സ്ത്രീവാശിയുടെ ആവശ്യകത :ശബരിമലപ്രശ്നം, സ്ത്രീകൾ, സാമൂഹ്യജനാധിപത്യം

അഭിനവ അച്ചിയാകാൻ എനിക്കു സമ്മതമില്ല. അതുകൊണ്ട് രാഹുൽ ഈശ്വറെ എന്തുവില കൊടുത്തും ഞാൻ എതിർത്തു തോൽപ്പിക്കും.

കുറേ സ്ത്രീകളെ തെരുവിൽ കൊണ്ടുവന്ന് ആചാരസംരക്ഷണത്തിൻറെ പേരിൽ സ്വന്തം താത്പര്യങ്ങൾക്കെതിരെ സംസാരിപ്പിക്കുക, അവരുടെ പൊതുജീവിതപരിചയമില്ലായ്മയുടെ ഫലങ്ങൾ കൊയ്തെടുക്കുക (പിണറായിയെ ജാതിത്തെറി വിളിച്ച ആ വിഡ്ഢിസ്ത്രീ തന്നെ ഉദാഹരണം), ബ്രാഹ്മണമൂല്യങ്ങൾ തങ്ങൾക്കു സമ്മാനിക്കുന്ന അപമാനഭാരത്തെ ആത്മീയസായൂജ്യമായി എണ്ണുന്ന അഭിനവ അച്ചി-സ്ഥാനത്തെ ഉത്തമസ്ത്രീത്വമായി ചിത്രീകരിക്കുക –ഇതൊക്കെയാണ് ശബരിമലപ്രശ്നത്തിൽ കേരളത്തിലെ ഹിന്ദുത്വശക്തികൾ ചെയ്തുകൊണ്ടിരിക്കുന്നത്.

മലയാളിസ്ത്രീകളുടെ ചരിത്രത്തിൽ ഏറ്റവും അപകടം പിടിച്ച മുഹൂർത്തങ്ങളിൽ ഒന്നാണിത്. കേരളത്തിൽ ആധുനികപൂർവകാലത്തു നിലനിന്നിരുന്ന ബ്രാഹ്മണകേന്ദ്രിതമായ ജന്മഭേദവ്യവസ്ഥയിലെ ലിംഗമൂല്യങ്ങളെ പുനഃസൃഷ്ടിക്കാനുള്ള ഈ കുത്സിതശ്രമത്തെ എന്തു വിലയും കൊടുത്ത് തോൽപ്പിക്കേണ്ടതുണ്ട്.  അതിനെ തോൽപ്പിക്കാനുള്ള വഴി മലയാളികളുടെ ചരിത്രാനുഭവങ്ങളിൽ തന്നെയുണ്ട്. ആ മൂല്യത്തെ ഞാൻ സ്ത്രീവാശി എന്നു വിളിക്കുന്നു. അഭിനവ അച്ചിയെ നേരിടാൻ ഇന്നു നാം സജ്ജീകരിക്കേണ്ടത് സ്ത്രീവാശിയെ ആണ്.

എന്താണ് സ്ത്രീവാശി ? സമകാലിക കേരളത്തിലെ ജനാധിപത്യവത്ക്കരണ സമരങ്ങളുടെ മുൻകൈ സ്ത്രീകൾ പിടിച്ചുവാങ്ങിയിരിക്കുന്നു എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മൂന്നാറിലെ തോട്ടം തൊഴിലാളികൾ മുതൽ കന്യാസ്ത്രീകൾ വരെ ഈ മുൻകൈ പങ്കുവയ്ക്കുന്നവരായി ഉണ്ട്. ഇതു സ്ത്രീവാശിയുടെ പുതിയ തരംഗം മാത്രമാണെന്നാണ് എനിക്കു പറയാനുള്ളത് — അതായത്, സ്ത്രീവാശിക്ക് മലയാളിസമൂഹത്തിൽ ആഴത്തിൽ പഴക്കമുണ്ട്, പുരുഷകേന്ദ്രിത മുഖ്യധാരാചരിത്രവും അരികുവത്ക്കരിക്കപ്പെട്ടവരുടെ ചരിത്രങ്ങളെന്ന് അവകാശപ്പെടുന്നവയിൽ പലതും അതു കാണാൻ കൂട്ടാക്കാറില്ലെങ്കിലും.

