നിങ്ങൾക്ക് സദാചാരപ്പോലീസിനെതിരെയുള്ള സമരം ഓപ്ഷണൽ ആയിരിക്കും. ഞങ്ങൾക്ക് അത് ജീവൻമരണപോരാട്ടമാണ്.
അടക്കാൻ ഞങ്ങൾ ശവങ്ങളല്ല.
ഒതുക്കാൻ ഞങ്ങൾ വീട്ടുസാമാനങ്ങളല്ല.
ഫോട്ടോ എടുത്തുകളിക്കാൻ ഞങ്ങൾ
കടമുന്നിൽ തുണി ഉടുത്തും ഉടുക്കാതെയും
ചിരിച്ചു കൈകൂപ്പുന്ന പാവകളല്ല.
കിട്ടുന്നതെല്ലാം വിധിയെന്നോർത്ത് കഴിഞ്ഞുകൂടുന്ന പെണ്ണുങ്ങളല്ല ഞങ്ങൾ. ജീവിച്ചുതീർത്ത കാലമത്രയും വീണ്ടും വീണ്ടും ഉയർന്നുപൊങ്ങിവന്ന ആൺകോയ്മാരൂപങ്ങളെ നേരിട്ടെതിർത്ത് തഴംബിച്ചവരാണ്. ഞങ്ങളിന്നും എഴുന്നേറ്റു നിൽക്കുന്നെങ്കിൽ, അടൂർ ഗോപാലകൃഷ്ണനും അദ്ദേഹത്തിൻറെ കൂട്ടുകാരും ചേർന്നു പടുത്തുയർത്തിയിരിക്കുന്ന സൈനികവത്കരിക്കപ്പെട്ട പുരുഷ-ഇടത്തിലേക്ക് (അതേ, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദി അങ്ങനെയായിരിക്കുന്നു) തലയുയർത്തി നടുവളയ്ക്കാതെ ഡെലിഗേറ്റ് പാസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കടന്നുചെല്ലാൻ നമുക്കിപ്പോഴും കഴിയുന്നുണ്ടെങ്കിൽ, ജീവിതത്തിൽ പല സമരങ്ങളും നാം കണ്ടിട്ടുള്ളതുകൊണ്ടാണ്. നമ്മുടെ ഇടയിലെ ഏറ്റവും പ്രായം കുറഞ്ഞവർ പോലും ആൺകോയ്മയ്ക്കെതിരെയുള്ള സമരത്തിൽ നിന്നുള്ള മുറിപ്പാടുകളെ അഭിമാനമുദ്രകളായി കൊണ്ടുനടക്കുന്നവരുമാണ്. ആൺകോയ്മ കൌശലത്തോടെയും നിശ്ശബ്ദമായും അന്തരീക്ഷംമലിനമാക്കുന്ന വിഷവായുവിനെപ്പോലെ എങ്ങും പടർന്നുപരന്നു വാഴുന്ന കേരളത്തിൽ ഞങ്ങൾ ഇനിയും മരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇന്നുകണ്ടതൊന്നും ഞങ്ങളെ ഭയപ്പെടുത്തുകയോ അതിശയിപ്പിക്കുകയോ ചെയ്തില്ല.
