മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 1

സംശയത്തിൽ നിന്ന് സ്വീകാര്യതയിലേക്ക്

കേരളത്തിൽ ഫെമിനിസത്തിൻറെ രാഷ്ട്രീയപരിണാമത്തെ മാറുന്ന ഭരണകൂടത്തിൻറെ പശ്ചാത്തലത്തിൽ മനസ്സിലാക്കാനൊരു ശ്രമമാണ് ഈ എഴുത്ത്. ഫെമിനിസം എന്ന പേര് സ്വയം അവകാശപ്പെടുന്ന രാഷ്ട്രീയം ഇവിടെ 1980കളിലാണ് പൂർണമായ അർത്ഥത്തിൽ പ്രത്യക്ഷമാകുന്നത്.

നെഹ്രുവിയൻ വികസനവാദത്തിൻറെ ഇടതു വകഭേദം എന്നു വിശേഷിപ്പിക്കാവുന്ന പ്രത്യയശാസ്ത്രം — അതു കാര്യമായി വിമർശിക്കപ്പെട്ടു തുടങ്ങിയിരുന്നെങ്കിലും — അന്ന് കേരളീയ രാഷ്ട്രീയമണ്ഡലത്തിൽ നിർണായകസാന്നിദ്ധ്യമായിരുന്നു. അപ്പോഴേക്കും അത് കേരളമാതൃകാ വ്യവഹാരത്തിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടിയെടുക്കുകയും ചെയ്തിരുന്നു. അതിൻറെ അടിസ്ഥാനപരമായ പിതൃമേധാവിത്വം അന്ന് കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

മലയാളിരാഷ്ട്രീയ-സാമൂഹ്യനേട്ടങ്ങളുടെ ചരിത്രത്തെ രൂപീകരിച്ച പിതൃമേധാവിത്വത്തിലേക്ക് പൊതുശ്രദ്ധ തിരിച്ചുവിട്ട ശക്തിയായിത്തന്നെയാണ് കേരളത്തിൽ ഫെമിനിസം രൂപമെടുത്തത്. കേരള രാഷ്ട്രീയമണ്ഡലത്തിൽ സ്ത്രീകൾ അനുഭവിച്ച ഒഴിവാക്കലിനെ പൊതുദൃഷ്ടിയിൽ എത്തിച്ചുവെന്നു മാത്രമല്ല, ഇവിടുത്തെ ഭരണകൂടസംവിധാനത്തിൻറെ തീവ്രമായ സ്ത്രീവിരുദ്ധതയെ ശക്തമായി എതിർക്കാനും മലയാളി ഫെമിനിസങ്ങൾ തയ്യാറായി.

ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെന്ന പോലെ ഇവിടെയും പോലീസ് നടത്തിയ കസ്റ്റഡി ബലാത്സംഗത്തെ പ്രശ്നവത്ക്കരിക്കുന്നതിൽ അജിത തുടങ്ങിയ ഫെമിനിസ്റ്റുകൾ മുൻകൈ എടുത്തു – കുഞ്ഞിബി കേസിലെന്നപോലെ. തങ്കമണിയിൽ നടന്ന കൂട്ടബലാത്സംഗത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അടക്കം ഭരണകൂടലൈംഗികഹിംസയെ ഫെമിനിസ്റ്റുകൾ സമരത്തിലൂടെയും എഴുത്തിലൂടെയും പ്രതിരോധിച്ചിട്ടുണ്ട്.

ഭരണകൂടം, സിവിൽ സമൂഹം, വിപണി എന്നീ മൂന്നിടങ്ങളിലും ഒരുപോലെ ഫെമിനിസ്റ്റ്, അല്ലെങ്കിൽ കുറഞ്ഞുപക്ഷം സ്ത്രീപക്ഷം, എന്നു വിശേഷിപ്പിക്കാവുന്ന, ഇടപെടലുകൾക്ക് ശ്രമിച്ചവരായിരുന്നു അന്നത്തെ ഫെമിനിസ്റ്റ് സംഘങ്ങൾ. സ്വാഭാവികമായും മുഖ്യധാരാ ഇടതിന് അവർ തികച്ചും അധികവും അനഭിമതരായിരുന്നു — ലൈംഗിക അരാജകവാദികൾ, വർഗരാഷ്ട്രീയത്തെ കണക്കിലെടുക്കാത്തവർ, പുരുഷവിരോധികൾ, വരേണ്യരും രാഷ്ട്രീയ ആഴമില്ലാത്തവരുമായ ‘സൊസൈറ്റീലേഡികൾ’ എന്നും മറ്റും മുഖ്യധാരാ ഇടതുപക്ഷക്കാർ ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കുന്നത് തികച്ചും സാധാരണമായിരുന്നു.

