സെക്യുലറും ഭരണകൂടസെക്യുലറിസവും തമ്മിലുള്ള ദൂരം – ടി. മുഹമ്മദ് വേളത്തിന് ഒരു തുറന്ന കത്ത്

പ്രിയ മുഹമ്മദ്

ചുംബനസമരങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്നിരുക്കുന്ന ധർമ്മസങ്കടങ്ങളും ആശയസംഘട്ടനങ്ങളുമാണ് എന്നെ ഈ കത്തെഴുകാൻ പ്രേരിപ്പിക്കുന്നത്.

പല അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും യോജിക്കാവുന്ന തലങ്ങളിൽ യോജിച്ചുകൊണ്ട് പൊതുതാത്പര്യമായ ജനാധിപത്യസംരക്ഷണത്തിന് നാമിരുവരും തയ്യാറായതാണ് നാം തമ്മിലുള്ള സൌഹൃദത്തിൻറെ കാതൽ. നാം ഒത്തുചേർന്ന വേദികളിൽ പരസ്പരയോജിപ്പിൻറെയും വിയോജിപ്പിൻറെയും സ്വഭാവമെന്തെന്ന് പരസ്യമായി ചർച്ചചെയ്യാനും, നാം സ്വപ്നം കാണുന്ന ജനാധിപത്യത്തിൻറെ രൂപത്തെക്കുറിച്ച് ആശയങ്ങൾ പങ്കുവയ്ക്കാനും നാം തയ്യാറായിട്ടുണ്ട്. കേവലം സ്വാർത്ഥതാത്പര്യങ്ങൾ മാത്രം ഉന്നംവയ്ക്കുന്ന താത്കാലിക കൂട്ടുകെട്ടായി ഇതു മാറാത്തത് ഇത്തരം ചർച്ചകളിലൂടെ വളർന്ന പാരസ്പര്യം മൂലമാണ്.

സോളിഡാരിറ്റി എന്ന സംഘടനയെ എനിക്കാകർഷകമാക്കിയ ഒരു ഘടകം, പ്രതീക്ഷിതവും സുരക്ഷിതവുമായ വഴികളിൽ നിന്നകന്നുകൊണ്ട് പുതിയ രാഷ്ട്രീയവഴികളിലൂടെ സഞ്ചരിക്കാൻ അതിലെ യുവാക്കൾ കാട്ടിയ വ്യഗ്രതയാണ്. 1990കളിലും അതിനുശേഷവും ഇന്ത്യയിൽ പൌരത്വസങ്കല്പംതന്നെ ഹൈന്ദവദേശീയതയുടെയും നവലിബറൽ ഇരപിടിയൻമുതലാളിത്തത്തിൻറെയും സംഗമഫലമായി മാറിപ്പോകുന്ന കാഴ്ചയാണ് നാം കണ്ടത്. നെഹ്രുവിയൻ ദേശീയസാംപത്തികപൌരത്വത്തെ ഹൈന്ദവസാംസ്കാരികതന്മ നിഷ്കാസനം ചെയ്യാൻ ശ്രമിച്ച പശ്ചാത്തലത്തിൽ സ്വന്തം സാംസ്കാരിതൻമയെ ഉയർത്തിപ്പിടിക്കുക മാത്രമല്ല, അത്രതന്നെ ശക്തമായി ദേശീയസാംപത്തികപൌരത്വത്തിൻറെ ബദൽമാതൃകകൾ പണിയാനും അവയ്ക്കു വേണ്ടി പോരാടാനും സോളിഡാരിറ്റി തയ്യാറായി. ഇത് എളുപ്പത്തിൽ കൈക്കൊണ്ട നിലപാടാണെന്ന് ഞാൻ കരുതുന്നില്ല. ഹൈന്ദവ-നവലിബറൽഹിംസയ്ക്കു പാത്രമായ വിവിധ ജനങ്ങൾക്കു വേണ്ടി പോരാടുന്നതാണ്, അല്ലാതെ കേവലം സ്വന്തം തന്മാസംരക്ഷണത്തിലേർപ്പെടുന്നതല്ല, ജനാധിപത്യത്തെ പരിരക്ഷിക്കാനുള്ള മാർഗ്ഗമെന്ന നിങ്ങളുടെ തിരിച്ചറിവിനെ ഞാൻ ഏറെ വിലമതിക്കുന്നു.