ഉച്ചയോടെ പ്രതിഷേധം അവസാനിച്ചു. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 30 മണി വരെയുള്ള ആ ചെറിയസമയത്തിനുള്ളിൽ, വളരെയൊന്നും വിസ്തൃതമല്ലാത്ത കൈരളീ-ശ്രീതീയറ്ററുകളുടെ മുന്നിൽ, ഈ ജീവിതകാലത്തിനിടയിൽ പലപ്പോഴായി നേരിട്ടിട്ടുള്ള ആൺകോയ്മാരൂപങ്ങളെ ഒന്നൊന്നായി വീണ്ടും കണ്ടു. പഴയകാലസുഹൃത്തുക്കൾ പലരും കണ്ടില്ലെന്നു നടിച്ച് തിരക്കിട്ട് കടന്നുപോയപ്പോൾ ഞാൻ അതിശയിച്ചില്ല. തിരുവനന്തപുരത്തെ ആദരണീയനായ ഒരു ബുദ്ധിജീവി നിങ്ങൾ മാവോയിസ്റ്റുകൾക്ക് വളംവയ്ക്കുകയല്ലേ എന്ന് ചോദിച്ചപ്പോഴും ഞാൻ ഞെട്ടിയില്ല. അല്ല, ഹൃദയത്തിനുള്ളിൽ അരാജകസ്വാതന്ത്ര്യത്തെ പൂജിക്കുന്നുവെന്ന് (മദ്യം ഉള്ളിൽ ചെല്ലുംപോഴെങ്കിലും)പ്രഖ്യാപിക്കുന്ന നിങ്ങൾക്കു തന്നെ ഞങ്ങൾ വളംവയ്ക്കാമെന്ന് പറഞ്ഞെങ്കിലും ആ മാന്യൻ ഭയപ്പെട്ട് മാറിക്കളഞ്ഞു. ഇതിനു ശേഷം ചില താടിക്കാർ (താടി മലയാളി ബുദ്ധിജീവിതത്തിൻറെ നിഷേധിക്കാനാവാത്ത തെളിവുമാണല്ലോ)എൻറെ മകളോടും ഈ സമരത്തിൻറെ സംഘാടകയായ ഒരു പ്രവർത്തകയോടും അവർ ഒട്ടിച്ച പോസ്റ്ററിൽ സ്ത്രീകളാണ് ചുംബിക്കുന്നതെന്നും, നോർമ്മൽ ചുംബനം അവർക്കു കിട്ടുമോ എന്നും ചോദിച്ചപ്പോൾ എന്നും കേൾക്കുന്ന സാധാരണകാര്യമല്ലേ എന്നുപോലും തോന്നിപ്പോയി. അവരുടെ ഭിന്നലൈംഗിക-വൃത്തികെട്ട മനസ്സുകളും, പക്ഷേ, ഞങ്ങളെ പേടിപ്പിച്ചില്ല. സെക്ക്ഷ്വൽ ഹാറസ്മെൻറ് എന്നു കേട്ടിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ തീ കണ്ട പെരുച്ചാഴികളെപ്പോലെ അവർ പിൻവാങ്ങി.
ഹനുമാൻസേനക്കാരുടെ കൂക്കിവിളിയെ ആദ്യം തന്നെ ഞങ്ങൾ പ്രതീക്ഷിച്ചു. അതുവന്നപ്പോൾ പതറാതെ നിന്നു, കാരണം പൂർണ്ണമനുഷ്യത്വത്തിനായുള്ള സമരങ്ങൾ പലതും കണ്ടിട്ടുള്ളതുകൊണ്ട് ഞങ്ങൾക്കറിയാം, ധാർമ്മികധീരത നിറഞ്ഞ മുദ്രാവാക്യങ്ങൾക്ക് — മനുഷ്യഭാഷയ്ക്ക് — മുരളലുകളെക്കാൾ ശക്തിയുണ്ട്. ഭാഷയില്ലായ്മ ഒന്നുകിൽ മനുഷ്യഭാഷയ്ക്ക് ആവിഷ്ക്കരിക്കാനാവാത്ത വികാരത്തെ കുറിയ്ക്കുന്നു, അല്ലെങ്കിൽ അത് മനുഷ്യഭാഷയെ മനഃപൂർവ്വം ഉപേക്ഷിക്കുന്ന ഹിംസയെ സൂചിപ്പിക്കുന്നു. അവിടെ കൂടിയിരുന്ന റൌഡിപ്പരിഷയുടേത് രണ്ടാമത്തെ തരം കൂവലായിരുന്നു. അതുകൊണ്ട് അത് എളുപ്പം കെട്ടടങ്ങി. അവരുടെ പെരുമാറ്റം ഏതെങ്കിലും മതത്തിന് ശോഭയേറ്റി എന്നു കരുതാൻ എനിക്കു കഴിയുന്നില്ല. നടുവിരൽ ഉയർത്തിക്കാട്ടുന്ന ഗോഷ്ഠിയിലേർപ്പെടുന്ന കൈപ്പത്തി കാവിനിറമുള്ള ചരടുകെട്ടിയ കൈയോട് ചേർന്നിരിക്കുന്നതുകൊണ്ടു മാത്രം അത് പവിത്രമായി മാറില്ല എന്നാണ് എൻറെ അറിവെങ്കിലും ഒരുപക്ഷേ അതിനിപ്പോൾ ഔദ്യേഗികപവിത്രത കല്പിക്കപ്പെട്ടിട്ടുണ്ടാവാം. എങ്കിൽ ഈ നവലോകപവിത്രത തന്നെയാണ് നാം എതിർക്കേണ്ട ശക്തി.