——-

മുപ്പതിലധികം വർഷങ്ങൾക്കു ശേഷം സ്ഥിതി ഏറെ മാറിയിരിക്കുന്നു. ഫെമിനിസ്റ്റ് പ്രമേയങ്ങളെ സവിശേഷമായ രീതികളിൽ മാറ്റിത്തീർത്തുകൊണ്ട് ആഗോളീകരണ — ഉദാരവൽക്കരണ വെല്ലുവിളികളെ പാതിവഴിയിൽ നേരിടാൻ മുഖ്യധാരാ ഇടതുപക്ഷം ശ്രമമാരംഭിക്കുന്നത് നാം 1990കളിൽ കണ്ടു. 1990കളുടെ അവസാനകാലത്തും പുതിയ നൂറ്റാണ്ടിൻറെ തുടക്കത്തിലുമായി കേരളത്തിലെങ്ങും രൂപീകരിക്കപ്പെട്ട സ്ത്രീസ്വയംസഹായസംഘങ്ങൾ — നാമിന്ന് കുടുംബശ്രീ എന്നു വിളിക്കുന്ന ശൃംഖല — കേരളത്തിലെ മഹാഭൂരിപക്ഷമായ താണ-ഇടത്തരക്കാരായ വർഗത്തിൽ പെട്ട സ്ത്രീകളെ കൂട്ടിച്ചേർത്ത് സർക്കാർ തന്നെ ഉണ്ടാക്കിയെടുത്ത, ഭരണകൂടകേന്ദ്രിതമായ (ഉദ്യോഗസ്ഥനിയന്ത്രണമുള്ള) ഒരു വികസന സിവിൽ സമൂഹമായി മാറി. ഭരണകൂടമോ രാഷ്ട്രീയ കക്ഷികളോ തദ്ദേശ പിതൃമേധാവികളോ പ്രതീക്ഷിക്കാത്ത പല രാഷ്ട്രീയ ഫലങ്ങൾ, പ്രത്യേകിച്ചും വ്യക്തിതലത്തിൽ, അതുണ്ടാക്കിയെന്ന് നിസ്സംശയം പറയാം (അതു പ്രധാനപ്പെട്ട കാര്യവുമാണ്). പക്ഷേ വിമർശനസ്വഭാവമുള്ള രാഷ്ട്രീയ പ്രതികരണശേഷി നിർമ്മിക്കുന്ന കാര്യത്തിൽ ഏറെക്കുറേ നിഷ്ക്രിയമായിരുന്നു, ആണ് , ഈ സിവിൽ സമൂഹം. മലയാളി ഫെമിനിസം ഈ സിവിൽ സമൂഹത്തെ രാഷ്ട്രീയവത്ക്കരിക്കാൻ കാര്യമായ ശ്രമം നടത്തിയതുമില്ല. അങ്ങനെ കേരളത്തിലെ സ്ത്രീകളിലെ നിർണായകമായ ഒരു വിഭാഗം സർക്കാർ-കേന്ദ്രിത സിവിൽസമൂഹത്തിനുള്ളിലായി. ഇത് നിസ്സാര കാര്യമായിരുന്നില്ല. ഇതോടെ വ്യവസ്ഥാപിത ഫെമിനിസത്തിൻറെ കേന്ദ്ര സങ്കല്പനമായി എണ്ണപ്പെടുന്ന ‘സ്ത്രീ’ എന്ന സംവർഗത്തിൽ ഉൾപ്പെട്ടവരെ ഫെമിനിസ്റ്റ് ദിശയിൽ രാഷ്ട്രീയവത്ക്കരിക്കാനുള്ള സാദ്ധ്യത കാര്യമായി കുറഞ്ഞു.

പിതൃമേധാവിത്വത്തിൽ നിന്നുള്ള വിമോചനമെന്ന രാഷ്ട്രീയ ലക്ഷ്യമായിരുന്നു ഫെമിനിസത്തിൻറേത്. അതിനെ ലഘൂകരിച്ചുണ്ടാക്കിയ സ്ത്രീശാക്തീകരണ സങ്കല്പനമാണ് സർക്കാർ ഫെമിനിസത്തിൻറെ കേന്ദ്രസങ്കല്പനമായത്. ഈ പ്രമേയത്തിൻറെ നവലിബറൽ വകഭേദം സർക്കാർവത്കൃത തദ്ദേശതല വികസനത്തിലൂടെ പടർന്നപ്പോൾ, അതിൻറെ തന്നെ ലിബറൽ വകഭേദം പിൽക്കാലത്ത് സാമൂഹ്യ മാദ്ധ്യമ വികാസത്തിലൂടെ പ്രചരിക്കാൻ തുടങ്ങി.

