അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവർ തന്നെ നാം : തെരുവിൽചുംബനസമരക്കാർക്ക് ഒരു സന്ദേശം

സുഹൃത്തുക്കളെ,

 

കിസ് ഒഫ് ലൌ സമരങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് പലതരം ആശങ്കകൾ കേട്ടുതുടങ്ങിയിരിക്കുന്നു.

അത് ആഗോളീകരണ അഴിഞ്ഞാട്ടമാണെന്നും,

അതല്ല, മദ്ധ്യവർഗ്ഗ സന്തതികളുടെ എടുത്തുചാട്ടമാണെന്നും,

അതുമല്ല, അതിനു രാഷ്ട്രീയമേ ഇല്ലെന്നു വരെയും, കേരളത്തിലെ ബദൽരാഷ്ട്രീയങ്ങളിലെ പ്രമുഖവ്യക്തിത്വങ്ങൾ അടക്കമുള്ള പലരും മുറുമുറുക്കുന്നു.

ഇത് ഈ സമരങ്ങളിലേക്ക് ആകർഷിക്കപ്പെട്ട പല ചെറുപ്പക്കാരെയും സംശയാലുക്കളാക്കിയിരിക്കുന്നു. എനിക്കു പറയാനുള്ളത് ഇത്തരം വിമർശനങ്ങൾ നമ്മെ നിരാശരാക്കരുതെന്നാണ്. മറിച്ച്, നമ്മെ സംബന്ധിച്ചിടത്തോളം ജീവിതം ആഗ്രഹിക്കത്തക്ക അവസ്ഥയാകണമെങ്കിൽ അവശ്യം ഉണ്ടാകേണ്ട ചില സ്വാതന്ത്ര്യങ്ങൾക്കു വേണ്ടിയുള്ള ഈ സമരം കേരളീയസമൂഹത്തിലെ യാഥാസ്ഥിതികരെയും എതിർരാഷ്ട്രീയങ്ങളെന്ന് സ്വയം കരുതുന്ന പല രൂപീകരണങ്ങളെയും എന്തുകൊണ്ട് ഇത്രയേറെ അസ്വസ്ഥമാക്കുന്നു എന്ന് ആലോചിക്കുകയാണ് വേണ്ടത്.

തീർച്ചയായും ഇത് ചുംബനം എന്ന പ്രവൃത്തിയെ, അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലുള്ള സ്നേഹപ്രകടനത്തെ, പരസ്യമാക്കാൻ മാത്രമുള്ള സമരമല്ല എന്ന്  പലതവണ നാം വ്യക്തമാക്കിക്കഴിഞ്ഞു. പരസ്യമായ സ്നേഹപ്രകടനം നടത്താൻ താത്പര്യമില്ലാത്തവരെ അതിനു നിർബന്ധിക്കണമെന്നല്ല നാം പറയുന്നതെന്നും പലവട്ടം പറഞ്ഞുകഴിഞ്ഞു. കേവലം ഉപഭോഗഭ്രാന്തുപിടിച്ചു നടക്കുന്ന കൂട്ടമല്ല നമ്മൾ എന്നും, സാമൂഹ്യമേലാളരുടെ സൂക്ഷ്മവും നിരന്തരവുമായ മർദ്ദന-നിയന്ത്രണസംവിധാനങ്ങളിൽ നിന്ന് വിടുതൽ അഗ്രഹിക്കുന്ന ജനങ്ങളെന്ന നിലയ്ക്ക് നമുക്കർഹമായ സമൂഹഭാഗത്തിനും ദൃശ്യതയ്ക്കും വേണ്ടി തെരുവിലിറങ്ങി എല്ലാത്തരം പോലീസ് സംവിധാനങ്ങളെയും വെല്ലുവിളിക്കാൻ നാം തയ്യാറാണെന്നും തെളിയിച്ചുകഴിഞ്ഞു. ഉപഭോഗപ്രേമികളും സദാചാരപോലീസിന് എതിരായിക്കൊള്ളണമെന്നില്ല എന്ന വസ്തുത കൊച്ചിയിലെ സമരത്തിനിടയിൽ പകൽ പോലെ തെളിഞ്ഞതുമാണ്. ഏതെങ്കിലുമൊരു എടുത്തുചാട്ടത്തിൻറെ ഫലമാണിതെന്ന് പറയാനും കഴിയില്ല. കാരണം നമ്മളിൽ പലരും മറ്റു ന്യൂനപക്ഷങ്ങൾ — ഉദാഹരണത്തിന്, പർദ്ദയണിയാൻ താത്പര്യപ്പെട്ട മുസ്ലിം വനിതകൾ — ശബ്ദമുയർത്താനും പൊതുരംഗത്ത് ജനങ്ങളെന്ന നിലയ്ക്ക് സ്വന്തം ഇടം അവകാശപ്പെടാനും തുടങ്ങിയപ്പോൾ അവരെ ശക്തമായി പിൻതാങ്ങിയിട്ടുള്ളവരാണ്.