പക്ഷേ ആ ഉന്തിലും തള്ളിലും ഹനുമാൻസേനക്കാരുടെ വാക്കു വിശ്വസിച്ച് ഇളിഭ്യനായ ആ പാവം മനുഷ്യനോ? ദയനീയം, അതിദയനീയം,എന്നേ പറയാനുള്ളൂ. സ്പർശദാരിദ്ര്യത്തിലുഴന്ന്, നാവിനു താഴുവീണ് നിസ്സഹായനായ വ്യവസ്ഥാപിതമലയാളിപുരുഷത്വത്തിൻറെ പ്രതീകമെന്നപോലെ അയാൾ അവിടെ നിന്ന് വട്ടം കറങ്ങി. അയാളുണ്ടാക്കിയ അപമാനം നിസ്സാരമാണെന്ന് ഞങ്ങൾക്ക് തോന്നി. കാരണം ഞങ്ങൾ ആന്തരികശക്തി ആർജ്ജിച്ചുകഴിഞ്ഞവരാണ്. ആ ശക്തി ഞങ്ങളെ ഉദാരമതികളാക്കുന്നു. വിഷലിപ്തമായ ആൺകോയ്മയെ എതിരിട്ട് മടക്കിയിട്ടുള്ളതുകൊണ്ടുതന്നെ ആൺകോയ്മയുടെ ദയനീയമുഖം കണ്ടാലും ഞങ്ങൾക്കറിയാം. അതുകൊണ്ടാണ്കൂടിയാണ് തങ്ങളുടെ ചില്ലറ പരിപാടികൾ തീരുംവരെ മിണ്ടാതിരിക്കണം എന്നു പറഞ്ഞുകൊണ്ട് അവിടെ ഹാജരായ സിനിമാ അധികാരികൾക്കും മാപ്പുകൊടുക്കാൻ ഞങ്ങൾക്ക് കഴിയുന്നത്. സൈനികത്താവളത്തെ വെല്ലുന്ന ആ ഇടത്തിൽ അമർന്നിരുന്നുകൊണ്ട് സ്വന്തം ചില്ലറതാത്പര്യങ്ങളും വഹിച്ച് ചുരുങ്ങിയമനസ്സുകൾക്കുള്ളിൽ മൂടിപ്പുതച്ചിരിക്കുന്നവരാണല്ലോ അവർ (എന്നിട്ടും മഹത്തായ സിനിമ തങ്ങൾക്കു വഴങ്ങുമെന്ന് അവർ വിചാരിക്കുന്നതെത്ര ദയനീയം!).
