മാതൃഭൂമി പത്രാധിപർക്ക് ഒരു തുറന്ന കത്ത്

പ്രിയ പത്രാധിപർക്ക്

ഇതൊരു വിടവാങ്ങൽ കത്താണ്.

ദീർഘമായ ബന്ധങ്ങൾ അവസാനിക്കുന്ന വേളകളിൽ പറഞ്ഞിട്ടു പിരിയുന്നതാണല്ലോ ഭംഗി. ഈ വരുന്ന മാസാദ്യം മുതൽ മാതൃഭൂമി ദിനപ്പത്രം വീട്ടിൽ വരുത്തണ്ട എന്നാണ് ഞാൻ തീരുമാനിച്ചിട്ടുള്ളത്. ആ തീരുമാനത്തിലെത്തിയതിനെക്കുറിച്ച് താങ്കളോട് പറയണമെന്നുണ്ട്.

മുൻപ് ചില അവസരങ്ങളിലും ഇത്തരമൊരു തീരുമാനത്തിൻെറ വക്കോളം എത്തിയതാണ് ഞാൻ. കേരളീയബുദ്ധമതവിശ്വാസത്തെ പുനരുദ്ധരിക്കാൻ ശ്രമിക്കുന്ന ദലിതർക്കെതിരെ വേണ്ടത്ര തെളിവുകളില്ലാതെ പ്രചരണം അഴിച്ചുവിട്ടപ്പോഴും, പലപ്പോഴും സംഭവങ്ങളെക്കുറിച്ച് ഉത്തരവാദിത്വപൂർണ്ണമല്ലാത്ത വാർത്തകൾ കൊടുത്ത് മുസ്ലിംവിരുദ്ധതയ്ക്കിടവരുത്തിയപ്പോഴും ഇനി ഈ പത്രം പണം കൊടുത്തുവാങ്ങേണ്ടതില്ല എന്നു കരുതിയതാണ്. എന്നാൽ ഈ അവസരങ്ങളിൽ പോലീസ്ഭാഷ്യം അപ്പടി  പ്രചരിപ്പിച്ചത് നിങ്ങൾ മാത്രമായിരുന്നില്ല എന്ന തിരിച്ചറിവ് എന്നെ പിന്നോട്ടുവലിച്ചു.

എന്നാൽ ഇന്ന്, മാതൃഭൂമിയുടെ ഹൈന്ദവസ്വഭാവം അതിതീവ്രമാകുന്നുവെന്ന് എനിക്കു തോന്നുന്നു.  ഈ പത്രം ഹൈന്ദവതീവ്രവാദികൾ വമിപ്പിക്കുന്ന വിഷവും പേറി ഓരോ ദിവസവും  അതിരാവിലെ തന്നെ ഞങ്ങളുടെ വീട്ടിലെത്തുന്നത് തടയാൻ ഞാൻ നിർബന്ധിതയാണ്. കച്ചവടത്തെയോ സമുദായത്തെയോ ആധാരമാക്കിയല്ല, ദേശീയതയെക്കുറിച്ചുള്ള ചില ആദർശങ്ങളിന്മേലാണല്ലോ മാതൃഭൂമി എന്ന പത്രം ഉയർന്നുവന്നത്. ആ ആദർശങ്ങൾ കുറ്റമറ്റതാണെന്ന അഭിപ്രായക്കാരിയല്ല ഞാൻ. അവയുടെ പരോക്ഷമായ ഭൂരിപക്ഷസമുദായക്കൂറ് വളരെ പണ്ടു മുതൽക്കെ ഉള്ളതാണ്.  നെഹ്രുവിയൻ-ഗാന്ധിയൻ ദേശീയഭാവനകൾ – അവ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ മറയ്ക്കപ്പെടാതെ തന്നെ – ഈ പത്രത്തിൽ പ്രകടമായിരുന്നു എന്നു പറയാം. എങ്കിലും, ഇന്നത്തെ ഹൈന്ദവവാദികളുടെ വികലവാദങ്ങളിൽ നിന്ന് ചില അകലങ്ങൾ ഈ മുൻതലമുറ പാലിച്ചിരുന്നു — അവ പരിമിതങ്ങളായിരുന്നുവെന്ന് സമ്മതിച്ചാൽത്തന്നെയും. ഉദാഹരണത്തിന്, ഹിന്ദുസംസ്കാരമാണ് ഇന്ത്യയുടെ യഥാർത്ഥസത്ത എന്ന് പ്രത്യക്ഷത്തിലും പരോക്ഷത്തിലും വാദിച്ചിരുന്നെങ്കിലും മറ്റു മതവിശ്വാസികളെക്കുറിച്ച്, അവരുടെ വിശ്വാസപ്രശ്നങ്ങളെക്കുറിച്ച്,  അന്തിമവിധിയെഴുതിക്കളയാമെന്ന ധാർഷ്ട്യം മുൻതലമുറയിൽ താരതമ്യേന കുറവായിരുന്നു.

നെഹ്രുവിയൻ-ഗാന്ധിയൻ ദേശീയബോധങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെയാണോ മാതൃഭൂമി പത്രം ഇന്നത്തെ നവലിബറൽ-ഹൈന്ദവവാദ വേലിയേറ്റങ്ങളെ നേരിടുന്നത്? അല്ല എന്നതാണ് ദു:ഖകരമായ സത്യം. മറിച്ച് അത്തരം ജാഗ്രതയുടെ ചെറിയസൂചന പോലും പത്രത്തിൽ നിന്ന് സാധാരണവായനക്കാർക്ക് കിട്ടുന്നില്ല. കുറ്റമറ്റവയല്ലെങ്കിലും, ആ പ്രത്യയശാസ്ത്രങ്ങളുടെ പക്ഷത്തു നിന്ന്  ഇന്നു നടക്കുന്ന പൊതുമുതൽക്കൊള്ളയെയും ജനാധിപത്യമതസംസ്ക്കാരധ്വംസനത്തെയും ഒരുപരിധിവരെയെങ്കിലും പ്രതിരോധിക്കുന്ന നിലപാടുകൾ സാദ്ധ്യമാണ്. അവയെ മാതൃഭൂമി വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല, സമീപകാലത്തെങ്കിലും.

ഹിന്ദുമതത്തിൻെറ പേരിൽ സാംസ്ക്കാരികഹിംസയ്ക്കും, പലപ്പോഴും കായികമായ ഹിംസയ്ക്കുതന്നെയും, കളമൊരുക്കുന്ന പ്രസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ അവയോട് പ്രത്യക്ഷസാമീപ്യം സ്ഥാപിക്കുന്ന രീതിയും, കേരളത്തിലെ മുസ്ലിംവിശ്വാസത്തെയും പ്രയോഗത്തെയും കുറിച്ച് അനാവശ്യമായ വിധിപ്രസ്താവങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരോക്ഷതന്ത്രങ്ങളും പത്രത്തിൽ വളർന്നുവരുന്നതായിക്കാണുന്നു. ഹിന്ദുമതവിശ്വാസികൾക്കിടയിൽ ഗോമാംസം നിഷിദ്ധമാണെന്നും അല്ലെന്നും കരുതുന്നവരുണ്ട്, അതുപോലെ മുസ്ലിം വിശ്വാസിക്ക് വിളക്കു കത്തിക്കാമെന്നും കത്തിച്ചുകൂടെന്നും കരുതുന്നവരുണ്ട്. പൊതുവിരുന്നുകളിൽ ഗോമാംസം വേണ്ടെന്ന നിശ്ശബ്ദസമ്മതം നാട്ടിൽ പലപ്പോഴുമുണ്ട്. അതുപോലെ പൊതുചടങ്ങുകളിൽ വിളക്കു കത്തിക്കാതിരിക്കാൻ തീരുമാനിച്ചാൽ മതി.

എന്നാൽ പരസ്പരബഹുമാനം നിലനിർത്തിക്കൊണ്ടുള്ള തീർപ്പുകളെക്കുറിച്ചാരായുന്നതിനു പകരം, പ്രശ്നത്തെ കൂടുതൽ വഷളാക്കുന്ന, മുസ്ലിം സമുദായത്തെ കൂടുതൽ അന്യവത്ക്കരിക്കാനിടവരുത്തുന്ന, ചർച്ചകളാണ് ഈ പത്രത്തിൽ. കഴിഞ്ഞ ദിവസം ഇതിൽക്കണ്ട ഒരു ലേഖനം – ശ്രീ സി ആർ പരമേശ്വരൻ എഴുതിയത് – ചർച്ചാമര്യാദകളുടെ എല്ലാ പരിധികളെയും ലംഘിച്ചതായിത്തോന്നി. അതിലെ വാദങ്ങളെ വിശദമായി മറ്റോരിടത്ത് പരിശോധിക്കാൻ ഉദ്ദേശിക്കുന്നതുകൊണ്ട് കൂടുതൽ പറയുന്നില്ല. പക്ഷേ കേവലം വ്യക്തിവൈരാഗ്യം പോലും മുസ്ലിംസമുദായത്തെ ശിശുവത്ക്കരിക്കാനായി വിനിയോഗിക്കപ്പെട്ടാൽ അത് ഈ പത്രത്തിന് സ്വീകാര്യമാകുമെന്ന സത്യം സഹിക്കാനാവുന്നില്ല എന്നു പറഞ്ഞേ തീരൂ.

നെഹ്രുവിയൻ ആദർശങ്ങളുടെ പുറംകുപ്പായം ധരിച്ച, എന്നാൽ അവയ്ക്കു വിരുദ്ധം തന്നെയായ,  ആദർശങ്ങളെയും പ്രതിഭാസങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കുന്ന രീതി ഇന്ന് കച്ചവടമാദ്ധ്യമങ്ങൾ പൊതുവെ സ്വീകരിച്ചിട്ടുണ്ട്. അവയെ പ്രതിരോധിക്കേണ്ട ചരിത്രപരമായ ബാദ്ധ്യതയിൽ നിന്ന് എത്ര സമർത്ഥമായാണ് ഈ പത്രം ഒഴിഞ്ഞിരിക്കുന്നത്! നെഹ്രുവിയൻ വിദേശനയത്തെ ഉപേക്ഷിച്ചുകൊണ്ടാണ് ഇന്നത്തെ ഭരണക്കാർ ഹിംസാത്മകമായ രാജ്യാഹന്തയെ പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യയെ സേവിക്കൂ എന്നാൽ ഇന്ന് ഇന്ത്യൻ ജനങ്ങളുടെ പൊതുവിഭവങ്ങളെ ചെറിയവിലയ്ക്ക് കൈവശപ്പെടുത്താൻ അടുത്തുകൂടിയിരിക്കുന്ന വിദേശ-സ്വദേശമൂലധനശക്തികളെ പിൻതാങ്ങൂ എന്നാണർത്ഥം. മുൻപ്രസിഡൻറ് ശ്രീ അബ്ദുൾ കലാമിനെ നെഹ്രൂവിയൻ വ്യക്തിത്വമായി കാണാൻ കഴിയുമോ? അതോ അദ്ദേഹം ഒരു പ്രച്ഛന്ന നെഹ്രൂവിയൻ മാത്രമാണോ? കലാമിന് ആദരപൂർവ്വമായ യാത്രാമൊഴി ചൊല്ലിക്കൂട എന്നല്ല ; എന്നാൽ  മേൽപ്പറഞ്ഞ ചോദ്യങ്ങളെ അവഗണിക്കാനുള്ള സ്വാതന്ത്ര്യം നെഹ്രൂവിയൻ-ഗാന്ധിയൻ പ്രത്യയശാസ്ത്രങ്ങളുടെ കാവലാളായി അവതരിച്ച പത്രത്തിന് ഇല്ലെന്നാണ് എൻെറ തോന്നൽ. Drug Lord എന്നത് മോശം, Missile Man എന്നാൽ നല്ലതോ?  അങ്ങനെയുള്ള ധാർമ്മികസംശയം പോലും ഉയർത്താൻ  ഈ പത്രം ശ്രമിക്കുന്നില്ലെന്നത് എന്നെ അസ്വസ്ഥമാക്കുന്നു.

എന്താലും ഈ തീരുമാനം കൊണ്ട് എനിക്ക് വലിയ നഷ്ടം ഉണ്ടാകാനിടയില്ല. കാരണം, ഇന്ന് കേരളമെന്ന മൊത്തം ഭൂഭാഗത്തോട്, ജനതയോട്, എന്നെ ബന്ധിപ്പിക്കുന്നത് പത്രങ്ങളല്ല — എഡിഷനുകൾ പെരുകിയതോടെ അവയുടെ വെളിച്ചം വീഴുന്ന വട്ടവും ചുരുങ്ങുമല്ലോ. സത്യംപറഞ്ഞാൽ ആ തോന്നലുണ്ടാക്കുന്നത് ഫേസ് ബുക്കടക്കമുള്ള നവമാദ്ധ്യമങ്ങളും ആനുകാലികങ്ങളുമാണ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് ആ സ്വഭാവം നിലനിർത്തുന്നുവെന്നത് ആശ്വാസകരമാണ്).

കൂടുതൽ ദീർഘിപ്പിക്കുന്നില്ല, കത്തു ചുരുക്കുന്നു,

വിശ്വാസപൂർവ്വം

ജെ ദേവിക

43 thoughts on “മാതൃഭൂമി പത്രാധിപർക്ക് ഒരു തുറന്ന കത്ത്”

  1. ഇന്നലെ സി.ആർ പരമേശ്വരന്റെ ലേഖനം മാതൃഭൂമി പത്രത്തിൽ വായിച്ചപ്പോൾ ജെ.ദേവിക പ്രകടിപ്പിച്ച മുകളിലെ അഭിപ്രായം ഈ വായനക്കാരനും അനുഭവപ്പെട്ടു. മാതൃഭൂമി പലപ്പോഴും ഒരു ജന്മഭൂമി ആവാറുണ്ട് എന്നതാണ് സത്യം. സംഘപരിവാർ പ്രവർത്തകരായ ആളുകൾക്ക് ജന്മഭൂമിയേക്കാൾ മാതൃഭൂമിയാണത്രേ പഥ്യം.

