സമൂഹത്തിനും ആരോഗ്യ സംവിധാനത്തിനും ഇടക്കുള്ള മുഖ്യ കണ്ണിയായി പ്രവർത്തിക്കുന്ന ആശ വർക്കർമാരിൽ ഒരു വിഭാഗം 45 ദിവസത്തിലേറെയായി, കേരള സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ നിരാഹാര സമരവും നടത്തുകയാണ്. സംസ്ഥാന സർക്കാർ ആശമാർക്ക് നല്കുന്ന ഹോണറേറിയം വർദ്ധിപ്പിച്ച്, മിനിമം കൂലി പ്രതിദിനം 700 രൂപ എന്ന നിലയിൽ മാസം 21000 രൂപ വേതനം നല്കുക, വിരമിക്കൽ ആനുകൂല്ല്യങ്ങളും ഇൻഷുറൻസ് അടക്കമുള്ള പരിരക്ഷകളും അനുവദിക്കുക തുടങ്ങിയവയാണ് ഇവർ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ. പൊതുജനാരോഗ്യ വിഭാഗം വിദ്യാർത്ഥികൾ എന്ന നിലയിൽ പല അവസരങ്ങളിലും ആശാ പ്രവർത്തകരുമായി നേരിട്ട് ഇടപെടുകയും, അവരുടെ പ്രയാസങ്ങൾ അടുത്ത് നിന്ന് മനസ്സിലാക്കുകയും ചെയ്തവരാണ് ലേഖകർ.
ആരാണ് ഈ സമരം നടത്തുന്ന ആശ പ്രവർത്തകർ? എന്താണ് ഇവരുടെ ജോലി? എന്തുകൊണ്ടാണ് ഇവർക്ക് സമരമുഖത്തേക്ക് ഇറങ്ങേണ്ടി വരുന്നത്?
പ്രാഥമിക ആരോഗ്യ സംരക്ഷണം രാജ്യമൊട്ടുക്ക് ഫലപ്രദമായി നടപ്പാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ആശ. സമൂഹത്തിൻറ്റെ ഏറ്റവും താഴെ തട്ടിൽ ജീവിക്കുന്ന സ്ത്രീകളാണ് ആശ പ്രവർത്തകരിൽ ഏറിയ പങ്കും. പൊതുജനാരോഗ്യ മേഖലയിൽ ഏതൊരു ആവശ്യത്തിനും ഒരു വിളിപ്പാടകലെ മാത്രം നിലക്കുന്ന ആശാ പ്രവർത്തകർ സമൂഹത്തിൻറ്റെ, ആരോഗ്യ മേഖലയുടെ അവിഭാജ്യഘടകം തന്നെയാണ്. കോവിഡ് മഹാമാരി രാജ്യത്തെ പിടിച്ചുലച്ചപ്പോൾ, രോഗത്തിന് മുമ്പിൽ പകച്ച് നിലക്കാതെ, രോഗ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൻറ്റെ അതിജീവനം സാധ്യമാക്കിയത് അവരുടെ നിസ്തുലമായ പ്രവർത്തനങ്ങളാണ്.
സംസ്ഥാനത്ത് ആകെ പ്രവർത്തിക്കുന്നത് 26,125 ആശമാരാണ്. 1000 ആളുകൾക്ക് ഒരു ആശ എന്ന രീതിയിൽ ആണ് പ്രവർത്തനം തുടങ്ങിയതെങ്കിലും ഇന്ന് ഇതിലും എത്രയോ അധികം ആളുകളുടെ ആരോഗ്യ വിഷയങ്ങൾ ഓരോ ആശ പ്രവർത്തകയും ശ്രദ്ധിക്കുന്നുണ്ട്.
ഗർഭിണികളായ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലനം, രോഗ പ്രതിരോധ കുത്തിവെപ്പ്, ജീവിത ശൈലീരോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവക്ക് പുറമേ വൃദ്ധജനങ്ങൾ, കിടപ്പ് രോഗികൾ, പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗങ്ങൾ തുടങ്ങിയവരെ കൃത്യമായ ഇടവേളകിൽ വീട്ടിൽ എത്തി സന്ദർശിക്കേണ്ടതും ഇവരുടെ ജോലിയാണ്. രേഖകളിൽ ദിവസം 3 മണിക്കൂർ എന്ന് ഇവരുടെ ജോലി സമയം പറയുന്നുണ്ടെങ്കിലും വാസ്തവത്തിൽ പകലന്തിയോളം ചെയ്യാനുള്ള ജോലികളാണ് ഓരോ ആശ പ്രവർത്തകർക്കും ഉള്ളത്. അതിനാൽ തന്നെ ഇവർക്ക് മറ്റ് വരുമാനം കണ്ടെത്താനും സാധിക്കാതെ വരുന്നു.
ഇത്തരം ജോലികൾക്കിടയിൽ ധാരാളം വെല്ലുവിളികളും ഇവർക്ക് നേരിടേണ്ടതുണ്ട്. യാത്രാ ദുരിതം, സുരക്ഷാ പ്രശ്നങ്ങൾ, വിവിധ ആപ്ലിക്കേഷനുകൾ കാരണം മൊബൈൽ ഹാങ് ആവുന്നത്, ദുർഘടമായ സ്ഥലങ്ങളിൽ നടന്ന് പോകേണ്ടി വരുന്നത് തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം. ഇത്തരം അവസരങ്ങളിൽ കയ്യിൽനിന്ന് പണം ചെലവഴിക്കേണ്ടി വരുന്നത് സാമ്പത്തികമായും ഇവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.
ഇത്രയെല്ലാം ജോലികൾ ചെയ്യുമ്പോളും ഇവർക്ക് കേരളത്തിൽ കിട്ടുന്ന വേതനം 10000 രൂപയ്ക്കും 13000 രൂപയ്ക്കും ഇടയിൽ മാത്രമാണ്. ഈ തുക പോലും പലപ്പോളും കുടിശ്ശിക വരുന്നത് ആശ പ്രവർത്തകർക്ക് ഇരുട്ടടിയാവുകയാണ്. പല ആശ പ്രവർത്തകരും അവരുടെ വരുമാനം കൊണ്ട് മാത്രം കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് എന്നത് ഈ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. സ്ത്രീ ശാക്തീകരണം പ്രഖ്യാപിത ലക്ഷ്യമായ നമ്മുടെ സമൂഹത്തിൽ ആശ പ്രവർത്തകർ പക്ഷേ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത് കഷ്ടപ്പെട്ടും കടം വാങ്ങിയുമെല്ലാമാണ്.
എന്തുകൊണ്ടാണ് നമ്മുടെ ആശ പ്രവർത്തകർക്ക് ഇത്തരം വെല്ലുവിളികൾ നേരിടേണ്ടി വരുന്നത്? കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം ആശ പ്രവർത്തകരെ തൊഴിലാളികൾ ആയി കാണുന്നില്ല എന്നതാണ് മൂലകാരണം. സന്നദ്ധ പ്രവർത്തകർ എന്ന നിലയിൽ പ്രവർത്തിക്കുന്നതിനാൽ ഇവർക്ക് സേവന – വേതന വ്യവസ്ഥകളോ മറ്റ് ആനുകൂല്യങ്ങളോ ബാധകമാവുന്നില്ല. ആശമാർക്ക് കേന്ദ്ര സർക്കാർ നല്കുന്ന ഇൻസെൻറ്റീവ് കാലോചിതമായി ഉയർത്തിയിട്ടില്ല എന്നതും, വിവിധ കാരണങ്ങളാൽ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മേഖലയ്ക്ക് കേന്ദ്ര സർക്കാർ വേണ്ടത്ര പണം അനുവദിക്കുന്നില്ല എന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. സമായനുബന്ധമായി പണം നേടിയെടുക്കാനും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുടെ വേതനം മുടങ്ങാതിരിക്കാനും സംസ്ഥാന സർക്കാരും വേണ്ട ശ്രദ്ധ കൊടുക്കുന്നില്ല എന്നതും എടുത്ത് പറയേണ്ടതാണ്. ഇന്ത്യ ഒട്ടാകെ ആശാ പ്രവർത്തകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് നേരെ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്നത് ക്രൂരമായ നിസ്സംഗതയാണ്. കാലാകാലങ്ങളായി ഇവർ മാറി മാറി വരുന്ന സർക്കാറുകളുടെ ചൂഷണത്തിന് വിധേയരാവുകയാണ്. ഇരയാക്കപ്പെടുന്നവർ സ്ത്രീകൾ ആവുമ്പോൾ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നത് തുടർക്കഥയാവുന്നു.
എന്താണ് ഈ അവസ്ഥക്ക് ഒരു ശാശ്വത പരിഹാരം? ആശമാർ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ ഏതെങ്കിലും സംസ്ഥാനങ്ങൾ വിചാരിച്ചാൽ മാത്രം തീർക്കാവുന്നതല്ല. അന്തസ്സായി ജോലിചെയ്യാനുള്ള അവസരം, ചെയ്യുന്ന ജോലിക്ക് അർഹിച്ച സേവന വേതന വ്യവസ്ഥ തുടങ്ങിയവ പ്രാപ്യമാവാൻ, ആശ പ്രവർത്തകരെ തൊഴിലാളികൾ ആയി പ്രഖ്യാപിക്കുകയും, മിനിമം വേതന വ്യവസ്ഥയ്ക്ക് കീഴിൽ ഇവരെ കൊണ്ടുവരികയും ചെയ്യണം. ഇത് ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ കൈക്കൊള്ളേണ്ട തീരുമാനമാണ്. അതിനുതക്കവണ്ണം ഈ വിഷയത്തിൻറ്റെ പ്രാധാന്യം കേന്ദ്ര സർക്കാറിന് മുന്നിൽ എത്തിക്കേണ്ടത് സംസ്ഥാന സർക്കറിന്റ്റെയും ഉത്തരവാദിത്തമാണ്.
ആരോഗ്യ മേഖലയിൽ നമ്മൾ അഭിമാനത്തോടെ പറയുന്ന കേരളത്തിൻറ്റെ നേട്ടങ്ങൾ ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. കേരള മോഡൽ എന്നത് ദശാബ്ദങ്ങളുടെ ശ്രമകരമായ പ്രവർത്തനങ്ങളുടെ അടിത്തറയിൽ നമ്മൾ പണിതുയർത്തിയതാണ്. അവ കോട്ടം തട്ടാതെ കാത്ത് സൂക്ഷിക്കേണ്ടതും, പ്രസ്തുത നേട്ടങ്ങൾക്ക് വേണ്ടി സ്ഥിരോത്സാഹത്തോടെ പ്രവർത്തിച്ച, പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ചേർത്ത് പിടിക്കേണ്ടതും നമ്മുടെ, ഈ സമൂഹത്തിൻറ്റെ, ഈ സർക്കാറിൻറ്റെ കർത്തവ്യമാണ്. അതുപോലെ തന്നെ, വിവിധ തലങ്ങളിൽ സ്തുത്യർഹമായ നേട്ടങ്ങളുമായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ ആരോഗ്യ മേഖലയെ കൂടുതൽ ഊർജ്ജസ്വലമാക്കി നിലനിർത്താൻ സഹായിക്കുകയും, ദേശീയ തലത്തിൽ മാതൃകയാക്കുകയും ചെയ്യുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്. എന്നാൽ പല നിസ്സാര വ്യവസ്ഥകളുടെയും പേരിൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാവാത്ത വിധത്തിൽ സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്നത് ദേശീയ തലത്തിൽ തന്നെ ആരോഗ്യ മേഖലയുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ്.
ഒരു സമൂഹത്തിൻറ്റെ തന്നെ ആരോഗ്യ മേഖലയുടെ ആണിക്കല്ലായി, ഒരേ സമയം പ്രതിരോധത്തിൻറ്റെയും പ്രതീക്ഷയുടെയും പ്രതീകമായി പ്രവർത്തിക്കുന്ന ആശ പ്രവർത്തകരെ നിരാശയുടെ പടുകുഴിയിലേക്ക് വീഴാതെ സംരക്ഷിച്ച് നിർത്താൻ നമുക്ക് സാധിക്കണം. അഭിപ്രായ വ്യത്യാസങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും അപ്പുറം ആശ പ്രവർത്തകരുടെ കണ്ണീരൊപ്പാൻ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഒന്നിച്ച് നിലകൊള്ളണം. ഓർമ്മിക്കുക, അഭിമാനത്തോടെ നമ്മൾ വിളിച്ച് പറയുന്ന നേട്ടങ്ങളുടെ കണക്കുകൾക്ക് ആശമാരെപ്പോലുള്ള ആയിരക്കണക്കിന് മനുഷ്യരുടെ വിയർപ്പിൻറ്റെ മണമാണ്, അവരുടെ ജീവിതത്തിൻറ്റെ വിലയാണ്.
[ലേഖനകർത്താക്കൾ തിരുവനന്തപുരത്ത് പബ്ളിക് ഹെൽത്ത് വിദ്യാർത്ഥികളാണ്.]