എന്തിന്, ചിത്രഭ്രാന്തു ബാധിച്ച മാദ്ധ്യമപ്പടയേയും ഞങ്ങൾ അതിജീവിച്ചു. ദീർഘകാലമായി അവർ പേറിവരുന്ന ചില അന്ധവിശ്വാസങ്ങൾ — ഞങ്ങളെപ്പോലുള്ള പൊതുജനങ്ങളുടെ നിലനിൽപുപോലും അവരുടെ ദയ കൊണ്ടാണെന്ന ഭാവം — ഇവിടെയും പ്രത്യക്ഷമായിരുന്നു. പടം കിട്ടാത്ത ഫോട്ടോഗ്രാഫർമാർ നിങ്ങൾ ഒന്നുകൂടി ചുംബിക്കൂ എന്നാവശ്യപ്പെട്ടത് ആഭാസമാണെന്ന് ചൂണ്ടിക്കാട്ടിയതിന്, അത് ഞങ്ങളുടെ സമരത്തെ കേവലം ഉപഭോഗാവസരമായി ചിത്രീകരിക്കുന്നുവെന്ന്ചൂണ്ടിക്കാണിച്ചതിന്, ക്യാമറകളുടെ നീളുന്ന ലെൻസുകൾ ആൺ അവയവങ്ങൾ പോലെ അനുഭവപ്പെടുന്നുവെന്ന് തുറന്നു പറഞ്ഞതിന്, ഞങ്ങൾ മാദ്ധ്യമത്തംബുരാക്കന്മാരുടെ കോപത്തിനു പാത്രമായി. അവരിലൊരാൾ ഇതു പറഞ്ഞ യുവതിക്കു നേരെ നന്ദിയില്ലാത്തവൾ എന്നുപോലും ആക്രോശിച്ചു. പക്ഷേ ഇതും ഞങ്ങളെ തെല്ലും അലട്ടിയില്ല. കാരണം ആർക്കാണറിയാത്തത്, ഇന്നത്തെ പത്രക്കാർക്ക് ജനാധിപത്യത്തോടല്ല, വിപണിയോടാണ് ഒന്നാമത്തെ കടപ്പാട്. അവർ ജനാധിപത്യത്തിനു വേണ്ട് ചെയ്യുന്നതെല്ലാം ഔദാര്യമാണല്ലോ. എങ്കിലും ഒരുപക്ഷേ നാം അവർക്ക്ഈ മിഥ്യാബോധമാകുന്ന സമാധാനമെങ്കിലും അനുവദിക്കണം. കാരണം നമ്മളെക്കാളെല്ലാം രൂക്ഷമായഅടിമത്തത്തിൻറെ ആഴങ്ങൾ അനുഭവിക്കുന്നവരത്രെ ഇക്കൂട്ടർ.
കൊച്ചി,കോഴിക്കോട്, എന്നിവിടങ്ങളിലെ പോലീസിനെക്കാൾ സംസ്കാരം തിരുവനന്തപുരത്തെ പോലീസുകാർ പ്രകടിപ്പിച്ചു. ഇവിടെ സ്മരണ മാത്രമായി മാറിക്കഴിഞ്ഞ ചലച്ചിത്രോത്സവ ഇടത്തിനു പകരം പടുത്തുയർത്തപ്പെട്ട സൈനികവത്കൃത സ്ഥലത്തിൻറെ നട്ടെല്ലു തന്നെയായിമാറിയിരിക്കുന്ന പോലീസ് സാർവ്വത്രികസാന്നിദ്ധ്യമാണ്. അവരുടെ വിന്യാസം കാണുംപോൾ ഭരണകൂടാധികാരത്തിൻറെ ഘടനാപരമായ ചില തലങ്ങൾ വെളിവായതുപോലെ തോന്നുന്നു. ആ ചെറിയ തീയറ്റർ കോംപ്ളക്സ് പരിസരം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പിതൃമേധാവിത്വവിശാലചട്ടക്കൂടാണ് അവരെന്നും അതിനുള്ളിലാണ് രക്ഷയും ശിക്ഷയും ഒരുപോലെ ചുരുൾനിവരുന്നതെന്നും കാണാതിരിക്കാൻ വയ്യ.
