മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ –4

ദണ്ഡനീതി ഫെമിനിസവും നവബ്രാഹ്മണ പിതൃമേധാവിത്വവും

കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിൽ രൂപമെടുത്ത ബ്രാഹ്മണിക പിതൃമേധാവിത്വത്തിന് സവിശേഷസ്വഭാവങ്ങളുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഉയർന്നുവന്ന നവവരേണ്യസമുദായങ്ങളെ — നവോത്ഥാന വ്യവഹാരത്തിൻറെ വാഹകങ്ങളെ — പണിതെടുത്ത അടിസ്ഥാന അധികാര-കൂടങ്ങളിൽ ഒന്നായിരുന്നു നവബ്രാഹ്മണിക പിതൃമേധാവിത്വം.

സമുദായ രൂപീകരണത്തിനായി സ്ത്രീകളുടെ വ്യക്തിശേഷികളെ വികസിപ്പിക്കണമെന്നു പറയുകയും, ഒപ്പം തന്നെ ആ ശേഷികളുടെ ശരിയായ ഇടം ആധുനിക ഗൃഹമാണെന്നും, അതുകൊണ്ടുതന്നെ ആധുനിക വനിത എന്നാൽ ആധുനിക ഗൃഹിണി ആണെന്നുമുള്ള തീർപ്പായിരുന്നു അതിൻറെ അടിത്തറ.

പരമ്പരാഗത ബ്രാഹ്മണവ്യവസ്ഥയിൽ സ്ത്രീകൾ കുലീന, വേശ്യ, ഭൃത്യ എന്നു തിരിക്കപ്പെട്ടിരുന്നു — ഈ വിഭജനം തന്നെയാണ് മലയാളി ജന്മഭേദവ്യവസ്ഥയെ നിർവ്വചിച്ചിരുന്ന മുഖ്യഘടകങ്ങളിൽ ഒന്ന് (വേശ്യ എന്ന വാക്കിൻറെ അർത്ഥം ഇന്നത്തേതായിരുന്നില്ല എന്നുകൂടിപ്പറയണം. ആധുനിക വേശ്യാനില ഇരുപതാം നൂറ്റാണ്ടിൽ പുതുക്കപ്പെട്ട മലയാളി ബ്രാഹ്മണികവ്യവസ്ഥയുടെ ഉത്പ്പന്നമായിരുന്നു). ജാതിശ്രേണിയനുസരിച്ചാണ് ഈ നിലകൾ വിന്യസിക്കപ്പെട്ടിരുന്നത്. രക്തശുദ്ധിയെ ഭ്രാന്തമായ രീതിയിൽ പരിരക്ഷിച്ച ബ്രാഹ്മണസമുദായത്തിൽ സ്ത്രീകൾ കലർപ്പില്ലാത്ത കുലത്തുടർച്ചയെ ഉറപ്പാക്കിയവരും അങ്ങനെ പ്രജനനമൂല്യം (procreative value) ഉള്ളവരും ആയ കുലീനകളായി സ്ഥാപിക്കപ്പെട്ടു. ബ്രാഹ്മണർക്ക് വിധേയരായ ശൂദ്രസമുദായസ്ത്രീകൾ അവരെക്കാൾ മുകളിലോ അവർക്കൊപ്പമോ ഉള്ള ജാതികളിലെ പുരുഷന്മാർക്ക് ആനന്ദം പ്രദാനം ചെയ്യുന്ന ധർമ്മം കൂടി നിർവഹിക്കുന്നവരും സൌന്ദര്യപരമായ മൂല്യമുള്ളവരുമായി (aesthetic value). സൌന്ദര്യാനുഭൂതി എല്ലാത്തരത്തിലും പ്രദാനം ചെയ്യുന്നവർ എന്ന അർത്ഥത്തിൽ ഈ രണ്ടു കൂട്ടരിൽ നിന്നും വ്യത്യസ്തമായി മർദ്ദിതജാതിവിഭാഗങ്ങളിലെ സ്ത്രീകൾ ഭൃത്യ എന്ന അവസ്ഥയ്ക്കുള്ളിൽ തളയ്ക്കപ്പെട്ടു. ഉത്പാദനപരവും പ്രത്യുത്പാദനപരവും ലൈംഗികവുമായ അദ്ധ്വാനമൂല്യം അവരിൽ നിന്ന് ഊറ്റിയെടുക്കപ്പെട്ടുവെങ്കിലും യാതൊരു മാനുഷികമൂല്യവും അവർക്ക് മലയാള പരമ്പരാഗത ബ്രാഹ്മണവ്യവസ്ഥ കല്പിച്ചിരുന്നില്ല.