1990കളിൽ ബെയ്ജിങ് സമ്മേളനം ജൻറർ മുഖ്യധാരാവത്ക്കരണത്തെ ആഗോള ജനാധിപത്യവത്ക്കരണശ്രമത്തിൻറെ മുഖ്യപ്രമേയങ്ങളിലൊന്നാക്കിയതിനു ശേഷം കേരളത്തിലും ഫെമിനിസത്തിൽ മാറ്റങ്ങൾ ദൃശ്യമായി തുടങ്ങി. ഒരു വഴിക്ക് ജൻറർ മുഖ്യധാരാവത്ക്കരണത്തിലൂടെ സർക്കാർ ഫെമിനിസത്തിൽ പങ്കാളികളായ ഫെമിനിസ്റ്റുകൾ, മറുവശത്ത് 1990കളുടെ അവസാനത്തോടെ കേരളത്തിൽ നടന്ന ലൈംഗിക പീഡനക്കേസുകളിൽ ശക്തരായ രാഷ്ട്രീയ നേതാക്കളോട് എതിരിട്ടു. ലൈംഗിക പീഡനം എന്ന വിഷയം ഉയർത്തിപ്പിടിക്കുന്നതിലൂടെ അവർക്ക് മുൻപത്തെ അപേക്ഷിച്ചു കൂടുതൽ സാമൂഹ്യസ്വീകാര്യത ക്രമേണ ലഭിക്കുകയും ചെയ്തു. പുരോഗമനവാദികളും യാഥാസ്ഥിതികരും രണ്ടു വിധത്തിലാണെങ്കിലും ഒരേ ശക്തിയോടെ എതിർക്കുന്ന കുറ്റകൃത്യമാണ് ലൈംഗികപീഡനം — സ്വാഭാവികമായും അതിനെ പ്രതിഷേധിക്കുന്ന ഫെമിനിസ്റ്റുകൾക്ക് ലൈംഗിക സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഫെമിനിസ്റ്റുകളെ പോലെ ദുഷ്പേരുണ്ടാകില്ല. മാത്രമല്ല, ഇടതുപക്ഷ-ഇതര രാഷ്ട്രീയക്കാർ പ്രതിസ്ഥാനത്തു വന്ന പ്രമാദമായ കേസുകൾ ( ഐസ് ക്രീം പാർലർ കേസ്, സൂര്യനെല്ലിക്കേസ്, പ്രത്യേകിച്ചും) ഇടതുപക്ഷത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കിയ സാഹചര്യത്തിൽ ഫെമിനിസ്റ്റുകൾ മുഖ്യ ഇടതു കക്ഷികളുടെ വനിതാ വിഭാഗങ്ങളുമായി അടുക്കുകയും ചെയ്തു.

ഇതിലുപരിയായി, മറ്റൊരു പ്രധാനപ്പെട്ട നേട്ടവും ലൈംഗികപീഡനവിരുദ്ധ പ്രതിഷേധങ്ങളിൽ നിന്ന് ഫെമിനിസ്റ്റുകൾക്കുണ്ടായി. ‘സ്ത്രീകൾ’ എന്ന (ആന്തരികകെട്ടുറപ്പുള്ളതെന്ന് സങ്കല്പിക്കപ്പെടുന്ന) സംവർഗത്തിൽ ഉൾപ്പെടുന്നവരെ സർക്കാർ ഫെമിനിസത്തിൻറെ വാഹകരാക്കുന്ന പ്രക്രിയ ശക്തമായ സമയമായിരുന്നു ഇത് — ഫെമിനിസ്റ്റ് വിമോചനവ്യവഹാരങ്ങളല്ല, സ്ത്രീശാക്തീകരണമാണെന്ന് പ്രസക്തം എന്ന പ്രചരണത്തിലൂടെ ഫെമിനിസ്റ്റുകൾ പാർശ്വവത്ക്കരിക്കപ്പെട്ടിരുന്ന സമയം. പക്ഷേ ഫെമിനിസ്റ്റുകളുടെ ലൈംഗികപീഡന വിരുദ്ധ സമരങ്ങളിലൂടെ ‘സ്ത്രീകളെ’ പൊതുവേ അഭിസംബോധന ചെയ്യാനുള്ള മറ്റൊരവസരം അവർക്കു തുറന്നുകിട്ടി.എല്ലാ സ്ത്രീകൾക്കും ഒരു പോലെ, ഒരേ തീവ്രതയിൽ, ബാധകമായ കടന്നാക്രമണ രൂപമാണ് ലൈംഗിക കടന്നാക്രമണമെന്ന മുൻധാരണയായിരുന്നു ഇതിൽ — അതുകൊണ്ടുതന്നെ സർക്കാർ ഫെമിനിസത്തിൻറെ സ്ത്രീശാക്തീകരണപ്രമേയത്തോട് ഇടയാത്ത, എന്നാൽ അതിൽ നിന്ന് അല്പം വിടവ് അവകാശപ്പെടാവുന്ന, ഒരു വിഷയത്തിനു ചുറ്റും സ്വന്തം ഇടം പണിയാൻ കേരളീയ ഫെമിനിസ്റ്റു സംഘങ്ങൾ ശ്രമിച്ചു.

ലൈംഗിക പീഡനത്തെ സർക്കാർ ഫെമിനിസം പാടെ അവഗണിച്ചുവെന്നല്ല, മറിച്ച്, പുതിയ നൂറ്റാണ്ടിൻറെ തുടക്കത്തിൽ അത്തരം അവഗണന അസാദ്ധ്യം പോലുമായിരുന്നു. കാരണം, ആഗോള തലത്തിൽ തന്നെ അമേരിക്കൻ ഐക്യനാടുകളിൽ രൂപമെടുത്ത റാഡിക്കൽ ഫെമിനിസം (എല്ലാത്തരം ഹിംസയുടെ നാരായവേര് പിതൃമേധാവിത്വവ്യവസ്ഥയ്ക്കുള്ളിൽ അനിവാര്യമായും അസമത്വപൂർണവും ഹിംസാത്മകവുമായ ആൺ -പെൺ ലൈംഗികബന്ധമാണെന്ന് വിശ്വസിക്കുന്ന ഫെമിനിസ്റ്റ് ചിന്താധാര) അമേരിക്കൻ സാമ്രാജ്യത്വത്തിൻറെ കൈ ആയി വളർന്നുകഴിഞ്ഞിരുന്നു. അതിൻറെ മുഖ്യസ്വഭാവങ്ങളിലൊന്നായ ഭരണകൂടദണ്ഡനീതി വിശ്വാസം ആഗോളതലത്തിൽ തന്നെ നിയമവ്യവസ്ഥകളെ രൂപപ്പെടുത്താനും തുടങ്ങിയിരുന്നു.