അവസാനമായി പുരുഷസുഹൃത്തുക്കൾ, പ്രതിഷേധം കഴിഞ്ഞ ആ നിമിഷത്തിൽ മാത്രം പ്രത്യക്ഷമായവർ, അവർക്കും നമസ്കാരം! തീർച്ചയായും അവർക്ക് ഞാൻ മാപ്പുനൽകും. കാരണം അവർ ജീവിതമെന്ന് തിരിച്ചറിയുന്ന ദയനീയചുറ്റിത്തിരിയൽ എന്താണെന്ന് എനിക്കു മുഴുവനായും അറിയാം. അവർ കൂടെ നിൽക്കുമെന്ന പ്രതീക്ഷ പോലും അസ്ഥാനത്തായിരുന്നുല്ലേ? അവരിലൊരാൾ ഇന്നെന്നോടു പറഞ്ഞു, ചുംബിക്കാം പക്ഷേ മാദ്ധ്യമങ്ങൾക്കു വേണ്ടി നീ പെർഫോം ചെയ്യരുത് (അയാളുടെ മേൽ). ഇത്രയും ചിന്തിക്കാനേ അവർക്കു കഴിയുന്നുള്ളൂ, പുരോഗമനപരിവേഷം എത്രയെടുത്തണിഞ്ഞാലും. നമ്മെക്കാൾ എത്രയോ പിന്നിലാണവർ. വർഷങ്ങൾ കഴിയാതെ അവർ അടുത്തെങ്ങുമെത്തില്ല, തീർച്ച. എനിക്ക് ദേഷ്യം തോന്നുന്നില്ല, വേദനയും സങ്കടവും മാത്രം, പിന്നെ ഒരുതരം മരവിപ്പും. ഒരുപക്ഷേ ആൺകോയ്മയുടെ ഏറ്റവും ദയനീയ ഇരകൾ ഈ ആണുങ്ങൾ തന്നെ, കാരണം അവർ അത് അറിയുന്നില്ല, അറിയാൻ മെനക്കെടുന്നുമില്ല.



[ജെ. ദേവിക ഈ സമരത്തിൻറെ ഒരു സംഘാടകയായിരുന്നു. അവരുടെ കാഴ്ച്ചപ്പാടു മാത്രമാണ് ഈ ലേഖനത്തിൽ]
കേരളത്തിന്റെ പരമ്പരാഗത ഇടത് / പുരോഗമന – ബൌദ്ധിക മണ്ഡലങ്ങളെ ചൂഴ്ന്നു നിൽക്കുന്ന നിശ്ശബ്ദതയെ പിളർത്ത് മാത്രമേ ലിംഗസമത്വഭാവനയെ സ്വാഭാവികമായി കാണാൻ കഴിയുന്ന ഒരു സദാചാര സങ്കൽപ്പം സൃഷ് ട്ടിക്കപ്പെടുകയുള്ളൂ . സാമൂഹ്യവിരുദ്ധ ഫാസ്സിസ്റ്റ് ശക്തികൾക്കും നിയമപാലകർക്കും ഇടയിൽ അടുത്തകാലത്ത് ദൃശ്യമായ തുറന്ന “സഹകർതൃത്വം” കേരളീയ പൊതു സമൂഹം ഇപ്പോൾത്തന്നെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്.
അതേസമയം ,ഫാസ്സിസ്റ്റു ഭീഷണിക്കെതിരെ അമൂർത്തമായ മുദ്രാവാക്യങ്ങൾ പേർത്തും പേർത്തും ഉയർത്തുന്നതിലപ്പുറം ഒന്നും ചെയ്യാൻ ശേഷിയില്ലാത്ത അവസ്ഥയിലേക്ക് ഇടതു രാഷ്ട്രീയ നേതൃത്വങ്ങൾ എത്തിപ്പെട്ടിരിക്കുന്നു . ഇതിന്റെ മൂല കാരണങ്ങൾ തിരയേണ്ടത് എല്ലാ അർഥത്തിലും ജനാധിപത്യപരമായ ഒരു ബഹുജനാടിത്തറ ഉണ്ടാക്കുന്നതിൽ അവയ്ക്കുണ്ടായ ദയനീയമായ കൂട്ടത്തോൽവിയാണ്.