ഇതു രാഷ്ട്രീയമല്ലെങ്കിൽ പിന്നെന്താണ്  രാഷ്ട്രീയം? Jacques Ranciere നെപ്പോലുള്ള ചിന്തകരെ സംബന്ധിച്ചിടത്തോളം ഇതു മാത്രമാണ് രാഷ്ട്രീയം – മറ്റെല്ലാം പോലീസ് സംവിധാനത്തിൻറെ ഭാഗമാകുന്നു. ഇന്ന് കേരളത്തിൽ നിലവിലുള്ള ബദൽ-തന്മാവാദങ്ങളിൽ Ranciere വിഭാവനം ചെയ്യുന്ന തരം രാഷ്ട്രീടത്തിൻറെ സാദ്ധ്യതൾ ഒട്ടുമേ ഇല്ലെന്നൊന്നും പറയുന്നില്ല. നമ്മുടെ ഈ രാഷ്ട്രീയവും ജാഗ്രത നഷ്ടപ്പെട്ടാൽ പോലീസ് സംവിധാനത്തിൻറെ ഭാഗമാകും എന്നതിനെക്കുറിച്ചും സംശയം വേണ്ട. പൊതു ഇടങ്ങളിൽ മനുഷ്യർക്ക് ജനാധിപത്യമര്യാദകളെ പൂർണ്ണമായി പാലിച്ചുകൊണ്ട് പ്രണയത്തോടെയോ അല്ലാതെയോ തുറന്നിടപെടാൻ, സമയം ചെലവഴിക്കാൻ, സഞ്ചരിക്കാൻ, സ്വന്തം ശരീരങ്ങളോട് നീതിപുലർത്താൻ, വേണ്ടിയാണ് ഈ സമരം. പക്ഷേ അത് ഇന്നത്തെ കേരളത്തിൽ മനുഷ്യർ എല്ലാവരും തുല്യനിലയിലാണെന്ന മുൻവിധി വച്ചു പുലർത്തുന്നുവെന്നും ആ തുല്യത യഥാർത്ഥത്തിൽ ഉണ്ടാകാത്തിടത്തോളം ഈ സമരം പൊതുവിടത്തിൽ ഇടം നേടിക്കഴിഞ്ഞവർക്ക് മാത്രമേ വിമോചനകരമാകൂ എന്നുമാണ് വിമർശനമെങ്കിൽ അതും ഗൌരവത്തോടെ പരിഗണിക്കേണ്ടതാണ്.

എന്നാൽ നാം സദാചാരപോലീസിങ് എന്ന പേരിട്ടുവിളിച്ച ആ പ്രതിഭാസം (ആ പേരിട്ടുവിളിക്കൽ തന്നെ നമ്മുടെ പ്രവർത്തനത്തിൻറെ രാഷ്ട്രീയസ്വഭാവത്തിനു തെളിവാണ്). കേരളത്തിലിന്ന് നിലവിലുള്ള എല്ലാ ഉച്ചനീചത്വങ്ങളുടെയും കാവലാളായി പ്രവർത്തിക്കുന്ന എല്ലാത്തരം സാമൂഹ്യ പോലീസിങ്സംവിധാനങ്ങളുടെയും രാഷ്ട്രീയ പോലീസിങ്സംവിധാനങ്ങളുടെയും നാരായവേരാണ്. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ അസമത്വത്തിനെതിരെയുള്ള സമരവും നമ്മുടെ സമരവും പരസ്പരവിപരീതങ്ങളല്ല. അവയെ കൂടുതൽ മൂർത്തമായ രീതിയിൽ എങ്ങനെ പരസ്പരം ബന്ധിപ്പിക്കാം എന്ന് കൂട്ടായി ചിന്തിക്കേണ്ടതുണ്ടെന്നു മാത്രം. നമ്മുടെ സമരം സാമൂഹിക അസമത്വത്തിൻറെ എല്ലാ വശങ്ങളെയും അഭിസംബോധന ചെയ്യുന്നില്ല. തീർച്ചയായും സാമൂഹികാസമത്വങ്ങൾ ഇല്ലാതാവാൻ സദാചാരപോലീസിങ് അവസാനിച്ചാൽ മാത്രം പോര. ഏതെങ്കിലും ഒരു സമരം കൊണ്ടു മാത്രം അതവസാനിക്കുമെന്ന് വ്യാമോഹിക്കേണ്ടതില്ല. പക്ഷേ ഈ സമരം എല്ലാത്തിനും പരിഹാരമാണെന്നൊരു വാദം നാം മുന്നോട്ടുവച്ചിട്ടില്ല. നാം പറയാത്ത കാര്യങ്ങൾ നമ്മുടെ വായിൽ തിരുകിവയ്ക്കാൻ നാം ആരെയും അനുവദിച്ചുകൂട.

ഞാൻ പൊതുവിടത്തിലും സ്വകാര്യ ഇടത്തിലും അച്ചടക്ക-ശിക്ഷണ ഇടങ്ങളിലും (വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിശേഷിച്ചും) ആരോട്, എങ്ങനെ, എത്രത്തോളം, ഇടപഴകണം; അവിടെ എനിക്ക് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്തുകൂടാ; പൊതുവിടത്തിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടുകൊള്ളണം, എന്നൊക്കെ തീരുമാനിക്കുന്നത് ലിംഗഭേദപോലീസ് മാത്രമല്ല. ജാതിഭേദപ്പോലീസും വർഗ്ഗഭേദപ്പോലീസും പ്രായഭേദപ്പോലീസും എല്ലാം അതിനൊപ്പം ചേരുന്നു. ഇതെല്ലാം ചേർന്നതാണ് സദാചാരപ്പോലീസ്. നാം ഏറ്റവും സാധാരണയായി, മൂർത്തതലത്തിൽ, നേരിടുന്ന ഭരണകൂടപ്പോലീസും സമുദായപ്പോലീസും മേൽപ്പറഞ്ഞ ലിംഗഭേദ-ജാതി-വർഗ്ഗ-പ്രായ പോലീസിങുകളെ സവിശേഷസാഹചര്യങ്ങളിൽ സവിശേഷരീതികളിൽ പ്രയോഗിക്കാറാണുള്ളത്. അതായത്, സ്ഥലം, സമയം, സന്ദർഭം എന്നിവയനുസരിച്ച് അവയുടെ ആക്രമണങ്ങളിലെ പോലീസിങ്ചേരുവകൾ മാറിമാറി വരുമെന്നർത്ഥം. ചിലയിടങ്ങളിൽ ലിംഗഭേദപോലീസിങിനാണ് പ്രാധാന്യം ലഭിക്കുന്നതെങ്കിൽ മറ്റുചിലയിടങ്ങളിൽ ജാതിപോലീസിങിനോ വർഗ്ഗപോലീസിങിനോ പ്രാധാന്യം കൈവരുകയും, ബാക്കിയുള്ളവയ്ക്ക് ഉപപ്രാധാന്യമുണ്ടാവുകയും ചെയ്യും. അസ്പർശതയുടെ ഈ ബഹുമുഖസ്വഭാവത്തെ അംഗീകരിക്കാനും പ്രത്യേകസാഹചര്യങ്ങളിൽ അതിൻറെ മൂർത്തസ്വഭാവമെന്തെന്ന് കൃത്യമായി തിരിച്ചറിയാനുമുള്ള രാഷ്ട്രീയപക്വതയാണ് നാം ആർജ്ജിക്കേണ്ടത്.ശരീരരാഷ്ട്രീയം രൂപപ്പെടുന്നത് അനേകം അധികാര അച്ചുതണ്ടുകൾ പരസ്പരം കീറിമുറിച്ചു കടക്കുന്ന ഇടങ്ങളിലാണെന്ന് ചുരുക്കം. അത് സൂക്ഷ്മമായി തിരിച്ചറിയേണ്ടതുണ്ട്.