    Like

  2. പെരുന്നാൾ ദിവസത്തിൽ ഒരു മെഹന്ദി കൈ ബഹുവർണ്ണത്തിൽ അച്ചടിക്കുകയും ബിരിയാണിയുടെ റെസിപ്പി ഒരു തട്ടമിട്ട താത്തയെക്കൊണ്ട്‌ എഴുതിപ്പിക്കുകയുമ്മൊക്കെ ചെയ്ത്‌ വൻപിച്ച ന്യൂന പക്ഷ പ്രീണനം നടുത്തുന്ന പത്രങ്ങളോട്‌ ഇങ്ങനെയൊക്കെ പറയാവോ?.. യാവോ?.. യാവോ?…

    Like

  3. എംബഡഡ ജേര്‍ണലിസത്തിന്റെ കാലത്ത് ‘ നേരിനെ ഉപാസിക്കുന്നവരും ‘ ഉണ്ട് എന്നത് ബഹുസ്വരതയുടെ സുകൃതം . സകല മത ഭ്രാന്തുകള്‍ക്കും എതിരെ പ്രതികരിക്കാന്‍ സഹോദരിക്ക് കൂടുതല്‍ കരുത്ത് നല്‍കട്ടെ. ഇപ്പോള്‍ അങ്ങയെ വാഴ്ത്തുന്ന പല ‘ മാധ്യമ’ ധാര്‍മ്മികതാ വാദികളും സ്വന്തം ആശയത്തോട് വിയോജനം പറയുന്ന എത്ര കത്തുകള്‍, ലേഖനങ്ങള്‍ മുക്കിയിട്ടുണ്ട് ? മുക്കിയാല്‍ കള്ളി വെളിച്ചത്ത് വരും എന്നവരുടെത് മാത്രം വെളിച്ചത്ത് കാണിച്ചു. ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്….

    Like

    1. താങ്കൾ ഉയർത്തുന്നത് സമുദായത്തിൽ നടക്കേണ്ട ആന്തരികചർച്ചയുടെ പ്രശ്നമാണ്. അതിൽ എനിക്ക് വിയോജിപ്പില്ല, മുഖ്യധാരാമുസ്ലിംധാരണകളോട് വിയോജിച്ചതിൻെറ പേരിൽ അന്യായമായ വിമർശനം സഹിക്കുന്നരോട് ഞാൻ ഐക്യപ്പെട്ടിട്ടേയുള്ളൂ. പക്ഷേ ചർച്ചയ്ക്കിടയാക്കിയ മൂർത്തമായ പ്രശ്നങ്ങളിൽ സമുദായത്തെ ജീവിതം, അനുഭവം, പഠനം എന്നിവ കൊണ്ട് എന്നെക്കാളേറെ നന്നായി അറിയുന്ന സമുദായാംഗങ്ങൾ ഉന്നയിക്കുന്ന വാദങ്ങൾ ആദരപൂർവ്വം ശ്രദ്ധിക്കാനാണ് ഞാൻ ശ്രമിക്കാറ്. ഭൂരിപക്ഷസമുദായാംഗങ്ങൾ അതാണു ചെയ്യേണ്ടത് എന്നു ഞാൻ കരുതുന്നു. ചർച്ചയിൽ ഉൾപ്പെടാൻ ശ്രമിക്കുന്ന ചില സമുദായാംഗങ്ങളെ മറ്റുള്ളവർ അന്യായമായ രീതിയിൽ അടിച്ചമർത്താൻ ശ്രമിച്ചാൽ ആദ്യത്തെ കൂട്ടർക്കൊപ്പമായിരിക്കും ഞാൻ, അവരുടെ നിലപാടിനോട് യോജിച്ചാലും വിയോജിച്ചാലും. കാരണം തുറന്ന ചർച്ചകളെ സഹായിക്കുക എന്നതിൽ കവിഞ്ഞുള്ള ധർമ്മമൊന്നും എനിക്കില്ല. പിന്നെ മുസ്ലിംസമുദായവും പൊതുമണ്ഡലവും പൊതുരാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെപ്പറ്റിപ്പറഞ്ഞിട്ടുള്ള കാര്യങ്ങൾ സാമൂഹ്യഗവേഷക എന്ന നിലയിലാണ് ഞാൻ ഉന്നയിച്ചിട്ടുള്ളത്. അതായത് മതിയായ തെളിവുകളുടെ പിൻബലമില്ലാത്ത പ്രസ്താവങ്ങൾ ഒഴിവാക്കുക, ഏകപക്ഷീയമായും ആത്മപ്രതിഫലനപരമല്ലാത്തതുമായ ധാർമ്മികവിലയിരുത്തലുകൾ വർജ്ജിക്കുക മുതലായ നിയമങ്ങൾക്കു വിധേയയായി മാത്രമേ കാര്യങ്ങൾ ഉന്നയിക്കാറുള്ളൂ. എല്ലാ മതഭ്രാന്തുകളും ഒന്നുപോലെ എതിർക്കപ്പെടേണ്ടതു തന്നെ.പക്ഷേ സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും, ഇന്നു നടക്കുന്ന പരിഷ്ക്കരണങ്ങൾ പലതിലും ഇസ്ലാമിനെക്കാളധികം ആധുനികവതിക്കരിക്കപ്പെട്ട ബ്രാഹ്മണമതമാണുള്ളതെന്ന് അവരുടെ മുഖത്തുനോക്കിപ്പറഞ്ഞിട്ടും ചുംബനസമരക്കാലത്ത് അവരോട് തീർത്തും വിയോജിച്ചിട്ടും കേരളത്തിലെ മുസ്ലിംസംഘടനകൾ എനിക്കെതിരെ ചർച്ചാമര്യാദയ്ക്കു നിരക്കാത്ത ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല. അകത്തുനിൽക്കുന്നവരുടെ സ്ഥിതി അതാകണമെന്നില്ല എന്നും ഞാൻ സമ്മതിക്കുന്നു. സമുദായത്തിനുള്ളിൽ നിങ്ങളുടെ ശബ്ദം അമർത്തപ്പെടുകയാണെങ്കിൽ ആ ജനാധിപത്യവിരുദ്ധതയ്ക്കെതിരെ പ്രതികരിക്കേണ്ടതു തന്നെ.

