മഹാനരകങ്ങൾക്കെതിരെ : ഏപ്രിൽ 23ൻെറ പ്രതിഷേധക്കൂട്ടയ്മയ്ക്കു വേണ്ടി ഒരു കുറിപ്പ്

 

കേന്ദ്രത്തിൽ മോഡിസർക്കാർ ഭരണത്തിൽ വന്നതിനു ശേഷം നരകത്തിൻറെ വാതായനങ്ങൾ ഒന്നൊന്നായി പിളരുകയും അവ നമ്മേ വിഴുങ്ങുകയും മഹാപാതകങ്ങൾക്ക് നിസ്സഹായരായ ദൃക് സാക്ഷികളാവുക എന്ന അപാരപരീക്ഷണത്തിനു നാം വിധേയരാവുകയും ചെയ്തിരിക്കുന്നു. നിരർബുദനരകവും അർബുദനരകവും പല വട്ടം നാം കടന്നിരിക്കുന്നു. മാട്ടിറച്ചിയുടെ പേരിലും പിറന്നു പോയ ജാതിയുടെയും മതത്തിൻറെയും പേരിൽ നിരപരാധികളായ മനുഷ്യർ ഇവിടങ്ങളിലേക്കു വലിച്ചെറിയപ്പെടുന്നത് അധികവും നിസ്സഹായരായി കണ്ടുനിൽക്കേണ്ട ദുര്യോഗം താങ്ങാവുന്നതിലും അധികമായിരിക്കുന്നു. 

പോലീസ് സ്റ്റേഷൻറെയും കോടതിയുടെയും ആശുപത്രികളുടെയും മുറ്റത്ത് അധികാരഗർവ്വിൻറെ അസഹ്യമായ ദുർഗന്ധം സഹിച്ച്, ബോധം നശിക്കാതിരിക്കാൻ പണിപ്പെട്ട്,  പ്രിയപ്പെട്ടവരുടെ, സ്നേഹിതരുടെ, നാട്ടുകാരുടെ ജീവനുള്ളതും ഇല്ലാത്തതുമായ ശരീരങ്ങൾ ഏറ്റുവാങ്ങാൻ കാത്തുകാത്തു നിന്നു നാം തളർന്നിരിക്കുന്നു. നീതി തേടി വൈകുണ്ഡത്തിൻറെ പടിവാതിൽക്കൽ ആകാംക്ഷ മാത്രമായി ഊറി ഉറഞ്ഞുപോയ പരേതാത്മാക്കളെപ്പോലെ സുപ്രീം കോടതിയുടെ പടിക്കൽ ഉഴറി നിന്നത് ഹാദിയയ്ക്കു നീതിയ്ക്കായി പോരാടിയവരാരും മറന്നുകാണാനിടയില്ല.

എന്നിട്ടിപ്പോൾ ഈ മഹാപാതകവും. രാജ്യത്തിൽ ഉന്നതജാതികളായി ചമയുന്നവരുടെ പെൺമക്കളെ അച്ഛൻറെയും പുരുഷബന്ധുക്കളുടെയും സ്വജാതിയിൽ പെട്ടവരായ ദൂഷ്ടന്മാരുടെയും പെരുമാറ്റസാധനമായി ചവിട്ടിത്താഴ്ത്തുകയും , ജാതിവ്യവസ്ഥയുടെ കീഴ്ത്തട്ടുകളിൽ  അകപ്പെട്ടുപോയവരുടെ പെൺമക്കളെ ഏതുവിധത്തിലും എപ്പോൾ വേണമെങ്കിലും ഉന്നതജാതിപുരുഷന്മാരുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന വെറും ദ്രവ്യമായും കണക്കാക്കുന്ന ബ്രാഹ്മണദണ്ഡ നീതിയിലേക്കുള്ള മടങ്ങിപ്പോക്കാണ് ഇവിടെ നടന്നുകഴിഞ്ഞിരിക്കുന്നത്.