സ്ത്രീവാശി എന്ന വാക്കിനെ തെക്കൽ കേരളത്തിലെ മിഷണറിമാരിൽ ഒരാളാണ് ചരിത്രത്തിൽ ദൃശ്യമാക്കിയത്. അദ്ദേഹം അഭിനന്ദനമായല്ല അതു പറഞ്ഞത്. മറിച്ച്, പുരുഷകേന്ദ്രിത വിക്ടോറിയൻ സദാചാരത്തിന് സൌകര്യപ്രദമായ ചില മാറ്റങ്ങൾ ആചാരത്തിൽ നേടിയെടുത്താൽ അതു ധാരാളമാണെന്ന സമാവായത്തെ അട്ടിമറിച്ച കീഴ്ജാതിസ്ത്രീകളുടെ പെരുമാറ്റത്തെയാണ് അദ്ദേഹം ഈ വാക്കുകൊണ്ട്  ശാസനാരൂപത്തിൽ സൂചിപ്പിച്ചത്. ഇതുണ്ടായ സന്ദർഭം തെക്കൻ തിരുവിതാംകൂറിനെ പിടിച്ചുകുലുക്കിയ ചാന്നാർ ലഹളയാണ്. മേൽമുണ്ടിട്ടുകൊണ്ട് നായർ മേധാവിത്വത്തെ വെല്ലുവിളിക്കാൻ നടത്തിയ ശ്രമത്തെ റൌക്കയിട്ട് അടക്കമൊതുക്കമുള്ള ക്രിസ്തീയസ്ത്രീകളാകാനുള്ള ശ്രമമായി ചുരുക്കുന്നത് മിഷണിറിമാരെ സംബന്ധിച്ചിടത്തോളം സൌകര്യപ്രദമായ എളുപ്പവഴിയായിരുന്നു. ബ്രാഹ്മണമൂല്യങ്ങളുടെ സംരക്ഷകരായ തിരുവിതാംകൂർ ഭരണം റൌക്കയിട്ടു മാറുമറയ്ക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ അതിൽ തൃപ്തരാവാതെ റൌക്കയും മേൽമുണ്ടും ധരിക്കുമെന്ന് വാശിപിടിക്കുന്ന സ്ത്രീകളാണ് നായന്മാരെ പ്രകോപിപ്പിക്കുന്നതെന്ന് പരാതിപറയുകയായിരുന്നു ഈ മിഷണറി — സ്ത്രീവാശിയാണ് സാമൂഹ്യസമാധാനത്തിന് വിനയായതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ.

അപ്പോൾ സ്ത്രീവാശിയെന്നാൽ ഉപരിപ്ളവമായ മാറ്റങ്ങൾകൊണ്ട് തൃപ്തരാകാത്ത, കാതലായ സാമൂഹ്യജനാധിപത്യവത്ക്കരണം തന്നെ വേണമെന്നു ശഠിക്കുന്ന മൂല്യമാണ്. കേരളത്തിൽ അത്  പത്തൊൻപതാം നൂറ്റാണ്ടിൽ  ഉയർത്തിക്കൊണ്ടുവന്നത് ഇവിടുത്തെ  തെക്കൻ തിരുവിതാംകൂറിലെ കീഴ്ജാതിസ്ത്രീകളാണ് — അവരുടെ പേരുകൾ പോലും ചരിത്രത്തിൽ ഇല്ലെന്നത് വ്യസനകരമായ കാര്യം.