      Like

      1. വിയോജിപ്പ്‌ പറയാനുള്ള പ്രതിയോഗിയുടെ അവകാശം കവര്‍ന്നാലും ഒരു ജനാധിപത്യ വാദിക്ക് ദേവിക ഉയര്‍ത്തിപ്പിടിച്ച നിലപ്ടെ ‘പ്രതിയോഗിയുടെ കൂടെ നില്‍ക്കുക’ സ്വീകരിക്കാന്‍ കഴിയൂ . ശരി തെറ്റുകള്‍ക്ക് മതകീയ റേറ്റിംഗ് നല്‍കുന്ന രീതിശാസ്ത്രത്തോളം അകംപൊള്ളയായ നിലപാട് ഇല്ല എന്നാണ് എന്‍റെ പക്ഷം. വിമര്ശനം ( Criticism) അതിക്ഷേപം ( Abuse) എന്നിവയുടെ വര്‍ഗ്ഗീകരണം പുനര്‍ വായനക്ക് വിധേയമാക്കാന്‍ മലയാളി ഇനിയും അമാന്തിക്കരുത്.

        Like

  4. ഭൂരിപക്ഷ സമുദായത്തിന്റെതെന്തും മതേതരവും സ്വന്തം വിശ്വാസ സ്വാതന്ത്ര്യം അടിയറ വെക്കാതെ മറ്റു മതങ്ങൾക്കോ വിശ്വാസികൾക്കോ ഒരു ദോഷവും ചെയ്യാത്ത മതനിയമങ്ങൾ അനുസരിക്കാനുള്ള അവകാശം ഒരു ന്യൂനപക്ഷ ക്കാരൻ ഉയര്ത്തിപ്പിടിക്കുന്നത് വര്ഗ്ഗീയതയായും മത തീവ്രതയായും പൊതുസമൂഹത്തിനു മുന്നിൽ ഇന്ന് നിലവിലുള്ള തരത്തിലുള്ള മാനസികാവസ്ഥ ഉണ്ടാക്കിയെടുത്തതിൽ മുഖ്യധാരാ പത്രങ്ങൾക്കുള്ള, വിശിഷ്യാ ( മാതൃഭൂമിക്കുള്ള) പങ്ക് ആ പത്രമുൾപ്പെടെയുള്ള പത്രങ്ങൾ സ്ഥിരമായി വായിക്കുന്ന ആദർശാന്ധ്യത വളരെയൊന്നും ബാധിച്ചിട്ടില്ലാത്ത വായനക്കാര്ക്ക് എളുപ്പം മനസ്സിലാക്കാവുന്നതെയുള്ളു.

    അതിന്റെ ഉത്തമ നിദര്ശനമാണ് ദേവികയുടെ പ്രതികരണം. ഒരു മുസ്ലിമിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ. അപ്പോൾ ഏതെങ്കിലും തരത്തിലുള്ള ആന്ധ്യം ബാധിച്ചി ട്ടില്ലാത്തവർക്ക് കുറവൊന്നും നമ്മുടെ സമൂഹത്തിലുണ്ടായിട്ടില്ല എന്നത് മാനുഷിക ബന്ധങ്ങൾക്ക് വിലകല്പ്പിക്കുന്നവരെ സംബന്ധിച്ചേടത്തോളം എന്തുമാത്രം ആശ്വാസകരമല്ല!

    Like

  5. അഞ്ച് വര്‍ഷം മുമ്പ് മാതൃഭൂമിയില്‍ കരാര്‍ പത്രപ്രവര്‍ത്തകായി ജോലി ചെയ്യുമ്പോള്‍, അമൃതാന്ദമയി എന്ന് ഒരു വാര്‍ത്തയില്‍ എഴുതിയപ്പോള്‍ ‘മാതാ അമൃതാന്ദമയി ദേവി’ എന്നുതന്നെ എഴുതണമെന്ന് ിര്‍ദ്ദേശം ലഭിച്ചിരുന്നു. അന്നത്തെ എഡിറ്റര്‍ കെ ഗോപാലകൃഷ്ണന്‍ ‘മാതാ അമൃതാന്ദമയി ദേവി’ എന്നുതന്നെ വാര്‍ത്തകളില്‍ എഴുതണമെന്ന് കാട്ടി പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അമ്മ ഭക്തായ ഈ പത്രാധിപര്‍ മാതൃഭൂമിയില്‍ിന്ന് നേരെ പോയത് അമൃത ടി വി എഡിറ്റര്‍ ഇന്‍ ചീഫായാണ്. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ‘അമ്മ മക്കളോട്’ എന്ന പംക്തി തുടങ്ങിയതും ഏകദേശം ഈ കാലത്താണ്. മാതൃഭൂമിയുടെ ഡപ്യൂട്ടി എഡിറ്റര്‍ തസ്തികയില്‍ ഇരുന്ന ചിലര്‍ അതേസമയം സംഘപരിവാറിന്റെ കലാ വിഭാഗമായ തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാ ഭാരവാഹിയുമായിരുന്നു. മൃദു ഹിന്ദുത്വത്തിനു ഇപ്പോഴും നല്ല വളക്കൂറുള്ള മണ്ണാണ് മാതൃഭൂമി എന്നാണ് പത്രത്തിന്റെ സൂക്ഷ്മ വായന പറയുന്നത്…

    Like

  6. പത്രത്തിന്റെ പോളിസി തീരുമാനിക്കുന്നത് ആ പ്രോഡക്ടിന്റെ വരിക്കാരാണ്. ഹിന്ദുമത ദർശനം മുറുകെ പിടിക്കുന്നവർക്ക് കൂടുതൽ എരിവോടെ ആ മതചേരുവ. അത്രേയുള്ളു.അതിൽ എരിവും പുളിയും കൂടിപ്പോയി. ഞാൻ ഇഷ്ടപ്പെട്ടത് ഇതായിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല.

    Like

    1. പത്രവായന വെറും ഉപഭോഗമല്ല. വായനക്കാർ വെരും ഉപഭോക്താക്കളല്ല. അത്രയും അംഗീകരിച്ചാൽ മാത്രമേ ഈ കത്തെന്താണെന്ന് താങ്ങൾക്ക് പിടികിട്ടൂ.

      Like

  7. മാതൃഭൂമിയുടെ പൊതു നിലപാടുകളെ കുറിച്ചല്ല പറയുന്നത്. ഈ പ്രത്യേക സംവാദത്തിൽ കെ പി രാമനുണ്ണി, എം എൻ കാരശ്ശേരി, ടി ടി ശ്രീകുമാർ എന്നിവരുടെ ലേഖനങ്ങളെ തുടർന്ന് അവയോട് പ്രതികരിച്ച് സി ആർ പരമേശ്വരൻ എഴുതിയ കുറിപ്പ് കൂടി പ്രസിദ്ധീകരിച്ചതിൽ എന്താണ് തെറ്റ്? അതിനോട് പ്രതികരിച്ച് ദേവിക കൂടി പ്രതികരിച്ചിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നുന്നു, ഇപ്പോൾ സ്കോർ 2-2 എന്ന നിലയിലാണല്ലോ അത് മാറ്റിയെടുക്കാൺ ഒരു പക്ഷേ ദേവികക്ക് കഴിഞ്ഞേനെ

    Like

    1. താങ്കളെ പോലുള്ള ഒരാൾ ഈ ചർച്ചയെ സ്കോറടിച്ചുള്ള കളിയായി കാണുന്ന് കഷ്ടമാണ്. പരമേശ്വരൻെറ ലേഖനത്തിനോട് ഞാൻ മറ്റൊരിടത്ത് വിശദമായി പ്രതികരിക്കുന്നുണ്ട്. അത് അദ്ദേഹത്തെ കൊച്ചാക്കാനല്ല. അദ്ദേഹത്തിൻെറ ഈ ലേഖനം തന്നെ അദ്ദേഹത്തെ വല്ലാതെ കൊച്ചാക്കിക്കഴിഞ്ഞു. കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റിയുള്ള ചർച്ചയെ കുറേക്കൂടെ വസ്തുതാപരവും പരസ്പരബഹുമാനത്തിലൂന്നിയതും ആക്കിത്തീർക്കാൻ ശ്രമിച്ചുനോക്കണമെന്നുണ്ട്, അത്രമാത്രം.