ഞാൻ നിങ്ങൾക്കൊപ്പം പല സമരങ്ങളിലും പ്രചരണങ്ങളിലും പങ്കുചേർന്നത് ജനാധിപത്യവാദിയെന്ന നിലയ്ക്കാണ്. നാം തമ്മിലുള്ള അഭിപ്രായഭിന്നതകളെ മറച്ചുവയ്ക്കാൻ നാം ശ്രമിച്ചിട്ടില്ല. അത്തരമൊരു സമ്മർദ്ദം നിങ്ങളുടെ വേദികളിലൊരിക്കലും എനിക്കനുഭവപ്പെട്ടിട്ടില്ല. ഭരണകൂടസെക്യുലറിസത്തിനെതിരെ ഇസ്ലാമികധാർമ്മികതയ്ക്കുള്ളിൽ നിന്നല്ലാതെയും വിമർശനത്തിനു സാദ്ധ്യതയുണ്ടെന്നും, ആ വിമർശനത്തിൻറെ ഉൾക്കാഴ്ചകൾ വിലപ്പെട്ടവ തന്നെ എന്നുമുള്ള പരോക്ഷമായ അംഗീകാരം നിങ്ങളുടെ വേദികളിൽ അനുഭവപ്പെട്ടത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു.

കാരണം, മതവിശ്വാസങ്ങൾക്കു പുറത്തു ജീവിക്കുന്ന ഒരുവളാണ് ഞാൻ. എൻറേതുപോലുള്ള ജീവിതങ്ങളിൽ നിന്നു സാദ്ധ്യമാകുന്ന വീക്ഷണത്തിൽ നിന്നുയരുന്ന ഭരണകൂടമതനിരപേക്ഷതാവിമർശനത്തോട് നിങ്ങൾ കാട്ടിയ സൌഹൃദമാണ് എന്നെ നിങ്ങളിലേക്ക് ആകർഷിച്ച മറ്റൊരു ഘടകം. വ്യത്യസ്തദിശകളിൽ നിന്നുത്ഭവിക്കുന്ന ഈ രണ്ടുവിമർശനങ്ങളും ഒത്തുനിന്നാലേ ഇന്ത്യൻജനാധിപത്യസംസ്കാരത്തെ പരിരക്ഷിക്കാനാവൂ എന്ന വിശ്വാസമാണ് എനിക്കെന്നുമുണ്ടായിട്ടുള്ളത്  അല്ലാതെ എല്ലാവരുടേയും നല്ലപിള്ളയാകാനുള്ള മോഹമോ, സ്വന്തം കാര്യമെന്തെങ്കിലും നേടാനുള്ള വ്യഗ്രതയോ, മറ്റേതെങ്കിലും ചാണക്യന്യായമോ, ഉള്ളിലിട്ടുകൊണ്ട് നിങ്ങളുടെ വേദികളിൽ ഞാൻ വന്നിട്ടില്ല.