എന്നാൽ സ്ത്രീവാശിക്ക് ഇതിലും പഴക്കമുണ്ടെന്നാണ് എൻറെ വിശ്വാസം. മുല ചെത്തിക്കളഞ്ഞ് മുലക്കരത്തെ എതിർത്ത നങ്ങേലിയുടെ കാലത്തോളമെങ്കിലും. അതു ചരിത്രസംഭവമാണെങ്കിൽ, നടന്നത് ഒരുപക്ഷേ പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യവർഷങ്ങളിലാകാം. നങ്ങേലിയുടെ കഥയിലാണ് സ്ത്രീവാശിയുടെ മുഴുവൻ ശക്തിയും ആദ്യമായി പ്രത്യക്ഷമാകുന്നത്. അതു കഥയല്ലേ എന്ന് ഒരൊറ്റ ഹിന്ദുത്വവാദിയും ചോദിച്ചു പോകരുത്. അയ്യപ്പൻറെ കഥ വിശ്വാസമാണെങ്കിലും ഇതും അങ്ങനെത്തന്നെ. എന്നാൽ നങ്ങേലിയുടെ കഥയെ മേൽജാതിക്കാരായ കാമവെറിയന്മാരോടുള്ള പ്രതികരണമായിക്കാണുന്നത് ആ മഹതി സാദ്ധ്യമാക്കിയ സാമൂഹ്യതുറവിയെ കുറച്ചുകാണിക്കലാണെന്നാണ് എൻറെ  അഭിപ്രായം.

നങ്ങേലിയുടെ സമകാലികപ്രസക്തി അറിയണമെങ്കിൽ കേരളത്തിൽ അന്ന് നിലവിലുണ്ടായിരുന്ന ബ്രാഹ്മണകേന്ദ്രിത ജാതിവ്യവസ്ഥയുടെ സൂക്ഷ്മസ്വഭാവം തിരിച്ചറിയണം.

ആധുനികപൂർവ ബ്രാഹ്മണവ്യവസ്ഥയിൽ കേരളം ബ്രാഹ്മണരുടെ സ്വർഗസങ്കല്പത്തെ ഭൂമിയിൽ സാക്ഷാത്ക്കരിച്ച ഇടമാണ്. സ്ത്രീകളെ കുലീന, വേശ്യ, ഭൃത്യ എന്നിങ്ങനെയുള്ള ബ്രാഹ്മണശ്രേണീസങ്കല്പമനുസരിച്ചാണ് വേർതിരിച്ചിരുന്നത്. അവർക്ക് വ്യത്യസ്ഥ ധർമ്മങ്ങളും ഈ ശ്രേണിപ്രകാരമാണ് കല്പിക്കപ്പെട്ടിരുന്നത്. കുലീന എന്നാൽ കുലത്തിൻറെ — പിതൃകേന്ദ്രിതവും പിതൃദായപ്രകാരവുമുള്ള കുലത്തിൻറെ — തുടർച്ച ഉറപ്പാക്കുന്നവൾ എന്നർത്ഥം. കുലീനകളായി ഇവിടെ എണ്ണപ്പെട്ടിരുന്നത് ബ്രാഹ്മണസ്ത്രീകളാണ്. കുടുംബത്തിൻറെ തുടർച്ച, യാതൊരു കലർപ്പും കൂടാതെ, നിലനിൽക്കാൻ വേണ്ടിയാണ് ബ്രാഹ്മണസ്ത്രീകളുടെ മേൽ ലോകത്തിലുണ്ടായിട്ടുള്ള ഏറ്റവും കടുത്ത അസ്വാതന്ത്ര്യങ്ങൾ അന്ന് അടിച്ചേൽപ്പിച്ചിരുന്നത്. വേശ്യയ്ക്ക് ഇന്നത്തെ അർത്ഥമല്ല ഉണ്ടായിരിന്നത്. വേശ്യയെന്നാൽ ആനന്ദിപ്പിക്കുന്നവൾ എന്നായിരുന്നു. ബ്രാഹ്മണരെയും മറ്റ് മേൽജാതിപുരുഷന്മാരെയും ആനന്ദിപ്പിക്കുന്നവൾ എന്നായിരുന്നു വേശ്യയുടെ അർത്ഥം. കേരളം ഭൂമിയിലെ  ബ്രാഹ്മണസ്വർഗമായി സങ്കല്പിക്കപ്പെടുംപോൾ ബ്രാഹ്മണർ ഭൂദേവന്മാരായി കണക്കാക്കപ്പെടുന്നു — അപ്പോൾ ഇവിടുത്തെ ശൂദ്രവർഗം ബ്രാഹ്മണരെ സേവിക്കാനും ആനന്ദിപ്പിക്കാനുമുള്ള വർഗമാകുന്നു. അപ്പോൾ ശൂദ്രസ്ത്രീധർമ്മം ബ്രാഹ്മണരെ ആനന്ദിപ്പിക്കലാകുന്നു. കുലീനയ്ക്കു ബ്രാഹ്മണ കുലത്തിൻറെ തുടർച്ച ഉറപ്പാക്കുന്നവൾ എന്നതായിരിന്നു ധർമ്മമെങ്കിൽ, ശൂദ്രസ്ത്രീയുടെ ധർമ്മം അവരെ സേവിക്കലും  ആനന്ദിപ്പിക്കലുമായിരുന്നു. മൂന്നാമത്തെ ഭൃത്യാധർമ്മം, കീഴ്ജാതിസ്ത്രീകളുടെ മേലാണ് കെട്ടിവയ്ക്കപ്പെട്ടത്. ബ്രാഹ്മണസ്വർഗത്തിൽ ദേവന്മാർ അമൃത് ഭക്ഷിച്ചതുകൊണ്ട് മരണമില്ലാത്തവരാകുന്നു. എന്നാൽ ഭൂമിയിലെ ബ്രാഹ്മണസ്വർഗത്തിൻറെ നിലനിൽപിന് മനുഷ്യാദ്ധ്വാനം കൂടാതെ കഴിയില്ലല്ലോ.  ദൈനംദിനതലത്തിൽ അതു തുടരണമെങ്കിൽ കീഴ്ജാതിക്കാരുടെ അദ്ധ്വാനത്തെയും വിധേയത്വത്തെയും ഉറപ്പാക്കണം. അത് അദൃശ്യം തന്നെയുമായിരിക്കണം. ദൈനംവിനതലത്തിൽ ഈ ബ്രാഹ്മണ സ്വർഗത്തെ പുനർനിർമ്മിച്ചത് കീഴ്ജാതിക്കാരുടെ അദ്ധ്വാനമാണ് – അതിനെ ഏറ്റവും അദൃശ്യമാക്കി വയ്ക്കാനുള്ള മാർഗങ്ങളായിരുന്നു ഇവിടുത്തെ ജാതി ആചാരങ്ങളിൽ വലിയൊരു പങ്കും.   തലമുറകളിലൂടെയുള്ള ഇതിൻറെ തുടർച്ച ബ്രാഹ്മണസ്ത്രീകളുടെ പ്രജനന അദ്ധ്വാനത്തിലൂടെയാണ് ഉറപ്പാക്കിയിരുന്നത്.  അതുകൊണ്ടു തന്നെയാണ് അവരെ എല്ലാവിധത്തിലും അദൃശ്യമാക്കി നിർത്താനുള്ള മാമൂലുകൾ അന്ന് ഉറപ്പിക്കപ്പെട്ടിരുന്നത്. കീഴ്ജാതിക്കാരികളെ ഭൃത്യാസങ്കല്പത്തിൽ തളച്ച് അവരുടെ മനുഷ്യനിലയെ ആകെനിഷേധിച്ച് അവരെ ഏതു തരത്തിലുമുള്ള അദ്ധ്വാനം മാത്രമായി ചൂഷണം ചെയ്യുന്ന ദുഷ്ടവ്യവസ്ഥയായിരുന്നു മലയാള ബ്രാഹ്മണർ ഇവിടെ ന്യായീകരിച്ചു സ്ഥാപിച്ചതും ക്ഷത്രിയരും സാമന്തരും നടത്തിക്കൊടുത്തതുമായ ജന്മഭേദവ്യവസ്ഥ.

ഇതിൽ  പതിതരെന്നും നീചരെന്നും വേർതിരിക്കപ്പെട്ടിരുന്ന കീഴ്ജാതിക്കാർ മേൽപ്പറഞ്ഞ ഭയങ്കരമായ ചൂഷണവും അടിച്ചമർത്തലും അനുഭവിക്കേണ്ടി വന്നത് രണ്ടു രീതികളിലാണ്. നീചജാതിക്കാരുടെ മനുഷ്യത്തെ പാടെ നിഷേധിച്ചുകൊണ്ട് മേൽജാതിക്കാർക്ക് എപ്പോഴും എങ്ങനെയും ഉപയോഗിക്കാവുന്ന  അദ്ധ്വാനശേഷി മാത്രമായി അവരെ കാണുന്ന രീതിയാണുണ്ടായിരുന്നത്. പ്രായോഗിക-പ്രത്യേകസാഹചര്യത്തിൽ ഇതിൻറെ ക്രൌര്യം കൂടിയോ കുറഞ്ഞോ ഇരുന്നു, പക്ഷേ തത്വത്തിൽ ഇതായിരുന്നു രീതി. പതിതജാതിക്കാരുടെ കാര്യം അല്പം വ്യത്യസ്തമായിരുന്നിരിക്കാനിടയുണ്ട് എന്നാണ് എൻറെ തോന്നൽ. അതായത്, പല തരം ശരീരകേന്ദ്രിതമായ കരങ്ങൾ (തലക്കരം, മുലക്കരം, മീശക്കരം മുതലായവ) പതിതജാതിക്കാരിൽ അടിച്ചേൽപ്പിച്ച് ഉപാധികളോടു കൂടിയുള്ള ഭാഗിക മനുഷ്യശരീരം അവർക്ക് അംഗീകരിച്ചു കൊടുത്തിരുന്ന രീതിയാണ് പ്രയോഗിക്കപ്പെട്ടത്.  ലളിതമായിപ്പറഞ്ഞാൽ, കരം കൊടുത്ത് മനുഷ്യശരീരമായി അംഗീകരിക്കപ്പെടേണ്ട ദുരവസ്ഥ !! മേൽജാതിക്കാർക്കു വേണ്ടി അവർ ചെയ്തിരുന്ന വേലകളിൽ നേരിട്ടാവശ്യമല്ലായിരുന്ന ശരീരഭാഗങ്ങളായിരുന്നു ഈ കരങ്ങളുടെ പേരുകളിൽ സൂചിപ്പിക്കപ്പെട്ടതെന്നത് പ്രധാനമാണെന്നു തോന്നുന്നു (തലമുടി, മുല, മീശ).

നങ്ങേലിയുടെ പ്രതിഷേധം ഈ രണ്ടാമതു പറഞ്ഞ മർദ്ദകവ്യവസ്ഥയോടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അതായത്, കരം കൊടുത്ത് സ്വന്തം ശരീരത്തെ ശരീരമായി (എപ്പോൾ വേണമെങ്കിലും ഇല്ലാതാക്കപ്പെടാവുന്ന വെറും അദ്ധ്വാനശേഷി മാത്രമല്ലാതെയായി) നിലനിർത്തേണ്ടി വരുന്ന അവസ്ഥയെത്തന്നെയാണ് നങ്ങേലി ആ ശരീരത്തെത്തന്നെ ഇല്ലായ്മ ചെയ്തുകൊണ്ട് വെല്ലുവിളിച്ചത്. അങ്ങനെയാണെങ്കിൽ നങ്ങേലി മേൽജാതികാമവെറിയെയും ഉൾക്കൊണ്ടിരുന്ന വിശാല ചട്ടക്കൂടായ അന്നത്തെ ബ്രാഹ്മണ സ്വർഗസങ്കല്പത്തിൻറെ അടിവേരിനെത്തന്നെയാണ് നിഷേധിച്ചത്. അപ്പോൾ കേരളത്തിലെ മുഴുവൻ ജാതിവിരുദ്ധപ്രസ്ഥാനങ്ങളുടെയും ആദിമാതാവാണ് അവർ — അഥവാ, കേരളത്തിലെ ജാതിവിരുദ്ധ ധാരയ്ക്ക് ആദിപിതാവല്ല, ആദിമാതാവാണ് ഉണ്ടായിരുന്നതെന്നർത്ഥം. അവർ ഉയർത്തിപ്പിടിച്ച മൂല്യം സ്ത്രീവാശിയല്ലാതെ മറ്റൊന്നല്ല.