കേരളത്തിൽ  അല്പനാളുകൾ മുൻപ് ദലിത് യുവാവിനെ ജീവിതപങ്കാളിയാക്കാൻ തീരുമാനിച്ച മകളെ വെട്ടിനുറുക്കിയിട്ട് അഭിമാനത്തോടെ നിന്ന ആ പിതാവും,  നാടോടിബാലികയെ തങ്ങളുടെ ഇടുങ്ങിയ താത്പര്യങ്ങൾക്കു വേണ്ടി സങ്കല്പാതീതമായ രീതിയിൽ പീഡിപ്പിച്ചുകൊന്ന ആ ഗ്രാമപ്രമുഖരുമെല്ലാം ഈ ബ്രാഹ്മണദണ്ഡനീതിയുടെ ചട്ടുകങ്ങളാണ്. ഇന്ത്യൻ ഭരണഘടനയെ അവഗണിക്കാൻ ആരാണ് ഇവർക്ക് ധൈര്യം പകരുന്നത് ? യാതൊരു സംശയവും ഇല്ല — ഭരണത്തിലേറിയിരിക്കുന്ന മോഡിയും കൂട്ടരും തന്നെ. ചിലപ്പോൾ നേരിട്ടും ചിലപ്പോൾ അല്ലാതെയും എന്ന് എടുത്തുപറയേണ്ടി വരും. മകൾ സ്നേഹിച്ച ദലിതനോടുള്ള പക അവളുടെ ശരീരത്തിനോടു തീർത്ത ആ പരമദ്രോഹി സംഘപരിവാറുകാരനല്ലായിരിക്കാം. പക്ഷേ പെൺമക്കൾ തങ്ങളുടെ വരുതിക്കു മാത്രം നിൽക്കേണ്ട അടിമകളാണെന്ന ബോധത്തെ ഇത്രയധികം വളർത്തിയത് ഇവിടുത്തെ സംഘപരിവാരശക്തികളും അവരെ ബോധപൂർവ്വമോ അല്ലാതെയോ പിൻതാങ്ങുന്നവരുമാണ്. ഹാദിയയുടെ പിതാവിനെ പ്രത്യക്ഷമായും പരോക്ഷമായും പിൻതാങ്ങിയവരാണ് ഇന്ന് മകളെ കൊന്നുകളയാനുള്ള അധികാരവും — അധികാരശരിയും – തനിക്കുണ്ടെന്ന തോന്നൽ ആ ദുഷ്ടനു നൽകിയത്.

ദലിതജാതിക്കാരും ആദിവാസികളും സാമൂഹ്യാഭിജാത്യത്തിനു പുറത്തു നിൽക്കുന്നവരായ എല്ലാ ജനങ്ങളും ഇന്ന് നിരന്തരം ശിക്ഷിക്കപ്പെടുകയാണ്. ആ സമുദായങ്ങളിൽപ്പെട്ട സ്ത്രീകളും പെൺകുട്ടികളും , പ്രത്യേകിച്ചും. അവർക്കെതിരെ അക്രമങ്ങൾ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി എന്നത് സത്യമാണ്. സ്വതന്ത്ര ഇന്ത്യ അവർക്ക് ആശ്വാസം കാര്യമായൊന്നും നൽകിയുമില്ല. എങ്കിലും ഇന്ന് കാണുന്നത് ഇന്ത്യൻ ഭരണഘടന ഇടയ്ക്കു നൽകിയ ആ ചെറിയ പ്രതീക്ഷയെപ്പോലും തല്ലിക്കെടുത്താനുള്ള കുടിലശ്രമമാണ്. അത് കണ്ടില്ലെന്ന് നടിക്കാനിവില്ല.

ദുഷ്ടന്മാരുടെ ദുർവ്യാഖ്യാനങ്ങൾക്കെതിരെ നാം കരുതിയിരിക്കുക. നിങ്ങൾ എന്തിന് ഹിന്ദുക്കളെ കുറ്റപ്പെടുത്തുന്നു, ചിലർ ചോദിക്കുന്നു. ജമ്മുവിൽ സത്യം പുറത്തുകൊണ്ടുവരാൻ പണിപ്പെടുന്നത് ഹിന്ദുക്കളല്ലേ. വേണ്ട, നിങ്ങളുടെ കുടിലത, ഞാൻ ഇക്കൂട്ടരോടു പറയുന്നു.  ആരു പറഞ്ഞു ഇവിടെ, ഹിന്ദുക്കളെല്ലാം കുറ്റക്കാരാണെന്ന്. ആരും പറഞ്ഞില്ല. കുറ്റക്കാർ ഹിന്ദുക്കളാകാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടമാത്രയിൽ ദേശീയപതാകയുമേന്തി ഹിന്ദുമതത്തിൻറെ പേരിൽ കുറ്റാരോപിതർക്കു വേണ്ടി രംഗത്തിറങ്ങിയ കശ്മലൻമാരെ മാത്രമേ ഇവിടെ മനുഷ്യത്വം നശിക്കാത്തവർ കുറ്റപ്പെടുത്തിയിട്ടുള്ളൂ. അതു കണ്ടില്ലെന്നു നടിക്കുന്നവർ ഹിന്ദുത്വവാദത്തെ സഹായിക്കുന്നവർ തന്നെയെന്ന് തിരിച്ചറിയാൻ അതിബുദ്ധിയൊന്നും വേണ്ട. ബിജെപിയും സംഘവും ഇപ്പോൾ നടത്തുന്ന മലക്കംമറിച്ചിൽ ശ്രമങ്ങൾ സംശയകരങ്ങൾ തന്നെയാണ്. കേസിൽ പ്രതികളാക്കപ്പെട്ടവരോട് സംഘപരിവാരശക്തികൾക്ക് ഇത്ര കൂറു തോന്നേണ്ടതുണ്ടായിരുന്നോ?  അവരായിരിക്കില്ല യഥാർത്ഥപ്രതികൾ എന്ന് വീണ്ടും വീണ്ടും ബിജെപി വക്താക്കൾ സൂചിപ്പിക്കുന്നത് എന്തുകൊണ്ടാണ്? ആ കുറ്റപത്രം ഇവർ പറയുന്നതുപോലം ദുർബലമാണെങ്കിൽ അതു സമർപ്പിക്കാതിരിക്കാൻ ഇത്ര കാര്യമായി പരിശ്രമിച്ചതെന്തിന്?

രൌദ്രഹനുമാൻറെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ സംസാരിച്ചപ്പോൾ ചിലർ ചോദിച്ചു, മതചിഹ്നങ്ങൾ മുസ്ലിം-ക്രിസ്തീയസമുദായക്കാർ പ്രദർശിപ്പിക്കുന്നത് നിങ്ങൾക്ക് പ്രശ്നമല്ലല്ലോ. തെറ്റായ താരതമ്യങ്ങളെ തിരിച്ചറിയാനുള്ള ചിന്താശക്തി ആർജ്ജിച്ചിട്ടില്ലാത്ത ഈ കൂട്ടരോട് ഞാൻ പറയുന്നു — മതചിഹ്നങ്ങൾ പൊതുവിടങ്ങളിൽ പാടില്ലെന്നു പറയുന്ന മതേതരരുണ്ട്. ആ കൂട്ടത്തിൽ ഞാനില്ല. പക്ഷേ അക്രമാസക്തമായ മതചിഹ്നങ്ങൾ ആർക്കും നന്നല്ല. അവയെ മാരകരോഗാണുക്കളെപ്പോലെ ഉന്മൂലനം ചെയ്യണം. രൌദ്രഹനുമാനെ ഇവിടേയ്ക്കു ക്ഷണിക്കാൻ എന്താ,  കത്തിച്ചും കൊന്നും ചാരമാക്കേണ്ട ലങ്കാപുരിയാണോ കേരളം ? പറയൂ, ആരെയാണ് ഈ രൌദ്രഹനുമാൻ കൊല്ലേണ്ടത് ?ആരാണ് രാക്ഷസന്മാർ ? ആരാണ് നിങ്ങളുടെ വിഭീഷണൻ ? നിങ്ങൾക്കു തീയിട്ടു നശിപ്പിക്കാനുള്ള ലങ്കയല്ല, ഈ കേരളം, നിങ്ങൾ ഈ ചിഹ്നം പിൻവലിക്കുക തന്നെ വേണം. അഹങ്കാരിയായ ആയുധധാരിയെ മര്യാദ പഠിപ്പിച്ച ജ്ഞാനവൃദ്ധനായ ഹനുമാൻ പ്രത്യക്ഷപ്പെടുന്ന ആ മഹാഭാരതരംഗത്തെ അനുപമമായ രീതിയിൽ ഭാവനയ്ക്കു നൽകുന്ന കുഞ്ചൻറെ ആ ചിത്രീകരണം മതി ഞങ്ങൾക്ക്. ആയുധവും കായികബലവും മനസ്സിനെ അന്ധമാക്കുന്നതെങ്ങനെ എന്നു ഭീമനെ പഠിപ്പിച്ച ഹനുമാൻ നിങ്ങളുടെ മനസ്സിലും വെളിച്ചമുണ്ടാക്കട്ടെ.

ഞാൻ ഹിന്ദു തന്നെയോ എന്നൊക്കെ ചിലർ ചോദിക്കുന്നു. ശരിയാണ്, വിശ്വാസം കൊണ്ട് ഏതെങ്കിലുമൊരു മതത്തിൽ മാത്രം വിശ്വസിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ സവർണഹിന്ദുത്വം അത്ര വേഗത്തിൽ  അഴിച്ചിടാവുന്ന ഒരു കുപ്പായമല്ല. അതഴിക്കുന്നത് ഒരുപക്ഷേ ഒരു മുഴുവൻ ജന്മത്തിൻറെയും വേലയാണ്.  ക്ഷേത്രങ്ങളിൽ മുറയ്ക്കു പോകാത്തതുകൊണ്ടോ ആചാരങ്ങൾ പാലിക്കാതിരിക്കുന്നതുകൊണ്ടോ ഒന്നും അഴിഞ്ഞുപോകുന്ന ഒരാവരണമല്ല സവർണഹിന്ദുനില. വിഗ്രഹാരാധനയിൽ വിശ്വസമില്ലെങ്കിലും സവർണഹിന്ദുക്കൾ ബന്ധുക്കളുടെ വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും പോകാറുണ്ട്. ഉത്സവങ്ങൾക്കു പോകാറുണ്ട്. സാമൂഹ്യ ഇടപെടലുകളധികവും സവർണഹിന്ദുക്കളുമായിയാകാറുണ്ട്. എൻറെ ജീവിതത്തെ ഇന്നും സവർണഹിന്ദു സംസ്കാരം കാര്യമായി ബാധിക്കുന്നുണ്ട്.

മലയാളികളായ ഹിന്ദുസ്ത്രീകളോട് ചിലത് ചോദിക്കട്ടെ — അടുത്തിടെ ഏറ്റവുമധികം മതപ്രഭാഷണങ്ങൾക്കു വിധേയരായ കൂട്ടരാണല്ലോ നിങ്ങൾ. ഞാൻ ഹിന്ദുമതത്തെപ്പറ്റി പഠിച്ചതെല്ലാം ഭക്തയായ മുത്തശ്ശിയിൽ നിന്നാണ്. ഈശ്വരനെ കാണാൻ ഓരോ നിമിഷവും കാത്തുനിന്ന ഒരു വയോധികയായിരുന്നു അവർ. ഈശ്വരൻ ഏതു രൂപത്തിലും എപ്പോഴും നമ്മുടെ മുന്നിലെത്താം, അതുകൊണ്ട് ഒന്നിനോടും ക്രൂരത അരുതെന്ന് പറഞ്ഞ തന്ന സ്ത്രീ. സഹായം ചോദിച്ചുവരുന്ന ആരും ദൈവമാകാം, അതുകൊണ്ട് ജാതിയോ മതമോ ചോദിക്കരുത്, എന്തിന്, പട്ടിയായോ പൂച്ചയായോ ഈശ്വരൻ നമ്മുടെ മുന്നിലെത്താം, അതുകൊണ്ട് അവയ്ക്കും കരുതൽ മാത്രം കൊടുക്കുക എന്ന ഉപദേശമാണ് ഞാൻ തിരിച്ചറിഞ്ഞ ഹിന്ദുവിശ്വാസം. ശ്രീനാരായണചിന്തയോളം വിമതത്വമില്ലെങ്കിലും ചീഞ്ഞ ജാതിചിന്തയിൽ വേരോടിയ മതപ്രയോഗങ്ങളോട് യോജിക്കാത്ത ഈശ്വരവിശ്വാസം തന്നെയായിരുന്നു അത്.

അതൊന്നുമല്ല ഇപ്പോഴത്തെ മതപ്രസംഗങ്ങളിൽ എന്നറിയാം.

വിശ്വാസമെന്നതിനെ മതത്തിൽ നിന്ന് അടർത്തിമാറ്റിക്കൊണ്ടുള്ള പോർവിളികളെയാണ് ഹിന്ദുത്വം ഹിന്ദുമതമായി അവതരിപ്പിക്കുന്നത്. ഇവരുടെ കണക്കിൽ ഹിന്ദുമതമെന്നാൽ ചില പ്രത്യേക കൂട്ടരുടെ ഇടുങ്ങിയ ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന വെറും ജഡവസ്തുമാത്രമാണ്. ജമ്മുവിലെ ഗ്രാമപ്രമുഖരാകാം, ഉത്തർപ്രദേശത്തിലെ ബിജെപിമേലാളരാവാം,  രാജസ്ഥാനിലെ ചെറുകിട മുതലാളിമാരാകാം– ഹിന്ദുസമുദായത്തിൽ ജനനംകൊണ്ടു മാത്രം കയറിപ്പറ്റിയ പ്രമാണിമാർ ആരുമാകാം. അവർക്കു വേണ്ടി ഹിന്ദുമതത്തെ മറയായി ഉപയോഗിക്കാൻ യാതൊരു മടിയുമില്ലാത്ത ഒരു കൂട്ടമാണ് ഇന്ന് ഹിന്ദുമതത്തിൻറെ രക്ഷകസ്ഥാനത്തേറിയിരിക്കുന്നത്. ഇതൊന്നുമല്ലെങ്കിൽ, വ്യക്തികളുടെ പലവിധ ജീവിതപ്രശ്നങ്ങൾക്ക് മറുമരുന്നായി മാറിയിരിക്കുന്നു മതം. ഇന്ന ക്ഷേത്രത്തിൽ പോയി ഇന്ന പൂജ ചെയ്താൽ വിവാഹം നടക്കും, കഷ്ടകാലം മാറും എന്നൊക്കെയുള്ള ആ താണതരം വിശ്വാസം ഒരു വൻകച്ചവടമായിത്തന്നെ കലാശിച്ചിരിക്കുകയാണ്. ഇവിടെയും വിശ്വാസം പിൻതള്ളപ്പെടുകയും ഉപകരണയുക്തി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഇന്ന് മൂർച്ഛിച്ച് മൂർദ്ധന്യത്തിലെത്തിയിരിക്കുന്നു.  ആറ്റുകാൽ ക്ഷേത്രത്തിലെ ശാന്തമൂർത്തിയെ — കൊച്ചുപെൺകുട്ടിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുവെന്ന് ഐതീഹ്യമുള്ള ഭഗവതിയെ — പ്രാർത്ഥിക്കാൻ വർഷത്തിലൊരിക്കൽ തിരുവനന്തപുരത്തെത്തുന്ന ലക്ഷക്കണക്കിനു ഹിന്ദുസ്ത്രീകളെ ഒരു ക്ഷേത്രത്തിൽ വച്ച്, ് അതും ദേവീക്ഷേത്രത്തിൽ വച്ച്, ഒരു കൊച്ചുപെൺകുട്ടി അനുഭവിച്ച വർണാതീതമായ പീഡനത്തിത്തിൻറെ വാർത്ത അടിമുടി ഉലയ്കേണ്ടതല്ലേ? അതിൻറെ ലക്ഷണങ്ങൾ കാണുന്നില്ല എന്നത് നമ്മെ ഭയപ്പെടുത്തേണ്ടതാണ്.

ഈ കാപാലികർ ആരെയാണ് അവരുടെ സ്വാർത്ഥത്തിനുപയോഗിക്കുന്നതെന്ന് നിങ്ങൾ കാണുന്നുണ്ടോ? ഈ കേസിലാകട്ടെ, ഇതിനു മുൻപ് രാജസ്ഥാനിൽ പാവപ്പെട്ട ഒരു ബംഗാളി തൊഴിലാളിയെ വധിച്ച കൊടുംക്രൂരതയിലാകട്ടെ, ഇവർ ഉപയോഗിച്ചത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയാണ്. ഇന്ന് കേരളത്തിൽ ആൺമക്കളെ ഹിന്ദുത്വവാദപ്രചരണത്തിൻറെ ചട്ടുകങ്ങളാക്കുന്നുണ്ടെന്ന് വ്യക്തമാണ്. എത്രത്തോളം വിഷമാണ് ഇങ്ങനെ അന്ധരാക്കപ്പെട്ട ചെറുപ്പക്കാർക്കുള്ളിൽ എന്നതിനെക്കുറിച്ചുള്ള സൂചനയാണ് വിഷ്ണു നന്ദകുമാർ എന്ന ചെറുപ്പക്കാരൻറെ ഫേസ്ബുക്ക് സന്ദേശത്തിൽ.  സ്വന്തമായ ധാർമ്മികബോധം ലേശം പോലും ബാക്കിവയ്ക്കാതെ മുകളിൽ നിന്ന് നേതാക്കൾ ഒഴുക്കിവിടുന്ന വർഗീയവിഷത്തെ അപ്പടിവിഴുങ്ങി, അതിനെ ഇന്ധനമാക്കി മാത്രം പ്രവർത്തിക്കുന്ന യന്ത്രങ്ങളായാണ് ഈ ആൺകുട്ടികൾ വളരുന്നത്. എന്നാൽ ഇത് ചരിത്രത്തിൽ ആദ്യമായല്ല. നാത്സികൾ ജർമ്മനിയിൽ ഹിറ്റ്ലറെ രാജ്യപിതാവായി ഉയർത്തി അയാളുടെ ആജ്ഞകൾ മാത്രം അനുസരിക്കുന്നവരായി മാറിയതാണ്. അവിടെ യന്ത്രവത്ക്കരിക്കപ്പെട്ട ചെറുപ്പക്കാർ തങ്ങളുടെ പ്രസ്ഥാനത്തിൻറെ നേതാക്കൾ പറഞ്ഞത്  അതുപടി അനുസരിക്കാത്ത മാതാപിതാക്കളെയും സഹോദരങ്ങളെയും വധിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. തിരിച്ച്, മക്കളെ ഹിറ്റലറുടെ ഹിംസായന്ത്രത്തിന് ഇന്ധനമായി മാത്രം കണ്ട മാതാപിതാക്കളുമുണ്ട്. ലോകചരിത്രത്തിൽ എല്ലാത്തരം ദുഷ്ടതയും ഒടുവിൽ സ്വയം പൊട്ടിത്തെറിച്ച് സ്വയം പടർത്തിയ അഗ്നിയിൽ വെണ്ണീറാകുന്നു. ജർമ്മൻ ജനതയെപ്പോലെ ആ പാഠം പഠിച്ച് മറ്റൊരു കൂട്ടർ ഭൂമിയിലില്ല. നമുക്ക് ആ ഗതി വരാതിരിക്കട്ടെ.

കേരളീയകുടുംബങ്ങൾ ചെറുതാണ്. കുട്ടികളുടെ എണ്ണം കുറവാണ്. ഉള്ള രണ്ടു കുട്ടികളിൽ ഒരാളെ, അല്ലെങ്കിൽ രണ്ടു പേരെയും ഇങ്ങനെ ധാർമ്മിതസ്വയംസിദ്ധിയറ്റ യന്ത്രമാക്കുന്നതിലേക്ക് ഉഴിഞ്ഞിടാൻ നമുക്ക് ത്രാണിപോലുമുണ്ടോ ? ഈ കളിയിൽ ഏറ്റവും അവസാനത്തെ വിശകലനത്തിൽ, നഷ്ടം  പെറ്റ തള്ളയ്ക്കു തന്നെയാണ്, പെറ്റ വയറിനു മാത്രമാണ്. പുത്രദുഃഖം ദിനേ ദിനേ എന്നു പറയുന്നത് വെറുതേയാണോ? കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങൾ വളരെ വലിയൊരു ശതമാനം ഒറ്റയ്ക്കു പോറ്റുന്നത് അമ്മമാരാണ്.  ജീവിതം തന്നെ നൽകി വളർത്തിയ മക്കളെ നാട്ടിലെ ഹിന്ദുപ്രമാണിമാർക്ക്  ആയൂധങ്ങളായി ഉപയോഗിക്കാൻ വിട്ടുകൊടുക്കുന്നത് ഇവരോടു ചെയ്യുന്ന ഭയങ്കരമായ അനീതിയല്ലേ?

ഈ പ്രതിഷേധം നാം മുൻപും ഉയർത്തിയിട്ടുണ്ട് — ആദ്യമായല്ല കാഡർസംവിധാനത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ കേരളത്തിൽ ചെറുപ്പക്കാരെ പിടിച്ചെടുക്കുന്നത്. ഹിന്ദുത്വവാദികൾ മാത്രമല്ല ഇതു ചെയ്യുന്നത്. എന്നാൽ  കമ്മ്യൂണിസ്റ്റ്കക്ഷികളിൽ നിന്ന് തങ്ങൾ തീർത്തും വ്യത്യസ്ഥമാണെന്ന അവകാശവാദം നിരന്തരമുന്നയിക്കുന്ന ഹിന്ദുത്വകക്ഷികൾ നിലവിലുള്ള ഈ രോഗത്തെ ശമിപ്പിക്കാനല്ല, അതിനെ കുറേക്കൂടെ വഷളാക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന വസ്തുത കാണാതിരിക്കാൻ വയ്യ.

അവസാനമായി,  പച്ചയ്ക്കു തീ വച്ചു കൊല്ലും, ബലാത്സംഗം ചെയ്യും, കുടുംബത്തെ ഉന്മൂലനം ചെയ്യും എന്നൊക്കെ ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദികളോട് ഞാൻ പറയുന്നു — നിങ്ങൾ ഭഗവദ് ഗീത വായിക്കാൻ അല്പമൊന്നു മെനക്കെടൂ.  നൈനം ഛിന്ദതി ശസ്ത്രാണി, നൈനം ദഹതി പാവകഃ എന്നു ചിന്തിക്കൂ. അൻപതു വയസ്സു പ്രായമായ ഈ ദേഹത്തോടു നിങ്ങൾ കരുതുംപോലെ വലിയ ആസക്തിയൊന്നും ബാക്കിയില്ല. ഒന്നിലധികം ജന്മങ്ങളിലൂടെ കടന്നുപോകേണ്ടവരാണ് നാം എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലേ? അങ്ങനെയുള്ളവർ മരണത്തെ കണക്കറ്റു ഭയപ്പെടുമോ? വധഭീഷണി മുഴുക്കമോ? നിങ്ങൾ ഹിന്ദുക്കളാണോ?