ഒരു പക്ഷേ ലോകത്തെ ഏറ്റവും അപമാനവീകരണസാധ്യതയുള്ള അധികാരവ്യവസ്ഥകളിൽ ഒന്നായിരുന്ന മലയാളി ജന്മഭേദവ്യവസ്ഥയാണ് 19-ാം നൂറ്റാണ്ടിൻറെ അവസാനദശകത്തിലും 20-ാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിലും ഉണ്ടായ കീഴ്ജീതി ഉണർവ്വുകളിലൂടെ ചോദ്യവിധേയമായത്. ‘നവോത്ഥാനം’ എന്നു വിളിയ്ക്കപ്പെടുന്ന ഈ കാലത്തുണ്ടായ മഹാതുറവി ഇതാണ്. ഇതോടൊപ്പംതന്നെ നടന്ന നായർ-നമ്പൂതിരി സമുദായ പരിഷ്ക്കാരങ്ങൾ (അവയുടെ ഏറ്റവും അമൂർത്തമായ തലങ്ങളിൽ) മലയാളി ബ്രാഹ്മണ-ശൂദ്ര ബന്ധത്തെ 20-ാം നൂറ്റാണ്ടിലെ സാമ്പത്തിക-രാഷ്ട്രീയ മാറ്റങ്ങളുടെ വെല്ലുവിളിയെ നേരിടാൻ പാകത്തിന് മാറ്റിയെടുക്കാനുള്ള ശ്രമമായിരുന്നു .

എന്നാൽ ഇവയിൽ രണ്ടിലും ഏതാണ്ട് ഒരുപോലെ സന്നിഹിതമായിരുന്ന ഘടകമാണ് ആധുനികലിംഗബോധം. ലിംഗവ്യത്യാസത്തെ ആൺ-പെൺ ദ്വന്ദ്വമായിക്കാണുകയും അതിനെ പുറംലോകം-ഗാർഹികം എന്ന വേർതിരിവിനുമേൽ പ്രക്ഷേപിക്കുകയും ചെയ്യുന്ന ചിന്താപദ്ധതിയായിരുന്നു അത്. പുതുക്കപ്പെട്ട ബ്രാഹ്മണ-ശൂദ്രബന്ധത്തിൻറെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന പുതുബ്രാഹ്മണ്യത്തോടു ചേർന്നതോടെ സ്ത്രീശരീരം സമുദായാഭിമാനത്തിൻറെ വാഹനമാണെന്നും, തിരിച്ച്, സമുദായാഭിമാനത്തിൻറെ വാഹനമായ സ്ത്രീശരീരത്തിനു മാത്രമേ ലൈംഗിക-പരിശുദ്ധി മൂല്യം കല്പിക്കാനാവൂ എന്നും വന്നു. ഇതായിരുന്നു 20-ാം നൂറ്റാണ്ടിൽ പഴയ ബ്രാഹ്മണ്യത്തെ പുതുക്കിപ്പണിതുണ്ടായ ആധുനിക ബ്രാഹ്മണിക പിതൃമേധാവിത്വം.

മഹാതുറവിയിലൂടെ ഉയർന്നുവന്ന സമുദായങ്ങളിലും മേൽപ്പറഞ്ഞ വിക്ടോറിയൻ ആൺ-പെൺലിംഗ ബോധം നിർണായകസാന്നിദ്ധ്യമായിരുന്നു. പക്ഷേ അവരുടെയിടയിൽ പുതുബ്രാഹ്മണിക പിതൃമേധാവിത്വത്തിൻറെ സാന്നിദ്ധ്യം വർദ്ധിക്കാൻ തുടങ്ങിയത് 20-ാം നൂറ്റാണ്ടിൻറെ അവസാനദശകങ്ങളിലാണ് — അതായത്, നവോത്ഥന നവവരേണ്യർ ഹിന്ദുഭൂരിപക്ഷവാദങ്ങളുമായി അടുക്കാൻ തുടങ്ങിയ കാലത്ത്. ഇന്ന് ഈ മാറ്റം ഈഴവ- മേൽജാതി ക്രൈസ്തവ ലൌ ജിഹാദ് വ്യവഹാരങ്ങളോടെ ഉച്ചത്തിൽ എത്തിയിരിക്കുന്നു.

മാത്രമല്ല, 21-ാം നൂറ്റാണ്ടിൽ 20-ാം നൂറ്റാണ്ടിലുയർന്നുവന്ന നവവരേണ്യസമുദായങ്ങൾ ആന്തരികമായി ചിതറിയിട്ടുണ്ട്. ഹിന്ദുത്വത്തോട് അടുത്തുനിൽക്കുന്ന ഈഴവരും ഇടതുകക്ഷികളോട് ചേർന്നുനിൽക്കുന്ന ഈഴവരും രണ്ടും പ്രബലശക്തികളാണ്, ആ വിശാലസമുദായത്തിനുള്ളിൽ. സിപിഎം എന്ന രാഷ്ട്രീയകക്ഷിക്കു ചുറ്റും ജാതീയശ്രേണിയെ ഏകദേശം പുനരുത്പാദിപ്പിച്ചുകണ്ടുള്ള വിശാലമായ ഒരു അനുഭാവിസമുദായമുണ്ട്. ക്രിസ്തീയ-മുസ്ലിം സമുദായങ്ങളിലെല്ലാം ഇത്തരം ആന്തരികപൊടിഞ്ഞുപോകൽ നടക്കുന്നുണ്ട് ( Intersectionality എന്ന സങ്കല്പനത്തെ ഒരു ഫാഷനബിൾ ആഭരണം പോലെ അണിഞ്ഞുനടക്കുന്നതിനു പകരം അതിനെ ആയുധമായി ഉപയോഗിക്കുന്ന ഗവേഷകരുണ്ടായിരുന്നെങ്കിൽ ഇത്തരം പ്രക്രിയകൾ എന്നേ നാം ശ്രദ്ധിച്ചേനെ )

——

21-ാം നൂറ്റാണ്ടിലെ നവബ്രാഹ്മണിക പിതൃമേധാവിത്വത്തിൽ സ്ത്രീശരീരങ്ങൾക്ക് ലൈംഗികമൂല്യം (പരിശുദ്ധി) ഉണ്ടാകുന്നത്, പ്രബലസമുദായഖണ്ഡങ്ങൾ അവയ്ക്കുമേൽ അവകാശവാദമുന്നയിക്കുമ്പോഴാണ്. ഹാദിയയുടെ കാര്യത്തിലാണെങ്കിൽ 20-ാം നൂറ്റാണ്ടിലെ നവവരേണ്യസമുദായമായ ഈഴവരുടെ ഹിന്ദുത്വോന്മുഖ വിഭാഗം. അനുപമയുടെ കാര്യത്തിൽ സർവശക്തമായ സിപിഎം ജന്മഭേദജാതിസമുദായം. ഇത്തരത്തിൽ സമുദായശക്തികൾ അവകാശമുന്നയിക്കുന്ന പെൺ ഉടലുകൾക്കു മാത്രമേ ലൈംഗിക (പരിശുദ്ധി) മൂല്യമുള്ളൂ, സമകാലിക കേരളത്തിൽ. ഭരണകൂടം അവയെക്കുറിച്ചു മാത്രമേ ഉടൻ വേവലാതിപ്പെടൂ.

ഹാദിയ-അനുപമാകേസുകളെ പുനഃപരിശോധിക്കുന്നതിലൂടെ 21-ാം നൂറ്റാണ്ടിലെ മലയാളി നവബ്രാഹ്മണ പിതൃമേധാവിത്വത്തെ അപഗ്രഥിക്കാൻ കഴിയും. ഈ രണ്ടു കേസുകളിലും ഭരണകൂടവും ഇടതു-വലതു രാഷ്ട്രീയകക്ഷികളും അവരുടെ സാമൂഹ്യമാദ്ധ്യമ പോരാളികളും പ്രമുഖ ഫെമിനിസ്റ്റുകളും പ്രതിക്കൂട്ടിലേറ്റിയ ഷാഫിൻ, അജിത്ത് കുമാർ എന്നീ പുരുഷന്മാർക്കെതിരെ ഉയർത്തിയത് വശീകരണം (seduction) എന്ന ആരോപണമാണ്. ഇത് വളരെ പ്രധാനപ്പെട്ട വിശദാംശമാണെന്ന് ഞാൻ കരുതുന്നു. ഹാദിയയെയും അനുപമയെയും വശീകരിച്ച് അധീനതയിലാക്കാനായിരുന്നു ഇവരുടെ ശ്രമം എന്ന ആരോപണത്തോടെ രണ്ടു സ്ത്രീകളും ഉടൻതന്നെ കർതൃത്വശൂന്യകളായി എണ്ണപ്പെടുന്നു — ഒരുപക്ഷേ ബലാത്സംഗത്തെക്കാൾ ഗുരുതരമായ കുറ്റമാണ് വശീകരണം, 21-ാം നൂറ്റാണ്ടിലെ നവബ്രാഹ്മണിക പിതൃമേധാവിത്വത്തിൽ. കാരണം ബലാത്സംഗം ശരീരത്തെ ബലമായി തട്ടിയെടുക്കുന്നുവെങ്കിൽ , വശീകരണം മനസ്സിനെ, കർതൃത്വത്തെ ആദ്യം വശത്താക്കി, പിന്നീട് ശരീരത്തെയും കവരുന്നു എന്നാണ്.

21-ാം നൂറ്റാണ്ടിൽ ജാതിമേന്മ ഉണ്ടെന്ന് സ്വയം കരുതുന്ന സമുദായങ്ങളിലുള്ളവരായ സ്ത്രീകളുടെ ലൈംഗികമൂല്യമുള്ള ഉടലുകൾക്ക് മാത്രമേ ഭരണകൂടം തികച്ചും സ്വാഭാവികമെന്നോണം സംരക്ഷണം നൽകൂ. കുറ്റം വശീകരണമാകുമ്പോൾ അത് സ്ത്രീയ്ക്കതിരെ മാത്രമല്ല, അവരുടെ ഉടൽ അവകാശപ്പെടുന്ന സമുദായത്തിനും, ആ സമുദായത്തിൻറെ ഘടകമായ പിതൃമേധാവിത്വ കുടുംബത്തിനുമെതിരെ ആകുന്നു. എന്നാൽ അധികാരശൂന്യസമുദായക്കാരികളായ സ്ത്രീകൾക്കോ , അധികാരിസമുദായത്തിനുള്ളിൽ കഴിയാൻ കൂട്ടാക്കാത്തവരോ ആയ സ്ത്രീകൾക്ക് ഭരണകൂടം നൽകുന്ന ഉടനടിസംരക്ഷണം ലഭ്യമല്ല. അവർക്ക് ലൈംഗിക (പരിശുദ്ധി)മൂല്യം ഇല്ലതന്നെ എന്ന് നവബ്രാഹ്മണിക പിതൃമേധാവിത്വം വിധിക്കുന്നു. അതുപോലെ ലൈംഗിക (പരിശുദ്ധി)മൂല്യമുള്ള സ്ത്രീകളെ ദലിത് പുരുഷന്മാരോ മുസ്ലിം പുരുഷന്മാരോ പ്രണയിച്ചാൽ അത് വശീകരണമാകും, പ്രഥമദൃഷ്ട്യാ. എന്നാൽ ജാതിവരേണ്യരായ പുരുഷന്മാർ കീഴ്ജാതിസ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചാൽ അത് നിസ്സാരമോ ശരിക്കും കുറ്റമല്ലാത്ത പ്രവൃത്തിപോലുമാകും.

ഹാദിയയുടെയും അനുപമയുടെയും കേസുകളിൽ ഇത് സുവ്യക്തമായിരുന്നു.വെറുതെയല്ല, ഷഫിനെ ഭീകരവാദനിയമമുപയോഗിച്ചും അജിത്തിനെ ദലിത് യുവാക്കളെ പതിവായി വേട്ടിയാടി പരിചയമുള്ള പോലീസിനെ ഉപയോഗിച്ചുമാണ് ഭരണകൂടം നേരിട്ടത്. ഹാദിയയും അനുപമയും തങ്ങളുടെ ബന്ധങ്ങൾ സ്വതന്ത്രതീരുമാനങ്ങളായിരുന്നു എന്ന് എത്ര ഊന്നിപ്പറഞ്ഞിട്ടും അവരെ ചെവിക്കൊള്ളാൻ ഭരണകൂടമോ പുരോഗമനപാരമ്പര്യം അവകാശപ്പെടുന്ന ശക്തികളോ ഭൂരിപക്ഷസമുദായക്കാരികളായ മലയാളി സ്ത്രീവാദികളോ ഫെമിനിസ്റ്റുകളോ തയ്യാറായില്ല. പഴയകാല ബ്രാഹ്മണസ്മാർത്തവിചാരങ്ങളിൽ ദോഷാരോപിതരായ സ്ത്രീയെ സാധനം എന്നു വിളിച്ചിരുന്നതിന് പുതിയ ഭാഷ്യം ഉണ്ടായ സാഹചര്യമാണ് ഇന്ന്. ഇന്ത്യൻ ജനാധിപത്യം ഇന്നും നിലനിൽക്കുന്നതുകൊണ്ടു മാത്രമാണ്, ഈ കേസുകളിൽ ഭരണഘടനാസാന്നിദ്ധ്യത്തെ മുറുക്കെപ്പിടിക്കുന്നവർ (ഇന്ത്യൻ നാഗരിക-മെട്രോപൊലിറ്റൻ ഫെമിനിസ്റ്റുകളടക്കം) ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് ഹാദിയയുടെയും അനുപമയുടെയും ശബ്ദങ്ങൾ ബ്രാഹ്മണ്യപാതാളത്തിൽ ആണ്ടുപോകാത്തത്. മലയാളി ഫെമിനിസ്റ്റുകളിൽ അധികവും നിശബ്ദരോ ഭരണകൂട അനുകൂലികളോ ആയിരുന്നു, ഈ രണ്ടു കേസുകളിലും.

എന്നാൽ ഇതിലേറെ ഭയപ്പെടുത്തുന്ന മറ്റൊന്നുണ്ട് — മുകളിൽ വിവരിച്ച നവബ്രാഹ്മണികയുക്തി മലയാളി ദലിത് മദ്ധ്യവർഗ സ്വാഭിമാന വ്യവഹാരങ്ങളിലും പ്രത്യക്ഷപ്പെടുന്നുവെന്ന കാര്യം വളരെ ഗൌരവത്തോടെ പരിഗണിക്കേണ്ട ഒന്നത്രെ. കേരളത്തിൽ മദ്ധ്യവർഗാംഗങ്ങളല്ലാത്ത ദലിത്-ആദിവാസി സ്ത്രീകൾ അതിരൂക്ഷമായ പോലീസ് മർദ്ദനത്തിനും ലൈംഗികസ്വഭാവമുള്ള ആക്രമണങ്ങൾക്കും വിധേയരായിട്ടുണ്ട് — ദലിത് ഹ്യൂമൻ റൈറ്റസ് മൂവ്മെൻറിലെ പുരുഷന്മാരും സ്ത്രീകളും സഹിച്ച കടുത്ത പോലീസ് മർദ്ദനം സ്ത്രീകളുടെ പ്രജനനശേഷിയെത്തന്നെ തകർക്കുംവിധമായിരുന്നു (മാദ്ധ്യമം വാരിക 2015ൽ റിപ്പോർട്ടു ചെയ്ത സംഭവം ഉദാഹരണമാണ്). മാത്രമല്ല, ജനനേന്ദ്രിയങ്ങളെ ഉന്നംവച്ചുള്ള മർദ്ദനവും ഇക്കാലത്തു നടന്നുവെന്ന് ഇരകൾ പറഞ്ഞുകേട്ടിട്ടുണ്ട് . ചെങ്ങറ ഭൂസമരക്കാലത്ത് അത്തരം ഭീഷണികൾക്കു മുന്നിൽ (മുള്ളും കൊമ്പുമുള്ള പോലീസിനെ അയയ്ക്കുമെന്ന് സഖാവ് അച്യുതാനന്ദൻ. രണ്ടും ഉദ്ധൃതലിംഗ രൂപകങ്ങൾ) പതറാതെയാണ് സമരക്കാർ നിന്നത്. എന്നാൽ ഈ സമയങ്ങളിലൊന്നും ഇവയിലെ ബ്രാഹ്മണികപിതൃമേധാവിത്വവിളയാട്ടത്തെ വേണ്ടത്ര തിരിച്ചറിയാനോ അതിനെ ആസ്പദമാക്കി ഭരണകൂടത്തോട് വിമർശക അകലം സൃഷ്ടിക്കാനോ ഇവിടുത്തെ ഫെമിനിസ്റ്റ് നേതൃതലമുറയ്ക്ക് കഴിഞ്ഞിട്ടില്ല.

ഇതിന് ഒരു അപവാദമായി തോന്നാവുന്ന സംഭവമാണ് സമീപകാലത്ത് ചുരുളഴിഞ്ഞ സിവിക് ചന്ദ്രൻ കേസ്. പക്ഷേ അതും വിമർശനപരമായ വായനയിൽ പ്രശ്നകരം തന്നെയാണ്. ദലിത് എഴുത്തുകാരിയും ബുദ്ധിജീവിയുമായ അതിജീവിത നൽകിയ അനഭിമതസ്പർശ പരാതിയെ പിൻതുണച്ചുകൊണ്ട് ഉടനടി രംഗത്തു വന്നത് മുഖ്യധാരാ ഫെമിനിസ്റ്റുകൾ (അനുപമാ-ഹാദിയാകേസുകളിൽ ഭരണകൂടപക്ഷത്ത് ഏറെയും നിന്നവർ) മാത്രമായിരുന്നില്ല — കേരളത്തിലെ സിപിഎം അണികൾ, നേതൃത്വം, സിപിഎമ്മിൻറെ വനിതാസംഘടന, സിപിഎം അനുകൂലപുരുഷബുദ്ധിജീവികൾ, സാമൂഹ്യമാദ്ധ്യ ട്രോൾ സൈന്യം, നവയാഥാസ്ഥിതിക നിലപാടുകൾ കൈക്കൊണ്ട സാഹിത്യകാരികൾ, സാമൂഹ്യമാദ്ധ്യ ലിബറൽ ഫെമിനിസ്റ്റുകൾ എന്നിങ്ങനെ ഒരു മഹാസൈന്യം തന്നെ അതിജീവിതയുടെ പക്ഷത്ത് അണിനിരന്നു. ഫ്ളൈറ്റ് റിസ്ക് അല്ല പ്രതിയെന്നും, സാക്ഷികളെ സ്വാധീനിക്കാൻ അയാൾ ശ്രമിച്ചിട്ടില്ലെന്ന് പോലീസിന് ബോദ്ധ്യമായെങ്കിലും അയാളെ ഉടൻ അറസ്റ്റുചെയ്യണമെന്ന മുറവിളി ഈ സംഘങ്ങളിൽ നിന്നെല്ലാം ഉയർന്നുകേട്ടു. ശേഷം ഇക്കൂട്ടരെല്ലാം സജീവമായി പങ്കുചേർന്ന ശിക്ഷക-പൊതുവിടം രൂപീകരിക്കപ്പെട്ടു.

ഈ സംഭവത്തിലും സിവിക് ചന്ദ്രൻ തന്നെ നേരിട്ടും അല്ലാതെയും വശീകരിക്കാൻ ശ്രമിച്ചുവെന്ന് അതിജീവിത പറഞ്ഞതായി അവരുടെ പക്ഷക്കാർ നടത്തിയ അവകാശവാദം ശരിക്കും ശ്രദ്ധേയമാണ്. കേരളത്തിലിന്ന് വ്യാവഹാരികതലത്തിലും പുറത്തും ശക്തമായ സാന്നിദ്ധ്യമാണ് മലയാളി ദലിത് മദ്ധ്യവർഗം. അവരെ സാമൂഹ്യമാദ്ധ്യമങ്ങളിലും പുറത്തും populist authoritarian അധികാരിക്കു സമാനമായ രീതിയിൽ മൂർത്തമാമോ പ്രതീതിയായോ അഭിസംബോധന ചെയ്യാൻ കേരളം ഭരിക്കുന്ന സോഷ്യലിസ്റ്റാനന്തര ദുഷ്പ്രഭുത്വം ശ്രമിക്കുന്നുണ്ട്. സിവിക് ചന്ദ്രൻ കേസിലെ അതിജീവിതയുടെ മേൽ ഈ വിഭാഗം പരോക്ഷമായി ആവകാശമുന്നയിക്കുന്ന ആഖ്യാനസൃഷ്ടി വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ ചുവടാണ്. അതോടെ അതിജീവിത ഈ സാമൂഹ്യവിഭാഗം അവകാശമുന്നയിക്കുന്ന ശരീരമായി മാറുന്നു. തുടർച്ചയെന്നോണം, ഭരണകൂടത്തിൻറെയും സിപിഎമ്മിൻറെയും ഉടനടിസംരക്ഷണത്തിന് അവർ അർഹയാവുകയും ചെയ്യുന്നു. സിവിക് ചന്ദ്രൻ കഴിഞ്ഞ നാല്പതിലധികം വർഷക്കാലമായി സിപിഎം വിമർശകനാണെന്ന വസ്തുതയ്ക്കും ഈ ഉടനടിസംരക്ഷണം ഉറപ്പായതിൽ പങ്കുണ്ട്.