ഇന്ത്യയിൽ ഭരണഘടന നൽകുന്ന അവകാശങ്ങളെ നേടിയെടുക്കാൻ സഹായിച്ചേക്കാവുന്ന ഉപകരണമായിയാണ് ഈ ദണ്ഡനീതിവിശ്വാസത്തെ ഇന്ത്യൻ നാഗരിക-മെട്രോപോളിറ്റൻ ഫെമിനിസ്റ്റുകൾ കണ്ടത്. അതുകൊണ്ടു തന്നെ സ്ത്രീകൾക്കും കുട്ടികൾക്കും ലൈംഗിക അതിക്രമത്തിനെതിരെ ഭരണകൂടസംരക്ഷണം ഉറപ്പാക്കാനുള്ള നിയമങ്ങൾ സ്വാഗതം ചെയ്യപ്പെട്ടു — മുഖ്യബലാത്സംഗിയെന്നും ബലാത്സംഗസാധൂകരണയന്ത്രമെന്നും മറ്റും അന്നേവരെ ഇന്ത്യൻ ഫെമിനിസ്റ്റുകൾ വിമർശിച്ച അതേ ഭരണകൂടത്തെ ആണ് ഈ നിയമങ്ങൾ ശക്തിപ്പെടുത്തിയതെങ്കിലും.

കേരളത്തിലാണെങ്കിൽ ജാഗ്രതാ സമിതികളിലൂടെയും പിന്നീട് ബാലലൈംഗിക പീഡനത്തെ ചെറുക്കാനുള്ള കേരള മഹിളാ സമഖ്യ പ്രവർത്തനങ്ങളിലൂടെയും മറ്റും ഭരണകൂടം സ്ത്രീസംരക്ഷകപരിവേഷത്തെ മിനുക്കിയെടുത്തു. ലൈംഗിക സ്വാതന്ത്ര്യം ആവശ്യപ്പെട്ട സ്ത്രീകളെ സംശയത്തോടെ കാണുകയും ലൈംഗിക പീഡനത്തിനെതിരെ സംരക്ഷണം തേടുന്ന സ്ത്രീകളുടെ, കുട്ടികളുടെ സംരക്ഷകസ്ഥാനത്തേറുന്നതുമായ രീതി ഇരുപതാം നൂറ്റാണ്ടിലെ ജനക്ഷേമവ്യവഹാരത്തെ ആശ്രയിച്ചു നിന്നിരുന്ന ഭരണകൂടത്തിൻറെ സ്വഭാവം തന്നെയായിരുന്നെങ്കിലും , ഇപ്പോൾ അത് കൂറേക്കൂടി പ്രത്യക്ഷമായി.

ഇതിൻറെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ഫലം ഇതായിരുന്നു — കേരളത്തിൽ ഫെമിനിസ്റ്റുകൾക്കും ഭരണകൂടത്തിനും, ഇടതും വലതും കക്ഷികളുടെ നിയന്ത്രണത്തിൽ വന്നാലും ഒരുപോലെ, സംഗമിക്കാവുന്ന വിഷയമായി മാറി, ഈ ലൈംഗിക യാഥാസ്ഥിതികത്വവും, ഈ ദണ്ഡനീതിവിശ്വാസവും. ( ഈ യാഥാസ്ഥിതികത്വത്തിൻറെ പ്രകടനം ഇനിയും പഠിക്കേണ്ടതുണ്ട് — കേരളഫെമിനിസത്തെപ്പറ്റിയുള്ള തൻറെ ഡോക്ടറൽ പ്രബന്ധത്തിൽ രേഷ്മാ രാധാകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നതു പോലെ, ഞാൻ ജീവിതത്തിൽ ലൈംഗിക ഒതുക്കം പാലിക്കുന്നു, പക്ഷേ , ലൈംഗികസ്വാതന്ത്ര്യത്തെ തത്വത്തിൽ അനുകൂലിക്കുന്നു എന്നു പറയുന്ന പ്രമുഖ ഫെമിനിസ്റ്റുകൾ നിരവധിയായിരുന്നു. വളരെ സൂക്ഷ്മതയോടെ മറയ്ക്കപ്പെട്ട യാഥാസ്ഥിതികത്വം തന്നെയായിരുന്നു അത്).