അതുകൊണ്ടുതന്നെ നാം തമ്മിലുള്ള അടുപ്പങ്ങളെയും അകലങ്ങളെയും കുറിച്ച് ചിന്തിക്കാൻ കിട്ടിയ അവസരം നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഫേസ്ബുക്കിൽ പുതിയ ഇസ്ലാമിൻറെ വക്താക്കളായി സ്വയം പരിചയപ്പെടുത്തുന്ന പലരുമായി ഞാൻ ഇടപെട്ടിട്ടുണ്ട്. സംവാദത്തെക്കാൾ വിവാദത്തിലേർപ്പെടാനാണ് അവർക്കു താത്പര്യമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അടുത്തകാലത്ത് ഇക്കൂട്ടരിൽ ചിലരുമായി ഇടപെട്ടതു മൂലം ഉണ്ടായ മറ്റൊരു സൊല്ല കൂടിയാണ് എന്നെ ഈ കത്തെഴുതാൻ പ്രേരിപ്പിക്കുന്നത്. ഇവർ അഴിച്ചുവിട്ട ആക്രമണങ്ങൾക്കിടയിൽ എന്നെ (ഭരണകൂട) സെക്യുലറിസത്തിൻറെ തൊഴുത്തിൽ കെട്ടിക്കളയാമെന്ന വ്യാമോഹം മറ്റു ചിലർക്കുണ്ടായിട്ടുണ്ട്. ഇതിലാണ് യഥാർത്ഥ ദുരുദ്ദേശം എന്നെനിക്കു തോന്നുന്നു. ആ തൊഴുത്തിൽ നല്ല പച്ചപ്പുല്ലും മധുരമുള്ള വെള്ളവും ഒക്കെ ധാരാളമുണ്ടെന്നത് സുപ്രസിദ്ധമാണെങ്കിലും അതു മോഹിക്കാൻ ഞാനൊരു പശുവല്ലല്ലോ.

നിങ്ങൾക്കറിയാവുന്ന കാര്യമാണിതെങ്കിലും, ഒന്നുകൂടി ഞാൻ തെളിച്ചു പറയട്ടെ – നിങ്ങൾക്കൊപ്പം ഞാൻ നിൽക്കുന്നത് ഭാവിയിൽ എപ്പോഴെങ്കിലും ഞാൻ ഇസ്ലാംമതത്തിൽ ചേരുമെന്നതിൻറെ സൂചനയല്ല. അതായത്, ഇസ്ലാമികധാർമ്മികതയ്ക്കുള്ളിലേക്ക് ഇണങ്ങിച്ചേരാനോ, ഇന്ന് ഞാൻ നിങ്ങളുമായി പുലർത്തുന്ന പരസ്പരബഹുമാനത്തിലൂന്നിയ വിമർശനപരമായ അകലത്തിൽ മാറ്റം വരുത്താനോ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇസ്ലാമികധാർമ്മികതയും, മറ്റൊരു ധാർമ്മികതയും, ചോദ്യംചെയ്യലിനപ്പുറമാണെന്ന് ഞാൻ കരുതുന്നുമില്ല. പക്ഷേ ധാർമ്മികതകൾക്ക് അവയുടെതായ പരിണാമവഴികളുണ്ടെന്നും ആ വഴികളെ കായികമോ മറ്റേതെങ്കിലും തരത്തിലോ ഉള്ള ബലപ്രയോഗത്തിലൂടെ നിർണ്ണയിക്കാനോ നിർവ്വചിക്കാനോ അവയ്ക്കു തടസ്സം വരുത്താനോ പുറത്തു നിൽക്കുന്ന ശക്തികൾക്കവകാശമില്ലെന്നും ഞാൻ കരുതുന്നു. കാൻറിയൻ നൈതികതയ്പ്പുറം നിൽക്കുന്ന വിശ്വാസങ്ങളെ വികൃതവത്ക്കരികികുന്ന രീതിയും പർദ്ദ ധരിക്കുന്ന ഒരു സ്ത്രീ അവരുടെ ഈ പ്രവൃത്തിയെ ഉദാരവാദന്യായങ്ങൾ കൊണ്ടുതന്നെയാണോ ന്യായീകരിക്കുന്നതെന്ന് എന്ന് ഒത്തുനോക്കുന്ന രീതിയും വിമർശനാർഹമാണെന്നാണ് എൻറെ അഭിപ്രായം.

അതേ മുറയ്ക്ക് ഇസ്ലാമികധാർമ്മികതയിൽ നിന്നുകൊണ്ട് എൻറെ കൈയില്ലാക്കുപ്പായധാരണത്തെ ആരെങ്കിലും അളന്നാൽ അതു സാധുവായി അംഗീകരിക്കാൻ ഞാൻ തയ്യാറല്ല. കാരണം എൻറെ ധാർമ്മികതയുടെ വഴി വ്യത്യസ്തമാണെന്നതു തന്നെ. അത് മതവിശ്വാസങ്ങൾക്കു പുറത്ത്, രാഷ്ട്രങ്ങളുടെ ബലപ്രയോഗങ്ങളേയും ദേശീയതകളുടെ സാംസ്കാരിക നിർണ്ണയങ്ങളുടെയും ആഗോളമുതലാളിത്തത്തിൻറെ സമ്മർദ്ദങ്ങളേയും ചോദ്യം ചെയ്തുകൊണ്ട്,  വിമർശനാത്മകമായ സകലലോകസ്നേഹത്തിൻറെ രൂപമുള്ള കോസ്മൊപോളിറ്റൻ മൂല്യബോധത്തെ, ആത്മവിമർശനത്തെ പുണർന്നുകൊണ്ടുതന്നെ, സ്വീകരിക്കാൻ പരിശ്രമിക്കുന്നു.

ഇങ്ങനെ രണ്ടിടങ്ങളിൽ നിന്നുകൊണ്ട് നമുക്ക് ഭരണകൂടസെക്യുലറിസത്തെ രണ്ടു വിധത്തിൽ എതിർക്കാൻ കഴിയുമോ എന്നതാണ് കാതലായ കാര്യം. അതു സാദ്ധ്യമാണെന്ന് ഞാൻ കരുതുന്നു. പാശ്ചാത്യബൌദ്ധികവൃത്തങ്ങളിൽ നടക്കുന്ന സെക്യുലറിസവിമർശനചർച്ചകളിൽ ഉയർന്നു വന്ന നിലപാടുകൾ ഉദ്ധരിക്കാതെ തന്നെ, നമ്മുടെ മൂർത്തമായ രാഷ്ട്രീയാനുഭവങ്ങളിൽ നിന്നുകൊണ്ടുതന്നെ, ഇതു കാണാവുന്നകാണ് – ഈ ചർച്ചയിൽ Stathis Gourgouris മുതലായ ചിന്തകർ സെക്യുലർ, ഭരണകൂടസെക്യുലറിസം എന്നിവ തമ്മിലുള്ള അകലത്തെയും, ആദ്യത്തേതിൽ നിന്നുകൊണ്ട് രണ്ടാമത്തേതിനെ വിമർശിക്കാനുള്ള സാദ്ധ്യതയേയും പാശ്ചാത്യ ഉദാരവാദ-വ്യക്തിവാദ ചിന്തയുടെ ചരിത്രത്തിൻറെ വിമർശനത്തിലൂടെ വിശദീകരിക്കുംപോൾ, ആ വ്യത്യാസം എൻറെ രാഷ്ട്രീയജീവിതത്തിൽ നിന്നുതന്നെ എനിക്കു പ്രത്യക്ഷമാണ് – ചിന്തകരുടെ വിശദീകരണം ആലോചനകൾക്കു തെളിച്ചം വരുത്തുമെന്നത് തീർച്ചയാണെങ്കിലും. ഞാൻ ജീവിക്കുന്നത് ഭരണകൂടസെക്യുലറിസത്തിനു പുറത്തുള്ള സെക്യുലർ ഇടത്തിലാണെന്ന തിരിച്ചറിവ് ഒഴിവാക്കാനാവാത്തവിധം വന്ന് മുഖത്തടിയ്ക്കുന്ന കാലമാണ് എൻറേത്.

ഇവിടെ സെക്യുലർ എന്നാൽ ചരിത്രത്തിൻറെ ഒഴുക്കിൽ രൂപംകൊള്ളുന്ന, അതിനാൽ തന്നെ അസ്ഥിരമായ, മൂർത്ത ഇടങ്ങളാണ്. ജനാധിപത്യത്തിൻറേതായ പ്രവൃത്തികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവയിൽ ഇടപെടുന്നത് അവയുടെ അസ്ഥിരതയെ ഇല്ലാതാക്കാനല്ല. മറിച്ച് ആ ചലനാത്മകതയ്ക്ക് ഊനം തട്ടാതെ നോക്കുക എന്നതാണ് ജനാധിപത്യപരമായ ഇടപെടലുകളുടെ ലക്ഷ്യം. മതവിശ്വാസത്തിനു പുറത്ത് നിന്നുകൊണ്ട് ഭരണകൂടസെക്യുലറിസത്തെ എതിർക്കുന്നവർ, അവർക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, നിൽക്കുന്നത് ഇത്തരമൊരിടത്തിലാണ്. അതായത്, കേരളീയബുദ്ധധർമ്മത്തിൻറെ പാത സ്വയം കണ്ടെത്തിയ ഡിഎച് ആർഎം എന്ന വിശ്വാസികളുടെ സംഘടനയ്ക്ക് മറ്റൊരു മതധാർമ്മികതയിൽ ഉറച്ചുനിന്നുകൊണ്ട് ഭരണകൂടസെക്യുലറിസത്തെ എതിർക്കുന്ന രീതിയിൽ പൂർണ്ണമായും പങ്കുചേരാൻ കഴിഞ്ഞേക്കും. പക്ഷേ അതുപോലുള്ള വിശ്വാസങ്ങൾ പങ്കുവയ്ക്കാത്തവർ മുസ്ലിംരാഷ്ട്രീയവുമായി ബന്ധപ്പെടുംപോൾ ഏതിടത്തു നിന്നുകൊണ്ട് സംസാരിക്കുന്നുവെന്ന് സ്വയം വ്യക്തമാക്കേണ്ടതുണ്ട്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഭരണകൂടസെക്യുലറിസത്തെ എതിർക്കുന്നു എന്നതുകൊണ്ടു മാത്രം മറ്റുള്ളവർ നവമുസ്ലിംരാഷ്ട്രീയവുമായി പൂർണ്ണമായും ഐക്യപ്പെടില്ല. അങ്ങനെ നടിക്കുന്നവർ എല്ലാവരും തെറ്റുചെയ്യുന്നുവെന്നല്ല, അവരുടെ കൂട്ടുചേരൽ ഏതെങ്കിലും ഹ്രസ്വകാലസവിശേഷകാര്യസാദ്ധ്യത്തെ ഉന്നമാക്കിയാകാനാണിട.

ഞാൻ ചൂണ്ടിക്കാണിക്കുന്ന ഈ മറു-ഇടം – സെക്യുലർ എന്ന പദത്തിൻറെ മൂലാർത്ഥത്തെ സ്വീകരിക്കുംപോൾ പ്രത്യക്ഷമാകുന്ന ഇടം – ഭരണകൂടസെക്യുലറിസത്തെ ചെറുക്കാൻ പര്യാപ്തമായ ഇടമാണെന്ന് കരുതുന്നവർ അക്കാരണത്താൽ മാത്രം മതവിരോധികളാകുമെന്ന് തോന്നുന്നില്ല. കാരണം ഈ ഇടം എല്ലാവരുംപങ്കുവച്ചുകൊള്ളണമെന്ന ശാഠ്യം ഈ നിലയുടെ അവിഭാജ്യഘടകമല്ല. ഭരണകൂടസെക്യുലറിസം കാർട്ടീസിയൻ വ്യക്തിബോധത്തെ ദൈവസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്ന് Stathis Gourgouris ചൂണ്ടിക്കാട്ടുന്നു (അതായത് കേവലം പ്രോട്ടസ്റ്റ്ൻറ്റ് ക്രിസ്തീയദൈവരൂപത്തിൻറെ മതേതര വകഭേദം മാത്രമല്ല ഭരണകൂട സെക്യുലറിസമെന്നർത്ഥം). ഐഹികതയെ- സദാ മാറിക്കൊണ്ടിരിക്കുന്ന മനുഷ്യാവസ്ഥയെ- സെക്യുലർ മനുഷ്യാവസ്ഥയായി എണ്ണുന്നവർ ഭരണകൂടസെക്യുലർ നിലപാട് പങ്കുവയ്ക്കുകയല്ല, അവർ അതിനെ എതിർക്കുകയാണ് ചെയ്യുന്നത്. കാരണം മേലാളതാത്പര്യങ്ങളെ  പിൻതാങ്ങുന്ന ഭരണകൂടം മേൽപ്പറഞ്ഞ ഐഹികതയുടെ സദാ മാറാനും വികസിക്കാനുമുള്ള പ്രവണതയ്ക്ക് കൂച്ചുവിലങ്ങിടുന്നു. ‘സെക്യുലറിസം’ എന്ന് അവർ അതിനു പേരിടുകയും ചെയ്യുന്നു. ഭരണകൂടസെക്യുലറിസത്തെക്കുറിച്ചുള്ള ഈ വിമർശനം ലിബറൽ വ്യവസ്ഥകൾക്കു മാത്രമല്ല ബാധകം,അത് കുറേക്കൂടി വിശാലമാണ്. കാരണം, ഭരണകൂടസെക്യുലറിസം തീരെ ഉദാരവാദപരമല്ലാത്ത രാഷ്ട്രീയവ്യവസ്ഥകളുടെയും ഭാഗമായിരുന്നു ചരിത്രത്തിൽ.

ഇന്ത്യൻസാഹചര്യങ്ങളിൽ ഈ കാർട്ടീസിയൻ വ്യക്തിബോധം സവർണ്ണഹൈന്ദവം കൂടിയാണ്. സവർണ്ണഹൈന്ദവികതയ്ക്ക് അതീതനില കല്പിക്കപ്പെടുംപോൾ അതിൽ ജന്മനാ ഉൾപ്പെട്ടുപോയവരുടെ ചലനശേഷിയും പരിമിതമാകുന്നു. ഹിന്ദുവെന്ന ഭൂരിപക്ഷസംവർഗ്ഗത്തിൽ നിന്ന് അടർന്നു മാറണമെങ്കിൽ ഇന്ന് വലിയ വില കൊടുക്കേണ്ടി വരുന്നതിൻറെ ഒരു കാരണം ഇതുതന്നെ. കീഴ്ജാതിക്കാർ മാത്രമല്ല, ശ്രീരാമകൃഷ്ണ മിഷൻ അടക്കമുള്ളവർ വരെ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഭൂരിപക്ഷം യഥാർത്ഥത്തിൽ ബഹുസ്വരമായാൽ അതിൻറെ ഭൂരിപക്ഷസ്വഭാവത്തിൽ കാര്യയായ ഗുണപര വ്യതിയാനങ്ങളുണ്ടായേക്കാം, അതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമായേക്കാം. മേലാളരെ സംബന്ധിച്ചിടത്തോളം ഭീതിലയുളവാക്കുന്ന സാദ്ധ്യതയാണിത്.

ഒരുവശത്ത് ഭരണകൂടസെക്യുലറിസത്തിൻറെ ഹൈന്ദവസ്വഭാവമുള്ള ഹിംസാത്മകമായ സ്ഥിരപ്പെടുത്തലിനെയും, മറുവശത്ത് ശരീരത്തെ അരികിലേക്കു തള്ളുന്ന കാർട്ടീസിയൻ വ്യക്തിബോധപ്രതിഷ്ഠയേയും ഒരുപോലെ എതിർക്കാനാണ് സെക്യുലർ ഇടത്തിൽ നിന്നുളള ഭരണകൂടസെക്യുലറിസവിമർശനം ശ്രമിക്കുന്നത്. സെക്യുലർ ഇടത്തിൽ നിന്നുകൊണ്ട് ഭരണകൂടസെക്യുലറിസത്തെ എതിർക്കുന്നവർ ശരീരത്തെ കേന്ദ്രപ്രാധാന്യത്തോടെ ഉയർത്തിപ്പിടിക്കുന്നത് ഇതിനാലാണ്. സെക്യുലർ എന്ന് ഭരണകൂടം പ്രഖ്യാപിക്കുന്ന പൊതുവിടങ്ങളിൽ ശരീരങ്ങൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള മേലാളഹൈന്ദവനിയന്ത്രണങ്ങൾക്കെതിരെ ചുംബനസമരക്കാർ നീങ്ങിയപ്പോൾ ഹൈന്ദവതീവ്രവാദശക്തികളും പോലീസും ഒരുപോലെ അവരെ ഹിംസിക്കാനോങ്ങിയത് യാദൃച്ഛികമല്ല. പൊതുവിത്ത് ശരീരങ്ങൾ എപ്രകാരം പെരുമാറമെന്നുള്ള മേലാളഹൈന്ദവകല്പനകൾ മതപരമല്ലല്ലോ, അവ മതേതരമാന്യതയും മര്യാദയുമല്ലേ എന്ന് വളരെപ്പേർ ചോദിക്കുന്നതും വെറുതേയല്ല.

ഇസ്ലാമികധാർമ്മികതയിലൂന്നിയ ഭരണകൂടസെക്യുലറിസവിമർശനത്തിന് ഇക്കാര്യത്തിൽ വിയോജിപ്പുണ്ടാകാം. ഹൈന്ദവവാദികൾക്കും അവരെ താങ്ങുന്ന സെക്യുലറിസത്തെ ചിന്താശൂന്യമായ രീതിയിൽ പിൻതുണയ്ക്കുന്നവർക്കും ഉള്ള എതിർപ്പുകളിൽ നിന്ന് വ്യത്യസ്തന്യായങ്ങളായിരിക്കാം നിങ്ങൾക്കുള്ളത്. അതേക്കുറിച്ച് കൂടുതൽ അറിയാൻ താത്പര്യമുണ്ട്. കാർട്ടീസിയൻ വ്യക്തിബോധത്തോയുള്ള കൂറല്ല നിങ്ങളുടെ എതിർപ്പിനാധാരമെന്ന് കരുതട്ടെ? ഫേസ്ബുക്കിലും മറ്റും നവ ഇസ്സാമിൻറെ വക്താക്കളായി വരുന്ന പലരും കാട്ടുന്ന അറപ്പുളവാക്കുന്ന സദാചാരപരമായ പുച്ഛമോ, അസഹിഷ്ണുതയോ, ലൈംഗിക അന്ധവിശ്വാസങ്ങളോ അല്ല താങ്കളുടെ സംശയങ്ങളെന്ന് എനിക്കു തീർച്ചയാണ്. ശരീരവും ആത്മാവും തമ്മിലുള്ള വേർതിരിവിലെ ചോദ്യംചെയ്യുന്ന ചിന്താധാരകളാണ് ഇസ്ലാമിൻറേതുമെന്ന് ഞാൻ മനസ്സിലാക്കിയിട്ടുമുണ്ട്. എന്തായാലും പരസ്പരം യോജിച്ചില്ലെങ്കിലും പരസ്പരം മനസ്സിലാക്കാൻ നമുക്കു കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കുറഞ്ഞപക്ഷം ചുംബനസമരങ്ങളെ സദാചാരവിരുദ്ധമെന്ന് അടച്ചാക്ഷേപിക്കുന്ന രീതി — ഇന്നത് നമ്മുടെ ഇടയിലല്ല, ഫെയ്സ്ബുക്കിലാണ് പൊടിപൊടിക്കുന്നതെങ്കിലും — നമുക്ക് ഗുണകരമോ എന്ന് കൂട്ടായി ആലോചിക്കേണ്ടതാണെന്നെനിക്കു തോന്നുന്നു.