ആ സംരക്ഷണം, പക്ഷേ മറ്റു സ്ത്രീകൾക്ക്, അതായത്, പ്രബല സമുദായങ്ങളുടെ സംരക്ഷണം കിട്ടാത്തവർക്ക്, കാര്യമായി ഇല്ല എന്നും നിഷേധിക്കാനാവാത്ത തെളിവുണ്ട്. അധികാരം കൈയാളിയിരിക്കുന്ന പോസ്റ്റ്- സോഷ്യലിസ്റ്റ് ദുഷ്പ്രഭുത്വത്തിൻറെ മുഖ്യവക്താവും ജാതിവരേണ്യനുമായ സമുന്നത സിപിഎം നേതാവിൻറെ മകൻ ബിനോയ് കൊടിയേരി തനിക്കു ബന്ധമുണ്ടായിരുന്ന, താണ സാമൂഹ്യനിലയിലുള്ള സ്ത്രീയെയും കുട്ടിയെയും കുലപിൻതുടർച്ചയിൽ നിന്ന് പണം കൊടുത്ത് ഒഴിവാക്കിയ സംഭവത്തെ തുടർന്നുണ്ടായ കനത്ത നിശബ്ദതയെപ്പറ്റി മാത്രം ചിന്തിക്കുക. അതല്ലെങ്കിൽ സിപിഎം എന്ന സമകാലിക ദുഷ്പ്രഭുവാഹനത്തിന് വേണ്ടപ്പട്ടവരോ, അതിലെ ദുഷ്പ്രഭുസംഘത്തിൽ അംഗങ്ങളോ ആയവരോ കുറ്റാരോപിതരായ കേസുകളിൽ ഉണ്ടാകാത്ത ഫെമിനിസ്റ്റ് ധാർമ്മിക രോഷത്തെപ്പറ്റി ചിന്തിക്കുക. ഈ ആരോപണങ്ങൾ പലതും പോക്സോ, ബലാത്സംഗവകുപ്പുകൾ ചാർത്തി കേസെടുക്കേണ്ടവയായിരുന്നെങ്കിലും, ഫെമിനിസ്റ്റ് രോഷവും, ഭരണകൂട ദണ്ഡനീതിയും ഒന്നെങ്കിൽ ഉയർന്നില്ല, അല്ലെങ്കിൽ വളരെ മൃദുവായ സമീപമാനമാണ് അത് കൈക്കൊണ്ടത്. ഈ അരോപണങ്ങളിൽ അതീവ ഗുരുതരമായ ഒന്ന് ഉന്നയിച്ചത് മറ്റൊരു ദലിത് കവിയായിരുന്നു — ഉന്നതവിദ്യാഭ്യാസവും മദ്ധ്യവർഗാംഗത്വവുമുള്ള ഒരു വ്യക്തി. കാര്യമായ നടപടി തീർച്ചയായും ഉണ്ടായിട്ടില്ല, രോഷവും. എതിർവശത്ത് സിപിഎം സാംസ്കാരികനായകൻ ആയിരുന്നുവെന്നതാണ് വ്യത്യാസം.

(മേൽപ്പറഞ്ഞതൊന്നും അതിജീവിതകൾക്കു പരാതി കൊടുക്കാനുള്ള അവകാശത്തെയോ ആ പരാതികളുടെ സാധുതയെയോ ബാധിക്കുന്നില്ലെന്ന് എടുത്തുപറയുന്നു)

ഇതു മാത്രമല്ല, സമീപകാലത്തുണ്ടായ പല ലൈംഗികപീഡനക്കേസുകളിലും അതിജീവിതകൾക്കു ചുറ്റും ഒരു ഫെമിനിസ്റ്റ് സാമൂഹ്യവലയം തീർക്കാനുള്ള ശ്രദ്ധേയശ്രമങ്ങൾ ഉണ്ടായിട്ടുണ്ട് — ദിലീപ് കേസിൽ , വിജയ് ബാബു കേസിൽ ഡബ്ള്യൂ സി സിയും ഫ്രോങ്കോ കേസിൽ സേവ് അവർ സിസ്റ്റേസ് ക്യാംപെയിനും ഉദാഹരണങ്ങളാണ്. അല്ലെങ്കിൽ മലയാളി സാംസ്കാരിക മണ്ഡലത്തിൽ ഉയർന്നുവന്ന പറയസാംസ്കാരിക ഉണർവിൻറെ, പൊയ്കയിൽ അപ്പച്ചനു ചുറ്റും വളർന്നിട്ടുള്ള ദലിത് ആത്മീയതയുടെ, വക്താവായ ദലിത് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായി മൃദുലാ ദേവി പ്രമുഖ സിനിമാതാരമായ വിനായകനെതിരെ പരാതി കൊടുത്തപ്പോൾ അവരെ പിൻതുണച്ചുകൊണ്ടുണ്ടായ സുഹൃദ് വലയം.