2013ലെ ക്രിമിനൽ നിയമ ഭേദഗതിക്കു ശേഷം ലൈംഗികപീഡനവിരുദ്ധ സർക്കാർസംവിധാനത്തെ പൂർവാധികം ശക്തമാക്കാനുള്ള ശ്രമമെന്ന നിലയ്ക്ക് നിർഭയാ സംവിധാനമുണ്ടായതും സർക്കാരിൻറെ രക്ഷക-പ്രതിച്ഛായയെ പൂർവാധികം സഹായിച്ചു. ഇതിൻറെ ഭാഗമായി നടന്ന ക്രൈം മാപ്പിങ് പോലുള്ള പ്രവർത്തനങ്ങളിൽ കീഴ്ത്തട്ടിലെ കുടുംബശ്രീ പ്രവർത്തകരാണ് ചെയ്തത്. അവർ നിർദ്ദേശിച്ച പരിഹാരങ്ങൾക്ക് പലപ്പോഴും ദണ്ഡനീതിസ്വഭാവം ഉണ്ടായിരുന്നില്ല. എങ്കിലും രണ്ടു കാര്യങ്ങൾ ശ്രദ്ധേയങ്ങളാണ്. ഒന്ന്, ഈ പരിപാടികളിൽ തിരിച്ചറിയപ്പെട്ട, ശിക്ഷിക്കപ്പെട്ടവർ മിക്കവരും വരേണ്യരോ സ്വാധീനമുള്ളവരോ ആയ പുരുഷന്മാർ ആയിരുന്നില്ല — അതായത് പെരുമീനുകളെ പിടികൂടാൻ മാത്രം ശക്തമായ വലയല്ല വീശിയെറിയപ്പെട്ടത്. രണ്ടാമത്, ഇവയുടെ തുടർപ്രവർത്തനങ്ങൾ ദുർബലപ്പെട്ടു, അവയിലെ ജനകീയപങ്കാളിത്തം പിന്നീട് വികസിച്ചുമില്ല. ഫലമോ, ഭരണകൂട ദണ്ഡനീതിയുടെ വികസനന്യായീകരണവാദങ്ങൾ സ്ത്രീസമൂഹത്തിനിടയിൽ കാര്യമായി പടരുകയും, അങ്ങനെ ഭരണകൂടശക്തി വർദ്ധിക്കുകയും ചെയ്തു.

എന്നാൽ ഇതേ കാലത്ത് ഫെമിനിസത്തെ ഒരുപക്ഷേ ഏറ്റവുമധികം ബാധിച്ചത് സാമൂഹ്യമാദ്ധ്യമങ്ങളുടെ വളർചയായിരുന്നു. ഫെമിനിസ്റ്റ് എന്നു കരുതാവുന്ന നിരവധി പുതുശബ്ദങ്ങളുയർത്താനും പടർത്താനും പറ്റിയ ഇടം, വിദേശങ്ങളിൽ പാർക്കുന്ന ഉന്നതവിദ്യാഭ്യാസവും ഉദ്യോഗവുമുള്ളവരായ മലയാളിസ്ത്രീകൾക്ക് കേരളീയജീവിതത്തിൻറെ ഇടുക്കങ്ങളെ വീക്ഷിക്കാനും നേരിട്ടു വിമർശിക്കാനുമുള്ള അവസരം, ഇവ കൂടുതൽ ഉണ്ടായിത്തുടങ്ങിയത് നിർണായകമായി. ഇതുകൂടാതെ പഴയകാല പിതൃമേധാവിത്വ രൂപങ്ങൾക്കെതിരെ സ്ത്രീതൊഴിലാളികളുടെ ശബ്ദമുയരാൻ തുടങ്ങി — മൂന്നാറിലെ മഹാസമരം, പുതിയ തൊഴിലാളിസ്ത്രീ യൂണിയനുകൾ, ഇവയിലൂടെ. കൂടുതൽ സമീപകാലത്ത് സിനിമാപ്രവർത്തകരായ സ്ത്രീകളുടെ വിമൻ ഇൻ സിനിമാ കലക്ടിവ്, പെൺകവികളുടെ പോയട്രിയാ മുതലാവയും പുതിയ സ്ത്രീവാദ വേദികളായി ഉയർന്നുവന്നുകഴിഞ്ഞു. 1990കൾ മുതൽ കേരളത്തിൽ സ്ത്രീകൾ നേടിയ വർദ്ധിച്ച ഉന്നതവിദ്യാഭ്യാസപ്രവേശം, ആഗോളീകരണത്തോടെ ഉണ്ടായ മാദ്ധ്യമവികാസം, സാമൂഹ്യമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ, മുതലായവ പരസ്പരം പ്രവർത്തിച്ചതിൻറെ വിളവെടുപ്പാണ് ഇവയൊക്കെ. ഇവ കൂടാതെ ക്വിയർ-ട്രാൻസ് വ്യവഹാരങ്ങളും, ഈ വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള സർക്കാർ ക്ഷേമസംവിധാനവും, അല്പകാലം ശക്തമായിരുന്ന ലൈംഗികത്തൊഴിലാളിവ്യവഹാരത്തിൻറെ ബാക്കിനിൽക്കുന്ന അലയൊലികളുമുണ്ട്. അതുപോലെ, ഈ നൂറ്റാണ്ടിൻറെ ആദ്യദശകത്തിൽ തന്നെയാണ് മുഖ്യധാരാ ഫെമിനിസത്തിൻറെ ദലിത് ഫെമിനിസ്റ്റ് വിമർശനം ഉയർന്നുവന്നതെങ്കിലും അത് സ്വതന്ത്രവ്യവഹാരമായിത്തന്നെ രൂപപ്പെട്ടു. ചിത്രലേഖ എന്ന ദലിത് സ്ത്രീ നടത്തിയ ഉപജീവനസമരത്തെ പിൻതുണയ്ക്കുന്നതിലൂടെ മുഖ്യധാരാ രാഷ്ട്രീയസമൂഹം ദലിത് സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതിൽ ലൈംഗികവും തൊഴിൽപരവുമായ ഘടകങ്ങൾ കൂടിച്ചേരുന്നതെങ്ങനെ എന്ന് ഉയർത്തിക്കാട്ടാൻ ദലിത് ഫെമിനിസ്റ്റ് വ്യവഹാരങ്ങൾക്കു കഴിഞ്ഞു. ഒപ്പം, ലൈംഗികപീഡനവിഷയം മദ്ധ്യവർഗ ദലിത് ഫെമിനിസത്തെയും മുഖ്യധാരാ ഫെമിനിസത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയായിത്തന്നെ നിലനിന്നു.(കേരളത്തിലെ മദ്ധ്യവർഗേതര ദലിത് രാഷ്ട്രീയ സംഘടനയായ ദലിത് ഹ്യൂമൻ റൈറ്റസ് മൂവ്മെൻറിന് അവരുടേതായ — ഭരണകൂട ദണ്ഡനീതിയോന്മുഖമല്ലാത്ത — ലിംഗനീതിദർശനമുണ്ടെന്ന കാര്യം മറന്നുകൂട).

