിനിസത്തെ വളർത്തുന്നത് ഫെമിനിസ്റ്റ് രാഷ്ട്രീയ ഉത്തരവാദിത്വത്തിൻറെ നൈതികതയെ ഉപേക്ഷിക്കുന്നതുതന്നെ. ഇതിന് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്. പ്രത്യേകിച്ചും മലയാളിസമൂഹത്തെ രൂപീകരിക്കുന്ന ബ്രാഹ്മണിക പിതൃമേധാവിത്വത്തിൻറെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ.