ഫാസിസത്തിനെതിരെ സമരചുംബനം; ചെയ്യുക, ഫാസിസം അനുശാസിക്കുന്ന അരുതായ്മകളെ

 

Kiss against Fascism

13 ഡിസംബർ 2014 ഉച്ചയ്ക്ക് 1 മണി
കൈരളി ശ്രീ നിള തിയേറ്റർ കോംപ്ളക്സിൽ, IFFK (തിരുവനന്തപുരം)

എന്തിന്  മൂന്നാം ചുംബനസമരം?
എന്തുകൊണ്ടെന്നാൽ  ഫാസിസം പെരുംബറ കൊട്ടി സംഹാരഭാവത്തോടെ കടന്നു വരികയാണ്. ജനാധിപത്യത്തിൻരെ സർവ്വ മുഖംമൂടിയും അഴിച്ചുവെച്ച് അടിസ്ഥാനമനുഷ്യാവകാശങ്ങൾക്ക് വിലയിട്ടുകൊണ്ട് അത് നമ്മുടെ ഉമ്മറത്തെത്തിക്കഴിഞ്ഞിരുന്നു. സ്നേഹമാണ് ഫാസിസത്തിൻറെ ശത്രു. അതുകൊണ്ടാണ് സ്നേഹത്തിൻറെ ആവിഷ്ക്കാരങ്ങൾ ഫാസിസ്റ്റ്ശക്തികളെ വിറളിപിടിപ്പിക്കുന്നത്.

ഡൌൺ ടൌൺസംഭവം കേരളത്തിലെ സദാചാരപോലീസിങ്ങിൻറെ ചരിത്രത്തിലെ ആദ്യത്തേതല്ല.  അവസാനത്തേതുമാകാൻ വഴിയില്ല. പക്ഷേ വർത്തമാനകാലരാഷ്ട്രീയസാഹചര്യത്തിൽ ഡൌൺ ടൌൺ റെസ്റ്റോറണ്ടിനു നേരെ നടന്ന ആക്രമണം അതുവരെ നടന്നിട്ടുള്ള മോറൽപോലീസിങ് സംഭവങ്ങളിൽ നിന്നും സവിശേഷമാമെന്ന തിരിച്ചറിവാണ് ഒന്നാം ചുംബനസമരത്തിലേക്കു നയിച്ചത്.

കേരളത്തിൽ ടെലിവിഷൻ ചർച്ചകളിലൂടെ മാത്രം സാന്നിദ്ധ്യമറിയിച്ചിരുന്ന യുവ മോർച്ച എന്ന സംഘടന അവരുടെ വർഗ്ഗീയപരീക്ഷണശാലകളായ സംസ്ഥാനങ്ങളിൽ മാത്രം പ്രയോഗിച്ചിരുന്ന പ്രാകൃതമായ സാംസ്കാരികപോലീസിങ് കേരളത്തിലേക്കു കൊണ്ടു വന്നത് ഇന്ത്യയിലെ രാഷ്ട്രീയ മാറ്റം നൽകിയ ഊർജ്ജത്തിൽ നിന്നാണ് എല്ലതിൽ സംശയമില്ല.  ബാലറ്റുപെട്ടിയിലൂടെ നാം കടത്തിവിട്ടത് ഫാസിസത്തെയാണ് എന്ന് എല്ലാ ഭയാശങ്കകളെയും അടിവരയിട്ടു ശരിവെക്കുന്നു സമീപകാലസംഭവങ്ങൾ. ഭരണകൂടത്തിൻറെ പോലീസ്, മതയാഥാസ്ഥിതികശക്തികളോടു ചേർന്നുകൊണ്ട് സമരക്കാരം മർദ്ദിച്ചൊതുക്കാൻ ശ്രമിക്കുന്നത് വരാനിരിക്കുന്ന ഇരുണ്ടകാലത്തിൻറെ സൂചനയാണ്.