ശ്രദ്ധേയവസ്തുത ഇതാണ് — ഇങ്ങനെ ജാതി-മത-വരേണ്യവൃത്തങ്ങൾക്ക് പുറത്തുണ്ടാകുന്ന , ഫെമിനിസ്റ്റ് കർതൃത്വം തന്നെ പ്രകടമായ കൂട്ടുചേരലുകളോട് അവിശ്വസനീയമായ അവഗണനയാണ് ഭരണകൂടവും ( populist authoritarianismത്തിൻറെ അഭിസംബോധനക്കളികൾക്കു പുറമെ) ഭരണകക്ഷിയും കാട്ടിയിട്ടുള്ളത്. ഈ കേസുകളിലെ അതിജീവിതകൾക്കു വേണ്ടി നിലവിലുള്ള ദണ്ഡനീതി ഉപകരണങ്ങളുടെ ഉടനടി ഉപയോഗമൊന്നുമല്ല ഉണ്ടായത് . എന്നാൽ ഈ അതിജീവിതകൾക്ക് മേൽപ്പറഞ്ഞ ശക്തികളുടെ പിൻതുണ പലപ്പോഴും ഉണ്ടായിരുന്നുവെന്നതാണ് വാസ്തവം — സാമൂഹ്യമാദ്ധ്യങ്ങളിലും പുറത്തും ഇടതുബുദ്ധിജീവികളും ട്രോളുകളും മഹിളാ അസോസിയേഷനും മറ്റും വ്യക്തികളായും സംഘങ്ങളായും ഇവരെ പിൻതുണച്ചിരുന്നു. എങ്കിൽപ്പോലും പലതരം രാഷ്ട്രീയകണക്കുകൂട്ടലുകൾ സൃഷ്ടിച്ച ചാഞ്ചാട്ടങ്ങൾ ഈ അതിജീവിതകൾ സഹിക്കേണ്ടിവന്നു.

ഇങ്ങനെ ഭാഗിമായോ പൂർണമായോ അവഗണിക്കപ്പെടുന്ന അതിജീവിതകൾ — പ്രബലസമുദായങ്ങളോ സമുദായശകലങ്ങളോ പാർട്ടീസമുദായങ്ങളോ അവകാശപ്പെടാത്ത ശരീരങ്ങളുടെ ഉടമകൾ — നവബ്രാഹ്മണിക പിതൃമേധാവിത്വ യുക്തിപ്രകാരം തത്വത്തിലെങ്കിലും ലൈംഗിക (പരിശുദ്ധി)മൂല്യമില്ലാത്തവരായി താഴ്ത്തപ്പെടുന്നുവെന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. തന്നെയുമല്ല, ഇന്ന് കേരളത്തിൽ ദണ്ഡനീതി ഫെമിനിസ്റ്റ് ഉപകരണങ്ങൾ പലപ്പോഴും പ്രയോഗിക്കപ്പെടുന്നത് ഏറ്റവുമധികം സാമൂഹ്യമർദ്ദനവും ഘടനാപരമായ അടിച്ചമർത്തലും അനുഭവിക്കുന്ന പുരുഷന്മാരാണ് — സ്വന്തം സമുദായപതിവുകൾ അനുസരിച്ച് വിവാഹിതരായ ആദിവാസി യുവാക്കൾ, ഉദാഹരണത്തിന്, പോക്സോയെ നേരിടേണ്ടിവരുന്നവർ.

ഈ സങ്കീർണതകളെ അഭിമുഖീകരിക്കാൻ കൂട്ടാക്കാതെ ദണ്ഡനീതി ഫെമിനിസത്തിനു വേണ്ടി മുറവിളി കൂട്ടുന്ന മലയാളി ഫെമിനിസ്റ്റുകൾ ഫെമിനിസ്റ്റ് ഉത്തരവാദിത്വബോധത്തിൻറെ നൈതികതയെ ആണ് അവഗണിക്കുന്നത്. അറിയാതെയാണെങ്കിലും നവബ്രാഹ്മണിക പിതൃമേധാവിത്വത്തെയും ശിക്ഷക സ്വഭാവം ഏറിയേറിവരുന്ന ഭരണകൂടത്തിൻറെയും പക്ഷത്താണ് അവർ.

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s