വെറുപ്പും സ്വയം പൊട്ടിത്തെറിക്കും, അതുവരെ മാത്രമേ അഹന്തയ്ക് ആയുസ്സുള്ളൂ. പക്ഷേ ഇന്ത്യൻ ജനാധിപത്യം തൂണിലും തുരുംപിലുമുണ്ട്.

 

വാൽക്കഷണം

ഈ കുറിപ്പ് എഴുതിയതിനു ശേഷമാണ് ഈ റിപ്പോർട്ട് വായിക്കുന്നത്. ഇതിൽ ചാർമി ഹരികൃഷ്ണൻ എന്ന പത്രപ്രവർത്തകയും പത്മാ പിള്ള എന്ന സംഘപരിവാർ അനുകൂലിയും പ്രതികരിച്ചിരിക്കുന്നു. ചാർമി ഹരികൃഷ്ണൻ ധരിക്കുന്നതു പോലെ ലളിതമല്ല , സാംസ്കാരികചിഹ്നങ്ങളുടെ തെരെഞ്ഞെടുപ്പ്. ഭക്തഹനുമാൻ രൌദ്രഹനുമാന് വഴിമാറുന്നത് കേവലം ആകസ്മികമായല്ല. അതിനു പിന്നിലെ രാഷ്ടീയം തിരിച്ചറിയാനാകാത്തത് ഇന്ന് ഇന്ത്യയിലെ ധനിക-മദ്ധ്യവർഗങ്ങളെ ബാധിച്ചിരിക്കുന്ന സൌകര്യപൂർണമായ അന്ധത മൂലമാണ്. സ്വതന്ത്രതെരെഞ്ഞെടുപ്പുകളാണ് നാം നടത്തുന്നതെന്നത് വളരെ ഉപരിപ്ളവമായ നിരീക്ഷണമാണ്.  ആ തീരുമാനങ്ങളെ സ്വാധീനിക്കുന്ന രാഷ്ട്രീയത്തെ കണക്കാക്കേണ്ടതില്ല എന്നാണതു സൂചിപ്പിക്കുന്നത്. രൌദ്രഹനുമാൻറെ ചിത്രത്തിനു കിട്ടുന്ന പ്രചാരവും കഠ്വായിലെ കൊലയും തമ്മിൽ നേരിട്ടു ബന്ധമില്ല അതു കൊണ്ട് ഈ വിഷയം ഇവിടെ പ്രസക്തമല്ല എന്ന അവരുടെ അവകാശവാദവും  ഉപരിപ്ളവതയുടെ പ്രകാശനം മാത്രമാണ്. ഇന്ന് ഹിന്ദുത്വം ഹിംസാത്മകമായ ചിഹ്നങ്ങൾ കൊണ്ട് പൊതുവിടം നിറയ്ക്കുന്നത്എന്തിനാണെന്ന് ബോധപൂർവ്വമായ അന്ധത കൊണ്ടുനടക്കാത്ത ആർക്കും മനസിലാകും.  അവ പ്രചരിപ്പിക്കുന്ന ട്രൈവർമാരെ മാത്രമല്ല ഞാൻ ഉന്നംവയ്ക്കുന്നതെന്നും ആ ടിവി പരിപാടി ശ്രദ്ധിച്ചിരുന്നെങ്കിൽ മനസിലായേനെ.

പക്ഷേ ശ്രീമതി പിള്ളയുടെ പ്രതികരണമാണ് ഞാൻ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ നല്ലതുപോലെ ഉറപ്പിക്കുന്നത്. രൌദ്രഹനുമാൻ ചിത്രങ്ങളുള്ള ട്രൈവർമാർക്ക് 50 രൂപ അധികം കൊടുക്കും അവരെന്നുപോലും . സംഘപരിവാർ അനുകൂലികൾക്ക് നാണം തീരെയില്ലെന്നതിന് തെളിവുതന്നെയാണിത്. ഈ പത്മാ പിള്ള ഇത്ര വലിയ പണക്കാരിയാണോ ?അതോ അവരുടെ കക്ഷി ശിങ്കിടിമുതലാളിമാരിൽ നിന്നും വാങ്ങുന്ന സംഭാവന ഇതുപോലെ കൈക്കൂലി കൊടുത്ത് അനുനായികളെ  ഉണ്ടാക്കാൻ അവരോടു പറഞ്ഞിട്ടുണ്ടോ? എത്ര വൃത്തികേടാണിത് — വിശ്വാസിയാണെങ്കിൽ ആരെന്തു പറഞ്ഞാലും വിശ്വാസത്തെ പ്രകടിപ്പിക്കാൻ ശ്രമിക്കും. അതിനു കൈക്കൂലി ആവശ്യമാവില്ല !! മറ്റേതു മൂന്നാംകിട രാഷ്ച്രീയക്കാരെയും പോലെ നിങ്ങളും ഇങ്ങനെയാണ് ആളെക്കൂട്ടുന്നത്. ശ്രീമതി പിള്ളയ്ക്ക് അതു വിളിച്ചു പറയാൻ ലവലേശം മടിയുമില്ല. നാണംകെട്ടവരുടെ ആസനത്തിൽ നിന്ന് ആൽമരം മുളച്ചു പൊന്തിയാലും അതൊരു തണലായി കരുതുമെന്ന് പണ്ടാരോ പറഞ്ഞത് വെറുതേയല്ല.