മേൽസൂചിപ്പിച്ച സങ്കീർണ്ണദൌത്യത്തിൻറെ പ്രാധാന്യത്തെ അംഗീകരിക്കുംപോഴും ബദൽതന്മാരാഷ്ട്രീയങ്ങളായി സ്വയം കരുതുന്ന രൂപീകരണങ്ങൾ പോലീസ് വ്യവസ്ഥയ്ക്കൊപ്പം നിന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഇന്ന് നിലവിലുള്ള ഭൂരിപക്ഷ-ന്യൂനപക്ഷ അസമത്വങ്ങൾക്കുപരിയായി പോലീസിങിൻറെ തലത്തിൽ അവർ വലിയൊരളവുവരെ ഒന്നുചേരുന്ന കാഴ്ചയാണ് നാം കണ്ടത്. ആ തലത്തിലുള്ള പരസ്പരധാരണ ഉറച്ചാൽ ന്യൂനപക്ഷം ആരെന്ന നമ്മുടെ ധാരണ തന്നെ മാറിമറിഞ്ഞുപോകുമെന്ന് തീർച്ച. ഉത്തർ പ്രദേശിൽ മുൻപ് ബിഎസ്പി ബി.ജെ.പിയുമായി കൂട്ടുചേർന്നു സർക്കാരുണ്ടാക്കിയതു പോലെയല്ല ഇത്. അന്ന് ബിഎസ്പി ബി.ജെ.പിയുമായി രാഷ്ട്രീയധാരണയാണുണ്ടാക്കിയത്. ബി.ജെ.പിയുടെ സാമൂഹ്യ അജണ്ടയെ ശരിവയ്ക്കുയായിരുന്നില്ല ബിഎസ്പി. ഇവിടെയാകട്ടെ, സ്പർശനസ്വാതന്ത്ര്യത്തെ കലർപ്പില്ലാത്ത അനുഗ്രഹമായി കാണാത്ത മതവിശ്വാസികളും അല്ലാത്തവരുമായവർക്ക് തങ്ങളുടെ ഇഷ്ടങ്ങൾക്കും ശരികൾക്കും അനുയോജ്യമായ വിധത്തിൽ, സ്പർശവിമുക്തരായിത്തന്നെ, പൊതുവിടങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശപോരാട്ടത്തിനുള്ള സാദ്ധ്യത ഈ സമരത്തിൻറെ വിശാലപദ്ധതിക്കുള്ളിൽ സന്നിഹിതമായിരിക്കെ, നാം കണ്ട രീതിയിൽ ന്യൂനപക്ഷ-മർദ്ദിതവിഭാഗങ്ങളുടെ ചില വക്താക്കൾ പ്രതികരിച്ചത് ആശങ്കാജനകമാണെന്ന് എടുത്തുപറഞ്ഞുകൊള്ളട്ടെ.

ഈ ന്യൂനപക്ഷങ്ങൾ ഏകശിലാസ്വഭാവമുള്ളവയല്ല. അവയ്ക്കുള്ളിൽ നാമിന്നുചർച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് ഏകാഭിപ്രായമാണുള്ളതെന്ന് എനിക്കു തോന്നുന്നില്ല. എന്നാൽ ആ ചർച്ചപൂർണ്ണമാകട്ടെ, അതിൽ നിന്ന് ഉരുത്തിരിയുന്ന സമാവായം എന്തെന്നു വ്യക്തമാകട്ടെ, അതിനുശേഷം മതി ഈ സമരമെന്ന നിർദ്ദേശം സ്വീകാര്യമല്ല. കാരണം അത് മുന്നിൽ കാണുന്നത് തങ്ങളും ജനങ്ങളാണെന്ന് സ്വയം പ്രഖ്യാപിക്കാനുള്ള അവകാശവുമുള്ള തുല്യരെയല്ല, നയിക്കപ്പെടേണ്ട കുഞ്ഞാടുകളെയാണ്. ഇവിടെ സൂചിപ്പിച്ച സമുദായത്തിനുള്ളിലെ ചർച്ചകൾക്കും നമ്മൾ ഉയർത്താൻ ശ്രമിക്കുന്ന രാഷ്ട്രീയവും പലയിടങ്ങളിലായി ഒരേ സമയം ചുരുളഴിയേണ്ടവയാണ്. അല്ലാതെ ഒന്ന് മറ്റൊന്നിനു മീതെയല്ല.