ഒരു കാര്യം തീർച്ചയാണ് –നമ്മുടെ സവിശേഷഭരണകൂടസെക്യുലറിസവിമർശനങ്ങൾ തമ്മിൽ അടയ്ക്കാനെളുപ്പമല്ലാത്ത ഒരു താത്വികവിടവുണ്ട്. ഞാൻ മുകളിലുന്നയിച്ച വാദങ്ങൾ ഒന്നും പുതിയവയല്ല. സെക്യുലറിസത്തെ സംബന്ധിച്ചു ലോകത്തിൽ പലയിടത്തും നടന്നുവരുന്ന ചർച്ചകളിൽ ഉയർന്നുവന്നിട്ടുള്ളവയാണ് അവയിൽ ഒട്ടു മിക്കവയും. പക്ഷേ നമ്മുടെ മൂർത്തസാഹചര്യങ്ങൾ പോസ്റ്റ്കൊളോണിയൽ ചിന്ത ഉടലെടുത്ത ഒന്നാംലോകസർവ്വകലാശാലാസാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഒന്നാംലോകസർവ്വകലാശാലകളിലെ പ്രത്യേകസാഹചര്യങ്ങളിൽ താത്വികവ്യത്യാസങ്ങളെ അവയുടെ പൂർണ്ണമാനങ്ങളിലേക്ക് വികസിപ്പിച്ചുകൊണ്ട് സംവാദത്തിലേർപ്പെടുന്ന രീതി സാധാരണമാണ്. ആ രീതി ഇവിടെ എത്രത്തോളം ഗുണകരമാകുമെന്ന് ആലോചിക്കേണ്ടതാണ്. അതുപോലെ സബാ മഹമൂദിനെ വിമർശിക്കുന്നതും ഒന്നാംലോകസാഹചര്യം അവർക്കു നൽകുന്ന സവിശേഷാധികാരങ്ങളെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് മുസ്ലിംവിരോധം മൂലമാണെന്ന് ഫേസ്ബുക്കിൽ നവമുസ്ലിം പോരാളികൾ ആക്രോശിക്കുന്നത് ബന്ധങ്ങളെ ശക്തിപ്പെടുത്തുമെന്ന് തോന്നുന്നില്ല. മഹമൂദ് സാമൂഹ്യശാസ്ത്രത്തിൻറെ ഭാഷയിൽ സംസാരിക്കുന്നിടത്തോളം അവരുടെ എഴുത്തിനെ സൂക്ഷ്മമായി വിമർശിക്കാനും അപഗ്രഥിക്കാനും മറ്റു സാമൂഹ്യശാസ്ത്രജ്ഞർക്ക് അവകാശമുണ്ട്. മഹമൂദിൻറെ പ്രശസ്തപഠനത്തിൻറെ രീതിശാസ്ത്രപരമായ പോരായ്മകൾ ഏറെ വിമർശിക്കപ്പെട്ടു കഴിഞ്ഞതുമാണ്. തന്നെയുമല്ല, അവർ മുസ്ലിമാണെന്ന ഒരൊറ്റ വസ്തുത അവരുടെ പാണ്ഡിത്യത്തെ രൂപപ്പെടുത്തുന്ന മറ്റു ഘടകങ്ങളെ, അവയുടെ വരേണ്യതയെ, അപ്രസക്തമാക്കുന്നില്ല.

താത്വികസാദ്ധ്യതകളുടെ  ഒരു ഗുണം , അവ എല്ലായ്പ്പോഴും വികസിക്കാറില്ല എന്നതുതന്നെ. അവ വികസിക്കാനുള്ള സാഹചര്യമൊരുങ്ങാത്ത പക്ഷം അവ വളരുകയില്ല. അതായത്, ഭരണകൂടസെക്യുലറിസത്തെ ഇവിടെപ്പറഞ്ഞ രണ്ടു നിലകളിൽ നിന്നും കൂട്ടുചേർന്നെതിർക്കാനാവും എന്നുതന്നെയാണ് എൻറെ വിശ്വാസം. ഈ നിലകൾ തമ്മിൽ അകലം മാത്രമല്ല, അടുപ്പങ്ങളുമുണ്ട്, അവ തിരിച്ചറിയേണ്ടതുമാണ്.

അതുകൊണ്ടുതന്നെ കൂടുതൽ പോരാട്ടങ്ങളിൽ ഒത്തുചേരാനും പരസ്പരബഹുമാനത്തോടെ കൂട്ടായി ചിന്തിക്കാനും നമുക്ക് ഇനിയും നിരവധി അവസരങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിച്ചുകൊണ്ട് നിർത്തുന്നു.

 

സ്നേഹപൂർവ്വം

 

ജെ ദേവിക.

 

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.