      മറിച്ച്

      Like

      1. എന്ന് ഒരു. Sense of humour ൽ പറഞ്ഞുവെന്ന് മാത്രം ചർച്ചയുടെ ഗൌരവം കുറച്ചതല്ല

        Like

      2. Scoring എന്ന് sense of humour ൽ എഴുതിയതാണ്. ക്ഷമിക്കുക. ദേവിക മാതൃഭൂമി ചർച്ചയിൽ പങ്കെടുത്ത് അഭിപ്രാ‍ായം പറയുകയായിരുന്നു കൂടുതൽ ഉചിതം എന്ന് വ്യക്തമാക്കാൻ എഴുതിപ്പോയതാണ്

        Like

  8. This is utter nonsense , I’m also a Mathrubhumi reader for the last 20 years , i didn’t feel like this, people like you doing such things only for cheap publicity, you should be arrested for creating such separations between people.

    Like

    1. I am approving prajeesh p’s comment only to show how only the intolerant can rejoice at the direction the Mathrubhumi is taking. Arrest me, indeed! Sadly your 20 year readership of this newspaper has given you no insight at all about the law of the land! Indeed, Mathrubhumi itself would find readers like you a severe embarassment! Tell me the truth: aren’t you one of those guys who used to look up the film stars first and then moved on to at the Narendra Modi ads?

      Like

  9. മതേതരമായി ചിന്തിക്കുന്ന മുസ്ലീംഗങ്ങൾ പോലും (മുനീർ, ഷാജി തുടങ്ങിയ ലീഗ് നേതാക്കൾ വിളിക്ക് കത്തിക്കാതിരിക്കുന്നത് ശരിയല്ല്ല എന്ന അഭിപ്രായപ്പെട്ടതായതാണ് അറിഞ്ഞത്) വിളക്ക് കത്തിക്കാതിരിക്കുന്നതിന്റെ എതിർക്കുമ്പോൾ അതിനെ ബാലിശങ്ങളായ വാദങ്ങളുമായി പിന്തുണക്കാൻ മതേതര ബുദ്ധിജീവികൾ ശ്രമിക്കുന്നത് മുസ്ലീം മതേതര വാദികളെ സ്വസമുദായത്തിനുള്ളിൽ ദുർബലപ്പെടുത്തും

    Like

    1. മുസ്ലിംസമുദായാംഗങ്ങളായവർക്കാണ് ഈ ചർച്ചയിൽ മുൻതൂക്കം വരേണ്ടതെന്നും പുറത്തു നിൽക്കുന്നവർക്ക് പരിമിതായ പങ്കേ അതിലുള്ളൂ എന്നാണ് എനിക്കു തോന്നുന്നത്. ആ ചർച്ചയിൽ തീർപ്പുണ്ടാകും വരെ പൊതുചടങ്ങുകളിൽ വിളക്കു കൊളുത്തേണ്ടതില്ല. മാതൃഭൂമി പത്രത്തിൻെറ ദിശ ഈവിധത്തിലാണെന്ന വസ്തുതയെ അവഗണിച്ചുകൊണ്ട് ഈ ചർച്ചയെ വായിക്കാനുമാവില്ല. ഗോമാംസം ക്യാൻറ്റീനുകൾ പോലുള്ള പൊതുഭക്ഷണശാലകളിൽ ഉൾപ്പെടുത്തുനതിനെക്കുറിച്ചുള്ള ചർച്ച എങ്ങും കാണാത്തതെന്തുകൊണ്ടെന്ന് ചിന്തിച്ചുപോകുന്നു.

      Like

      1. മാഡം, കേന്റീനുകളിൽ പന്നിയിറച്ചി ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ എവിടെയെങ്കിലും കാണാനുണ്ടോ?

        Like

        1. ഒന്നാമത്, കള്ള മുസ്ലിംപേരുകളിൽ കമൻറ് എഴുതുന്നവരെ എനിക്കിഷ്ടമല്ല. രണ്ടാമതായി,ആ വിഷയത്തെക്കുറിച്ച് ചർച്ച പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല, എന്നാൽ നിങ്ങളുടെ സാംസ്ക്കാരികഗുണ്ടകൾ ആ പ്രശ്നം ഏറ്റുപിടിക്കില്ല കാരണം നിങ്ങൾ ബ്രാഹ്മണമേധാവികളുടെ വിധേയർ മാത്രമാണല്ലോ. ഹിന്ദുഭക്ഷണസിദ്ധാന്തപ്രകാരം പന്നിയുടെ മാംസം താമസഗണത്തിൽ പെട്ടതാണല്ലോ. മതത്തിനു പുറത്തു ജീവിക്കാനാഗ്രഹിക്കുന്നവരെ അടിച്ചമർത്തുന്നതിൽ നിങ്ങൾക്കു ഒട്ടും മോശമല്ലാത്ത റിക്കോർഡുണ്ട്. പോർക്കു തിന്നുവർ എന്നെങ്കിലും അവരുടെ കാര്യം പറയാനുള്ള ശക്തി ആർജ്ജിച്ചുകൊള്ളും, താങ്കൾ അതോർത്ത് ഉറക്കംകളയണ്ട.

          Like

  10. മതേതരക്കാരനാവണമെങ്കിൽ സ്വന്തമത വർഗീയതക്കെതിരെ സംസാരിക്കുകയും അന്യമത വർഗീയ നിലപാടുകളെ പിന്തുണക്കലുമാണെന്ന ഫാഷൻ വളർന്നു വരുന്നത് അപകടകരമാണെന്ന എം.എൻ. കാരശ്ശേരി പറഞ്ഞത് കൂടുതൽ കൂടുതൽ ശരിയാണെന്ന് വ്യക്തമാവുന്നു.