ഉപരിവർഗ്ഗങ്ങളുടെ ഒരു ടൈംപാസ് മാത്രമല്ലേ ഈ സമരം എന്നു ചോദിക്കുന്നവരോട് കണ്ണുതുറന്ന് സമകാലികകേരളത്തെ ശരിക്കൊന്നു നോക്കിക്കാണണമെന്ന് അഭ്യർത്ഥിക്കുന്നു. സദാചാരപോലീസിങിനെതിരെ നടക്കുന്ന ആദ്യത്തെ സമരമല്ല ഇത്. ഈ സമരം നടന്ന അതേ സമയത്തു തന്നെയാണ്ത തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ അവിടുത്തെ പ്രബല വിദ്യാർത്ഥിസംഘടനയായ എസ് എഫ് ഐയുടെ രാഷ്ട്രീയ-സദാചാര-പോലീസിങിനെ വിദ്യാർത്ഥീവിദ്യാർത്ഥിനികൾ പരസ്യമായി ചോദ്യംചെയ്തു തുടങ്ങിയത്. വരേണ്യരെന്ന് വിശേഷിപ്പിക്കാനാവാത്ത വിദ്യാർത്ഥിനികളാണ് ആ ചെറുത്തുനില്പിൻറെ മുന്നണിയിലുള്ളത്. പ്രത്യേകിച്ചും മേൽവിവരിച്ച വിശാലമായ അർത്ഥത്തിൽ, സദാചാരപ്പോലീസിൻറെ ഹിംസയ്ക്കിരയാകുന്നത് മദ്ധ്യവർഗ്ഗക്കാർ മാത്രമല്ല.

തന്നെയുമല്ല, സദാചാരപ്പോലീസ്വ്യവസ്ഥ ആഗോളീകരണകാലത്ത്ക കേരളത്തിൽ തീവ്രമായിത്തിർന്നിരിക്കുന്ന മാനവശേഷിനിർമ്മാണ-ക്കയറ്റുമതിയെ നേരിട്ടു സഹായിക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടക്കുന്ന നഗ്നവും മനുഷ്യത്വരഹിതവും അങ്ങേയറ്റം ഹിംസാത്മകവുമായ സദാചാരപ്പോലീസിങ് ഈ മാനവശേഷിനിർമ്മാണയത്നത്തിൻറെ അവിഭാജ്യഘടകമാണ്. ആ ഹിംസയെ തുറന്നെതിർക്കുന്ന അദ്ധ്യാപകർ സ്ഥാപനത്തിൻറെ മുഖ്യശത്രു മാത്രമല്ല, സാക്ഷാൽ ജനശത്രുതന്നെയാകുന്നതെങ്ങനെ എന്ന് സുൾഫത്ത്ടീച്ചറുടെ അനുഭവം നമുക്കു കാട്ടിത്തരുന്നു. കേരളത്തിലെ കൌമാരപ്രായക്കാർക്കിടയിൽ മാനസികരോഗങ്ങൾ വർദ്ധിക്കുന്നതും സ്വയംനശീകരണത്തിലൂടെ അവർ ഫലശൂന്യമായ കലഹങ്ങളിലേർപ്പട്ട് നിസ്സഹായതിൽ അമർന്നുപോകുന്നതും കണ്ടില്ലെന്നു നടിക്കുന്ന ഹൃദയശൂന്യതയെ -– സാംപത്തികവും സാമൂഹികവുമായ ഉത്ക്കർഷയ്ക്കു പിന്നാലെ അന്ധരായിപ്പായുന്ന മാതാപിതാക്കളുടെ മറച്ചുപിടിയ്ക്കപ്പെട്ട  ആർത്തിയെ, സ്വാർത്ഥതയെ — ന്യായീകരിക്കുന്ന സ്ഥാപനമാണ് സദാചാരപോലീസിങ്.

ഈ സമരത്തെ അഴിഞ്ഞാട്ടമെന്ന വിശേഷിപ്പിച്ചവർ പറയുന്നത് ഒരർത്ഥത്തിൽ ശരിയാണ് – ആട്ടം സൂചിപ്പിക്കുന്നത് ശരീരത്തിൻറെചലനശേഷിയെയാണല്ലോ. ആഗോളമുതലാളിത്തത്തിൻറെ പിടുത്തങ്ങളിൽ നിന്ന്, അതിനു പൂർണ്ണമായും കീഴ്പ്പെട്ടുനിൽക്കുന്ന കുടുംബവ്യവസ്ഥയുടെ ഇടുക്കങ്ങളിൽ നിന്ന്, അതിന് ഭയഭക്തിബഹുമാനങ്ങളോടെ അകംപടി സേവിച്ചുകൊണ്ടിരിക്കുന്ന സാമുദായിക-മതസ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ദയാഹീനമായ മെരുക്കിയെടുക്കലുകളിൽ നിന്ന്, സ്വന്തം ശരീരങ്ങളെ അഴിച്ചെടുക്കാനുള്ള സമരമാണിത്. അഴിച്ചെടുത്തതെല്ലാം ആടാൻ തുടങ്ങുമെന്ന മേലാളഭീതി പിടിപെട്ടവർ സ്വയം ചികിത്സിക്കട്ടെ. കേവലം അദ്ധ്വാനശേഷി മാത്രമല്ലാത്ത ശരീരം ആടാനും ആനന്ദിക്കാനും കെല്പുള്ളതാണെന്ന കാര്യം അവർക്ക് പുതുമയായിരിക്കാം. ആഗോളമുതലാളിത്തത്തെ നിരന്തരം പേടിക്കുകയും അതിൻറെ മൂർത്തസംവിധാനങ്ങളെക്കുറിച്ച്ബ ബോധമില്ലാതിരിക്കുകയും ചെയ്യുന്നവർ കണ്ണുതുറന്നു കാണാൻ ശ്രമിക്കട്ടെ.