ഇന്ന് വ്യവഹാരമെന്ന നിലയ്ക്ക് സ്ത്രീവാദമെന്ന അർത്ഥത്തിൽ ഫെമിനിസത്തിന് മുൻ കാലങ്ങളിൽ ഇല്ലായിരുന്ന അംഗീകാരവും ഉണ്ട് — എതിരാളികൾക്ക് അവഗണിക്കാനാവാത്തത്ര പ്രകടമായിത്തന്നെ. മലയാളസാഹിത്യത്തിൽ സൌന്ദര്യപരമായും ജനപ്രിയപരമായും വിജയിച്ചുയരാൻ ഫെമിനിസ്റ്റ് എഴുത്തുകാരികൾക്ക് സാധിച്ചിട്ടുണ്ട്. സിനിമാ-കലാരംഗങ്ങളിൽ അവരുടെ സാന്നിദ്ധ്യവും വിജയവും അനിഷേധ്യമാണ്. അക്കാദമിക സിലബസ്സുകളിൽ ഫെമിനിസം വിഷയവുമാണ്. അക്കാദമിക സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്ന ഫെമിനിസ്റ്റുകൾ ഒട്ടും കുറവല്ല. സാമൂഹ്യമാദ്ധ്യമങ്ങളിൽ പിതൃമേധാവിത്വ വിമർശനമുയർത്തുന്ന പ്രഭവപരമായ സമൂഹങ്ങളും ഇക്കാലയളവിൽ ഉയർന്നുവന്നിട്ടുണ്ട് — കിസ് ഒഫ് ലൌ, അല്ലെങ്കിൽ ഹാപ്പിടുബ്ളീഡ് തുടങ്ങിയവയെപ്പോലെ. കൂടാതെ മീടൂ വെളിപ്പെടുത്തലുകൾക്കു ചുറ്റും ഉണ്ടാകുന്നവയും ഇന്ന് പ്രാധാന്യമർഹിക്കുന്നു.

ഇതിനൊക്കെപ്പുറമേ ആണ് മുസ്ലിംസമുദായ രൂപീകരണങ്ങളിൽ നിന്നുയർന്നുവരുന്ന സ്ത്രീശബ്ദങ്ങൾ. മദ്ധ്യവർഗ ദലിത് സ്ത്രീശബ്ദങ്ങൾ മുഖ്യധാരാ ഫെമിനിസത്തോട് എതിരു നിൽക്കുന്ന അവസരങ്ങൾ താരതമ്യേന കുറവാണെങ്കിൽ, ഇടതു രാഷ്ട്രീയ പാർട്ടികളുടെ വനിതാവിഭാഗങ്ങളുമായി ഫെമിനിസ്റ്റ് മുഖ്യധാരയ്ക്കുണ്ടായിരുന്ന അകലം നന്നേ കുറഞ്ഞിട്ടുണ്ടെങ്കിൽ, പുതിയ മുസ്ലിം രൂപീകരണങ്ങളുടെ വനിതാവിഭാഗങ്ങളാട് അത്ര സുഖകരമായ ബന്ധമല്ല മുഖ്യധാരാഫെമിനിസ്റ്റുകൾക്കുള്ളത്.

—-

ഈ അടുപ്പങ്ങൾക്കും അകലങ്ങൾക്കും ഭരണകൂടനിലപാടുകളോട് ബന്ധമുണ്ട്. പുതിയ നൂറ്റാണ്ടിൽ കേരളത്തിലെ ഭരണകൂടം ദേശീയതലമാറ്റങ്ങൾക്കനുസൃതമായി മാറുന്നുണ്ട്. ഇന്നും ഇരുപതാം നൂറ്റാണ്ടിലെ ജനക്ഷേമഭരണകൂടത്തെയും കേരളമാതൃകാവ്യവഹാരത്തെയും പിടിച്ചാണയിടാറുണ്ടെങ്കിലും ഇവിടുത്തെ ഭരണകൂടം ജനക്ഷേമോന്മുഖതയെ പ്രകടമായിത്തന്നെ ഉപേക്ഷിക്കുന്നുണ്ട്.