    Like

    1. ഏതെങ്കിലുമൊരു മതക്കാർ തമ്മിൽ നടക്കുന്ന ചർച്ചയിൽ ആ മതത്തിൽ ഉൾപ്പെട്ടവരല്ലാത്തവർ പരിമിതമായി, സൂക്ഷമതയോടെ, മതിയായ വസ്തുതകളുടെ പിൻബലത്തോടെ, മാത്രമേ ഇടപെടാവൂ എന്നാണ് ഞാൻ പറയുന്നത്. അങ്ങനെ നടത്തുന്ന ഇടപെടലുകൾ ഈ കറുപ്പും വെളുപ്പും കളിയ്ക്കു പുറത്തായിരിക്കും. എം എൻ കാരശ്ശേരിയെയും അദ്ദേഹത്തിൻെറ എതിരാളികളെയും സമുദായതാത്പര്യങ്ങളെക്കുറിച്ച് വ്യത്യസ്തനിലപാടുകളുള്ളവരായിക്കാണാനും അവർ തമ്മിലുള്ള ചർച്ചയെ സമുദായത്തിനുള്ളിലെ സജീവമായ ബൌദ്ധികജീവിതത്തിൻെറ തെളിവായിക്കാണാനുമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആ നിലപാടുകളെ സൂക്ഷ്മവും വസ്തുതാപരവുമായി പരിശോധിക്കാതെ പുറത്തുനിൽക്കുന്ന ഭൂരിപക്ഷസമുദായക്കാർ സംസാരിക്കരുത്. ഉദാഹരണത്തിന് പർദ്ദാധാരണത്തെക്കുറിച്ചുള്ള ചർച്ച – അതിൽ സമുദായത്തിനുള്ളിൽ പല നിലപാടുകളുണ്ട്. അത് നല്ലതെന്നോ ചീത്തയെന്നോ പ്രഖ്യാപിക്കുന്നത് അത് നേരിട്ടു ബാധിക്കുന്ന സമുദായക്കാരാവണം. അല്ലാതെ മതേതരത്വത്തിൻെറ മറ പിടിച്ച് നാട്ടിലെങ്ങും പടർന്നു പന്തലിച്ചു നിൽക്കുന്ന ഭൂരിപക്ഷസംസ്ക്കാരത്തിൻെറ ഗുണഭോക്താക്കളായിക്കൂടാ. അഥവാ ആ ചർച്ചയിൽ ഇടപെടാൻ ശ്രമിച്ചാൽ അത് എല്ലാ നിലപാടുകളെയും ബഹുമാനിച്ചുകൊണ്ടും കൃത്യമീയ വസ്തുതകളുടെ അടിസ്ഥാനത്തിലാവണം. അതുകൊണ്ടാണ് ഈ കറുപ്പും വെളുപ്പും കളിയിൽ ഞാനില്ല എന്നു തീരുമാനിച്ചത്.

      മറ്റൊരഭ്യർത്ഥന കൂടിയുണ്ട്. ഈ ചർച്ചയെക്കുറിച്ചു പറയാനല്ല, മാതൃഭൂമി പത്രത്തിൻെറ ഉത്കണ്ഠാജനകമായ പരിണാമത്തിലേക്കു ശ്രദ്ധ ആകർഷിക്കാനാണ് ഞാൻ ശ്രമിച്ചത്. ദയവായി അത് മറയ്ക്കാതിരിക്കുക. മുസ്ലിംസമുദായതിനെതിരെ നഗ്നമായ അക്രമം രാജ്യത്ത് നടന്നുവരുന്ന പശ്ചത്താലത്തിൽ ഭൂരിപക്ഷഹൈന്ദവദത്തിൻെറ വക്താവായി പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു പത്രത്തിൻെറ താളുകളിൽ ഇത്തരമൊരു ചർച്ച പ്രത്യക്ഷപ്പെടുന്നത് നിഷ്ക്കളങ്കമാണെന്നു തോന്നുന്നില്ല. ആ വിശാലപശ്ചാത്തലത്തെ അവഗണിച്ചുകൊണ്ടുള്ള വായന സാദ്ധ്യമല്ലതന്നെ.ഗോമാംസം ഹിന്ദുക്കൾക്കു പറ്റുമോ ഇല്ലയോ എന്ന കാര്യത്തെപ്പറ്റി അധികവും മുസ്ലിങ്ങൾ മാത്രം ഉൾപ്പെട്ട ഒരു ചർച്ചയുണ്ടായാൽ കാണാം പുകില്.

      Like

      1. മുസ്ലിങ്ങൾക്കെതിരെ നഗ്നമായ എന്ത്‌ അക്രമമാണു രാജ്യത്തു നടന്നുവരുന്നത്‌?

        Like

        1. പച്ചവെള്ളം ചവച്ചു കുടിക്കുന്ന പൂച്ചക്കുട്ടി എന്നു കേട്ടിട്ടുള്ളത് ഇപ്പോൾ കണ്ടു. ഈ നാട്ടിൽ തന്നെയാണോ താങ്കൾ ജീവിക്കുന്നത്, അതോ വല്ല ഗന്ധർവ്വലോകവാസിയോ താങ്കൾ. കഷ്ടം!

          Like

          1. മാഡം കാര്യം പറയൂ. ഈ നാട്ടിൽ തന്നെയാണു ജീവിക്കുന്നത്‌. അതാണു ചോദിച്ചതും.. മുസ്ലിം സംയ്ദായത്തിനെതിരെ ” നടന്നുവരുന്ന ” നഗ്നമായ അക്രമങ്ങൾ ഏതൊക്കെയാണു എന്നറിയാൻ താൽപര്യമുണ്ട്‌.

            Like

            1. ഈ നാട്ടിൽ ജീവിച്ചിട്ടും ഇതൊന്നും അറിയാതെ പോകുന്നത് ഒന്നുകിൽ പ്രാദേശികവാർത്തകൾക്ക് മുൻതൂക്കം നൽകി മറ്റിടങ്ങളെ ഇരുട്ടിലാഴ്ത്തുന്ന പത്രസംസ്കാരത്തിൻെറ ഇരയായതുകൊണ്ടായിരിക്കും. അല്ലെങ്കിൽ മുസ്ലിംവിരുദ്ധത വിളഞ്ഞുപഴുത്തു നിൽക്കുന്ന ദേശീയപശ്ചാത്തലം കേരളത്തിന് അപ്രസക്തമാണെന്ന ധാരണ കൊണ്ടുനടക്കുന്നതിനാലാകും. അതുമല്ലെങ്കിൽ ഇവിടെ കിട്ടുന്നതും മേടിച്ച് മുസ്ലീങ്ങൾ മിണ്ടാതിരിന്നോണം എന്ന ഹൈന്ദവഹുങ്കാവാം. എന്തായാലും ഈ അജ്ഞത ഗുരുതരമായൊരു രോഗമാണ്. ധാർമ്മികതയിലൂന്നിയ രോഗപ്രതിരോധശേഷി നേടുന്നത് നന്നായിരിക്കും.