അവസാനമായി, നമ്മുടേതായ ഒരു പ്രത്യേകസമുദായമോ സംഘമോ രൂപീകരിച്ചിട്ടുവേണം ഇതിനൊക്കെ തുനിയാൻ എന്നു പറയുന്നതിലും അർത്ഥമില്ല എന്നാണ് എനിക്കു തോന്നുന്നത്. കാരണം നാം ഒരു ഋണാത്മകസമൂഹമാണ്, അതാണ് നമ്മുടെ ശക്തിയും. മലയാളിസമൂഹത്തിൽ മാന്യത, സ്വീകാര്യത മുതലായവയെ നിർണ്ണയിക്കുന്ന അധികാരൂപങ്ങളുടെ ഇരകളായവർക്ക് — അവർ ആരുമായിക്കൊള്ളട്ടെ — വന്നുചേരാനും, സ്വയം ശക്തി സ്വരൂപിക്കാനും,അവിടെയെത്തുന്ന മറ്റുള്ളവരിൽ നിന്ന് സ്വയം പഠിച്ച് ആത്മപ്രതിഫലനശേഷി നേടാനും ഉതകുന്ന കൂട്ടായ്മയായി അതിനെ വളർത്തിയെടുക്കുക എന്ന വെല്ലുവിളിയാണ് നമ്മുടെ മുന്നിലുള്ളത്. ഈ സമൂഹം എന്നും ഋണാത്മകസ്വഭാവമുള്ളതായിരിക്കണേ എന്നാണ് എൻറെ പ്രാർത്ഥന. എന്നാണോ നാം ആ സ്വഭാവത്തെ തള്ളിപ്പറയുന്നത്, അന്ന് നാം പോലീസ് വ്യവസ്ഥയുടെ ഭാഗമാകും, ഓർക്കുക.

സമരത്തിന് വിജയം നേർന്നുകൊണ്ട്,
ആലിംഗനചുംബനങ്ങളോടെ

ജെ. ദേവിക.

17 thoughts on “അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവർ തന്നെ നാം : തെരുവിൽചുംബനസമരക്കാർക്ക് ഒരു സന്ദേശം”

  1. Though I do not know Malayalam, it is great to see a script other than Roman and Devanagari on Kafila. If you give the title in English or Hindi as well, many more people would have an idea as to what the piece is about.

    Like

  2. ഇഷ്ടായി .. സാംസ്കാരിക വലതു പക്ഷത്തിന്റെ ശക്തിയാര്ജിച്ചു കൊണ്ടിരിക്കെ ദില്ലിയിലെ RSS ഓഫീസിനു മുമ്പിൽ നടന്ന ചുംബനസമരം രാഷ്ട്രീയമല്ലെങ്കിൽ പിന്നെന്താണ് രാഷ്ട്രീയം ?

    അമേരിക്കയിലെ “ഹിപ്പികളുടെ” അറുപതുകൾ ആണ് അമേരിക്കയെ മാറ്റി മറിച്ചതെന്ന് ചോംസ്കി ഇടക്കിടെ പറയാറുണ്ട്‌ .. ഒരു തരത്തിൽ കൊച്ചിയിൽ നടന്ന ചുംബന സമരത്തിന്‌ ഇന്ത്യയിൽ മറ്റു നഗരങ്ങളിൽ കിട്ടിയ മാറ്റൊലികൾ അത് പോലൊരു യുവത്വതെയല്ലേ കാണിക്കുന്നത് ?

    Like

  3. It is great to have other Indian scripts on Kafila, but for the sake of people like me, please also provide translation

    Like

    1. Dear Mukesh and Subhash, this post is a message to the upcoming Kiss in the Streets protest at Calicut. It is organized by young people who are now facing strange criticisms — about their politics. Funny how many of our radicals down seem hell-bent to deny them the ability to forge a politics on their own, as if the only politics possible refers to tired identity-politics within which they have ensconced themselves comfortably, surrounded by a nice loyal following specialising in backscratching. They deny, for example, that there is clear anti-caste potential in this struggle (which would develop better if the anti-caste radicals would be more empathetic perhaps) and maintain silence about which certain organizations which advance a new Muslim politics did not find any problems about sharing the Sanghi agenda! In this message I’ve been trying to think aloud of the kind of politics this struggle represents and why the criticism that it does not raise the question of equality in public space is false. I am thinking of this in the specific context of Kerala in which manpower export has been a major source of economic ‘prosperity’ in recent decades, and what it means for petty everyday repression, the worst sufferers of which are young people. Those who claim that the Kiss protests are simply consumerist and aligned with global capitalism are terribly superficial.

      Like

      1. Thank you Devika. The site of protest is located at a crucial intersection of oppression experienced by a number of groups; hegemonic heterosexuality, heteronormativity and endogamy seek only their own reinforcement and replenishment, growing in intolerance

        Like

  4. “ഏതെങ്കിലുമൊരു എടുത്തുചാട്ടത്തിൻറെ ഫലമാണിതെന്ന് പറയാനും കഴിയില്ല. കാരണം നമ്മളിൽ പലരും മറ്റു ന്യൂനപക്ഷങ്ങൾ — ഉദാഹരണത്തിന്, പർദ്ദയണിയാൻ താത്പര്യപ്പെട്ട മുസ്ലിം വനിതകൾ — ശബ്ദമുയർത്താനും പൊതുരംഗത്ത് ജനങ്ങളെന്ന നിലയ്ക്ക് സ്വന്തം ഇടം അവകാശപ്പെടാനും തുടങ്ങിയപ്പോൾ അവരെ ശക്തമായി പിൻതാങ്ങിയിട്ടുള്ളവരാണ്.”

    ഇതാണ് ഹിന്ദു പൊതുബോധത്തിലെ ഉദാര മനസ്കത(അതിന്റെ ജാതി ഉള്ളടക്കം പറയെണ്ടല്ലോ ). അത് “ഇരയായ” മുസ്ലീം സ്ത്രീയുടെ രക്ഷകരായി അവതിരിക്കും.മുസ്ലീം പുരുഷന്മാർ ആണല്ലോ ഹിന്ദു പൊതു ബോധത്തിലെ കണ്ണിലെ കരട്. ഈ മഹാ മനസ്കത വച്ച് ഇസ്ലാം വിശ്വാസത്തിൽ നിന്ന് കൊണ്ട് മുസ്ലീം വിരുധ്തയെ ചെറുത്തു കൊണ്ടും സ്തീവാദത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന എത്ര സ്ത്രീകളെ ഇവരൊക്കെ പിന്തുണച്ചിട്ടുണ്ട്?