ഇരപിടിയൻ -ശിങ്കിടി മുതലാളിമാരുമായുള്ള ചങ്ങാത്തം മുകൾത്തലം മുതൽ തദ്ദേശതലം വരെയും പരന്നുകിടക്കുന്നതിന് നിരവധി തെളിവുകളുണ്ട് . 1990കളിൽ നവലിബറൽ വികസനനയങ്ങളെ പാതിവഴിക്കു നേരിടാനുള്ള ശ്രമമെന്ന നിലയക്ക് സിപിഎം ഉന്നയിച്ച ജനകീയാസൂത്രണത്തെ തുടർന്നും വികസിപ്പിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുപോലും (2018ലെ മഹാപ്രളയം, മഹാമാരിവർഷങ്ങൾ) തദ്ദേശഭരണത്തെ ഭരണകൂടത്തിൻറെ ക്ഷേമവിതരണ ഉപകരണം മാത്രമായി നിലനിർത്താനാണ് ഇപ്പോഴത്തെ ഭരണകർത്താക്കൾ ശ്രമിക്കുന്നത്. കൂടാതെ, വികസന ജനാധിപത്യത്തെ പാടെ തള്ളിക്കളയുന്ന കെ റെയിൽ, വിഴിഞ്ഞത്തെ അഡാനി തുറമുഖ പദ്ധതി മുതലായവയ്ക്ക് കാര്യമായ പിൻതുണയാണ് അവർ നൽകുന്നത്. മഹാമാരിക്കാലത്ത് ശരിക്കും സോഷ്യലിസ്റ്റാനന്തര അധികാരരൂപീകരണമായി സിപിഎം നേതൃത്വത്തിലുള്ള ഭരണവർഗം മാറുകയും ചെയ്തു.

ഭരണകൂടത്തിൻറെ സാമൂഹ്യസ്വഭാവവും മാറിയിട്ടുണ്ട്. നിയമ വ്യവസ്ഥാപരിപാലനത്തിന് അമിതമായ ഊന്നൽ കൊടുക്കുന്ന സുരക്ഷാഭരണകൂടം ദേശീയതലത്തിൽ വികസിക്കുന്നതിൻറെ ചുവടുപിടിച്ച് കേരളത്തിലെ ഭരണകൂടവും മാറിയിട്ടുണ്ട്. ദലിതർക്കിടയിൽ മദ്ധ്യവർഗത്തെയും മുസ്ലീങ്ങളിൽ മതേതര മുസ്ലീങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരേയും ഈ ഭരണകൂടം ‘നല്ലകൂട്ടരാ’യി തിരിച്ചറിയുന്നു (ഈ രണ്ടു നിലകളും സദാ അസ്ഥിരമാണെങ്കിലും). ദലിത് സമുദായ പൊതു രാഷ്ട്രീയ ആവശ്യങ്ങളെ മുറുക്കിപ്പിടിക്കുന്ന വിഭാഗങ്ങളെയും ഉദാരവാദപരമല്ലാത്ത ജാതിവിരുദ്ധ പുതുമൂല്യങ്ങളെ ഉയർത്താൻ ശ്രമിക്കുന്നവരെയും (ദലിത് ഹ്യൂമൻ റൈറ്റസ് പ്രസ്ഥാനം നല്ല ഉദാഹരണമാണ്) വ്യക്തികളെയും , മതപ്രയോഗങ്ങളിലും വിശ്വാസത്തിലും ഉറച്ചുനിൽക്കുന്ന മുസ്ലീങ്ങളെയും അത് സദാ സംശയിക്കുന്നു, പലപ്പോഴും ദ്രോഹിക്കുന്നു.

തന്നെയുമല്ല, ഇന്ത്യയിൽ ഇന്ന് മറ്റെങ്ങും പോലെ കേരളത്തിലും രാഷ്ട്രീയകക്ഷികൾ തങ്ങളുടെ സാധുത നേടിയെടുക്കുന്നത് ഏതെങ്കിലും സാമൂഹ്യ-രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ നിന്നല്ല. മറിച്ച് സാമൂഹ്യ-സാമ്പത്തിക ശക്തിയുള്ള വിഭാഗങ്ങളെയും മാദ്ധ്യമശ്രദ്ധ ആകർഷിക്കാനുതകുന്ന ദൃശ്യതയോ ഉള്ള സമൂഹശകലങ്ങളെയും ചേർത്തുനിർത്തിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ പരമാവധി ചെറുശകലങ്ങളെ കൂടെ നിർത്തേണ്ട ആവശ്യമുണ്ടവർക്ക് — തത്ഫലമായി തികച്ചും പരസ്പരവിരുദ്ധമെന്നു തോന്നിക്കുന്ന നിലപാടുകളും പ്രഖ്യാപനങ്ങളും അവയിൽ നിന്നുണ്ടാവുകയും ചെയ്യുന്നു. കേരളത്തിലിന്ന് ഭരണത്തിലിരിക്കുന്നത് ഒരു സോഷ്യലിസ്റ്റ്- അനന്തര ദുഷ്പ്രഭുത്വം (post-socialist oligarchy ) ആണ്. സോഷ്യലിസത്തെ ഭൂതകാലത്തിലേക്കു തള്ളിനീക്കി, ജനകീയമല്ലാത്ത, ജനാധിപത്യത്തോടു കൂറില്ലാത്ത, ദണ്ഡനീതി ഉപകരണങ്ങളെ കാര്യമായിത്തന്നെ ആശ്രയിക്കുന്ന, പുതിയ സംരക്ഷക- സുരക്ഷാ- അന്നദാതാഭരണകൂടമാണിത് (Protector- provider state).