              Like

      2. It is a Catch 22 situation. When a non-Muslim support secular Muslims like Karassery and Hameed, their arguments will come in handy for Hindu communalists to further their agenda. This is more so in a discussion about Nilavilakku, which undeniably has a Hindu flavor. I totally agree with your opinion about Mathrubhumi’s ‘soft’ Hindutva. The first time I read about Amritanandamayi was from Mathrubhumi’s special supplement on her birthday. All the credit for popularizing her should go to Mathrubhumi. As a secular-minded Muslim, I kind of liked CR’s article. I hope debates like this will help secularize our society.

        Like

  11. എല്ലാവരുടെയും അഭിപ്രായം അവർ പ്രസിദ്ധീകരിച്ചിരുന്നു. മുസ്ലീങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്ന മതേതര ബുദ്ധി ജീവികളാണ് ഇപ്പോൾ മുസ്ലീങ്ങളെ പ്രതിരോധത്തിൽ ആക്കി കൊണ്ടിരിക്കുന്നത്.

    വിളക്കു കത്തിക്കുന്നതിൽ തെറ്റില്ലെന്നാണ് ബഹു ഭൂരിപക്ഷം മുസ്ലീങ്ങളുടെയും അഭിപ്രായം. കത്ത്തിക്കരുതെന്നും പറഞ്ഞു ബുദ്ധിജീവികളും കഷ്ടം തന്നെ

    Like

    1. Blind support for any position is harmful, I agree. But I don’t think holding the view that within a community, people should have the right to hold multiple views is wrong. Those like me who are not only outside the community but also of the majority community have no easy right or capacity to declare one position right and another position wrong. Not that outsiders can’t say anything at all – but whatever is said has to be responsible in the sense of being grounded in facts and sound arguments, and respectful towards all positions in the sense of being willing to learn from all. I have therefore found no contradiction between my writing a foreword to MN Karassery’a book (stressing the possibilities of Muslim feminism) but also protesting against unwarranted islamophobic thrusts against the burqa. I hope you won’t reduce me to Sreekumar’s chela, as some leading moderniser-secularists have implicitly done. My disagreements with him are pretty public though we don’t go for each other’s jugulars as is the usual practice in media-curated ‘public debate’ in Malayalam. I hate that – decentralised development was destroyed as an idea in Kerala through precisely such fight-to-death scenarios in which the only victor was the media muthalaali. In this case, the possibility of recovering secularism from the state – making it a less state-centric idea – and the possibility of reimagining community as an open space that welcomes many different positions and is less dependent on elite control are both at stake. The way we are debating it, we will lose both. The only victor will be Hindutva and this newspaper which makes capital of it.

      Like

  12. എല്ലാ പത്രങ്ങൾക്കും മാധ്യമങ്ങൾക്കും അവരുടെ രാഷ്ടീയവും മത ജാതി പക്ഷപാതിത്വവുമുണ്ട്. എങ്കിലും പത്രത്തിന്റെ “നിഷ്പ ക്ഷത ” ക്കായി മറ്റ് സമീപനമുള്ളവരുടെ അഭ്പ്രായങ്ങളും ഇവരിൽ ചിലരെങ്കിലും പ്രസിദ്ധീകരിക്കാറുണ്ട്. ഈ Window of Opportunity യാണ് നമ്മളെല്ലാം പ്രയോജനപ്പെടുത്തികൊണ്ടിരിക്കുന്നത്. ഈ പ്രത്യേക സംവാദത്തിന്റെ ചരിത്രം പരിശോധിച്ചാൽ കെ പി രാമനുണ്ണിയുടെ ലേഖനമാണ് ആദ്യം പ്രസിദ്ധീകരിച്ചതെന്നോർക്കണം. അതിനോട് പ്രതികരിച്ചുകൊണ്ട് എം എൻ കാരശ്ശേരി മാഷും ടി ടി ശ്രീകുമാറും എഴുതി. ഇപ്പോൾ സി ആർ പരമേശ്വരന്റെ കുറിപ്പും വന്നു. തുടർന്ന് ദേവിക കൂടി എഴുതേണ്ടതായിരുന്നു. അവർ ദേവികയുടെ പ്രതികരണം പ്രസിദ്ധീകരിച്ചില്ലെങ്കിൽ മാത്രം ബഹിഷ്കരണത്തിലേക്ക് പോവുകയായിരുന്നു ഉചിതമെന്നാണെന്റെ അഭിപ്രായം

    Like

    1. ഇക്ബാൽ, ഞാൻ സൂചിപ്പിച്ച സാഹചര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം അത്യന്തം ഗുരുതരങ്ങളാണ്. മാതൃഭൂമിയ്ക്ക് ഇടയ്ക്കു സംഭവിച്ച അബദ്ധമായി മാത്രം ഞാനതിനെ കാണുന്നില്ല. മുസ്ലിംസമുദായത്തെക്കുറിച്ചുള്ള ചർച്ചയിൽ അധികവും സവർണ്ണഹിന്ദുക്കളായ പുരുഷന്മാർ തുടരെത്തുടരെ അത്രയൊന്നും ബലവത്തല്ലാത്ത, എന്നാൽ മേലാളഹിന്ദുസാമാന്യബോധമനുസരിച്ചുള്ള, അഭിപ്രായങ്ങൾ — പുതുമ തീരെയില്ലാത്ത ആശയങ്ങൾ പുനസ്ഥാപിക്കുന്നിടത്ത് തെളിഞ്ഞ ചിന്തയല്ല, പ്രത്യയശാസ്ത്രപുനസ്ഥാപനമാണ് നടക്കുന്നത്. അതിൽ കൂട്ടുചേരാൻ ഞാൻ തയ്യാറല്ല. എൻെറ വിശകനലവും പ്രതികരണങ്ങളും എനിക്കു കുറച്ചുകൂടി മതിപ്പുള്ള മറ്റൊരിടത്തോ അല്ലെങ്കിൽ എൻെറ ഇടമായ കാഫിലയിലോ പ്രസിദ്ധീകരിച്ചുകൊള്ളാം.

      മുഖ്യധാരാപ്രസിദ്ധീകരണശാലകളെയോ പരസ്യങ്ങളെയോ ആശ്രയിച്ചല്ല ഞാൻ കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ എന്ന പുസ്തകം ഇറക്കിയത്. ആ സീരീസിലുള്ള അടുത്ത പുസ്തകവും അങ്ങനെയല്ല ഇറങ്ങാൻ പോകുന്നത്. അതുകൊണ്ട് ആ പുസ്തകങ്ങളുടെ പ്രസക്തിയോ പ്രചാരമോ കുറഞ്ഞെന്ന് എനിക്കു തോന്നുന്നുമില്ല. അവാർഡുകളും അംഗീകാരങ്ങളും കുറയുമായിരിക്കും. അതു സാരമില്ല.