    Like

    1. അജിത്ക്കുമാറിന് കലശലായ ഓർമ്മക്കുറവുണ്ടെന്നു തോന്നുന്നു. പോസ്റ്റിൽ പറഞ്ഞ അഴിഞ്ഞതെല്ലാം ആടും എന്ന ഭീതി പോലെ നമ്മുടെ ബൗദ്ധികരംഗത്ത് കാണപ്പെടുന്ന മറ്റൊരു രോഗമത്രെ ഇത്. വായനയിൽ ബൗദ്ധികസത്യസന്ധത മുതലായ അടിസ്ഥാനകാര്യങ്ങൾപോലും പാലിക്കാൻ പറ്റാതാവുക എന്ന രോഗലക്ഷണം പലപ്പോഴും ഇതോടൊപ്പം കാണാറുണ്ട്. ഇത് മാറാരോഗമാണെന്നൊന്നും പറയുന്നില്ല, പക്ഷേ ഇതൊക്കെ സ്വയം ചികിത്സിക്കേണ്ടതാണ്. ഇയാളെ ചികിത്സിക്കാനോ സമാശ്വസിപ്പിക്കാനോ ഉള്ള മനസ്സോ സമാധാനമോ എനിക്കില്ല, എന്നെയങ്ങ് കൊന്നുകളഞ്ഞേക്ക്!

      Like

  5. Human resource export is purely an economic necessity. Nobody is eager to promote it.How can it be possibly connected with moral policing. Or far worse how can it be called as endorsement exercise of human resource export? The simple fact is that this sexual anarchist movement effectively rigged the real issue of communal fascism & degraded in to a cultural onslaught against a society by western liberal cultural followers who is hell bent ridiculing the norms of society & those norms are actually rooted on the basic human instincts like modesty in sexual behavior respecting the public space just like its considered rude to talk loudly in a public space about private life .

    Like

    1. Really Mr Iqbal Muhammed, you think nobody is eager to promote it? Please get your facts right — look at the data on the numbers of young people being marched into medical-engineering and other exportable streams of education? If you can’t see the connection with this suppression of all other human faculties in that relentless machine called entrance-exam-coahing and later in the draconian controls in the self-financing colleges, then nobody can help you! And do you think the ‘sexual anarchy’ you so fear is quelled by suppressing public expressions of love and through oppressive marriage? Indeed, it requires enormous hypocrisy to claim that this ‘sexual anarchy’ does not exist behind convenient social institutions in Kerala today! Indeed, you yourself are the best evidence for the sad fact that such hypocrisy is shamefully practiced and paraded in public life as concern for public morality ! BTW,, the moral sense that you hold up is fully rooted in oppressive Victorian morality, which is far more western than what any of us hold! That’s another kind of hypocrisy that bigots of all faiths, all of them thoroughly westernised and the bound slaves of global capitalism, practice (if only you attacked global capitalism with the same fervour with which you attack freedoms, when convenient to you!). One need go no further than your comment to see that.

      Like

      1. The dominant nature of professional education & the subsequent growth of self financing stream is a matter of market dynamics. Our university education were always dominated with the concern of employment opportunity.Its a sad reality in life that most people are considered with financial security.Its more acute in developing nations.the suppression of natural feelings & instincts are side effects.
        Oppressive marriage!!! Yea here comes the real agenda of the promoters of this kind of stuff. Marriage as an institution had problems but dismissing it as merely evil is an attempt to destroy the society.What you propose as a substitution for marriage & family?
        Victorian morality.This is another selective reading on the history.The idea of nudity was an oppressive norm on lower caste people & not a choice for them as you people try to portray.Also the so called Victorian values were assimilated. Nobody pushed it through agitations or strikes. Its because those values were more in tune with the human decency. Global capitalism another bad terminology.So what is better? Being a slave of national socialism.

        Like

        1. Iqbal Muhammed please do stop misrepresenting others! Whoever claimed that the nudity of the lower caste people (or the upper caste people too, for that matter — since what mattered was not so much the blouse as the upper-cloth) was voluntary? People like you would like to put words into our mouths! The codes of dressing in the traditional order of caste were oppressive yes, but that does not mean that those given in Victorian morality are excellent and devoid of power. And oh, your understanding of marriage seems limited to the patriarchal, patrilineal, patrifocal form. It may surprise you that there are and were other forms of marriage and family which were much less hypocritical and oppressive, but that is the truth. We are trying to reopen the debate on family and marriage so that we can collectively think of less oppressive forms of social living. To portray all of those as ‘sexual promiscuity’ is the habit of Hindu fascists, and fascism cannot indeed be imagined without the oppressive patriarchal family at its heart (it needs other things as well, for sure). Market dynamics do not exist in some unearthly space; they impinge closely on our lives and shape our social institutions. The family in Kerala, I contend, in most communities (except perhaps, the smaller community of Buddhists, the DHRM, which tries very consciously to reimagine the family beyond patriarchy and global capitalism) is essentially a factory that produces human power for global labour markets. And that makes it terribly oppressive to the young. The Kiss protests are obliquely attacking these domestic practices as well — the connection between the ubiquitous moral police in Kerala and the all-pervading imperative to treat young people as raw material to be shaped violently into saleable labour power is unmistakable and can be missed only by those who deliberately want to close their eyes to this horrible everyday violence. I think that it is the word ‘Kiss’ that evokes such strong unconscious defenses — despite clarifying many times that the struggles are not merely for kissing, again and again, people come back saying the same thing!

          Like

  6. Always used to like J Devika’s postings. Now I realize she is opening a new stylisitc pathway in Malayalam prose-writing. Rapier sharp and very very contemporary. More strength to your keyboard !