——————-

അടുത്ത ആഴ്ച — ഏപ്രിൽ 23-ാം തീയതി – തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലായി മലയാളി പൊതുജീവിതത്തിൽ ഒരുവിധത്തിൽ, അല്ലെങ്കിൽ മറ്റൊരു വിധത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളുടെ ഒരു കൂടിച്ചേരൽ — ഒരു ഉപവാസം –രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നടക്കുന്നുണ്ട്. ഞാനും പോകുന്നുണ്ട്  ജമ്മുവിൽ നടന്ന കൊടുംപാതകത്തിൽ പ്രതിഷേധിക്കാനും ഇന്ത്യൻ മദ്ധ്യവർഗാംഗങ്ങളെന്ന നിലയ്ക്ക് നാടോടി സഹോദരങ്ങളോട് മാപ്പിരക്കാനുമുള്ള അവസരമായിയാണ് ഞാൻ ഇതിനെ കാണുന്നത്.

7 thoughts on “മഹാനരകങ്ങൾക്കെതിരെ : ഏപ്രിൽ 23ൻെറ പ്രതിഷേധക്കൂട്ടയ്മയ്ക്കു വേണ്ടി ഒരു കുറിപ്പ്”

 1. രാഷ്ട്രീയ ദുഖ०, സാമൂഹ്യ ദുഖം, മതദുഖ०, ജാതിദുഖ०, വ്യക്തിദുഖ० , ദാർശനിക ദുഖ० എല്ലാ० ചേർന്ന്… പ്രതിഷേധ०, സമരം, ഉപവാസം ഇതിൻറെയെല്ലാ० ഉറവിടമാവുന്ന സങ്കടങ്ങൾ. ..

  Like

 2. https://www.thenewsminute.com/article/kerala-activists-boycott-cabs-angry-hanuman-why-target-drivers-ask-others-79769?amp

  My response to Charmy Harikrishnan is that she has got it ALL wrong. As I argue in the post above the choice of the image of Hanuman is not some innocent neutral free choice as she seems to think. We are not living in such an utopia for sure. There is a politics of choice here which is dangerous. And I am not hypocritical enough to shed crocodile tears about targeting poor drivers. Anyway I said explicitly that I am boycotting not just the drivers but anyone who spreads this poison. She implies that I subscribe to some simplistic position on free speech which I don’t! She may be in a social location which lets you imagine that india is still a free country for the majority while there is mounting evidence that it is not, for the huge mass of people.

  As for Padma Pillai, this is exactly what we may expect. This is how the Sangh Parivar, no exception in India’s political landscape on this, spends it’s ill-gotten wealth — for bribery and what not. It is this vile gang that has repeatedly debased hindu faith by stooping lower and lower. Ms Pillai doesn’t mind paying people to advertise the violent symbols rolled out from her vicious ideology. And she thinks it is OK to declare that in public. What more should I say?

  Like

 3. I’m tempted to believe that the current call for a taxi boycott in Kerala by a group of middle-class activists and the counter-call by individuals belonging to another ‘savarna’ group is a menace to the already created religious-political tension there in the post-kathuva period. The government has no intention to keep law and order in the country but to destroy it and to take advantage of it. It’s nothing new in India, where violent crash and autocracy was committed by the previous Congress and more especially by a ‘savarna’ lady. BJP, a fascist political party is more outrageous than its counterparts and uses religious symbols to meet their end. If I say honestly, India is already sick and tired of this kind of ‘savarna’ shows. There are a few members of them getting ashamed of what is happening there, true. Hindu is a term abused not in the past four hundred but for more than two thousand years. And those who have benefited out of all those are the ‘savarnas.’ The real fight in India and Kerala is the majority versus the ‘savarnas.’ Sorry to say, that makes this kind of shows a Sunday school picnic.

  Like

  1. Totally agree. Only if we could just ignore these symbols and treat them as powerless. But they are not.

   Like

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s