സ്ത്രീകൾക്കും യുവതലമുറയ്ക്കും നിർണ്ണായകമായ നേതൃത്വവും പങ്കാളിത്തവും സ്വാഭാവികമായി കൈവരുന്ന പുതിയ സമര രൂപങ്ങളെ അരാഷ്ട്രീയതയുടെയും അരാജകത്വ ത്തിന്റെയും ലക്ഷണങ്ങൾ ആയി തള്ളിപ്പറയുന്നതിന്നു പകരം അവയുടെ സന്ദേശം സ്വാംശീകരിക്കാനുള്ള പ്രാപ്തിയാണ് പുരോഗമന രാഷ്ട്രീയത്തിന് ഉണ്ടാവേണ്ടത്.
LikeLike
All the best for the struggle to expose the pseudo-bearded (manly)- ‘intellectuals’/film buffs of Kerala
LikeLike
ആണ് പെണ് സൌഹൃദങ്ങൾ വളരെ കുറവായ സ്ഥലമാണ് കേരളം .ഭാര്യ പോലും നല്ല സുഹൃത്തായിട്ടുള്ള ആളുകൾ കുറവാണു എന്നാണ് എനിക്ക് തോന്നുന്നത് .കല്യാണം കഴിയുന്നതോടെ പഴയ കാമുകി പോലും സൌഹൃദങ്ങളിൽ നിന്ന് അകലുന്നുണ്ട് !
ഈ ഒരു ബാക്ക് ഗ്രൌണ്ട് ആണ് പൊതു ഇടങ്ങളിലെ സൌഹൃദങ്ങൾ മോശമായി വീക്ഷിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത് മലയാളിയുടേത് സ്ത്രീ പുരുഷ സൌഹൃദം പരിചിത മല്ലാത്ത ഒരു പിന്തിരിപ്പൻ സമൂഹമാണ് !എൽ കെ ജി ക്ലാസിൽ പോലും ആണ് കുട്ടിയും പെണ് കുട്ടിയും ഒന്നിച്ചിരിക്കാൻ സമ്മതിക്കാത്ത ഒരു സമൂഹത്തെ അതല്ലേ വിളിക്കാൻ പറ്റു !അപ്പോൾ മറ്റു ക്ലാസുകളുടെ കാര്യം പറയണ്ടല്ലോ !പരസ്പരം സംസാരിക്കുക ,മനസിലാക്കുക എന്നൊന്നും ആലോചിക്കാൻ വയ്യ !ഈ വേർ തിരിവ്ആണ് പെണ് വ്യത്യാസം ഇല്ലാതെ അടിച്ചമർത്തപ്പെട്ട ലൈംഗികതയുടെ ആൾ രൂപം ആയിട്ടാണ് മലയാളിയെ വളര്ത്തുന്നത് .
ബസുകളിൽ ,ട്രെയിനിൽ പൊതു ഇടങ്ങളിൽ ഒക്കെ ഈ മനസ് അവനെ അവളെ വേറെ ഏതോ ജീവി ആക്കുന്നുണ്ട്
മലയാളി ആണ് കോയ്മ ഉള്ള സമൂഹം ഒന്നുമല്ലപക്ഷെ ,സ്ത്രീകൾ ഒരു സദാചാര ഭീതി കൂടുതൽ ഉള്ളവർ ആണെന്ന് മാത്രം ?സിനിമകൊട്ടകക്ക് മുന്നിൽ ഈ ഭീതി വലിച്ചെറിഞ്ഞ സ്ത്രീകളാണ് മൂന്നാം വട്ട സമരം വിജയകരമാക്കിയത് !അതുകൊണ്ട് തന്നെ ഓസിൽ കിസ് കാത്തിരുന്ന ആണ് പ്രജകൾ പിന്വളിഞ്ഞതും
സ്ത്രീ പുരുഷ സൌഹൃദങ്ങൾ വളരാതെ ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാവില്ല .നിലവിലെ മലയാളി മനോനില സ്ത്രീ പുരുഷ സൌഹൃദങ്ങൾ ലൈംഗിക ബന്ധം മാത്രമാണ് എന്ന രോഗതുര രീതിയിൽ ആണ് .അല്ലാതെ