    Like

  7. Well said, Devika!
    [സോഷ്യൽ നെറ്റ്‌വർക്ക് ഇടങ്ങളിൽ ചിലർ ആനയിച്ചു കൊടുവരുന്നതായി കണ്ടപ്പോൾ, ഏതാനും ദിവസങ്ങൾ മുൻപ് അതിനോടുള്ള പ്രതികരണമായി എഴുതിയത് ഈ ചർച്ചയിലും പ്രസക്തമെന്ന് കരുതുന്നു ].
    പുതിയ ‘കണ്ടുപിടുത്തം’ –
    കാമസൂത്രം ഫ്യൂഡൽ സാഹിത്യം ആണെന്നും, അതിനാൽ കിസ്സ്‌ ഓഫ് ലവ് പ്രതിഷേധങ്ങളെ എതിർക്കുന്നവർക്കു മറുപടിയായി കാമസൂത്രത്തെ പരാമർശിക്കുകയെങ്കിലും ചെയ്യുന്നവർ ‘ഫ്യൂഡൽ മനസ്സു’കളുടെ ഉടമകൾ ആണെന്നും, അതിനാൽ കിസ്സ്‌ ഓഫ് ലവ് പ്രതിഷേധങ്ങൾ പുരോഗമന വിരുദ്ധം ആണെന്നും !
    കിസ്സ്‌ ഓഫ് ലവ് പ്രതിഷേധം മാതിരിയുള്ള സമരങ്ങൾ പാശ്ചാത്യ വും ദേശവിരുദ്ധവുമായ ഒരു സംസ്കാരത്തിന്റെ പ്രകടിത ലക്ഷണങ്ങൾ ആണെന്ന വാദം ഉന്നയിച്ചവർക്ക് മറുപടിയായിട്ടാണ് ആർഷ സംസ്കാരം ലൈംഗികതയെ അത്ര മോശപ്പെട്ട ഒരു വിഷയമായി കണ്ടിരുന്നില്ലെന്നതിനു ഉദാഹരണമായി കാമസൂത്രം എന്ന കൃതി ചിലർ പരാമർശിച്ചത്. ഏറ്റവും കാതലായ ഈ വസ്തുത കണക്കിലെടുക്കാതെയുള്ള ഒരു ചർച്ച യാണ് ഒരാൾ ഉദ്ദേശിച്ചതെങ്കിൽ മറുപടികളുടെ രൂപത്തിൽ വന്ന കമെന്റുകൾ ഒന്നും അദ്ദേഹത്തിനു പിടി കിട്ടുകയില്ല ;അഥവാ അവ കൊണ്ട് അദ്ദേഹം തൃപ്തിപ്പെടില്ല!
    ഒരു പ്രത്യേക ലക്ഷ്യം നേടാൻ വേണ്ടി സംഘടിപ്പിക്കപ്പെട്ടതെന്നതിലേറെ, ഈ സംസ്ഥാനത്ത് അടുത്തകാലത്ത് ശക്തിപ്പെട്ടുവന്ന മോറൽ പൊലീസിങ്ങ് നും ഫാസ്സിസ്റ്റ് കയ്യേറ്റങ്ങൾക്കും എതിരെ ഏതാനും സോഷ്യൽ നെറ്റ്‌വർക്ക് ഉപയോക്താക്കൾ മുൻകൈയെടുക്കുക മാത്രം ചെയ്തപ്പോൾ സ്വാഭാവികമായി ഉണ്ടായ പൌര പ്രതിഷേധം ആണ് മറൈൻ ഡ്രൈവ് ലെ ചുംബന പ്രതിഷേധം.
    സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എന്നപോലെ ഇന്ത്യൻ തലസ്ഥാനം ഉൾപ്പെടെയുള്ള അനേകം നഗരങ്ങളിലേക്കും കിസ് ഓഫ് ലവ് പ്രതിഷേധത്തിന്റെ സന്ദേശം വളരെ വേഗത്തിൽ എത്തി ; പല നഗരങ്ങളിലും പുരോഗമന യുവജന -വിദ്യാർഥി പ്രസ്ഥാനങ്ങൾ അത് ഏറ്റെടുത്ത് സമാനമായ പരിപാടികൾ സംഘടിപ്പിച്ചു വെന്ന് മാത്രമല്ല , ഫ്യൂഡൽ മൂല്യങ്ങൾ രാജ്യത്ത് പുനരാനയിക്കാൻ ശ്രമിക്കുന്ന ഫാസ്സിസ്റ്റ് സംഘടനകളും അവയുടെ നിയന്ത്രണത്തിലുള്ള വിദ്യാർഥി സംഘടനകളും ഇതിനെ എതിര്ക്കാൻ രംഗത്ത് വരികയും ചെയ്തു .