ആദ്യം സംഘപരിവാറിനോടു ചേർന്ന് അക്രമാസക്തമായി ചുംബനസമരത്തെ നേരിട്ട മുസ്ളിംമതസംഘടനകളും ഇസ്ളാമിസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങളും സമരം പടരുന്നതുകണ്ട്  പിന്നോട്ടടിച്ചിരുക്കുന്നുവെന്നത് ശ്ളാഘനീയമാണ്. സംഘടനാതലത്തിൽ അവർ കായികമായി സമരത്തെ നേരിടാൻ നേരിട്ടോ അല്ലാതെയോ ഇറങ്ങുന്നുമില്ല. ചുംബനസമരം എന്ന ആശയത്തെ ജനാധിപത്യപരമായി എതിർക്കാനുള്ള അവരുടെ അവകാശത്തെ ഞങ്ങൾ സർവ്വാത്മനാ അംഗീകരിക്കുന്നു. എന്നാൽ ഇതല്ല ഹനുമാൻസേനയുമായി ഇറങ്ങിയ ഹിന്ദുത്വക്കാരുടെ കാര്യം.

ഒരു സമരമെന്ന നിലയിൽ ചുംബനസമരത്തെ തള്ളിക്കളയുന്ന ഇടതുപക്ഷസംഘടനകളോട് ഞങ്ങൾ സ്നേഹത്തോടെ വിയോജിക്കുന്നു. ഞങ്ങൾക്കും നിങ്ങൾക്കും സ്വതന്ത്രമായും നിർഭയമായും വിയോജിക്കാൻ കൂടിയുള്ള അവകാശത്തിനു വേണ്ടിയാണ് ഈ സമരമെന്ന് ഞങ്ങൾ സ്നേഹത്തോടെ, വിനയത്തോടെ, ഓർമ്മിപ്പിക്കുന്നു.

ആണിനും പെണ്ണിനും ഭരണഘടല ഉറപ്പുവരുത്തുന്ന മൌലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇത്. നിർഭയമായി വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം, ബലാത്സംഗഭീതിയില്ലാതെ സ്ത്രീകൾക്ക് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം. സ്നേഹമാണ്. സ്നേഹം തന്നെയാണ് ഏറ്റവും മൂർച്ചയേറിയ സമരായുധം.

അതുകൊണ്ട്, സുഹൃത്തുക്കളെ, മൂന്നാം ചുംബനസമരത്തിന് സമയമായി. 

ഫാസിസം നിങ്ങളിൽ നിന്ന് എന്താണ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നത് അത് തന്നെയാണ് നിങ്ങളുടെ ആയുധം. അതുകൊണ്ട് വരാനിരിക്കുന്ന ഇരുണ്ടകാലങ്ങളെ

നമുക്ക് സ്നേഹ ചുംബനങ്ങൾ കൊണ്ട് നേരിടാം. എല്ലാവർക്കും സ്വാഗതം.

 

ഐക്യപ്പെട്ടുകൊണ്ട്:  സാറ ജോസഫ്‌,സക്കറിയ, കവിത കൃഷ്ണൻ, എൻ എസ്സ് മാധവൻ, കെ സച്ചിദാനന്ദൻ,  ബാലചന്ദ്രൻ ചുള്ളിക്കാട്, ഈ പി ഉണ്ണി, എം എൻ കാരശ്ശേരി, സിവിക് ചന്ദ്രൻ, ബൃന്ദാബോസ്, ജയൻ ചെറിയാൻ, സി ആർ നീലകണ്ഠൻ. സജിതാ മഠത്തിൽ, സാംകുട്ടി പട്ടംകരി, കെ. ആർ മീര.

 

 

 

സംഘാടകർ: ജെ ദേവിക, ഷാഹിന കെ കെ, അശ്വതി സേനൻ, ഹരീഷ് വാസുദേവൻ‌, അനിൽ തറയത്ത് വർഗ്ഗീസ്

 

 

 

 

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.