ലൈംഗിക ബന്ധം ഉഭയ തല്പര്യവ്യും ഇഷ്ടവും ഒക്കെ വളരുമ്പോൾ ഉണ്ടാകുന്ന വളരെ വ്യക്തിപരമായ കാര്യം മാത്രമാണ് ,സ്വാഭാവികമായ സൌഹൃദം ആരോഗ്യകരമായ ബന്ധമാണ് ,അത് പൊതുവായി വളർന്നാൽ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകൂ .കേരളത്തിനു അത് അത്യാവശ്യമാണ്
ഇതിനു മുൻ പറഞ്ഞ മനോ നില യുടെ ഉല്പന്നമായ സദാചാര പൊലീസിങ്ങ്അവസാനിച്ചേ മതിയാകൂ .ആണ് പെണ് സൌഹൃദങ്ങളെ ,ഒന്നിച്ചുള്ള സഞ്ചാരങ്ങളെ ഇടപെടുകയും തടസ്സ പ്പെടുത്തുകയും ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റം ആയി മാറണം
ചുംബന സമരം പരസ്യമായി ഉമ്മ വെയ്ക്കാനുള്ള സമരം എന്നല്ല കാണേണ്ടത് സ്ത്രീ പുരുഷ സൌഹൃദങ്ങൾ വളർന്നു ഇന്നത്തെ വഷളൻ കേരള സമൂഹം ആരോഗ്യമുള്ള ഒരു സമൂഹം ആയി വളരുന്നതിനുള്ള ചവിട്ടു പടിയായി കാണണം
LikeLike
ചുംബന സമരം -ആ രംഭിച്ചവരുടെ ധാരണ,സങ്കൽപ്പം അനുസരിച്ച് മാത്രം,വികസിക്കണം എന്നില്ല ,ഫേസ് ബുക്കിലെ ആളുകൾ മാത്രം നടത്തണം എന്നും ഇല്ല .
സിനിമയിൽ ചുംബനം പാടില്ല -ഒരുകാലത്ത് വലിയ വിഷയം ആയിരുന്നു .79 -ൽ കുസാറ്റ് എം ബി എ പ്രവേശനത്തിന് നടത്തിയ ഗ്രൂപ്പ് ഡിസ്കഷന് ചെന്നു , സിനിമയിൽ ചുംബനം പാടുണ്ടോ എന്നായിരുന്നു വിഷയം .ചുംബിച്ചാൽ സംസ്കാരം ഇടിഞ്ഞു വീഴും എന്ന് പറഞ്ഞത് അന്നത്തെ യുവാക്കളായിരുന്നു ഏതോ ഒരു സിനിമയിൽ പ്രേംനസീറിന്റെ ചുണ്ട് ജയഭാരതിയുടെ ചുണ്ടിൽ മുട്ടിയത്രേ !
ഇന്ന് സിനിമയിൽ ചുംബിക്കുന്നുണ്ടോ ഇല്ലയോ എന്ന് ആര് നോക്കുന്നു !
ഈ സമരവും ഇന്നത്തെ രീതിയിൽ തുടരാൻ പോകുന്നില്ല .കൂടുതൽ ഇടങ്ങളിൽ ആകുകയും ന്യുസ് വാല്യു കുറയുകയുംചെയ്യുന്നതോടെ വ്യത്യാസം വരും !സമരത്തിന്റെ ഭാഗമായി കിസ് ആകാം എന്നല്ലാതെ ശീലമാക്കാൻ പലരും തയ്യാറായി എന്നും വരില്ല എങ്കിലും ഇതുയർത്തിയ സദാചാര പോലീസിങ്ങിനെതിരെ ഉള്ള പ്രതിഷേധം തീര്ച്ചയായും ഫലം കാണും !
LikeLike
Congratulations! I support your words
LikeLike