ഇന്ന് അഭിനവ അച്ചികളെക്കൊണ്ട് സ്വന്തം കുഴി തോണ്ടിക്കുകയും മറ്റു സ്ത്രീകളുടെ ചരിത്രനേട്ടങ്ങളെ ഇല്ലാതാക്കാനുമുള്ള കുടിലശ്രമത്തിലാണ് രാഹുൽ ഈശ്വറും അയാളുടെ കൂട്ടാളികളും. ആചാരസംരക്ഷണമല്ല അയാളുടെ ലക്ഷ്യം. ആചാരത്തെ മാനിക്കുന്ന ആളായിരുന്നെങ്കിൽ ഈയാൾ തന്ത്രികുടുംബാംഗമായി ചമഞ്ഞിറങ്ങില്ലായിരുന്നു, കാരണം പിതൃദായത്തിലൂന്നിയ തന്ത്രികുടുംബത്തിൽ പെൺമക്കളുടെ മക്കൾ കുടുംബാംഗങ്ങളായി എണ്ണപ്പെടില്ല. അയാളുടെ താത്പര്യം പണത്തിലാണ്. മാറ്റമില്ലാത്ത ആചാരങ്ങൾക്ക് ആത്മീയവിപണിയിൽ നല്ല വിലയാണ്. അയാളുടെ കുടുംത്തിന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ദക്ഷിണ, ആ ക്ഷേത്രം നിയന്ത്രിക്കുന്നവർ എന്ന സ്ഥാനം കൊണ്ടുണ്ടാകുന്ന സാംസ്കാരികമൂലധനം, ഇതൊക്കെ സംരക്ഷിക്കാനാണ് ഇദ്ദേഹം കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

എന്നാൽ ഈ സ്വാർത്ഥത കേരളത്തിലെ സ്ത്രീകളും കീഴ്ജാതികളായി തള്ളപ്പെട്ടിരുന്നവരും നേടിയെടുത്ത പരിമിതമായ മനുഷ്യനിലയെത്തന്നെയാണ് തുരങ്കംവയ്ക്കുന്നത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ ഇവിടെ ഉണ്ടായ സാമൂഹ്യജനാധിപത്യവത്ക്കരണത്തെ അപ്പാടെ നിരാകരിക്കുകയും അസാധുവാക്കുകയും ചെയ്യുന്ന നീക്കമാണ് രാഹുൽ ഈശ്വറും അദ്ദേഹത്തൻറെ വാലാട്ടികളായ അഭിനവ അച്ചികളും നടത്തിവരുന്നത്. ആചാരങ്ങൾ മാറ്റം കൂടാതെ സംരക്ഷിക്കപ്പെടേണ്ടവയാണെന്നു വന്നാൽ പോരാട്ടങ്ങളിലൂടെ നാം ഇതുവരെ ഇല്ലാതാക്കിയ ദുരാചാരങ്ങൾ മടങ്ങിവരുമെന്നല്ല. പക്ഷേ ‘ആചാര’മെന്ന പേരിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ എന്തിനെയെല്ലാം ഇക്കൂട്ടർ കെട്ടിയെഴുന്നള്ളിപ്പിക്കില്ല എന്നാരുകണ്ടു ? ഇന്നത്തെ സാഹചര്യത്തിൽ അതു നാം ധാരാളം കാണുന്നു, ബിജെപി അധികാരത്തിൽ വന്നതിനു ശേഷം. സർവകലാശാലകളിൽ സരസ്വതീപൂജയും മറ്റും നിർബന്ധമാക്കുക മുതലായവ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. അതുപോലെ സ്ത്രീകൾക്ക് ഇതല്ല, യാതൊരു തീർത്ഥാടനവും ആവശ്യമില്ല, ഭർത്താവിൻറെ കാലുകഴുകിയ വെള്ളം മതി അവർക്ക് തീർത്ഥമായി എന്ന ആ പഴയ ബ്രാഹ്മണവിശ്വാസവും ‘ആചാര’മായി പ്രചരിപ്പിക്കപ്പെടില്ല എന്ന് എന്താണുറപ്പ്?