    Like

  8. ഭരണ വർഗ്ഗത്തിന്റെ ആസ്ഥാനഗുണ്ടകളും (variety of non -state entities, perhaps even including few clowns in the cloak of intelligentsia) )ളും, ഇന്റെലിജൻസ് -പോലീസ് കാര്യകർത്താക്കളും കൈകോർക്കുമ്പോൾ ഫാസ്സിസം എല്ലാ ജനവിഭാഗങ്ങൾക്കു മെതിരെയുള്ള ഒരു തുറന്ന ആക്രമണം ആവുന്നു
    Content of an email just posted to a few higher officers of
    Kerala Police ,in connection with the clearly partisan attitude of police against those lawfully demonstrating on the one hand and openly helping the law breakers on the other
    Sir,
    It is most unfortunate that on 7th December the police authorities abruptly put a ban on peaceful protests against moral policing that had been publicly announced by various groups of citizen activists .
    Many reports show that the city police chose to crack down on peaceful protesters , rather than use appropriate force against the lawless gangs of Hanuman Sena and foil their efforts to unleash terror on people.This has given rise to a lot of concern in the minds of law abiding citizens of the state . While we see a police more or less openly taking sides with gangs defying the law on the one hand, it is most unfortunate that people lawfully trying to assert their right to demonstrate against moral policing in peaceful ways were treated by the police authorities like hardcore criminals,on the other .
    7-12 -2014 നു കിസ്സ്‌ ഓഫ് ലവ് പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസ് ഡീറ്റെയ്ൻ ചെയ്ത സ്ത്രീകൾ ഉൾപ്പെടെയുള്ള ഏതാനും പൌരാവകാശ പ്രവർത്തകരെ സിറ്റി പോലീസ് കമ്മീഷ്നർ ഓഫീസിൽനിന്നും വിട്ടയച്ചപ്പോൾ ഇതേ പോലീസ് ആസ്ഥാനത്തിന് പുറത്ത് അവരെ കാത്തുനിന്നു കയ്യേറ്റം ചെയ്യാൻ ഹനുമാൻ സേനയുടെ പ്രവർത്തകർ എന്ന് പറയുന്ന ഏതാനും ക്രിമിനലുകൾക്ക് കഴിഞ്ഞത് ഏത് നിലയ്ക്കും പോലീസിന്റെ നടപടികളെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിൽ ആക്കുന്നുണ്ട്‌.
    മേൽ വിവരിച്ച എല്ലാ കാര്യങ്ങളും ഉത്തരവാദപ്പെട്ടവർ പരിശോധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
    ബന്ധപ്പെട്ട ഒരു ഫേസ് ബുക്ക്‌ ചർച്ചയിൽ ഒരു സുഹൃത്ത്
    നിരീക്ഷിച്ചത് പോലെ ഒരു കീറ് കാവിത്തുണി കയ്യിലേന്തിയാൽ ആർക്കും എന്ത് തോന്ന്യാസവും ആകാം എന്ന അരാജകമായ അവസ്ഥയാണ് കേരളത്തിൽ.
    പക്ഷെ, ഈ അവസ്ഥ ഉണ്ടാക്കുന്നതിൽ കോണ്ഗ്രസ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ ഇപ്പോൾ വഹിക്കുന്ന പങ്ക് കാണാതിരിക്കാൻ വയ്യാ.
    ടി പി ചന്ദ്രശേഖരൻ വധത്തിലെ പ്രതികളെ പിടികൂടുന്നതിന് 2012 ൽ ആഭ്യന്തര വകുപ്പ് നിയന്ത്രിച്ചിരുന്നവർ അന്ന് കാണിച്ചിരുന്ന ശുഷ്കാന്തി നിമിത്തം ഉണ്ടായ ചില നല്ല ഫലങ്ങൾ ക്രമസമാധാന പാലന രംഗത്ത് തുടർന്നും ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ എന്ന് തോന്നുന്നു; കക്ഷി താൽപ്പര്യങ്ങൾക്കതീതമായി ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രാഥമികമായ ഒരു രാഷ്ട്രീയ അഭിലാഷം ആണ് അതിൽ അടങ്ങിയിരിക്കുന്നത്.
    Yours tcontent of an email just posted to a few officers of
    Kerala Police
    Sir,
    It is most unfortunate that on 7th December the police authorities abruptly put a ban on peaceful protests against moral policing that had been publicly announced by various groups of citizen activists .
    Many reports show that the city police chose to crack down on peaceful protesters , rather than use appropriate force against the lawless gangs of Hanuman Sena and foil their efforts to unleash terror on people.This has given rise to a lot of concern in the minds of law abiding citizens of the state . While we see a police more or less openly taking sides with gangs defying the law on the one hand, it is most unfortunate that people lawfully trying to assert their right to demonstrate against moral policing in peaceful ways were treated by the police authorities like pucca criminals,on the other .
    7-12 -2014 നു കിസ്സ്‌ ഓഫ് ലവ് പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസ് ഡീറ്റെയ്ൻ ചെയ്ത സ്ത്രീകൾ ഉൾപ്പെടെയുള്ള ഏതാനും പൌരാവകാശ പ്രവർത്തകരെ സിറ്റി പോലീസ് കമ്മീഷ്നർ ഓഫീസിൽനിന്നും വിട്ടയച്ചപ്പോൾ ഇതേ പോലീസ് ആസ്ഥാനത്തിന് പുറത്ത് അവരെ കാത്തുനിന്നു കയ്യേറ്റം ചെയ്യാൻ ഹനുമാൻ സേനയുടെ പ്രവർത്തകർ എന്ന് പറയുന്ന ഏതാനും ക്രിമിനലുകൾക്ക് കഴിഞ്ഞത് ഏത് നിലയ്ക്കും പോലീസിന്റെ നടപടികളെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിൽ ആക്കുന്നുണ്ട്‌.
    മേൽ വിവരിച്ച എല്ലാ കാര്യങ്ങളും ഉത്തരവാദപ്പെട്ടവർ പരിശോധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
    ബന്ധപ്പെട്ട ഒരു ഫേസ് ബുക്ക്‌ ചർച്ചയിൽ ഒരു സുഹൃത്ത്
    നിരീക്ഷിച്ചത് പോലെ ഒരു കീറ് കാവിത്തുണി കയ്യിലേന്തിയാൽ ആർക്കും എന്ത് തോന്ന്യാസവും ആകാം എന്ന അരാജകമായ അവസ്ഥയാണ് കേരളത്തിൽ.
    പക്ഷെ, ഈ അവസ്ഥ ഉണ്ടാക്കുന്നതിൽ കോണ്ഗ്രസ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ ഇപ്പോൾ വഹിക്കുന്ന പങ്ക് കാണാതിരിക്കാൻ വയ്യാ.
    ടി പി ചന്ദ്രശേഖരൻ വധത്തിലെ പ്രതികളെ പിടികൂടുന്നതിന് 2012 ൽ ആഭ്യന്തര വകുപ്പ് നിയന്ത്രിച്ചിരുന്നവർ അന്ന് കാണിച്ചിരുന്ന ശുഷ്കാന്തി നിമിത്തം ഉണ്ടായ ചില നല്ല ഫലങ്ങൾ ക്രമസമാധാന പാലന രംഗത്ത് തുടർന്നും ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ എന്ന് തോന്നുന്നു; കക്ഷി താൽപ്പര്യങ്ങൾക്കതീതമായി ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രാഥമികമായ ഒരു രാഷ്ട്രീയ അഭിലാഷം ആണ് അതിൽ അടങ്ങിയിരിക്കുന്നത്.
    Yours truly,

    Like

Leave a reply to Iqbal Muhammad Cancel reply