കേരളത്തിലെ സംരക്ഷക-സുരക്ഷാ ഭരണകൂടത്തിൻറെ ചുവടുകൾക്കനുസരിച്ചാണ് ഈ നൂറ്റാണ്ടിൻറെ രണ്ടാം ദശകത്തിൽ മലയാളി മുഖ്യധാരാഫെമിനിസ്റ്റുകൾ വിശാല സ്ത്രീവാദ രൂപീകരണത്തിനുള്ളിലെ വിഭാഗങ്ങളുമായി ബന്ധപ്പെടുന്നത്. അവർ സെക്യുലർ മുസ്ലിം ഫെമിനിസ്റ്റുകളോട് ചേർന്നുനിൽക്കും, പക്ഷേ മതവിശ്വാസികളായ , രാഷ്ട്രീയവത്ക്കരിക്കപ്പെട്ട, മുസ്ലിം സ്ത്രീയെ സംശയത്തോടെ– പലപ്പോഴും മറയില്ലാത്ത മുസ്ലീംഭീതിയോടെ തന്നെ — കാണും. മദ്ധ്യവർഗ ദലിത് ഫെമിനിസ്റ്റ് ധാരയോട് ചേർന്നുനിൽക്കും, പക്ഷേ ദലിത് ഹ്യൂമൻ റൈറ്റ്സിൻറെ വനിതാപ്രവർത്തകരുമായി കാര്യമായ അകലമുണ്ട് അവർക്ക്. പൊതുവേ ലിബറൽ ഫെമിനിസത്തിൻറെ അതിരുകളെ മാനിച്ച്, മുഖ്യാധാരാ ഇടതിൻറെ പരിധിക്കുള്ളിൽ ഒതുങ്ങി, ഇവിടുത്തെ ഭരണം കയ്യാളുന്ന സോഷ്യലിസ്റ്റ് -അനന്തര ദുഷ്പ്രഭുത്വത്തെ വണങ്ങി, നിൽക്കുന്ന വനിതാ താത്പര്യസംഘങ്ങളുമായി അവർ സഖ്യത്തിലാണ്.

മലയാളി മുഖ്യധാരാ ഫെമിനിസ്റ്റുകളുടെ ദണ്ഡനീതിസ്വഭാവം ഈ ഭരണകൂടത്തെ നേരിട്ടു പോഷിപ്പിക്കുന്നുണ്ടെന്ന വാദിക്കാനാണ് ലേഖനത്തിൻറെ ബാക്കിഭാഗങ്ങളിൽ ഞാൻ ശ്രമിക്കുന്നത്. ദണ്ഡനീതി ഫെമിനിസം തീർചയായും കേരളത്തിൽ മാത്രമല്ല — പക്ഷേ ഇന്ത്യൻ ഫെമിനിസത്തിലെ നാഗരിക- മെട്രോപോളിറ്റൻ ശബ്ദങ്ങൾ ഭരണകൂട ദണ്ഡനീതിയോട് സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ സമീപനവും, അതിൻറെ പ്രയോഗത്തിൽ അവർ കാണിച്ചിട്ടുള്ള ഉത്തരവാദിത്വബോധവും ഇവിടെ തീരെ കാണാനില്ല. ഇത് വളരെ ഗുരുതരമായ വീഴ്ചയാണ് — മലയാളി ഫെമിനിസത്തിൻറെ വിമോചകസ്വഭാവത്തെപ്പറ്റിത്തന്നെ സംശയമുണർത്തുംവിധം ഗുരുതരമായത്.

ഈ ലേഖനത്തിൻറെ അടുത്ത ഭാഗം കേരളീയ ഫെമിനിസത്തിൻറെയും ഇന്ത്യൻ (നാഗരിക-മെട്രോപോളിറ്റൻ) ഫെമിനിസത്തിൻറെയും പശ്ചാത്തലങ്ങളിൽ ‘ദണ്ഡനീതി ഫെമിനിസം’ (carceral feminism) എന്ന സങ്കല്പനത്തിൻറെ പ്രസക്തിയെ പരിശോധിക്കുന്നു. തുടർന്നുള്ള ഭാഗം ദണ്ഡനീതി ഫെമിനിസത്തിൻറെ സമകാലിക പ്രയോഗങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയഫലങ്ങളെ കുറിച്ചാണ്. നാലാം ഭാഗം നവബ്രാഹ്മണിക പിതൃമേധാവിത്വത്തിൻറെ പരിണാമത്തിൽ ദണ്ഡനീതി ഫെമിനിസം നിർവഹിക്കുന്ന പങ്കിനെ പറ്റിയാണ്. അഞ്ചാം ഭാഗത്തിൽ ദണ്ഡനീതി ഫെമിനിസത്തിന് അപ്പുറം ഫെമിനിസ്റ്റ് രാഷ്ട്രീയ ഭാവനയ്ക്ക് സഞ്ചരിക്കാനുള്ള സാധ്യതകളെപറ്റി ആലോചിക്കുന്നു.

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.