അഭിനവ അച്ചികൾക്ക് ഇതേ ചെറുക്കാനുള്ള വകതിരിവുണ്ടാകുമെന്ന് കരുതാൻ യാതൊരു കാരണവും കാണുന്നില്ല. ശബരിമല തീർത്ഥാടനം സ്ത്രീകൾക്കു വിലക്കാൻ അവരുപയോഗിക്കുന്നതും, ആചാരമെന്ന് അവർ ചിത്രീകരിക്കുന്നതുമായ ന്യായം ലോകം മുഴുവനുമുള്ള പുരുഷാധികാരികൾ ലൈംഗിക അതിക്രമത്തെ ന്യായീകരിക്കാനായി ജാതി-മത-ദേശമന്യേ പ്രയോഗിക്കാറുള്ള സ്ത്രീവിരുദ്ധ അശ്ളീലമാണ് : യൌവനയുക്തയായ സ്ത്രീയുടെ ശരീരമാണ് പുരുഷനിൽ കാമമിളകാനുള്ള കാരണം എന്ന ആഭാസം.

അഭിനവ അച്ചിയെ ഉത്തമസ്ത്രീപ്പട്ടം കെട്ടിച്ച് എഴുന്നള്ളിച്ചതോടു കൂടി തങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിലെ കേരളീയ സാമൂഹ്യ ആധുനികതയുടെ (പരിമിതമായ) സാമൂഹ്യജനാധിപത്യകാംക്ഷയോടു പോലും കൂറില്ലെന്ന് കേരളത്തിലെ ഹിന്ദുത്വവാദികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ആ കാലത്തു പ്രചരിച്ച കുലസ്ത്രീ എന്ന് സ്ത്രീത്വാദർശത്തിൽ സ്ത്രീയ്ക്ക് കുറേയൊക്കെ സ്വതന്ത്രമായ ധാർമ്മികബോധം കല്പിക്കപ്പെട്ടിരുന്നു.  കാശ്മീരിൽ ക്ഷേത്രത്തിനുള്ളിൽ കൊച്ചുകുഞ്ഞിനെ പലനാൾ ലൈംഗികമായി പീഡിപ്പിച്ച സംഭവം പോലുള്ളതിനെതിരെ പ്രതികരിക്കാൻ കുലസ്ത്രീയെന്ന സാംസ്കാരിക ചട്ടക്കൂട് അനുവദിക്കുമായിരുന്നു. അഭിനവ അച്ചിക്ക് അതു കഴിയില്ല — കാരണം സ്വന്തം ശരീരവും ജീവിതവും ബുദ്ധിയും അവർ മേൽജാതിപുരുഷന്മാർക്ക് അടിയറ വയ്ക്കുന്ന സംസ്കാരത്തിനുള്ളിലാണ്.

കുലസ്ത്രീ അസ്തമിക്കുകയും അഭിനവ അച്ചിയുടെ ഈ ഇരുണ്ട രാത്രി തുടങ്ങുകയും ചെയ്തിരിക്കുന്ന ഈ വേളയിൽ ഹിന്ദു സമുദായങ്ങളിൽ ജനിച്ചവരായ, എന്നാൽ ബ്രാഹ്മണദാസ്യം ആഗ്രഹിക്കാത്തവരായ സഹോദരികളെ, നാം എന്താണു ചെയ്യുക ? കുലസ്ത്രീയിലേക്കു മടങ്ങിയാലും രക്ഷയില്ല. കാരണം സ്ത്രീ ശരീരത്തിൻറെ  ‘അപകടം’ അതിലുമുണ്ട് – കുറേക്കൂടി മയത്തിലാണെങ്കിലും.

അതുകൊണ്ട്, സഹോദരിമായെ നാമെല്ലാം സ്ത്രീവാശിക്കാരികളാവുക. നീണ്ട പോരാട്ടത്തിന് തയ്യാറാവുക. ശബരിമലയ്ക്കു പോകുമെന്ന് പരസ്യമായി പറയുന്ന ഓരോ സ്ത്രീയും അവരറിയാതെ തന്നെ സ്ത്രീവാശിക്കാരിയാണ്. ഇത്, പക്ഷേ, നമുക്കു വേണ്ടി മാത്രമല്ല. ഈ നാട്ടിലെ സാമൂഹ്യജനാധിപത്യത്തിന് ആദിപിതാവല്ല, ആദിമാതാവാണുള്ളത് എന്ന തിരിച്ചറിവ് നമ്മെ ശക്തരാക്കട്ടെ.

We look forward to your comments. Comments are subject to moderation as per our comments policy. They may take some time to appear.