      Like

      1. ദേവികയുടെ ഈ നിലപാടിന് തീർച്ചയായും സാധൂകരണമുണ്ട് യഥാർത്ഥത്തിൽ “മുഖ്യധാര” മാധ്യമങ്ങളേക്കാൾ അവനവൻ പ്രസിദ്ധീകരണ സംരംഭങ്ങളുടെ (നെറ്റ്, ബ്ലോഗ്, സാമൂഹ്യ മാധ്യമങ്ങൾ) റീച്ച് (പ്രത്യേകിച്ച് നാം ഉദ്ദേശിക്കുന്നവരിൽ) വളരെ കൂടുതലാണ്. എങ്കിലും പരമ്പരാഗത മാധ്യമങ്ങളെ മാത്രം ആശ്രയിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴുമുണ്ട്. തത്ക്കാലം സാധ്യമായിടത്തോളം അത്തരം മാധ്യമങ്ങൾ നമ്മുടെ അഭിപ്രായ വ്യത്യാസം നിലനിർത്തികൊണ്ട് തന്നെ ഉപയോഗിക്കേണ്ടിവന്നേക്കാം. എന്നാൽ ദേവിക അനുഭത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ഏതെങ്കിലും മാധ്യമത്തെ ഒഴിവാക്കുന്നതിനെ അധിക്ഷേപിക്കേണ്ടതില്ല.. എങ്കിലും ഇപ്പോൾ നടന്നു വരുന്ന സംവാദ പരമ്പരയിൽ ദേവികയുടെ അഭിപ്രായം കൂടി പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ നന്നാവുമായിരുന്നു എന്നാണെന്റെ തോന്നൽ. ഇത്രയും മാതൃഭൂമി കാര്യം. പക്ഷേ ഞാൻ ആവർത്തിച്ച് പറഞ്ഞ കാര്യമുണ്ടല്ലോ. അതാ‍ായത് സവർണ്ണ ഫാസിസത്തെ എതിർക്കുന്ന വ്യഗ്രതയിൽ ചില മതേതര വാദികളെങ്കിലും മുസ്ലീം തീവ്രവാദത്തോടും യാഥാസ്ഥിതിക മനോഭാവത്തോടുമെല്ലം സന്ധി ചെയ്യുന്നതും അത്തരം നിലപാടുകളെ പരോക്ഷമായെങ്കിലും ന്യായീകരിക്കാൻ ശ്രമിക്കുന്നതും മുസ്ലീം മതത്തിനുള്ളിൽ നിന്നുകൊണ്ട് നവീകരണത്തിനായി ശ്രമിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. . മാത്രമല്ല ഇത്തരം മതേതരവാദികളുടെ നിലപാടുകളെ സവർണ്ണ പക്ഷപാതികൾ മുസ്ലീംഗങ്ങളുടെ പൊതു അഭിപ്രായമായി പ്രചരിപ്പിച്ച് മുതലെടുക്കുന്നുമുണ്ട്. രണ്ടായാലും മുസ്ലീം തീവ്രവാദ നിലപാടുകളോട് സന്ധിചെയ്യുന്ന മതേതരവാദികൾ മുസ്ലീം ഉല്പതിഷ്ണുക്കൾക്ക് തലവേദനയായി മാറിയിട്ടുണ്ട് എന്നതൊരു സത്യമാണ്.

        Like

        1. Well said Sir. There is something wrong with the Secularists when they have problem even with progressive Muslims like Hameed Chennamangaloor, Dr. P. A. Fazal Gafoor, Maulana Wahiduddin Khan or the late Dr. Asghar Ali Engineer. They are not helping integration of Muslim community with other sections of the Society.

          Like

  13. മാതൃഭൂമി പത്രം ഉപേക്ഷിച്ച് പകരം ഈ ആരോപിക്കപ്പെട്ട ദോഷങ്ങൾ ഇല്ലാത്ത ഏതു പത്രമാണ് ദേവിക വരുത്തുന്നത് എന്നറിയാൻ ആകാംക്ഷയുണ്ട്.??

    Like

    1. പ്രതികരണം അര്‍ഹിക്കുന്നില്ല.

      Like

  14. ഏതെങ്കിലും ഒരു വിഷയത്തിൽ ന്യൂനപക്ഷങ്ങളോടു സമരസപ്പെട്ടു കൊണ്ടുള്ള ഒരു കത്ത് പ്രസിദ്ധീകരിക്കപ്പെട്ടാൽ തൊട്ടു പിന്നാലെ അതിനെ വിമര്ശിച്ചു കൊണ്ടുള്ള അര ഡസനിലധികം കത്തുകൾ പ്രസിദ്ധീകരിക്കപ്പെടുന്നത് മാതൃഭൂമിയിൽ ഒരു നിത്യസംഭവമാണ്. കത്തിൽ പ്രശ്നത്തോട് പ്രതികരിക്കുന്ന രീതി കൊണ്ട് തന്നെ അസഹിഷ്ണുതയും ആരുടെ വക്താക്കളാണ് പ്രതികരിക്കുന്നതെന്നുമുള്ള വസ്തുത പുറ ത്താകുന്നുമുണ്ട്. ഈ പ്രവണത മോഡി പ്രധാനമന്ത്രി ആയതിനു ശേഷം മൊത്തം രാജ്യത്താകമാനം ഇംഗ്ലിഷ് പത്രങ്ങളിൽ പ്രത്യേകിച്ചും വര്ധിച്ചിട്ടുണ്ട്. പക്ഷെ അതു തുടക്കമിട്ടതിനുള്ള നമ്മുടെ സ്വന്തം മാതൃഭൂമിക്ക് മാത്രം സ്വന്തം!!!

    Like

  15. പക്ഷെ അതു വര്ഷങ്ങള്ക്ക് മുമ്പ് തന്നെ തുടക്കമിട്ടതിനുള്ള ബഹുമതി നമ്മുടെ സ്വന്തം മാതൃഭൂമിക്ക് മാത്രം സ്വന്തം!!!

    Like

  16. Just wondering whether Mr. P.V.Chandran knows that Kafila.org exists, forget reading the open letter!!

    Like

  17. മത്രുഭൂമി വായിക്കാത്തതു കൊണ്ട് മാതൃഭുമിയുടെ സ്വഭാവത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല.
    നിലവിളക്ക് കത്തിക്കുന്നത് കൊണ്ട് ഒരാള് മതേതര വാദിയാവുന്നില്ല. കത്തിക്കാത്തതു കൊണ്ട് മതഭ്രാന്തൻ ആവുന്നുമില്ല. അതൊക്കെ ഓരോത്തുരുടേയും സ്വന്തം ഇഷ്ടമാണ്. ഓരോത്തുരുടേയും ഇഷ്ടത്തിന്നു വിടുന്നതാണ് മതേത്വരതം. ഈ വിഷയം മുസ്ലിം സമുദായത്തിൽ ചർച്ച ചെയേണ്ട കാര്യമില്ല. കാരണം ഇതിൽ ചർച്ച ച്ചെയ്തു പൊതു അഭിപ്രായത്തിൽ എത്തേണ്ട ഒന്നുമില്ല. മതം തികച്ചും പ്രൈവറ്റ് കാര്യമാണ്. അത് ചർച്ച ച്ചെയ്തു തീരുമാനിക്കണ്ട കാര്യമല്ല.

    Like

Leave a reply to JGN Cancel reply